ഇവിടെ നിൽക്കുമ്പോൾ നെടുമുടി വേണു ഒപ്പമുണ്ടെന്ന് മനസു പറയുന്നു: കമൽ ഹാസൻ

ഇവിടെ നിൽക്കുമ്പോൾ നെടുമുടി വേണു ഒപ്പമുണ്ടെന്ന് മനസു പറയുന്നു: കമൽ ഹാസൻ

നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രങ്ങളിൽ ഒന്നാണ് കമൽഹാസന്റെ 'ഇന്ത്യൻ 2'.

മലയാളത്തിൽ തന്റെ ഏറ്റവും പ്രിയപ്പെട്ട അഭിനേതാക്കളിൽ ഒരാൾ നെടുമുടി വേണുവാണെന്ന് കമൽ ഹാസൻ. ഇന്ത്യന്‍ 2 സിനിമയുടെ പ്രൊമോഷന്റെ ഭാ​ഗമായി കൊച്ചിയിൽ വെച്ചു നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു കമൽ ഹാസന്റെ പ്രതികരണം. സിനിമയിൽ അത്ര മൂവിങ്ങായ സീനൊന്നുമല്ല നെടുമുടി വേണുവിന്റേതെങ്കിലും കാണുമ്പോൾ അദ്ദേഹം നമുക്കൊപ്പം ഉള്ളതായി അനുഭവപ്പെടുമെന്നും കമല്‍ ഹാസൻ ചൂണ്ടിക്കാട്ടി. നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രങ്ങളിൽ ഒന്നാണ് കമൽഹാസൻ നായകനായ 'ഇന്ത്യൻ 2'. ചിത്രത്തിന്റെ ഷൂട്ടിംഗ് വർഷങ്ങളോളം നീണ്ടു പോയതിനാലും ആരോഗ്യം മോശമായതിനാലും ചില രംഗങ്ങളിൽ അദ്ദേഹത്തിന് അഭിനയിക്കാൻ സാധിച്ചിരുന്നില്ല. നെടുമുടി വേണുവിന്റെ മരണശേഷം അദ്ദേഹത്തിന്റെ പല രംഗങ്ങളും എ ഐ സഹായത്തോടെയാണ് ഷങ്കർ ചിത്രീകരിച്ചിരിക്കുന്നത്.

കൊച്ചിയിൽ വെച്ചു നടന്ന പത്രസമ്മേളനത്തിൽ പങ്കെടുത്ത കമൽ ഹാസൻ
കൊച്ചിയിൽ വെച്ചു നടന്ന പത്രസമ്മേളനത്തിൽ പങ്കെടുത്ത കമൽ ഹാസൻ

'എന്റെ സിനിമാ ജീവിതത്തിൽ ഞാൻ ഇത്രയും ദൂരം സഞ്ചരിക്കുമെന്ന് പ്രതീക്ഷിച്ചിട്ടില്ല. 'ഇന്ത്യൻ 2'വും അതുപോലെ പ്രതീക്ഷിക്കാതെ ഉണ്ടായ യാത്രയാണ്. അറിയാവുന്ന വിദ്യകളെല്ലാം പയറ്റിയിട്ടുണ്ട്. ചിത്രം നിങ്ങളെ നിരാശപ്പെടുത്തില്ലെന്ന് വിശ്വസിക്കുന്നു. ഇവിടെ നിൽക്കുമ്പോൾ നെടുമുടി വേണുവിനെ കുറിച്ചോർക്കുന്നു. സിനിമ ആഘോഷമാകുമ്പോൾ ഒരുമിച്ചിരുന്ന് സന്തോഷത്തിൽ പങ്കുചേരാമെന്ന് പറഞ്ഞ് പിരിഞ്ഞതാണ്. സിനിമയിൽ അത്ര മൂവിങ്ങായ സീനൊന്നുമല്ല നെടുമുടി വേണുവിന്റേതെങ്കിലും കാണുമ്പോൾ അദ്ദേഹം നമുക്കൊപ്പം ഉള്ളതായി നിങ്ങൾക്കും അനുഭവപ്പെടും. ഇപ്പോൾ അദ്ദേഹം ഒപ്പം ഉള്ളതായി മനസ് പറയുന്നു. ഇവിടെ ആയതുകൊണ്ട് പറയുകയല്ല. മലയാളത്തിൽ എന്റെ ഏറ്റവും പ്രിയപ്പെട്ട അഭിനേതാക്കളിൽ ഒരാൾ നെടുമുടി വേണുവാണ്.' - കമൽ ഹാസൻ

1996-ലെ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത 'ഇന്ത്യൻ' എന്ന ഷങ്കർ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് 'ഇന്ത്യൻ 2'. രണ്ടാം ഭാ​ഗം 6 മണിക്കൂറിൽ കവിഞ്ഞതിനാൽ രണ്ടായി തിരിച്ചെന്നും 'ഇന്ത്യൻ 3' എന്ന പേരിൽ മൂന്നാം ഭാ​ഗവും തയ്യാറാണെന്നും ഷങ്കർ അറിയിച്ചിരുന്നു. ഇന്ത്യനിൽ എ ആർ റഹ്മാൻ സംഗീതം നിർവ്വഹിച്ചപ്പോൾ അനിരുദ്ധ് രവിചന്ദർ ആണ് രണ്ടാം ഭാഗത്തിന് സംഗീതമൊരുക്കുന്നത്. സിദ്ധാർത്ഥ്, രാകുൽ പ്രീത് സിങ്, പ്രിയ ഭവാനി ശങ്കർ, കാളിദാസ് ജയറാം, ബോബി സിംഹ, ഗുരു സോമസുന്ദരം, മനോബാല, വെണ്ണെല കിഷോർ, ദീപ ശങ്കർ തുടങ്ങിയവർ 'ഇന്ത്യൻ 2'ൽ അഭിനേതാക്കളായി എത്തുന്നു. ലൈക്ക പ്രൊഡക്ഷൻസും റെഡ് ജെയ്ന്റ് മൂവീസും ചേന്നാണ് നിർമ്മാണം.

logo
The Fourth
www.thefourthnews.in