'സ്വതന്ത്ര വീർ സവർക്കർ': സിനിമയിൽ ചരിത്രം  വളച്ചൊടിക്കരുതെന്ന് നേതാജിയുടെ ചെറുമകൻ

'സ്വതന്ത്ര വീർ സവർക്കർ': സിനിമയിൽ ചരിത്രം വളച്ചൊടിക്കരുതെന്ന് നേതാജിയുടെ ചെറുമകൻ

രൺദീപ് ഹൂഡ സംവിധാനം ചെയ്ത് അഭിനയിക്കുന്ന സ്വതന്ത്ര വീർ സവർക്കർ എന്ന സിനിമ തെറ്റായ വിവരങ്ങളാണ് കാണിക്കുന്നതെന്ന് സുഭാഷ് ചന്ദ്രബോസിൻ്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ്

ഹിന്ദു മഹാസഭ നേതാവായ വി ഡി സവര്‍ക്കറിന്റെ ജീവചരിത്രം സിനിമയാകുമ്പോള്‍, ചരിത്രത്തെ വളച്ചൊടിക്കരുതെന്ന് സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ്. 'സ്വതന്ത്ര വീര്‍ സവര്‍ക്കര്‍' എന്ന ചിത്രത്തിന്റെ ടീസറും ചിത്രത്തിന്റെ സംവിധായകനും നായകനുമായ രണ്‍ദീപ് ഹൂഡ സുഭാഷ് ചന്ദ്രബോസിനെക്കുറിച്ചും മറ്റ് സ്വാതന്ത്ര്യ സമരസേനാനികളെക്കുറിച്ചും ട്വീറ്റിൽ നടത്തിയ പരാമർശമാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.

''ബ്രിട്ടീഷുകാരുടെ ഏറ്റവും വലിയ ശത്രുവായ ഇന്ത്യക്കാരന്‍. നേതാജി സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ്, ഖുദ്ദിറാം ബോസ് തുടങ്ങിയ വിപ്ലവകാരികള്‍ക്ക് പിന്നിലെ പ്രചോദനം. ആരായിരുന്നു വീര്‍സവര്‍ക്കര്‍? എന്തായിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ത്ഥ കഥ,'' എന്നായിരുന്നു ട്വീറ്റ്. ബ്രിട്ടീഷുകാരുടെ ഏറ്റവും വലിയ നോട്ടപ്പുള്ളി സവര്‍ക്കര്‍ ആയിരുന്നെന്ന രണ്‍ദീപ് ഹൂഡയുടെ പരാമര്‍ശം സ്വാതന്ത്ര്യസമര സേനാനിയുടെ ചെറുമകനെ മാത്രമല്ല, ചരിത്രകാരന്മാരെ പോലും അലോസരപ്പെടുത്തി.

ബ്രിട്ടീഷുകാർ ഏറ്റവും പ്രധാന നോട്ടപ്പുള്ളിയായ സ്വാതന്ത്ര്യസമര സേനാനിയും കണ്ടാലുടൻ വെടിവയ്ക്കാൻ ഉത്തരവിട്ട ഏക മുന്‍നിര നേതാവും നേതാജി സുഭാഷ് ചന്ദ്ര ബോസായിരുന്നുവെന്ന് ചന്ദ്രകുമാര്‍ ബോസ് പറഞ്ഞു. ''നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി അദ്ദേഹം 1945 ഓഗസ്റ്റ് 18ന് ജീവിതം ത്യാഗം ചെയ്തു. നിങ്ങള്‍ സവര്‍ക്കറിനെ ബഹുമാനിക്കുന്നുണ്ടെങ്കില്‍ ദയവ് ചെയ്ത് ചരിത്രം വളച്ചൊടിക്കരുത്,'' അദ്ദേഹം രണ്‍ദീപ് ഹൂഡയുടെ ട്വീറ്റിന് മറുപടിയായി കുറിച്ചു.

സുഭാഷ് ചന്ദ്ര ബോസും ഭഗത് സിങ്ങും ഖുദ്ദിറാം ബോസും സവര്‍ക്കറില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടവരാണെന്ന രണ്‍ദീപിന്റെ അവകാശവാദങ്ങളെയും ചെറുമകന്‍ ചന്ദ്ര കുമാര്‍ ബോസ് ശക്തമായ ഭാഷയില്‍ അപലപിച്ചു. തന്റെ മുത്തച്ഛന്‍ അദ്ദേഹത്തിന്റെ ഗുരുവായ സ്വാമി വിവേകാനന്ദനില്‍നിന്നും രാഷ്ട്രീയ ഉപദേഷ്ടാവായ ദേശ്ബന്ധു ചിത്രഞ്ജന്‍ ദാസില്‍ നിന്നുമാണ് പ്രചോദനം ഉള്‍കൊണ്ടത്. സുഭാഷ് ചന്ദ്രബോസും സവര്‍ക്കറും വിപരീത ദിശകളിലുള്ളവരായിരുന്നു. സവര്‍ക്കറിനെ എതിര്‍ത്തിരുന്ന നേതാജി അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രങ്ങള്‍ എന്തിന് പിന്തുടരണമെന്ന് മനസ്സിലാകുന്നില്ലെന്നും ചന്ദ്രകുമാര്‍ ബോസ് പറഞ്ഞു.

സ്വാതന്ത്ര്യസമരത്തില്‍ മുഹമ്മദലി ജിന്നയില്‍നിന്നും സവര്‍ക്കറില്‍നിന്നും താന്‍ ഒന്നും തന്നെ പ്രതീക്ഷിക്കുന്നില്ലെന്ന് നേതാജിയുടെ എഴുത്തുകളില്‍ പറഞ്ഞിട്ടുണ്ട്. നേതാജി മതേതര നേതാവായിരുന്നു. സവര്‍ക്കറിന്റെ പ്രത്യയശാസ്ത്രങ്ങളെ മാത്രമല്ല വര്‍ഗീയസമീപനം പുലർത്തിയവരെയും അദ്ദേഹം എതിര്‍ത്തിരുന്നതായും ചന്ദ്രകുമാര്‍ ബോസ് കൂട്ടിച്ചേര്‍ത്തു.

രണ്‍ദീപ് ഹൂഡ തന്റെ ചിത്രത്തില്‍ പറയുന്നതെല്ലാം മുഴുവന്‍ തെറ്റാണെന്ന് പറഞ്ഞ ചന്ദ്രകുമാര്‍ ബോസ് ഇന്ത്യയുടെ ശരിയായ സത്യമായ ചരിത്രം മാത്രം കാണിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. ചരിത്രം തെറ്റായ വിധത്തില്‍ തിരശീലയില്‍ അവതരിപ്പിക്കുന്നത് രാജ്യത്തെ യുവത്വത്തോട് കാണിക്കുന്ന വലിയ അനീതിയാണ്.

ചിത്രത്തിന് ശ്രദ്ധകിട്ടുന്നതിനായി രണ്‍ദീപ് വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. ചരിത്രത്തെ തെറ്റായി അവതരിപ്പിക്കുന്നത് കുറ്റകൃത്യമാണ്. വ്യക്തികള്‍ക്ക് അവര്‍ക്ക് ഇഷ്ടുമുള്ളത് അവതരിപ്പിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍ ചരിത്രം വളച്ചൊടിക്കുന്നതിനുള്ള അവകാശം ആര്‍ക്കുമില്ലെന്നും ചന്ദ്രകുമാര്‍ ബോസ് പറഞ്ഞു.

logo
The Fourth
www.thefourthnews.in