എങ്ങും പഠാൻ തരംഗം; 200 കോടിയുടെ റെക്കോഡ് ബോക്സ് ഓഫീസ് കളക്ഷൻ

എങ്ങും പഠാൻ തരംഗം; 200 കോടിയുടെ റെക്കോഡ് ബോക്സ് ഓഫീസ് കളക്ഷൻ

ഒറ്റ ദിവസത്തിൽ 68 കോടി ബോക്സ് ഓഫീസ് കളക്ഷൻ നേടുന്ന ആദ്യത്തെ ഹിന്ദി ചിത്രമാണ് പഠാൻ

രണ്ടാം ദിനത്തിൽ ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ നിന്ന് പഠാൻ നേടിയത് 200 കോടി. 68 കോടിയുടെ ബോക്സ് ഓഫീസ് കളക്ഷനാണ് ഇന്ത്യയിൽ നിന്ന് മാത്രം ലഭിച്ചത്. ഒറ്റ ദിവസം കൊണ്ട് ഇത്രയും കളക്ഷൻ നേടുന്ന ആദ്യത്തെ ഹിന്ദി ചിത്രമാണ് പഠാൻ. ആദ്യ ദിനം ഹിന്ദി പതിപ്പ് മാത്രം നേടിയ 54 കോടിയുടെ കളക്ഷന് ശേഷം രണ്ടാം ദിനവും മികച്ചതായിരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ട്രെയ്ഡ് അനലിസ്റ്റുകൾ. ആ പ്രതീക്ഷയ്ക്ക് കോട്ടം തട്ടിയില്ല

രണ്ട് ദിവസത്തെ കളക്ഷൻ നോക്കുമ്പോള്‍ ഇന്ത്യയിൽ നിന്ന് മാത്രം വാരിക്കൂട്ടിയത് 123 കോടി രൂപയാണ്. ചിത്രത്തിൻ്റെ തമിഴ്, തെലുങ്ക് പതിപ്പുകൾക്ക് ലഭിച്ച കണക്ക് കൂടി ചേരുമ്പോൾ ലോകമെമ്പാടുമുള്ള പ്രദർശനത്തിൽ നിന്ന് നേടിയത് 200 കോടിയും.

കെജിഎഫ് രണ്ടാം ഭാഗത്തിന്റെ ഹിന്ദി പതിപ്പ് ആദ്യ ദിനം നേടിയ 55 കോടിയുടെ റെക്കോഡാണ് ജനുവരി 25ന് പഠാൻ തകർത്തത്. വിദേശ വരുമാനം കൂടി ചേർത്താൽ, ആദ്യ ദിവസം മാത്രം പഠാൻ നേടിയത് 106 കോടിയാണ്. ചിത്രത്തിലെ ഗാനത്തെ ചുറ്റിപ്പറ്റിയുള്ള വിവാദം, നാല് വർഷത്തിന് ശേഷമുള്ള കിങ് ഖാന്റെ മടങ്ങിവരവ് എന്നീ കാരണളാൽ ചിത്രം ഏറെ ചർച്ചയായിരുന്നു.

ഷാരൂഖും ജോൺ എബ്രഹാമും നേർക്കുനേർ ഏറ്റുമുട്ടുമ്പോൾ ഒരു ദൃശ്യ വിസ്മയം തന്നെയാണ് ചിത്രമെന്നാണ് പ്രേക്ഷക പ്രതികരണം. ഇന്ത്യയിൽ മാത്രം 4500 ലേറെ സ്ക്രീനുകളിലും ഇന്ത്യയ്ക്ക് പുറത്ത് 2500 സ്ക്രീനുകളിലുമാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. പ്രീ ബുക്കിങ്ങിൽ തന്നെ നാലര ലക്ഷത്തിലേറെ ടിക്കറ്റുകൾ വിറ്റുപോയിരുന്നു.

logo
The Fourth
www.thefourthnews.in