'ഭാഷാ ചട്ടക്കൂടുകളെ ബ്രേക്ക് ചെയ്യാനാണ് ശ്രമിച്ചത്, പുതുതലമുറയെ പരിഗണിക്കണം'; 'പ്രേമലു' പാട്ടെഴുത്തുകാരൻ  സംസാരിക്കുന്നു

'ഭാഷാ ചട്ടക്കൂടുകളെ ബ്രേക്ക് ചെയ്യാനാണ് ശ്രമിച്ചത്, പുതുതലമുറയെ പരിഗണിക്കണം'; 'പ്രേമലു' പാട്ടെഴുത്തുകാരൻ സംസാരിക്കുന്നു

സിനിമാജീവിതത്തെ കുറിച്ചും പ്രേമലുവിലെ ഗാനങ്ങളെ കുറിച്ചും പാട്ടെഴുത്തുകാരന്‍ സുഹൈൽ കോയ ദ ഫോർത്തുമായി മനസുതുറക്കുന്നു

ആദ്യ കേൾവിയിൽ തന്നെ ഏറെ പ്രത്യേകതകൾ തോന്നുന്ന പാട്ടുകളായിരുന്നു ഗിരീഷ് എ ഡി സംവിധാനം ചെയ്ത് തീയേറ്ററുകളിൽ നിറഞ്ഞോടുന്ന പ്രേമലുവിലേത്. തെലുങ്കുവും മലയാളവും തമിഴും ഹിന്ദിയുമെല്ലാം ചേർന്ന് പുതുതലമുറയുടെ ഭാഷ പ്രയോഗങ്ങളോട് ചേർന്ന് നിൽക്കുന്ന ഗാനങ്ങൾ റിലീസിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വൈറലാണ്.

സുഹൈൽ കോയ എന്ന ആലപ്പുഴക്കാരനാണ് ഈ ഗാനങ്ങൾ രചിച്ചത്. മുമ്പ് ഗിരീഷിന്റെ തന്നെ തണ്ണീർമത്തൻ ദിനങ്ങളിലും സൂപ്പർ ശരണ്യയിലുമെല്ലാം സുഹൈയിലിന്റെ പുതുമ നിറഞ്ഞ പാട്ടുകൾ കണ്ടതാണ്. 'മോസയിലെ കുതിരമീനുകൾ' എന്ന സിനിമയിലൂടെയാണ് സുഹൈൽ മലയാള സിനിമയിലേക്ക് എത്തുന്നത്. സിനിമാജീവിതത്തെ കുറിച്ചും പ്രേമലുവിലെ ഗാനങ്ങളെ കുറിച്ചും സുഹൈൽ കോയ ദ ഫോർത്തുമായി മനസുതുറക്കുന്നു.

സുഹെെല്‍ കോയ
സുഹെെല്‍ കോയ

ലണ്ടനിൽ നിന്ന് സിനിമയിലേക്ക്

കലയുമായി വലിയ ബന്ധമുണ്ടായിരുന്ന ആളായിരുന്നില്ല ഞാൻ, പഠിച്ചത് ബിസിനസ് ആണ് പിന്നീട് ലണ്ടനിലെത്തി. അവിടെ ബിർമിങ്ങാമിലെ Coventry യൂണിവേഴ്‌സിറ്റിയിലായിരുന്നു പഠിച്ചത്. അതിലൂടെ ഒരുപാട് പുതിയ ഭാഷകളെ കുറിച്ച് അറിയാനും അവരുടെ കൾച്ചറുകൾ അറിയാനും സാധിച്ചു. അവിടെ നിന്നാണ് ഉറുദുവിൽ ഒരു താൽപ്പര്യം വരുന്നത്. ലണ്ടനിലേക്ക് പോകുന്നതിന് മുമ്പ് ഇവിടെ നാട്ടിൽ കല്ല്യാണവീട്ടുകളിലും മറ്റും പരിപാടി അവതരിപ്പിക്കുന്നതിന് ഞങ്ങൾ കുറച്ച് ഫ്രണ്ട്‌സിന്റെ നേതൃത്വത്തിൽ ഒരു ബാൻഡ് ഒക്കെ ഉണ്ടായിരുന്നു. ചെറിയ ചെറിയ പരിപാടികളിൽ ആയിരുന്നു മെയിൻ ആയിട്ട് പങ്കെടുത്തത്.

പിന്നീട് ലണ്ടനിൽ പഠനവും ജോലിയുമായി ഒക്കെ നിൽക്കുമ്പോഴാണ് നാട്ടിലേക്ക് തിരികെ വരേണ്ടി വന്ന സാഹചര്യമുണ്ടായത്. കുറച്ച് നാൾ നാട്ടിൽ വന്ന് നിന്ന് ഇനി എന്ത് എന്നാലോചിച്ച് നിൽക്കുമ്പോളാണ് ഉറുദു പഠിക്കാം എന്നുള്ള ഒരു ആലോചന ഉണ്ടാവുന്നത്. അങ്ങനെ ഡൽഹിയിൽ ഒരു ഉസ്താദിന്റെ കീഴിൽ ഉറുദു പഠിക്കാൻ ചേർന്നു. ശരിക്കും ആ ഭാഷയുടെ ബേസിക് ആണ് അദ്ദേഹം പഠിപ്പിച്ചിരുന്നത്. എന്റെ വൈഫും കൂടെയുണ്ടായിരുന്നു. ഞങ്ങൾ കുറച്ച് കാലം ഡൽഹിയിൽ താമസിച്ചു. അവിടെ നിന്നാണ് കോളെജിൽ എന്റെ സുഹൃത്തായിരുന്ന അജിത്ത് പിള്ള, 'മോസയിലെ കുതിര മീനുകൾ' എ്ന്ന സിനിമയുമായി എത്തുന്നത്. എനിക്കാണെങ്കിൽ അതുവരെ കലയുമായി ഉള്ള ബന്ധം എന്നുപറയുന്നത് വളരെ കുറവാണ്. അതിൽ പ്രശാന്ത് പിള്ളയാണ് മ്യൂസിക് ചെയ്യുന്നത്. അതിൽ ഉറുദു - മലയാളം കൂടി ചേർന്ന് ഒരു പാട്ട് ഉണ്ട് ട്രൈ ചെയ്യുന്നോയെന്ന് അജിത്ത് ചോദിച്ചു. ഞാൻ ഒന്ന് ശ്രമിക്കാമെന്ന് പറഞ്ഞു. അങ്ങനെയാണ് 'യാ ഇലാഹി' എന്ന ഗാനം എഴുതുന്നത്. എഴുതി വന്നപ്പോൾ അത് അവർക്ക് ഇഷ്ടമായി. അങ്ങനെയാണ് പാട്ടെഴുത്തിലേക്ക് എത്തുന്നത്. പക്ഷേ പിന്നീട് എനിക്ക് ഇംഗ്ലണ്ടിലേക്ക് തന്നെ തിരികെ പോകേണ്ടി വന്നു.

ആലപ്പുഴ ബീച്ചിൽ നിന്നൊരു റീ എൻട്രി

ഞാൻ, സാജിദ് യഹിയ, നജീം കോയ, ഞങ്ങളെല്ലാം ആലപ്പുഴയിൽ നിന്നുള്ളവരാണ്, സ്വാഭാവികമായി ഞങ്ങളെല്ലാം സുഹൃത്തുക്കളുമാണ്. അങ്ങനെ ലീവിന് വന്നപ്പോഴാണ് സാജിദ് മോഹൻലാൽ എന്ന ചിത്രത്തിൽ ഒരു പ്രൊമോ ഗാനം എഴുതാൻ ആവശ്യപ്പെടുന്നത്. ആ ചിത്രത്തിന് ശേഷം മറ്റൊരു ചിത്രത്തിന്റെ ചർച്ചയ്ക്കായി ഞങ്ങളെല്ലാവരും ആലപ്പുഴയിൽ കൂടിയിരുന്നു. അവിടെ സാജിദിന്റെ സുഹൃത്തുക്കളായ ജോമോൻ ടി ജോണും ഷമീർ മുഹമ്മദമൊക്കെ വന്നിരുന്നു. അവര് സാജിദിന്റെ ഒരു ചിത്രം നിർമിക്കാനുള്ള ചർച്ചയിലായിരുന്നു. അതേസമയത്ത് തന്നെയാണ് അവർ 'തണ്ണീർമത്തൻ' ചെയ്തിരുന്നത്.

ഗിരീഷ് എഡി, അനശ്വര, മാത്യുതോമസ്
ഗിരീഷ് എഡി, അനശ്വര, മാത്യുതോമസ്

ഗിരീഷ് എ ഡിയുടെ പടത്തിൽ ഒന്ന് ട്രൈ ചെയ്ത് നോക്കുന്നോയെന്ന് അവരാണ് ആദ്യം ചോദിക്കുന്നത്. അവരിൽ നിന്നാണ് ജസ്റ്റിൻ വർഗീസിനെ പരിചയപ്പെടുന്നത്. അവിടെ നിന്ന് ഗിരിഷ് കഥയുടെ ഒരു സ്‌ട്രെച്ചറും അതിലെ ചില സംഭവങ്ങളുമൊക്കെ പറഞ്ഞു തന്നിരുന്നു. സ്‌കൂളിനടുത്ത് ഒരു ജാതിക്കാതോട്ടമുണ്ടായിരുന്നു. അവിടെയാണ് നമ്മളെ ചെക്കൻ സ്ഥിരമായി പോയി ഇരിക്കാറുണ്ടായിരുന്നെല്ലാം വളരെ കാഷ്വലായി പറഞ്ഞതായിരുന്നു. അതെന്റെ മനസിൽ ഇങ്ങനെ കിടന്നു. പിന്നീട് പാട്ടെഴുതാൻ തുടങ്ങിയപ്പോഴാണ് അതു വന്നത്.

അങ്ങനെ ജസ്റ്റിന്റെ ട്യൂണും ഈ വരികളുമെല്ലാം ഗിരീഷിനെയും മറ്റും കേൾപ്പിച്ചു അവർക്കെല്ലാം ഇഷ്ടപ്പെട്ടു. അത് പിന്നീട് എല്ലാവർക്കും ഇഷ്ടായി. പാട്ട് ഇഷ്ടമാകുമെന്ന് അറിയാമായിരുന്നെങ്കിലും അത് ഇങ്ങനെയൊരു വൈറൽ ഗാനമാകുമെന്നൊന്നും കരുതിയിരുന്നില്ല. അവിടെ നിന്ന് പിന്നീട് ഗിരീഷിന്റെ തന്നെ സൂപ്പർ ശരണ്യയിലേക്കും ഇപ്പോൾ പ്രേമലുവിലേക്കും വിളിവന്നു.

ഭാഷാചട്ടക്കൂടുകളെ ബ്രേക്ക് ചെയ്യണം

ജാതിക്ക തോട്ടം ഇറങ്ങിയ സമയത്ത് വയലാർ ശരത്ചന്ദ്രവർമ്മ ചേട്ടൻ വിളിച്ചിരുന്നു. അദ്ദേഹത്തിനെ പോലെ ഒരാൾ വളരെയധികം ആ ഗാനത്തെ അഭിനന്ദിച്ചു. എനിക്ക് നമ്മുടെ ഭാഷയിൽ പരിജ്ഞാനം കുറവാണ്. അത് തന്നെയാണ് ആ പാട്ട് മികച്ചതാവാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. ഭാഷയുടെ ചട്ടകൂടുകളും നിയമാവലികളും അറിയാവുന്ന ഒരാൾക്ക് ഇങ്ങനെ എഴുതാൻ കഴിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അതുകൊണ്ടാണ് ഈ ഗാനം അത്ര മനോഹരമായതെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ ഭാഷയുടെയും നമ്മൂടെ ആളുകളുടെയും ഒരു പ്രത്യേകതയായി തോന്നിയിട്ടുള്ളത്, മറ്റ് ഭാഷകളിൽ വളരെ ലളിതമായി അവർ പുതിയ വാക്കുകളും പ്രയോഗങ്ങളും ഉപയോഗിക്കുമ്പോൾ അവരും നമ്മളും സ്വീകരിക്കുകയും മലയാളത്തിൽ അങ്ങനെ ഒരു പ്രയോഗം വരുമ്പോൾ അതിനോട് ഒരു വിമുഖത കാണിക്കുകയും ചെയ്യും. ഹിന്ദിയിൽ ഇപ്പോൾ 'കേസരിയ' പോലുള്ള ഗാനങ്ങൾ, തമിഴിലാണെങ്കിൽ 'ന്യൂട്രോൺ ഇലക്ട്രോൺ' പോലെ ഉള്ള പുതുതലമുറയുടെ ഭാഷപ്രയോഗങ്ങളെ കൂടി ഉൾപ്പെടുത്തി ഗാനങ്ങൾ വരാറുണ്ട്. മലയാളത്തിൽ ഇത്തരം കാര്യങ്ങൾ പരീക്ഷിക്കാനും അംഗീകരിക്കാനും പൊതുവെ മടിയാണ്.

മുമ്പ് ബാഗിജീൻസും ഷൂസുമണിഞ്ഞ് എന്ന ഗാനവും കംപ്യൂട്ടർ പാട്ടുമെല്ലാം മലയാളത്തിൽ വരികയും ഹിറ്റാവുകയും ചെയ്തിട്ടുണ്ടെങ്കിലും അത് പ്രയോഗിക്കാൻ മടിയാണ്. അൻവർ അലിയാണ് മലയാളത്തിൽ ഇത് മനോഹരമായി ഉപയോഗപ്പെടുത്തിയ ഗായകരിൽ ഒരാൾ. 'തെരുവുകൾ നീ വേഗമായി' എന്ന വരികൾ പുതുതലമുറയിലേതാണ്... നീ ഓളവും ഞാൻ തീരവും എന്നതിന്റെ ഒരു പുതുരൂപമാണിത്.

ഭാഷ പ്രധാനമായും കമ്മ്യൂണിക്കേഷന് വേണ്ടിയാണ് ഉപയോഗിക്കുന്നത്. പ്രേമലുവിൽ പ്രധാനമായും ഇന്റർനെറ്റ് മലയാളം എന്ന് പറയാൻ കഴിയുന്ന വരികളാണ് ഉപയോഗിച്ചിട്ടുള്ളത്. 'നാണം കൊണ്ട് നീ മുഖം മറച്ചു, മുഖം നോക്കാൻ കണ്ണാടിയെടുത്തു' എന്ന് പണ്ട് എഴുതുമ്പോൾ ഇന്നത്തെ കാലത്ത് 'കണ്ടൊരിക്കെ സുന്ദരിയെ പുഞ്ചിരിയെ, കാശ് പത്തെടുക്കാൻ എടിഎമ്മിൽ നിന്നളിയേ... അങ്ങ് പൊത്തിവച്ചേ പിൻ അവള്, മൊഞ്ചവള്.. കുഞ്ഞ് പൊട്ടു കുത്താൻ ഫോണെടുത്തേ പിന്നവള്!'എന്ന് കാലഘട്ടത്തിന് അനുസൃതമായി എഴുതേണ്ടി വരും.

ഒന്നെടുത്താൽ എല്ലാം ഭാഷയും കോംബോ...

മുമ്പ് പറഞ്ഞപോലെ ഭാഷകൾ പഠിക്കാൻ എനിക്ക് താൽപ്പര്യമുള്ള കാര്യമാണ്. റീലുകൾ കാണുന്ന അത് ട്രെൻഡാവുന്ന കാലമാണിത്. ഭാഷകളോ അതിരുകളോ ഇല്ലാതെ നമ്മൾ റീലുകളും പാട്ടുകളും ആസ്വദിക്കാറുണ്ട്. അത്തരത്തിൽ നമ്മൾ ആസ്വദിക്കുന്ന പാട്ടുകൾക്കും സാഹചര്യങ്ങൾക്കും അനുസരിച്ചാണ് ഉറുദുവിലോ, അശുഭമംഗളകാരി പോലെ സംസ്‌കൃതമോ ഇംഗ്ലീഷോ, തെലുങ്കോ, തമിഴോ ഒക്കെ ഭാഷയിൽ ഉപയോഗിച്ച് പാട്ടുകൾ എഴുതുന്നത്.

അംഗീകരിക്കാൻ മടിക്കുന്നുണ്ടോ പഴയ തലമുറ ?

പുതിയ കാലത്തെ പാട്ടുകൾ പഴയ തലമുറയിൽപ്പെട്ട ആളുകൾക്ക് അംഗീകരിക്കാൻ കഴിയുന്നുണ്ടോ എന്ന് ചോദിച്ചാൽ കൃത്യമായി എനിക്ക് അറിയില്ല. പക്ഷെ സ്‌പോട്ടിഫൈ അടക്കമുള്ള ആപ്പുകളിൽ എന്റെ പാട്ടുകേൾക്കുന്നവരുടെ കണക്കുകൾ വരാറുണ്ട്. എന്റെ എന്ന് മാത്രമല്ല എല്ലാവരുടെയും വരാറുണ്ട്. അതിൽ 69 ശതമാനം ആളുകളും 27 വയസിന് താഴെയുള്ളവരാണ്. 45 വയസിന് താഴെയുള്ള 22 ശതമാനം ആളുകളാണ് എന്റെ പാട്ടുകൾ കേൾക്കാറുള്ളത്. 45 നും 60 വയസിനും ഇടയിലും അതിന് മുകളിലും വളരെ കുറച്ച് ശതമാനം ആളുകൾ മാത്രമാണ് ഈ പാട്ടുകൾ കേൾക്കുന്നത്. ഒരു പക്ഷേ പഴയ തലമുറയിൽ ഉള്ള ആളുകൾക്ക് ഈ ഗാനങ്ങൾ ഇഷ്ടപ്പെടുകയോ അവർക്ക് കണക്ട് ആവുകയോ ഉണ്ടാവുന്നില്ലായിരിക്കും.

സ്വതന്ത്ര സംഗീതത്തിന്റെ കാലം

ഇന്റിപെന്റൻഡ് മ്യൂസിക്കിന് വലിയ സാധ്യതകളുള്ള കാലമാണിത്. സിനിമയിൽ മാത്രമല്ലാതെ തന്നെ വിവിധ ഴോണറുകളിൽ ഉള്ള ഗാനങ്ങൾ മലയാളികൾ ആസ്വദിക്കുകയും മലയാളത്തിൽ തന്നെ ഇറങ്ങുകയും ചെയ്യുന്നുണ്ട്. ദാബ്‌സിയുടെ ഒക്കെ ഗാനങ്ങൾക്ക് ഉള്ള സ്വീകാര്യത നമ്മൾ കണ്ടതാണ്. സിനിമ ഗാനങ്ങൾക്ക് പുറമെ ഇത്തരത്തിൽ ഇന്റിപെന്റൻഡ് മ്യൂസിക്കിന്റെ ഭാഗമായി എന്തെങ്കിലുമൊക്കെ ചെയ്യണമെന്നുണ്ട്. അത് ഈ വർഷം തന്നെയുണ്ടാവുമെന്നാണ് പ്രതീക്ഷ.

logo
The Fourth
www.thefourthnews.in