പൃഥിരാജിന്റെ നാല്‍പ്പതാം പിറന്നാളില്‍ വൈറലായത് നാല് ചിത്രങ്ങളുടെ വിശേഷങ്ങള്‍; ഏറ്റെടുത്ത് പ്രേക്ഷകര്‍

പൃഥിരാജിന്റെ നാല്‍പ്പതാം പിറന്നാളില്‍ വൈറലായത് നാല് ചിത്രങ്ങളുടെ വിശേഷങ്ങള്‍; ഏറ്റെടുത്ത് പ്രേക്ഷകര്‍

സലാര്‍, ഖലീഫ, വിലായത്ത് ബുദ്ധ എന്നീ ചിത്രങ്ങളുടെ പോസ്റ്ററുകളും കാപ്പയുടെ ടീസറുമാണ് ഇന്ന് പുറത്തുവിട്ടത്

പൃഥിരാജിന്റെ നാല്‍പ്പതാം പിറന്നാളില്‍ പുറത്തുവിട്ടത് നാല് ചിത്രങ്ങളുടെ വിശേഷങ്ങള്‍. സലാര്‍, ഖലീഫ, വിലായത്ത് ബുദ്ധ എന്നീ ചിത്രങ്ങളുടെ പോസ്റ്ററുകളും കാപ്പയുടെ ടീസറുമാണ് അണിയറ പ്രവര്‍ത്തകരും പൃഥിരാജും ചേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.

സലാര്‍

സലാര്‍ എന്ന ചിത്രത്തിലെ വരദരാജ മന്നാറിനെ അവതരിപ്പിക്കുന്ന പൃഥിരാജിന്റെ പോസ്റ്റര്‍ ഹോംബാലെ ഫിലിംസാണ് പുറത്തുവിട്ടത്. ബ്രഹ്‌മാണ്ഡ ചിത്രമായ കെജിഎഫിന്റെ വന്‍ വിജയത്തിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാര്‍. അടുത്തവര്‍ഷം സെപ്റ്റംബര്‍ 28 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗന്ദൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നായകന്‍ പ്രഭാസിന്റെ കഥാപാത്രത്തിന്റേതിന് സമാന പ്രാധാന്യമുള്ള കഥാപാത്രമാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇരു താരങ്ങളുടെയും ആരാധകര്‍ വളരെ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. വരദരാജ മന്നാര്‍ എന്ന കഥാപാത്രം എത്രമാത്രം ശക്തമാണെന്ന സൂചന നല്‍കുന്ന പോസ്റ്റര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. വരദരാജ മന്നാറിനെ അവതരിപ്പിക്കാന്‍ ഇതിലും മികച്ചൊരു നടനെ കണ്ടെത്താനാകുമായിരുന്നില്ലെന്ന് സംവിധായകന്‍ പ്രശാന്ത് നീല്‍ പറഞ്ഞിരുന്നു.

സലാര്‍
സലാര്‍

കാപ്പ

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന കാപ്പയുടെ ടീസറും പുറത്തിറക്കി. കടുവയ്ക്ക് ശേഷം പൃഥ്വി- ഷാജി കൈലാസ് കൂട്ടുകെട്ടില്‍ പിറക്കുന്ന ചിത്രമാണ് കാപ്പ. അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. തിയ്യേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി ഏബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് ദിലീഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്. ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ശങ്കുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ. ഇന്ദുഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്. തിരുവനന്തപുരത്തെ ലോക്കല്‍ ഗുണ്ടകളുടെ പശ്ചാത്തലത്തിലാണ് കാപ്പയുടെ കഥ പറയുന്നത്. ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്കും കൊട്ടമധു എന്ന കഥാപാത്രവും ശ്രദ്ധ നേടിയിട്ടുണ്ട്.

കാപ്പ
കാപ്പ

ഖലീഫ

'പ്രതികാരം സുവര്‍ണ്ണ ലിപികളാല്‍ എഴുതപ്പെടും' എന്ന തലക്കെട്ടോടെയാണ് ഖലീഫയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചത്. പോക്കിരി രാജയ്ക്ക് ശേഷം മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ വൈശാഖും പൃഥിരാജും ഒന്നിക്കുന്ന ചിത്രമാണ് ഖലീഫ. ദുബായ് പശ്ചാത്തലമായിട്ടായിരിക്കും ചിത്രത്തിന്റെ ഷൂട്ടിങ്. ജിനു ഏബ്രഹാമാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിനു എബ്രഹാം ഇന്നോവേഷന്‍, യൂട്ട്‌ലി ഫിലിംസ്, സരിഗമ എന്നിവയുടെ ബാനറില്‍ ജിനു എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ്, സൂരജ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ഖലീഫ
ഖലീഫ

വിലായത്ത് ബുദ്ധ

നവാഗത സംവിധായകനായ ജയന്‍ നമ്പ്യാര്‍ ഒരുക്കുന്ന വിലായത്ത് ബുദ്ധയുടെ ക്യാരക്ടര്‍ പോസ്റ്ററും ഇന്ന് പുറത്തിറങ്ങി. ജി ആര്‍ ഇന്ദുഗോപന്റെ നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിന് ശേഷം സച്ചി സംവിധാനം ചെയ്യാനിരുന്ന സിനിമയെന്ന പ്രത്യേകതയും വിലായത്ത് ബുദ്ധയ്ക്കുണ്ട്. സച്ചിയുടെ മരണത്തിന് ശേഷം സച്ചിയുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിരുന്ന ജയന്‍ നമ്പ്യാര്‍ ചിത്രം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. പ്രിയംവദ കൃഷ്ണനാണ് നായിക. ഷമ്മി തിലകനും അനു മോഹനനും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വിലായത്ത് ബുദ്ധ
വിലായത്ത് ബുദ്ധ
logo
The Fourth
www.thefourthnews.in