വിമർശനങ്ങളെ ഭയക്കുന്നില്ല ; സിനിമകൾ ചെയ്യുന്നത് നിരൂപക പ്രശംസയ്ക്കല്ല, പ്രേക്ഷകർക്കായി : നയൻതാര

വിമർശനങ്ങളെ ഭയക്കുന്നില്ല ; സിനിമകൾ ചെയ്യുന്നത് നിരൂപക പ്രശംസയ്ക്കല്ല, പ്രേക്ഷകർക്കായി : നയൻതാര

വിവാഹശേഷം സ്ത്രീകൾ വീട്ടിൽ വിശ്രമിക്കട്ടെ എന്ന ചിന്തയുണ്ടാകുന്നത് എവിടെ നിന്നാണെന്ന് പോലും മനസിലാകുന്നില്ല

സിനിമാ ജീവിതം ഇരുപതാം വർഷത്തിലേക്ക് എത്തുമ്പോൾ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും പുതിയ ചിത്രത്തെ കുറിച്ചും സംസാരിക്കുകയാണ് ലേഡി സൂപ്പർ സ്റ്റാർ നയൻതാര. അശ്വിൻ ശരണവൻ ഒരുക്കുന്ന നയൻതാരയുടെ ഹൊറർ ചിത്രം കണക്ട് നാളെ റിലീസാകാനിരിക്കെ നിർമ്മാതാക്കളായ റൗഡി പിക്ച്ചേഴ്സിന്റെ യൂട്യൂബ് ചാനലിലാണ് നയൻതാരയുടെ അഭിമുഖം സംപ്രേഷണം ചെയ്തിരിക്കുന്നത്

18 വയസിലാണ് സിനിമയിലെത്തുന്നത്. ആദ്യഘട്ടത്തിൽ , ആ ഫ്ലോയിൽ അങ്ങ് പോകുകയാണ് ഉണ്ടായത്. സിനിമ എന്ന് കേൾക്കുമ്പോൾ , എന്റെ പേര് എവിടെയെങ്കിലും ഉണ്ടായിരിക്കണമെന്ന ഒരു ആഗ്രഹം മാത്രമായിരുന്നു ആദ്യ പത്ത് വർഷത്തിൽ ഉണ്ടായിരുന്നത്. അതിന് സാധിച്ചുവെന്ന് തന്നെയാണ് കരുതുന്നത്. രണ്ടാംഘട്ടത്തിൽ കുറച്ച് കൂടി നേട്ടങ്ങൾ ഉണ്ടാക്കണമെന്നുള്ള ആഗ്രഹമുണ്ടായി .പക്ഷെ അപ്പോഴൊന്നും സ്ത്രീപക്ഷ സിനിമകൾ എന്നൊരു ആശയം തന്നെ ഉണ്ടായിരുന്നില്ല. ചിത്രങ്ങളുടെ പ്രമോഷൻ പരിപാടികളില്‍ പോലും നായികമാർക്ക് വേണ്ട പ്രാധാന്യം നൽകിയിരുന്നില്ല . അതിനാൽ തന്നെയാണ് പ്രമോഷൻ പരിപാടികളിൽ നിന്ന് പൂർണമായും വിട്ടുനിന്നത്

പക്ഷെ പിന്നീട് സ്ത്രീപക്ഷ സിനിമകൾ വന്നു തുടങ്ങി. എന്നാൽ ഇപ്പോഴും ചെറിയ ബഡ്ജറ്റിൽ മാത്രമാണ് സ്ത്രീപക്ഷ സിനിമകൾ എടുക്കുന്നത്. ബിഗ് ബഡ്ജറ്റ് സിനിമകളും ഉടൻ സംഭവിക്കുമെന്നാണ് പ്രതീക്ഷ.

വിമർശനങ്ങളെ ഹൃദയത്തിലേക്കെടുക്കാറില്ല. ഇതൊക്കെ ജീവിതത്തിന്റെ ഭാഗമാണെന്ന് ചിന്തിക്കാനുള്ള പക്വത ഉണ്ട്

കരിയറിന്റെ തുടക്കത്തിൽ പല പ്രതിസന്ധികളും നേരിട്ടിരുന്നു. ഒരേ പോലുള്ള കഥാപാത്രങ്ങൾ , ലുക്കിലും മേക്ക് അപ്പിലും വരെ ഒരുപോലെ. ആ സമയത്ത് വലിയ കഥാപാത്രങ്ങൾ എന്നെ ഏൽപ്പിക്കാൻ ആർക്കും ആത്മവിശ്വാസമില്ലാത്ത പോലെ തോന്നിയിരുന്നു. പക്ഷെ അതിന് ഒരു മാറ്റം വന്നത് ബില്ലയിലെ കഥാപാത്രത്തിലൂടെയാണ്. സംവിധായകൻ വിഷ്ണുവർധനും അദ്ദേഹത്തിന്റ ഭാര്യ അനുവുമാണ് ആ സ്റ്റൈലിഷ് ലുക്കിന് പിന്നിൽ . ആ സമയത്ത് തന്നെയാണ് യാരടി നീ മോഹിനിയും ചെയ്തത്. പക്ഷെ രണ്ടിലും രണ്ട് തരത്തിലുള്ള കഥാപാത്രങ്ങളാകാൻ സാധിച്ചു. അവിടെ മുതലാണ് ഒരു സിനിമയിൽ പലതരം ലുക്കിൽ വരാതെ ഒരേ ലുക്ക് തന്നെ പിന്തുടരാൻ ശ്രദ്ധിക്കുന്നത് . ഇപ്പോൾ ഒരു ലുക്ക് കണ്ടാൽ സിനിമ തിരിച്ചറിയുന്ന നിലയിലേക്ക് കാര്യങ്ങളെ മാറ്റാൻ സാധിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്.

പക്ഷെ അതിനെതിരെയും നിരവധി വിമർശനങ്ങൾ കേൾക്കാറുണ്ട് . എന്തുചെയ്താലും കുറ്റം പറയാൻ മാത്രം ശ്രമിക്കുന്ന ചിലരുണ്ടല്ലോ എന്ന് മാത്രമേ അതിനെ കുറിച്ച് തോന്നാറുള്ളു. നിരൂപക പ്രശംസയ്ക്കായല്ല , പ്രേക്ഷകർക്ക് വേണ്ടിയാണ് സിനിമകൾ ചെയ്യുന്നത് . അതുകൊണ്ട് തന്നെ അത്തരം വിമർശനങ്ങളെ ഹൃദയത്തിലേക്കെടുക്കാറില്ല. ഇതൊക്കെ ജീവിതത്തിന്റെ ഭാഗമാണെന്ന് ചിന്തിക്കാനുള്ള പക്വത ഉണ്ട് . ഒരു ഭാഗത്ത് നിന്ന് നിരന്തരം ആക്രമണങ്ങൾ നേരിടുമ്പോഴും മറുഭാഗത്ത് വലിയൊരു വിഭാഗം പ്രേക്ഷകർ തരുന്ന സ്നേഹവും പിന്തുണയും കാണുമ്പോൾ ഞാൻ ചെയ്യുന്നതിൽ ശരിയുണ്ടെന്നാണ് വിശ്വസിക്കുന്നത്. അതില്ലാതെ 20 വർഷം സിനിമയിൽ തുടരാനാകുമെന്ന് കരുതുന്നില്ല

വിവാഹ ശേഷം സിനിമകൾ ചെയ്യുന്നതിനെ കുറിച്ചൊക്കെ ഇപ്പോഴും പലതരം ചോദ്യങ്ങൾ കേൾക്കാറുണ്ട്. ആ ചിന്തയ്ക്ക് എന്തിനാണ് ഇത്രയും പ്രാധാന്യം കൊടുക്കുന്നതെന്ന് പോലും മനസിലാകുന്നില്ല. Marriage is not an interval point എന്നേ അതിനോട് പ്രതികരിക്കാനുള്ളൂ. വിവാഹശേഷം സ്ത്രീകൾ വീട്ടിൽ വിശ്രമിക്കട്ടെ എന്ന ചിന്തയുണ്ടാകുന്നത് എവിടെ നിന്നാണെന്ന് പോലും മനസിലാകുന്നില്ല

നയൻതാര കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന കണക്ട് നാളെയാണ് തീയേറ്ററുകളിലെത്തുന്നത്. ഹൊറർ ജോണറിലുള്ള സിനിമയിൽ 15 വയസുള്ള പെൺകുട്ടിയുടെ അമ്മയായാണ് നയൻതാര എത്തുന്നത്

logo
The Fourth
www.thefourthnews.in