പത്തുവര്‍ഷമായി ഇവിടെയുണ്ട്; പക്ഷെ പ്രേക്ഷകർ തിരിച്ചറിഞ്ഞത് പ്രണയവിലാസത്തിലെ വിനോദിനെ - ഹക്കീം ഷാ

പത്തുവര്‍ഷമായി ഇവിടെയുണ്ട്; പക്ഷെ പ്രേക്ഷകർ തിരിച്ചറിഞ്ഞത് പ്രണയവിലാസത്തിലെ വിനോദിനെ - ഹക്കീം ഷാ

എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന ഒന്നുമുണ്ടാകില്ല. സിനിമയ്ക്ക് മാത്രമല്ല, ഒരു കലാരൂപത്തിനും അത് സാധ്യമല്ല

കടശീല ബിരിയാണി എന്ന തമിഴ് ചിത്രത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച നടനാണ് ഹക്കീം ഷാ. പക്ഷെ പ്രേക്ഷകരിലേക്ക് കൂടുതൽ എത്തിയതും പ്രേക്ഷകർക്ക് കണക്ട് ആയതും പ്രണയവിലാസത്തിലെ വിനോദ് എന്ന കഥാപാത്രമാണ്. ചിത്രം ഒടിടിയിലെത്തിയതോടെ ഹക്കീം ഷായ്ക്ക് അഭിനന്ദന പ്രവാഹമാണ്. പത്തുവർഷത്തിലേറെയായി സിനിമയിലുള്ള ഹക്കീം ഷാ, പ്രണയവിലാസത്തിലെ കഥാപാത്രത്തെ കുറിച്ചും അഭിനയ ജീവിതത്തെ കുറിച്ചും ദ ഫോർത്തിനോട് സംസാരിക്കുന്നു

തീയേറ്റർ റിലീസ് ആയിരുന്നെങ്കിലും പ്രണയവിലാസം ഒടിടിയിലെത്തിയതോടെയാണല്ലോ വിനോദ് ഹീറോ ആയത്...

സത്യമാണ് . തീയേറ്ററില്‍ നിന്നുള്ളതിനെക്കാള്‍ പ്രതികരണം ഒടിടിയിലെത്തിയപ്പോഴാണ് കിട്ടിയത്. സന്തോഷമുണ്ട്. പ്രേക്ഷകര്‍ നമ്മള്‍ ചെയ്ത ഒരു വര്‍ക്കിനെ അഭിനന്ദിക്കുമ്പോള്‍ തീര്‍ച്ചയായും സന്തോഷമുണ്ടാകുമല്ലോ? പക്ഷെ അതിലേറ്റവും പ്രധാനം നമ്മള്‍ പറയാന്‍ ഉദ്ദേശിച്ച കാര്യം പ്രേക്ഷകരിലേക്ക് എത്തിയെന്നുള്ളതാണ്. സോഷ്യല്‍ മീഡിയയിലൂടെയും ഫോണിലൂടെയുമൊക്കെ കുറെയധികം വളരെ നല്ല റിവ്യൂസ് കിട്ടി. എല്ലാവര്‍ക്കും മറുപടി പറയാന്‍ സാധിക്കുന്നില്ല എന്നൊരു വിഷമമുണ്ട്. കടശീല ബിരിയാണിക്ക് നല്ല അഭിനന്ദനം ലഭിച്ചിരുന്നു. പക്ഷെ അത് കൂടുതലും സിനിമാ ആസ്വാദകരുടെ ഭാഗത്ത് നിന്നായിരുന്നു, സാധാരണ പ്രേക്ഷകര്‍ ഏറ്റെടുത്ത ആദ്യ ചിത്രമെന്ന നിലയിലും നല്ല സന്തോഷമുണ്ട്

വിനോദ്, ഹക്കീം ഷായിലേക്ക് എത്തിയത് എങ്ങനെയാണ്?

മാര്‍ട്ടിന്‍ സാറുമായി (മാര്‍ട്ടിന്‍ പ്രക്കാട്ട്) എനിക്ക് നേരിട്ട് പരിചയമുണ്ട്. അദ്ദേഹത്തിന്‌റെ ചാര്‍ലിയില്‍ ഞാന്‍ അസിസ്റ്റ് ചെയ്തിട്ടുണ്ട്. എന്‌റെയൊരു മെന്റര്‍ എന്ന പോലെ, എനിക്ക് എന്തും പറയാവുന്ന തരത്തിലുള്ള ഒരു ബന്ധമാണ് അത്. അദ്ദേഹമാണ് ഏകദേശം ഒരു വര്‍ഷം മുന്‍പ് എന്നെ വിളിച്ച് ഈ കഥാപാത്രത്തെ പറ്റി പറയുന്നത്. ഇരുപതുകളിലും നാല്‍പതുകളിലും പ്രായമുള്ള രണ്ട് അപ്പിയറന്‍സ് ഉണ്ടാകും എന്നും അദ്ദേഹം പറഞ്ഞിരുന്നു . ഒരേസമയം വെല്ലുവിളിയുണ്ടെന്ന് അറിയാമെങ്കിലും ഞാന്‍ വളരെ എക്‌സൈറ്റഡ് ആയിരുന്നു. പ്രേക്ഷകനെ പ്രീതിപ്പെടുന്നതിന് മുന്‍പ്, എനിക്ക് ഇത് ചെയ്യാനാകും എന്ന് ഈ ചിത്രത്തിലുള്ളവരെ ബോധ്യപ്പെടുത്തണമെന്ന് ഉണ്ടായിരുന്നു. പിന്നെ മാര്‍ട്ടിന്‍ പ്രക്കാട്ട് അങ്ങനെയൊരു ബോധ്യമില്ലാതെ ആരെയും തിരഞ്ഞെടുക്കില്ലെന്ന് അറിയാമായിരുന്നു. അദ്ദേഹത്തിന് ആ ബോധ്യമുണ്ടെങ്കില്‍ പിന്നെ പ്രേക്ഷകര്‍ക്ക് അത് ഇഷ്ടമാകുമെന്ന വിശ്വാസം , അതായിരുന്നു ഈ കഥാപാത്രം ഏറ്റെടുക്കാനുള്ള ധൈര്യം.

പൂച്ച അനുവിനെ അന്വേഷിച്ച് പോകുന്ന സീനും ചിതയെരിയുമ്പോഴുള്ള വിനോദിന്‌റെ മുഖവും ... പ്രേക്ഷകരെ പ്രണയവിലാസുമായി കണക്ട് ചെയ്ത രണ്ടു സാഹചര്യങ്ങള്‍ ... ചിത്രീകരണ സമയത്ത് അത് തിരിച്ചറിഞ്ഞിരുന്നോ ?

ആ തിരിച്ചറിവില്‍ തന്നെയാണ് ആ കഥാപാത്രത്തെ ഉള്‍ക്കൊണ്ടത്. പ്രേക്ഷകര്‍ക്ക് കണക്ട് ആവും എന്നും തോന്നിയിരുന്നു. പക്ഷെ ഇത്ര വലിയ സ്വീകാര്യത പ്രതീക്ഷിച്ചിരുന്നില്ല. ചിതയെരിയുന്ന സീന്‍ സിനിമയിലെ പ്രധാന ജംഗ്ഷനിലൊന്നാണെന്ന് മനസിലായിരുന്നു. അതുകൊണ്ട് തന്നെ പല രീതിയില്‍ ഞങ്ങള്‍ ഷൂട്ട് ചെയ്ത് വച്ചിരുന്നു. അതില്‍ ഏറ്റവും കണ്‍വിന്‍സിങ് ആയി തോന്നിയതാണ് ഉപയോഗിച്ചത്. സൂരജ് ഡ്രൈവ് ചെയ്യുമ്പോള്‍ അവന്‌റെ അമ്മയുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമായെന്ന് അറിഞ്ഞുള്ള ഒരു ചിരിയുണ്ട് അതാണ് സത്യത്തില്‍ ആ സിനിമയുടെ പൂര്‍ണത. അതൊക്കെ പ്രേക്ഷകരിലേക്ക് എത്തുന്നു എന്നതും അവര്‍ അത് ചര്‍ച്ച ചെയ്യുന്നുവെന്നതും തന്നെയാണ് ഏറ്റവും സന്തോഷം തരുന്നത് .

സിനിമയിലെ തന്നെ ഡയലോഗ് എടുത്താല്‍, ആദ്യ ഭാഗത്ത് കമല്‍ഹാസന്‍ പോലും മാറി നില്‍ക്കുന്ന, സൗന്ദര്യമുള്ള ചെറുപ്പക്കാരന്‍, അതിന് ശേഷം വയസായ, നോട്ടത്തില്‍ പോലും കനം തോന്നുന്ന, ഇമോഷന്‍സൊക്കെയുള്ള ഒരാള്‍, പക്ഷെ വലിയ മേയ്ക്ക് അപ്പ് ഒന്നും ഇല്ലാതെ തന്നെ അത് ഫീല്‍ ചെയ്യിപ്പിക്കാന്‍ സാധിക്കുന്നുണ്ടായിരുന്നു , ആ ട്രാന്‍സിഷന്‍ എങ്ങനെയായിരുന്നു ?

ആദ്യ ഭാഗത്തില്‍ ചോരത്തിളപ്പുള്ള ഇരുപതുകളിലുള്ള ഒരു ചെറുപ്പക്കാരന്‍, രണ്ടാം ഭാഗത്ത് നാല്‍പത്തിയഞ്ചൊക്കെ പ്രായമുള്ള ഒരാള്‍ . അതാണ് എനിക്ക് കിട്ടിയ ബ്രീഫ് . എനിക്ക് ഇപ്പോള്‍ മുപ്പതൊന്ന് വയസാണ് , അപ്പോള്‍ ഇരുപത്തിയഞ്ചുകാരന്‌റെയും നാല്‍പത്തിയഞ്ചുകാരന്‌റെയും ഇടയിലുള്ള ഒരു അവസ്ഥയാണ്. കുറച്ച് മെലിഞ്ഞ് താടിയൊക്കെ എടുത്താല്‍ ഇരുപത്തിയഞ്ചുകാരനാകാം. പക്ഷെ നാല്‍പത്തിയഞ്ചുകാരനിലെത്തുമ്പോള്‍ പ്രായത്തെക്കാള്‍ ഉപരി അയാളുടെ ജീവിതപരിസരം, അനുഭവങ്ങള്‍, ഇമോഷന്‍സൊക്കെ അയാളുടെ മുഖത്തുണ്ടാകും. കണ്ണിനും നോട്ടത്തിനുമൊക്കെ ഒരു കനം ഉണ്ടാകും. ആ രീതിയിലാണ് അതിനെ അവതരിപ്പിക്കാന്‍ ശ്രമിച്ചത്. മേയ്ക്ക് അപ്പിനേക്കാള്‍ ശരീര ഭാഷ , ആറ്റിറ്റ്യൂഡിലൊക്കെ മാറ്റം കൊണ്ട് വരുന്നതിലൂടെ ആ പ്രായം തോന്നിപ്പിക്കാനാണ് ശ്രമിച്ചത്. പക്ഷെ പല സമയത്തും ഡയലോഗ് ഒക്കെ വരുമ്പോള്‍ കണ്ണിലെ ഈ കനം , മുറുക്കം ഒക്കെ അങ്ങ് പോകും, അപ്പോ അതൊക്കെ വളരെ ശ്രദ്ധിച്ച് ചെയ്യാനായി ശ്രമിച്ചിട്ടുണ്ട്. ഷൂട്ടിന്‌റെ സമയത്ത് കുറച്ച് ബുദ്ധിമുട്ടായിരുന്നു.

ടീച്ചര്‍ എന്ന ചിത്രത്തില്‍ പ്രതികരിക്കണമെന്നുണ്ടെങ്കിലും പ്രതികരിക്കാനാകാത്ത, നിസ്സഹായാവസ്ഥയിലുള്ള ഒരു സാധാരണക്കാരന്‍, പ്രണയവിലാസത്തിലും സാധാരണക്കാരന്‌റെ കഥാപരിസരമാണ് വിനോദിന്‌റേത്...

അതൊരു ബോധപൂര്‍വമായ തീരുമാനമൊന്നുമല്ല. മാത്രമല്ല അങ്ങനെ കരിയര്‍ ബില്‍ഡ് ചെയ്യാനോ ഷെയ്പ്പ് ചെയ്യാനോ ചോയിസുള്ള എ പൂള്‍ നടനോ, ബി പൂള്‍ നടനോ അല്ല ഇപ്പോള്‍ ഞാന്‍ . എ യിലോ ബിയിലോ ഉള്ളവര്‍ക്ക്, അവര്‍ക്ക് ഇഷ്ടമുള്ള പോലെ തിരഞ്ഞെടുക്കാം. നമ്മളെ തേടിയെത്തുന്ന കഥാപാത്രത്തെ ഏറ്റവും മികച്ചതാക്കാന്‍ ശ്രമിക്കുക എന്ന ഒറ്റ ഓപ്ഷനേ ഇപ്പോള്‍ എനിക്കുള്ളു. ടീച്ചറിലെ കഥാപാത്രം ഒരു സാധാരണ മലയാളി യുവാവാണ് . അയാള്‍ക്ക് ഈ സമൂഹം നല്‍കുന്ന എല്ലാ ഇന്‍ സെക്യൂരിറ്റീസും ഉണ്ട്. ഭാര്യയോട് സ്‌നേഹമില്ലാത്തത് കൊണ്ടല്ല, അയാള്‍ക്ക് പക്ഷെ ആ സാഹചര്യത്തെ എങ്ങനെ നേരിടണമെന്ന അറിവില്ലായ്മയാണ്. കടശീല ബിരിയാണിയില്‍ ഒരു മനോരോഗി ആയിരുന്നല്ലോ ... അതിന് ശേഷം വന്ന കഥാപാത്രങ്ങള്‍ സാധാരണക്കാരന്‌റേത് ആയിരുന്നു. പിന്നെ എന്‌റെ ഒരു മുഖം അങ്ങനെ എവിടെയോ കണ്ടപോലെ എന്നൊക്കെ പ്രേക്ഷകര്‍ക്ക് തോന്നുന്ന ഒന്നാണ്. ഒരുപക്ഷെ അതുകൊണ്ടാകാം അത്തരം കഥാപാത്രങ്ങള്‍ കൂടുതലായി വരുന്നത് .

നമ്മള്‍ അവസാനം ചെയ്യുന്ന സിനിമകളിലെ കഥാപാത്രത്തെ ആശ്രയിച്ചാണ് അടുത്ത സിനിമ നമ്മളിലേക്ക് എത്തുക. പ്രണയവിലാസം കഴിഞ്ഞ ശേഷം കുറച്ച് വൈവിധ്യമുള്ള കഥാപാത്രങ്ങള്‍ വരുന്നുണ്ട്. ഇതുവരെയുള്ള ഇമേജ് ബ്രേക്ക് ചെയ്യാന്‍ ശ്രമമുണ്ടാകും. ഒരിടയ്ക്ക് ഫീമെയില്‍ ഓറിയന്‌റന്‍ഡ് പ്രമേയങ്ങള്‍ മാത്രമായിരുന്നു വന്നിരുന്നത്. അങ്ങനെയുള്ള ചിത്രങ്ങളുടെ ഭാഗമാകുന്നതിന് പ്രശ്‌നമുണ്ടായിട്ടല്ല, പക്ഷെ അങ്ങനെ മാത്രം ചെയ്യുന്നത് ഗുണം ചെയ്യില്ലെന്ന തിരിച്ചറിവില്‍ മാറ്റങ്ങള്‍ക്ക് ശ്രമിക്കുന്നുണ്ട്. ഒരുപക്ഷെ കുറച്ച് നാളിന് ശേഷം വീണ്ടും അത്തരം ചിത്രങ്ങള്‍ തന്നെ ചെയ്‌തേക്കാം .

പ്രണയവിലാസത്തെ കുറിച്ച് ചില വിമര്‍ശനങ്ങളും ഉയരുന്നുണ്ടല്ലോ, മിയ മിസ് കാസ്റ്റ് ആയി പോയി എന്ന തരത്തിലൊക്കെ, സിനിമയ്‌ക്കെതിരായ വിമര്‍ശനങ്ങളെ എങ്ങനെയാണ് നോക്കി കാണുന്നത് ?

മിയ മിസ് കാസ്റ്റ് ആയി എന്ന് എനിക്ക് തോന്നിയില്ലെന്ന് മാത്രമല്ല , വളരെ നന്നായി ചെയ്തു എന്ന് തന്നെയാണ് അഭിപ്രായം, ആ പ്രായത്തിലുള്ള ഒരു സ്ത്രീയുടെ ഒറ്റപ്പെടല്‍, തനിച്ചായി പോകുന്ന ഒരു സ്ത്രീക്കുണ്ടാകുന്ന ധൈര്യം, തന്റേടം അതൊക്കെ മിയ വളരെ ഭംഗിയായി ചെയ്തു. പിന്നെ പ്രേക്ഷകര്‍ക്ക് വിമര്‍ശിക്കാനുള്ള എല്ലാ അവകാശവുമുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. നമ്മുടെ വീട്ടില്‍ വന്ന് അച്ഛനെയും അമ്മയേയും തെറി വിളിക്കുകയല്ലല്ലോ , അവര്‍ കാശ് കൊടുത്ത് കാണുന്ന സിനിമ, അവര്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് പറയുന്നു. അതിനെ ആ നിലയ്ക്ക് കണ്ടാല്‍ പോരെ, റിലീസ് ചെയ്ത് കഴിഞ്ഞാല്‍ സിനിമ പ്രേക്ഷകന്‌റെ ആണ് , ആവശ്യമുള്ള വിമര്‍ശനങ്ങള്‍ എടുക്കുക, അല്ലാത്തത് വിട്ടുകളയുക എന്നേയുള്ളൂ. എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന ഒന്നുമുണ്ടാകില്ല. സിനിമയ്ക്ക് മാത്രമല്ല, ഒരു കലാരൂപത്തിനും അത് സാധ്യമല്ല.

സിനിമയെ ഒരു ജോലി ആയിട്ടാണ് ഞാന്‍ കാണുന്നത് . അതുകൊണ്ട് തന്നെ മറ്റുള്ളവരെ പ്രീതിപ്പെടുത്താനായി എനിക്ക് അതിലൊന്നും ചെയ്യേണ്ടതായി വരുന്നില്ല, പൊതുബോധത്തിനായി ഒരു സിനിമ ചെയ്യേണ്ട ആവശ്യവും ഇല്ല. ലഭിക്കുന്ന ജോലി ഏറ്റവും ഭംഗിയായി ചെയ്യുക എന്നത് മാത്രമാണ് ലക്ഷ്യം . എനിക്ക് സിനിമ ചെയ്യാന്‍ പറ്റുമെന്ന ആത്മവിശ്വാസമുള്ളത് കൊണ്ടാണ് വലിയ കഥാപാത്രങ്ങളൊന്നും ലഭിക്കാതിരുന്നിട്ടും പത്ത് വര്‍ഷം ഇവിടെ നില്‍ക്കാനായത്. പിന്നെ മുന്‍പുള്ള അവസ്ഥയല്ല സിനിമയില്‍, ഒടിടിയുടെ കാലത്ത് ഒരു ഫോണ്‍ ഉണ്ടെങ്കില്‍ ആര്‍ക്കും സിനിമയെടുക്കാം. കഴിവുള്ളവര്‍ വിജയിക്കും. സ്വയം വളരുക, മെച്ചപ്പെടുത്തുക എന്നത് മാത്രമാണ് ഇവിടെ പിടിച്ച് നില്‍ക്കാനുള്ള മാര്‍ഗം

നടനാകാന്‍ ആഗ്രഹിച്ചാണ് സിനിമയിലെത്തിയത് , പക്ഷെ ചാര്‍ലിയില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചു, സംവിധാന മോഹമുണ്ടോ ?

എബിസിഡിയില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് അഭിനയം അറിയാം .പക്ഷെ സിനിമയ്ക്ക് വേണ്ട സാങ്കേതികതകളെ കുറിച്ച്, ആ രീതിയിലുള്ള അഭിനയത്തെ കുറിച്ച് എനിക്ക് വലിയ ധാരണയുണ്ടായിരുന്നില്ല. നാടകവും സ്റ്റേജ് പെര്‍ഫോമന്‍സുമൊക്കെയായിരുന്നു എന്‌റെ ഒരു മേഖല. അതല്ല സിനിമയ്ക്ക് ആവശ്യമുള്ള അഭിനയം എന്ന് ആദ്യ സിനിമയില്‍ തന്നെ മനസിലായി. അതുകൊണ്ട് അഭിനയം പഠിക്കാന്‍, ക്യാമറയ്ക്ക് മുന്നിലെന്ത് നടക്കുന്നുവെന്നത് കണ്ട് മനസിലാക്കാനാണ് ക്യാമറയ്ക്ക് പിന്നില്‍ നിന്നത്. അതിന് ശേഷം വീണ്ടും നാടകത്തിലേക്ക് തിരിച്ച് പോയി. മഴവില്‍ മനോരമയ്ക്ക് വേണ്ടി വെബ് സീരിസ് ചെയ്തു. അതൊക്കെ നടനാകണമെന്ന ആഗ്രഹത്തില്‍ തന്നെയായിരുന്നു. അതുകൊണ്ട് വീണ്ടും അഭിനയത്തിലേക്ക് തിരിച്ച് വന്നു. കടശീല ബിരിയാണിയുടെ ഒരു ഹൈപ്പിലാണ് ടീച്ചര്‍ കമ്മിറ്റ് ചെയ്തത്. അതിന്‌റെ സംവിധായകന്‍ വിവേകിനെ നേരത്തെ അറിയാമായിരുന്നു. വിവേകിന്‌റെ അതിരനിലേക്ക് എന്നെ വിളിച്ചെങ്കിലും ആ സമയത്ത് അതില്‍ അഭിനയിക്കാന്‍ കഴിഞ്ഞില്ല. പിന്നീടാണ് ടീച്ചറിലേക്ക് വിളിക്കുന്നത്. അമലയേയും ( അമല പോള്‍) എനിക്ക് നേരത്തെ അറിയാം. അമലയും ഓകെ ആണെന്ന് പറഞ്ഞപ്പോഴാണ് ടീച്ചറിലേക്ക് എത്തിയത്. അങ്ങനെ വീണ്ടും സിനിമകളൊക്കെ കിട്ടി തുടങ്ങി. സത്യത്തിൽ പത്തുവര്‍ഷത്തിലേറെയായി ഞാന്‍ സിനിമയിലുണ്ടെങ്കിലും ഇപ്പോഴാണ് സിനിമ ഒരു വരുമാന മാര്‍ഗമായി എനിക്ക് മാറുന്നത്.

പുതിയ സിനിമകള്‍...

രണ്ട് തമിഴ് സിനിമകളാണ് ഇപ്പോള്‍ ധാരണയായിട്ടുള്ളത്. ഒരെണ്ണം വെട്രിമാരന്‍ പ്രൊഡക്ഷനിലുള്ളതാണ്. രണ്ടാമത്തെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല . ഉടനെയുണ്ടാകുമെന്ന് കരുതുന്നു

logo
The Fourth
www.thefourthnews.in