ഹെഡ്‌സ് ഓഫ് സ്റ്റേറ്റ്; ജോൺ സീനയ്ക്കും ഇദ്രിസ് എൽബയ്ക്കുമൊപ്പം പ്രിയങ്ക ചോപ്ര, പുതിയ ഹോളിവുഡ് ചിത്രം പ്രഖ്യാപിച്ച് താരം

ഹെഡ്‌സ് ഓഫ് സ്റ്റേറ്റ്; ജോൺ സീനയ്ക്കും ഇദ്രിസ് എൽബയ്ക്കുമൊപ്പം പ്രിയങ്ക ചോപ്ര, പുതിയ ഹോളിവുഡ് ചിത്രം പ്രഖ്യാപിച്ച് താരം

ഹാരിസൺ ക്വറിയുടെ കഥയെ അടിസ്ഥാനമാക്കി ജോഷ് അപ്പൽബോമും ആൻഡ്രെ നെമെക്കും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്

ആമസോൺ പ്രൈമിൽ തന്റെ സ്പൈ ത്രില്ലർ വെബ് സീരീസായ സിറ്റാഡലിലൂടെ ഒടിടിയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് പ്രിയങ്ക ചോപ്ര. എന്നാൽ സിറ്റാഡലിന്റെ റിലീസിന് മുൻപ് തന്നെ ആമസോൺ സ്റ്റുഡിയോയുമായി മറ്റൊരു ചിത്രത്തിന്റെ കരാർ ഒപ്പുവച്ചിരിക്കുകയാണ് താരം. സൂപ്പർ സ്റ്റാർ ജോൺ സീന, നടൻ ഇദ്രിസ് എൽബ എന്നിവരോടൊപ്പം ഹെഡ്സ് ഓഫ് സ്റ്റേറ്റ് എന്ന ആക്ഷൻ ചിത്രത്തിലാണ് പ്രിയങ്ക അടുത്തതായി അഭിനയിക്കുന്നത്. സിനിമയുടെ ചിത്രീകരണം മെയിൽ ആരംഭിക്കും.

ഡെഡ്‌ലൈൻ റിപ്പോർട്ടിന്റെ സ്‌ക്രീൻഷോട്ടുകളോടെ, തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പ്രിയങ്ക പുതിയ ചിത്രത്തിന്റെ വിശേഷം പങ്കുവച്ചത്. ഹാരിസൺ ക്വറിയുടെ ഒരു കഥയെ അടിസ്ഥാനമാക്കി ജോഷ് അപ്പൽബോമും ആൻഡ്രെ നെമെക്കും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. നോബഡി ഫെയിം ഇല്യ നൈഷുള്ളറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സഫ്രാൻ കമ്പനിയുടെ പീറ്റർ സഫ്രാനും ജോൺ റിക്കാർഡുമാണ് ചിത്രത്തിന്റെ നിർമാതാക്കൾ.

ജോൺ സീനയും ചിത്രത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇത്തരമൊരു സ്വപ്ന ടീമിനെ നൽകിയതിന് AmazonStudios നന്ദി അറിയിക്കുന്നുവെന്നും ഹെഡ്സ് ഓഫ് സ്റ്റേറ്റിൽ ഇദ്രിസിനും പ്രിയങ്കയ്ക്കുമൊപ്പം അഭിനയിക്കുന്നതിനുള്ള ആവേശത്തിലാണെന്നും ജോൺ സീന കുറിച്ചു.

നിലവിൽ പ്രിയങ്ക തന്റെ വരാനിരിക്കുന്ന സ്പൈ-ത്രില്ലർ സീരീസ് സിറ്റാഡലിന്റെ പ്രൊമോഷൻ തിരക്കിലാണ്. ചൊവ്വാഴ്ച, വെബ് സീരീസ് നിർമാതാക്കൾ മുംബൈയിൽ ഒരു പ്രീമിയർ സംഘടിപ്പിച്ചിരുന്നു. അതിൽ പ്രിയങ്കയും സഹതാരം റിച്ചാർഡ് മാഡനും പങ്കെടുത്തു. സിറ്റാഡലിന്റെ ഇന്ത്യൻ പതിപ്പിൽ അഭിനയിക്കുന്ന ധവാനും സംവിധായകരായ രാജ്, ഡികെ എന്നിവരും ചടങ്ങിലെത്തിയിരുന്നു.

മറ്റു താരങ്ങളായ രേഖ, സന്യ മല്‍ഹോത്ര, നോറ ഫത്തേഹ്, നേഹ ദുപിയ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങിന്റെ വീഡിയോ എന്റെ സ്വന്തം നഗരത്തില്‍ സിറ്റാഡലിന്റെ യാത്ര ആരംഭിക്കുന്നു, എന്ന അടിക്കുറിപ്പോടെ ഇന്‍സ്റ്റഗ്രാമില്‍ പ്രിയങ്ക പങ്കുവച്ചിരുന്നു. നീല നിറത്തിലുളള വസ്ത്രത്തില്‍ അതീവ സുന്ദരിയായാണ് താരം ചടങ്ങിലെത്തിയത്.

logo
The Fourth
www.thefourthnews.in