'നടനെന്ന നിലയിലും മനുഷ്യനെന്ന നിലയിലും ഏറെ മാറ്റി'; പേരിനൊപ്പം 'കാതല്‍' ചേര്‍ക്കാനാഗ്രഹിച്ച് സുധി കോഴിക്കോട്‌

ജിയോ ബേബിക്ക് തന്നോടുളള വിശ്വാസം ഇല്ലാതാകുമോ എന്ന് ഭയന്നുപോയ 'കാതൽ' സെറ്റിലെ അനുഭവത്തെ കുറിച്ചും സുധി വിശദീകരിക്കുന്നു.

നടനെന്ന നിലയിലും മനുഷ്യൻ എന്ന നിലയിലും തന്നെ മാറ്റിമറിച്ച കഥാപാത്രമാണ് 'കാതലി'ലെ തങ്കൻ. ഇനിമുതൽ കാതൽ സുധി എന്ന പേരിൽ അറിയപ്പെടണമെന്ന് ​ആഗ്രഹമുണ്ടെന്ന് നടൻ സുധി കോഴിക്കോട്. 'കാതലി'ലൂടെ തന്റെ സിനിമാ പ്രവർത്തനമെന്നത് ഒരു രാഷ്ട്രീയപ്രവർത്തനം കൂടിയായി മാറിയെന്നും സുധി പറയുന്നു. ജിയോക്ക് തന്നോടുളള വിശ്വാസം ഇല്ലാതാകുമോ എന്ന് ഭയന്നുപോയ 'കാതൽ' സെറ്റിലെ അനുഭവത്തെ കുറിച്ചും സുധി ദ ഫോർത്തിന് നൽകിയ അഭിമുഖത്തിൽ വിശദീകരിക്കുന്നു.

സുധി കോഴിക്കോടിന്റെ വാക്കുകൾ

കാതലിലെ തങ്കൻ എന്നിലെ മനുഷ്യനെത്തന്നെ മാറ്റി. അതുവഴി എന്റെ കലാപ്രവർത്തനം ഒരു രാഷ്ട്രീയപ്രവർത്തനം കൂടിയായി മാറി. നാൽപ്പത്തിമൂത്താം ചിത്രത്തിലാണ് കഥാപാത്രത്തിന്റെ പേരിലൂടെ അറിയപ്പെടാനായത്. അതിന് കാരണമായ 'കാതൽ' പേരിനൊപ്പം ചേർക്കുന്ന കാര്യം ആലോചനയിലുണ്ട്. ഇനിമുതൽ ചിലപ്പോൾ കാതൽ സുധി എന്നായേക്കാം എന്റെ പേര്!

ജിയോ ബേബി ഏറ്റവും അടുത്ത സുഹൃത്ത്. ​ഗ്രേറ്റ് ഇന്ത്യൻ കിച്ചണിൽ സുരാജിന്റെ സുഹൃത്ത് വേഷമായിരുന്നു എനിക്ക്. ഷൂട്ടിനിടയിൽ ഒരിക്കൽ ജിയോ എന്നോട് പറഞ്ഞു, നിങ്ങളുടെ അഭിനയം കാണുമ്പോൾ ഒരു ഭാ​ഗം പോലും കട്ട് ചെയ്ത് മാറ്റാൻ തോന്നുന്നില്ല, ഇനി മുതൽ എന്റെ എല്ലാ സിനിമകളിലും നിങ്ങൾ ഒപ്പമുണ്ടാകുമെന്ന്. ആ വാക്ക് അദ്ദേഹം പാലിച്ചു. ഫ്രീഡം ഫൈറ്റ്, ശ്രീധന്യ ക്യാറ്ററിങ് സർവ്വീസ് തുടങ്ങി പിന്നീട് ചെയ്ത സിനിമകളിലൊക്കെ ഭാ​ഗമാക്കി. കാതലിലേക്ക് വിളിക്കുമ്പോഴും സമാനമായ ഒരു കഥാപാത്രം എന്നതായിരുന്നു കരുതിയത്. മമ്മൂട്ടിയോളം പ്രാധാന്യമുളള വേഷത്തിലേക്കാണെന്നോ ഇത്രമാത്രം ശ്രദ്ധിക്കപ്പെടുമെന്നോ കരുതിയില്ല.

പക്ഷെ കാതലിന്റെ സെറ്റിൽ ആദ്യ രം​ഗം ഷൂട്ട് ചെയ്യുന്ന സമയം ജിയോക്ക് എന്നോടുളള ആ വിശ്വാസം ഇല്ലാതാകുമോ എന്നൊന്ന് ഭയന്നു. സ്ത്രീകളെ ഡ്രൈവിങ് പഠിപ്പിക്കുന്ന സമയം എന്റെ ഡയലോ​ഗ് ഞാൻ വളരം നാടകീയമായിട്ടായിരുന്നു ചെയ്തത്. തങ്കൻ എന്ന മനുഷ്യന്റെ ഉള്ളിലെ എല്ലാ വീർപ്പുമുട്ടുകളും ഉൾക്കൊണ്ടുകൊണ്ടായിരുന്നു അന്ന് ഞാനാ ഡയലോ​ഗ് പറഞ്ഞത്. അന്ന് ജിയോ പറഞ്ഞു, നിങ്ങൾ എന്താണ് മനുഷ്യാ ഈ കാണിക്കുന്നത്? ഇങ്ങനൊന്നുമല്ല എനിക്ക് വേണ്ടത്. കവല മുഴുവൻ രണ്ട് വട്ടം ഓടി തങ്കന്റെ ഉള്ളിലെ ഈ ഭാരം ഇറക്കിവെച്ചിട്ട് വാ, എന്നിട്ട് ഷൂട്ട് ചെയ്യാം. അതൊരു പണീഷ്മെന്റ് ആയിരുന്നില്ല, തങ്കൻ അയാളുടെ സ്ഥായീഭാവത്തിൽ നിന്ന് സഞ്ചാരീ ഭാവത്തിലേയ്ക്ക് മാറാനുളള തയ്യാറെ‌‌‌‌ടുപ്പായിരുന്നു. ഒരു മനുഷ്യൻ എന്തൊക്കെ യാതനകളിലൂടെ ആണ് ജീവിച്ചുപോരുന്നത് എന്നുണ്ടെങ്കിലും അയാൾ എല്ലാം മറന്ന് ചിരിക്കുകയും സംസാരിക്കുകയും ചുറ്റുമുളളവരുമായി ഇടപഴകകയും ചെയ്യുന്ന സമയമുണ്ടാകും. ആ സമയം അയാൾ സഞ്ചാരീ ഭാവത്തിൽ ആയിരിക്കും.

Related Stories

No stories found.
logo
The Fourth
www.thefourthnews.in