'വിന്റേജ് ഫീല്‍'; ഒരു തെക്കൻ തല്ലുകേസിലെ 'പ്രേമനെയ്യപ്പം'
ബിജു മേനോനെ നായകനാക്കി ശ്രീജിത്ത് എൻ സംവിധാനം ചെയ്യുന്ന 'ഒരു തെക്കൻ തല്ല് കേസി'ലെ 'പ്രേമനെയ്യപ്പം' പ്രൊമോ ഗാനം പുറത്തിറങ്ങി. എൺപതുകളുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം അഞ്ചുതെങ്ങ് തീരദേശത്ത് നടന്ന, പ്രഭക്കുട്ടന് സുശീലയുമായുള്ള നഷ്ടപ്രണയത്തിന്റെ കഥയാണ് ഈ പ്രൊമോ ഗാനത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. പഴയകാലഗാനങ്ങളെ അനുസ്മരിപ്പിക്കുന്ന അൻവർ അലിയുടെ വരികൾക്ക് ആധുനിക സംഗീതോപകരണങ്ങളുടെ പിൻബലത്തോടെ അതിമനോഹരമായി ചിട്ടപ്പെടുത്തിയിരിക്കുന്നതും ആലപിക്കുന്നതും യുവ സംഗീതസംവിധായകനായ ജസ്റ്റിൻ വർഗീസ് ആണ്.
ജി ആര്‍ ഇന്ദുഗോപന്റെ 'അമ്മിണിപ്പിള്ള വെട്ടുകേസ്' എന്ന ചെറുകഥയെ ആസ്പദമാക്കിയുള്ള ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജേഷ് പിന്നാടന്‍ ആണ്. പത്മപ്രിയ നായികയാവുന്ന ചിത്രത്തില്‍ യുവതാരങ്ങളായ റോഷന്‍ മാത്യുവും നിമിഷ സജയനും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഖിൽ കവലയൂർ, അശ്വത് ലാൽ, റെജു ശിവദാസ്, അരുൺ പാവുമ്പ, അസീസ് നെടുമങ്ങാട്, പ്രമോദ് വെളിയനാട്, പ്രശാന്ത് മുരളി, അച്യുതാനന്ദൻ, ശശി വാളൂരാൻ, നീരജ രാജേന്ദ്രൻ, ജയരാജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇ ഫോർ എന്‍റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറിൽ മുകേഷ് ആര്‍. മേത്ത, സിവി സാരഥി എന്നിവർ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം മധു നീലകണ്ഠൻ നിർവ്വഹിക്കുന്നു. മനോജ് കണ്ണോത്ത് ആണ് ചിത്രസംയോജനം.