'ലൈംഗിക ബന്ധത്തിനിടയിൽ ഭഗവദ്ഗീത വായിക്കുന്ന രം​ഗം'; നോളന്റെ ഓപ്പൺഹൈമർ വിവാദത്തിൽ

'ലൈംഗിക ബന്ധത്തിനിടയിൽ ഭഗവദ്ഗീത വായിക്കുന്ന രം​ഗം'; നോളന്റെ ഓപ്പൺഹൈമർ വിവാദത്തിൽ

വിവാദ രംഗം മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഇൻഫർമേഷൻ ഓഫീസർ നോളന് സന്ദേശം അയച്ചു

വിഖ്യാത സംവിധായകൻ ക്രിസ്റ്റഫർ നോളന്റെ പുതിയ ചിത്രം ഓപ്പൺഹൈമർ വിവാദത്തിൽ. ചിത്രത്തിൽ ലൈം​ഗിക ബന്ധത്തിനിടെ ഭ​ഗവദ്​ഗീതയിലെ ശ്ലോകം വായിക്കുന്ന രം​ഗത്തെ ചൊല്ലിയാണ് വിവാദം.

മാൻഹാട്ടൻ പ്രോജക്റ്റിൻ്റെ ഭാഗമായി അണുബോംബ് നിർമ്മിച്ച ശാസ്ത്രജ്ഞൻ റോബർട്ട് ഓപ്പൺഹൈമറുടെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയെടുത്ത ചിത്രത്തിൽ നായകനും (സിലിയൻ മർഫി) ജീൻ ടാറ്റ്‌ലോക്കും ( ഫ്ലോറൻസ് പഗ് ) തമ്മിലുളള ലൈം​ഗിക ബന്ധത്തിനിടെയാണ് ഭ​ഗവദ് ​ഗീത വായിക്കുന്നത്. ഇതിനെതിരെ സേവ് കൾച്ചർ സേവ് ഇന്ത്യ ഫൗണ്ടേഷനാണ് രംഗത്തെത്തിയത്. സെന്റട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി) ചിത്രത്തിന് ഇന്ത്യയിൽ പ്രദർശനാനുമതി നൽകിയത് എങ്ങനെയാണെന്ന് സേവ് കൾച്ചർ സേവ് ഇന്ത്യ ഫൗണ്ടേഷൻ ചോദിക്കുന്നു.

അതേസമയം വിവാദരംഗം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഇൻഫർമേഷൻ ഓഫീസർ ഉദയ് മഹുക്കർ നോളന് സന്ദേശം അയച്ചു. ഒരു ശാസ്ത്രജ്ഞന്റെ ജീവിതത്തിൽ അനാവശ്യമായ ഈ ദൃശ്യത്തിന് പിന്നിലെ പ്രേരണയും യുക്തിയും മനസിലാകുന്നില്ലെന്നും, സിനിമയിലെ രംഗങ്ങൾ ഹിന്ദു സമൂഹത്തിനെതിരെയുളള ആക്രമണമാണെന്നും, പിന്നിൽ ഹിന്ദു വിരുദ്ധശക്തികളുടെ ഗൂഢാലോചനയുണ്ടോയെന്ന് സംശയിക്കുന്നതായും സന്ദേശത്തിൽ പറയുന്നു.

ഇന്ത്യയിൽ യു എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. അതായത് മാതാപിതാക്കളുടെ മാർഗനിർദേശപ്രകാരം 12 വയസ്സിന് താഴെയുള്ള കുട്ടികൾക്കും ചിത്രം തീയേറ്ററുകളിൽ കാണാം. സിനിമ ഇറങ്ങുന്നതിനു മുൻപേ തന്നെ തിരക്കഥ ഒരുക്കുന്നതിന്റെ ഭാഗമായി ഭഗവദ് ഗീത ധാരാളം പ്രാവശ്യം വായിക്കുകയും പഠിക്കുകയും ചെയ്തിരുന്നുവെന്ന് നോളൻ വ്യക്തമാക്കിയിരുന്നു. ഇതിന് വലിയ സ്വീകാര്യതയും ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭഗവദ് ഗീതയുമായി ബന്ധപ്പെട്ട് തന്നെ ചിത്രം വിവാദത്തിലാകുന്നതും

ജൂലൈ 21നാണ് ചിത്രം റിലീസ് ചെയ്തത്. 13 കോടിയിലധികം രൂപയാണ് ചിത്രത്തിന് ആദ്യ ദിനം ഇന്ത്യയിൽ നിന്ന് മാത്രം ലഭിച്ചത്

logo
The Fourth
www.thefourthnews.in