അപര്‍ണ ബാലമുരളി
അപര്‍ണ ബാലമുരളി

ദേശീയ ചലച്ചിത്ര പുരസ്‌കാരം: അപര്‍ണയും അയ്യപ്പനും കോശിയും പിന്നെ ബിജുമേനോനും; പ്രതീക്ഷയോടെ മലയാള സിനിമ

മലയാളത്തില്‍ നിന്ന് നിരവധി ചിത്രങ്ങളാണ് ദേശീയ പുരസ്‌കാരത്തിനായി പരിഗണിച്ചിട്ടുള്ളത്.

68ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ ഇന്നറിയാം. വൈകിട്ട് നാലിനാണ് വിപുല്‍ ഷാ അധ്യക്ഷനായ ജൂറി അവാര്‍ഡ് പ്രഖ്യാപിക്കുക. കോവിഡാനന്തരം ഏറെ പ്രതിസന്ധി നേരിടുന്ന മലയാള സിനിമാമേഖല വലിയ പ്രതീക്ഷകളോടെയാണ് പുരസ്‌കാര പ്രഖ്യാപനം കാത്തിരിക്കുന്നത്. 2020 ല്‍ സെന്‍സര്‍ ചെയ്ത നിരവധി മലയാള ചിത്രങ്ങളാണ് പുരസ്‌കാരത്തിനായി പരിഗണിച്ചിട്ടുള്ളത്.

ഇതിനു പുറമേ മികച്ച നടി, മികച്ച സഹനടന്‍ എന്നീ പുരസ്‌കാരങ്ങളിലും മലയാളി സാന്നിദ്ധ്യം ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. മികച്ച നടിക്കുള്ള പുരസ്‌കാരത്തില്‍ പ്രധാനമായും മുന്നില്‍ നില്‍ക്കുന്നത് മലയാളിയായ അപര്‍ണ ബാലമുരളിയാണ്. തമിഴ് ചിത്രമായ സുറരൈ പോട്ര് എന്ന സിനിമയിലെ അഭിനയത്തിനാണ് പരിഗണിക്കുന്നതെങ്കിലും മലയാളികളെ സംബന്ധിച്ചിടത്തോളം അപര്‍ണയുടെ നേട്ടം വലിയ അഭിമാനമായി മാറും.

അപര്‍ണയ്ക്കു വെല്ലുവിളിയായേക്കുമെന്നു കരുതുന്ന രണ്ടു താരങ്ങളും മലയാളികള്‍ ആണെന്നതും ശ്രദ്ധേയം. ഒരുത്തീ യിലെ അഭിനയത്തിന് നവ്യ നായരും, ജ്വാലമുഖിയിലെ അഭിനയത്തിന് സുരഭി ലക്ഷ്മിയുമാണ് പരിഗണനയിലുള്ളത്.

മികച്ച നടനായി സുറരൈ പോട്ര് എന്ന സിനിമയിലെ അഭിനയത്തിന് തമിഴ് നടന്‍ സൂര്യയും, താനാജി സിനിമയിലെ അഭിനയത്തിന് ബോളിവുഡ് നടന്‍ അജയ് ദേവ്ഗണും പരിഗണനയിലുണ്ട്. അയ്യപ്പനും കോശിയും മലയാളത്തില്‍ നിന്നുള്ള മികച്ച ചിത്രമാകുമെന്നും അയ്യപ്പനും കോശിയിലെ അഭിനയത്തിന് ബിജു മേനോന്‍ മികച്ച സഹനടന്‍ ആയി തിരഞ്ഞെടുക്കപ്പെട്ടേക്കുമെന്നും സൂചനയുണ്ട്.

നടൻ സൂര്യ
നടൻ സൂര്യ

ഇതിനു പുറമേ മാലിക് മികച്ച ശബ്ദലേഖനത്തിനുള്ള സിനിമയായി പരിഗണിക്കുന്നുണ്ട്. വെള്ളം,സണ്ണി എന്നീ ചിത്രങ്ങളിലൂടെ ജയസൂര്യയും ട്രാന്‍സ്, മാലിക് എന്നീ സിനിമകളിലെ പ്രകടനത്തിന് ഫഹദ് ഫാസിലും മികച്ച മത്സരം കാഴ്ച്ചവെച്ചു എന്നാണ് ജൂറി അംഗങ്ങള്‍ അഭിപ്രായപ്പെടുന്നത്.

അയ്യപ്പനും കോശിയും സിനിമയിൽ ബിജുമേനോനും, പൃഥിരാജും
അയ്യപ്പനും കോശിയും സിനിമയിൽ ബിജുമേനോനും, പൃഥിരാജും

കഴിഞ്ഞ വര്‍ഷം ഒട്ടേറെ പുരസ്‌കാരങ്ങള്‍ കേരളത്തിലേക്ക് എത്തിയിരുന്നു. മികച്ച സിനിമയായി പ്രിയദര്‍ശനും മോഹന്‍ലാലും ഒന്നിച്ച മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജെല്ലിക്കെട്ട്, കോളാമ്പി, ബിരിയാണി, കള്ളനോട്ടം, ഹെലന്‍ എന്നീ ചിത്രങ്ങളെല്ലാം വിവിധ പുരസ്‌കാരങ്ങള്‍ നേടിയിരുന്നു.

logo
The Fourth
www.thefourthnews.in