ലവ് എഗെയ്ന്‍: പുതിയ ഹോളിവുഡ് ചിത്രവുമായി പ്രിയങ്ക;  അതിഥി വേഷത്തില്‍ നിക് ജോനാസും

ലവ് എഗെയ്ന്‍: പുതിയ ഹോളിവുഡ് ചിത്രവുമായി പ്രിയങ്ക; അതിഥി വേഷത്തില്‍ നിക് ജോനാസും

ചിത്രം മെയിൽ 12 ന് തീയേറ്ററുകളിലെത്തും

പുതിയ ഹോളിവുഡ് റൊമാന്റിക്- കോമഡി ചിത്രവുമായി എത്തുകയാണ് പ്രിയങ്ക ചോപ്ര. 'ലവ് എഗെയിന്‍' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പ്രിയങ്കയോടൊപ്പം ഭര്‍ത്താവ് നിക് ജോനാസും അതിഥി വേഷത്തില്‍ എത്തുന്നു എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. ഔട്ട്‌ലാന്റര്‍ എന്ന ഹിറ്റ് സീരിസിലൂടെ പ്രശസ്തനായ ബ്രിട്ടീഷ് താരം സാം ഹ്യൂഗനാണ് ചിത്രത്തിലെ നായകന്‍.

ടൈറ്റാനിക്കിലെ 'മൈ ഹേര്‍ട്ട് വില്‍ ഗോ ഓണ്‍' എന്ന ഗാനത്തിലൂടെ ഇന്ത്യക്കാര്‍ക്കും സുപരിചിതയാണ് ഗായിക സെലിന്‍ ഡിയോണ്‍. പ്രണയത്തിനും ഹാസ്യത്തിനും പ്രാധാന്യമുള്ള ചിത്രത്തില്‍ സെലിനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സെലിന്‍ ഡിയോണ്‍ എന്ന പോപ് ഗായികയായി തന്നെയാണ് താരം സിനിമയില്‍ എത്തുക.

കാമുകന്റെ മരണത്തിന് ശേഷം ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ കഷ്ടപ്പെടുന്ന മീര എന്ന യുവതിയിലൂടെയാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. അവള്‍ അയാളുടെ പഴയ ഫോണ്‍ നമ്പറിലേയ്ക്ക് മെസേജുകള്‍ അയക്കുന്നു. എന്നാല്‍ ആ നമ്പര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് റോബ് എന്ന മാധ്യമപ്രവര്‍ത്തകനാണ്. മീരയുടെ മെസേജുകളിലൂടെ അവളുടെ വികാരങ്ങളെ മനസ്സിലാക്കുന്ന റോബ് മീരയെ കണ്ടുമുട്ടുന്നതിന് ഗായിക സെലിന്‍ ഡിയോണിന്റെ സഹായം അഭ്യര്‍ത്ഥിക്കുന്നു. റോബിന് മീരയോട് പ്രണയം തോന്നുകയും മീര വീണ്ടും തന്റെ ജീവിതത്തില്‍ പ്രണയം കണ്ടെത്തുന്നതുമാണ് ലവ് എഗെയ്ന്റെ ഇതി വൃത്തം.

ജെയിംസ് സി സ്ട്രൗസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ റസ്സല്‍ ടോവി, അരിന്‍സെ കെന്‍, ഒമിദ് ജാലിലി, സോഫിയ ബാര്‍ക്ലേ, സീലിയ ഇമ്രി തുടങ്ങിയവരും കേന്ദ്ര കഥാപാത്രങ്ങളില്‍ എത്തുന്നുണ്ട്. ചിത്രം മെയ് 12ന് തിയേറ്ററുകളില്‍ എത്തും.

logo
The Fourth
www.thefourthnews.in