ആരാധകരുടെ കാത്തിരിപ്പ് നീളും; പ്രഭാസ് ചിത്രം സലാറിന്റെ റിലീസ് മാറ്റി

ആരാധകരുടെ കാത്തിരിപ്പ് നീളും; പ്രഭാസ് ചിത്രം സലാറിന്റെ റിലീസ് മാറ്റി

സലാറിൻറെ ഒന്നാം ഭാഗം, 'സലാർ പാർട്ട് 1 സീസ് ഫയർ' സെപ്റ്റംബർ 28ന് എത്തുമെന്നായിരുന്നു പ്രഖ്യാപനം

പ്രഭാസ്- പ്രശാന്ത് നീൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന സലാറിന്റെ റിലീസ് തീയതി മാറ്റി. സലാറിൻറെ ഒന്നാം ഭാഗം, 'സലാർ പാർട്ട് 1 സീസ് ഫയർ' സെപ്റ്റംബർ 28ന് പ്രേക്ഷകരിലേക്ക് എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ തീയതിയിൽ മാറ്റുകയാണെന്ന് നിർമാതാക്കൾ ഔദ്യോഗികമായി അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും നിർമാതാക്കളായ ഹോംബാലെ ഫിലിംസ് പറഞ്ഞു.

സമൂഹ മാധ്യമത്തിൽ ഹോംബാലെ ഫിലിംസ് പങ്കുവച്ച കുറിപ്പ്
സമൂഹ മാധ്യമത്തിൽ ഹോംബാലെ ഫിലിംസ് പങ്കുവച്ച കുറിപ്പ്

"സലാറിന് നിങ്ങൾ നൽകുന്ന പിന്തുണയ്ക്ക് നന്ദി . അപ്രതീക്ഷിത കാരണങ്ങളാൽ നേരത്തെ പ്രഖ്യാപിച്ച റിലീസ് തീയതിയായ സെപ്റ്റംബർ 28 ന് ചിത്രം പ്രദർശനത്തിനെത്തിക്കാനാകില്ല. ഏറെ ആലോചിച്ചാണ് ഈ തീരുമാനത്തിൽ എത്തിയിരിക്കുന്നതെന്ന് ദയവായി മനസിലാക്കുക. മികച്ച സിനിമാനുഭവം നൽകുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ. ഞങ്ങളുടെ ടീം അതിനുവേണ്ടിയുള്ള കഠിനാധ്വാനത്തിലുമാണ്. പുതിയ റിലീസ് തീയതി യഥാസമയം പ്രഖ്യാപിക്കുന്നതാണ്. ചിത്രത്തിൻറെ അവസാന മിനുക്കുപണികൾ പുരോഗമിക്കവെ കൂടെയുണ്ടാകുക. ഈ മനോഹരയാത്രയിൽ ഭാഗമാവുന്നതിന് നന്ദി" സലാർ ഉടൻ എത്തും എന്ന ഹാഷ് ടാഗിനൊപ്പമാണ് ഹോംബാലെ ഫിലിംസിന്റെ കുറിപ്പ് .

കെജിഎഫ് വൺ, ടു എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാർ. കെജിഎഫും കാന്താരയുമുൾപ്പെടെ നിർമിച്ച ഹോംബാലെ ഫിലിംസാണ് ചിത്രത്തിന്റെ നിർമാതാക്കൾ. പ്രഭാസ് നായകനായെത്തുന്ന ചിത്രത്തിൽ ശ്രുതി ഹാസനാണ് നായിക.

ഭുവൻ ഗൗഡ ഛായാഗ്രാഹണം നിർവഹിക്കുന്ന സലാറിൽ മലയാളികളുടെ പ്രിയതാരം പൃഥ്വിരാജും പ്രധാനവേഷത്തിലുണ്ട്. ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു, ശ്രിയ റെഡ്ഡി തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി എന്നിവയുൾപ്പെടെ അഞ്ച് ഭാഷകളിലാണ് റിലീസ് ചെയ്യുക. കേരളത്തിൽ പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക്‌ ഫ്രെയിംസും ചേർന്നാണ് സലാർ തിയേറ്ററുകളിൽ എത്തിക്കുന്നത്.

logo
The Fourth
www.thefourthnews.in