നന്ദിനിയായി തിളങ്ങി ഐശ്വര്യ ; പൊന്നിയിന്‍ സെല്‍വന്‍
 ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്
PICTURE COURTASY : GOOGLE

നന്ദിനിയായി തിളങ്ങി ഐശ്വര്യ ; പൊന്നിയിന്‍ സെല്‍വന്‍ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

12 വര്‍ഷങ്ങള്‍ക്ക് ശേഷം ഐശ്വര്യ റായ് തമിഴിലേക്ക് ; താരമെത്തുന്നത് ഡബിള്‍റോളില്‍

സിനിമ പ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മണിരത്‌നം ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. 500 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രത്തില്‍ പ്രധാനകഥാപാത്രം അവതരിപ്പിക്കുന്ന ഐശ്വര്യ റായിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍ . ചുവന്ന പട്ടുസാരിയില്‍ തിളങ്ങി നില്‍ക്കുന്ന ഐശ്വര്യയുടെ ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.'പ്രതികാരത്തിന് സുന്ദരമായ മുഖമുണ്ട് ' എന്ന അടിക്കുറിപ്പോടെയാണ് മദ്രാസ് ടാക്കീസ് പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുള്ളത്.

ഒരു വ്യാഴവട്ടകാലത്തിന് ശേഷം ഐശ്വര്യ തമിഴിലേക്ക് തിരികെ എത്തുന്ന ചിത്രം കൂടിയാണിത് . ചിത്രത്തില്‍ ഡബിള്‍ റോളാണ് ഐശ്വര്യക്ക്. ചോള സാമ്രാജ്യത്തില്‍പ്പെട്ട പഴവൂരിലെ രാജ്ഞി നന്ദിനി ആണ് ഐശ്വര്യയുടെ ഒരു കഥാപാത്രം. രണ്ടാമത്തെ കഥാപാത്രവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. നേരത്തെ പുറത്തുവിട്ട വിക്രമിന്റെയും കാര്‍ത്തിയുടെയും ക്യാരക്ടര്‍ പോസ്റ്ററുകള്‍ വലിയ ശ്രദ്ധ നേടിയിരുന്നു.

ജയറാം,വിക്രം,ഐശ്വര്യറായ് ,ജയം രവി, പ്രകാശ് രാജ് ,കാര്‍ത്തി,തൃഷ, ശരത്കുമാര്‍,പാര്‍ഥിപന്‍ ,ലാല്‍,പ്രഭു,റിയാസ്ഖാന്‍,കിഷോര്‍,വിക്രം പ്രഭു,റഹ്‌മാന്‍,തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.തമിഴ്,മലയാളം,തെലുങ്ക്,കന്നഡ,ഹിന്ദി എന്നിങ്ങനെ ആറു ഭാഷകളിലായാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുക .കല്കി കൃഷ്ണമൂര്‍ത്തിയുടെ നോവലിനെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രം എപിക് ഹിസ്റ്റോറിക്കല്‍ ഡ്രാമ വിഭാഗത്തിലുള്ളതാണ് . മണിരത്‌നവും കുമാരവേലുവും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എ.ആര്‍ റഹ്‌മാന്‍ ആണ് സംഗീതസംവിധാനം .ലൈക്ക പ്രൊഡക്ഷന്‍സും മദ്രാസ് ടാക്കീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത് . രണ്ടുഭാഗങ്ങളുള്ള ചിത്രത്തിന്റെ ആദ്യഭാഗം സെപ്റ്റംബര്‍ 30 ന് തിയേറ്ററുകളിലെത്തും

logo
The Fourth
www.thefourthnews.in