'ഗുരുവായൂരമ്പല നടയില്‍' പൃഥ്വിരാജും ബേസില്‍ ജോസഫും

'ഗുരുവായൂരമ്പല നടയില്‍' പൃഥ്വിരാജും ബേസില്‍ ജോസഫും

പൃഥ്വിരാജ് പ്രൊഡക്ഷൻസും ഇ ഫോർ എന്റർടെയ്ൻമെന്റ്സും ചേർന്നാണ് ചിത്രത്തിന്‍റെ നിർമ്മാണം

പുതുവത്സര ദിനത്തിൽ ബേസില്‍ ജോസഫിനൊപ്പമുള്ള ഏറ്റവും പുതിയ ചിത്രം പ്രഖ്യാപിച്ച് പൃഥ്വിരാജ്. 'ഗുരുവായൂരമ്പല നടയില്‍' എന്നാണ് ചിത്രത്തിന്റെ പേര്. 'ജയ ജയ ജയ ജയ ഹേ' ഒരുക്കിയ വിപിൻ ദാസ് ആണ് ചിത്രത്തിന്‍റെ സംവിധാനം. കുഞ്ഞിരാമായണത്തിന് ശേഷം ദീപു പ്രദീപ് തിരക്കഥയൊരുക്കുന്ന സിനിമ കൂടിയാണിത്. പൃഥ്വിരാജ് പ്രൊഡക്ഷൻസും ഇ ഫോർ എന്റർടെയ്ൻമെന്റ്സും ചേർന്നാണ്
ചിത്രത്തിന്‍റെ നിർമ്മാണം. ഉടൻ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം കോമഡി എന്റർടെയ്നർ ആയിരിക്കുമെന്നാണ് സൂചന

ബേസിലിനൊപ്പം കൈകോര്‍ക്കുന്നു എന്ന കുറിപ്പിനൊപ്പമാണ് ടൈറ്റില്‍ പോസ്റ്റര്‍ പൃഥ്വിരാജ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. 2022ലാണ് ചിത്രത്തിന്റെ കഥ കേൾക്കുന്നതെന്നും ഓർക്കുമ്പോഴെല്ലാം ചിരി വരുന്ന കഥയാണിതെന്നും പൃഥ്വിരാജ് പറയുന്നു. ബേസിൽ ജോസഫും ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. ജയ ജയ ജയ ജയ ഹേക്ക് ശേഷം വിപിൻ ദാസിനും കുഞ്ഞിരാമായണത്തിനും ​ഗോദയ്ക്കും ശേഷം ഇ ഫോർ എന്റർടെയ്ൻമെന്റ്സിനുമൊപ്പം ഒരുമിക്കാനായതിൽ സന്തോഷമുണ്ടെന്ന് ബേസിൽ കുറിച്ചു. പൃഥ്വിരാജിനൊപ്പം സ്ക്രീനിൽ ഒരുമിക്കാനാവുന്നതിന്റെ ത്രില്ലിലാണ് താനെന്നും ബേസില്‍ കൂട്ടിച്ചേർത്തു.

സംവിധായകരായ പ്രജേഷ് സെൻ, മിഥുൻ മാനുവൽ തോമസ്, ഡിനോയ് പൗലോസ് എന്നിവരടക്കം നിരവധി പേരാണ് ചിത്രത്തിന് ആശംസകളുമായി എത്തിയത്. സിനിമയുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

logo
The Fourth
www.thefourthnews.in