രോമാഞ്ചം പെട്ടിയിലായി പോകുമോ എന്ന് ഭയപ്പെട്ട സമയമുണ്ടായിരുന്നു ; ഈ വിജയം പ്രതീക്ഷകൾക്കുമപ്പുറം: ജോൺപോൾ ജോർജ്

രോമാഞ്ചം പെട്ടിയിലായി പോകുമോ എന്ന് ഭയപ്പെട്ട സമയമുണ്ടായിരുന്നു ; ഈ വിജയം പ്രതീക്ഷകൾക്കുമപ്പുറം: ജോൺപോൾ ജോർജ്

രോമാഞ്ചത്തിന്റെ ഹിന്ദി റീമേക്ക് ധാരണയായിട്ടുണ്ട് ; മറ്റ് ഭാഷകളിലും ചർച്ച നടക്കുന്നു

ജിത്തു മാധവൻ സംവിധാനം ചെയ്ത രോമാഞ്ചം മലയാള സിനിമയിലെ ഈ വർഷത്തെ ആദ്യ ബ്ലോക്ക്ബസ്റ്റർ ആയി മാറുമ്പോൾ, ചിത്രം തീയേറ്ററിലെത്തിയത് വരെയുളള യാത്ര പങ്കുവയ്ക്കുകയാണ് നിർമാതാവ് ജോൺപോൾ ജോർജ്

ഗപ്പിയിൽ പറ്റിയ തെറ്റ് പ്രേക്ഷകർ തിരുത്തി , വേദനയോടെ എഴുതിയ ആ കുറിപ്പും ജനം ഏറ്റെടുത്തല്ലോ ?

വളരെ സത്യസന്ധമായി , ആത്മാർത്ഥമായി സാഹചര്യം കൊണ്ട് എഴുതി പോയതാണ്. സാമ്പത്തികമായി അത്രമേൽ പ്രതിസന്ധിയിലൂടെയാണ് കടന്നു പോയി കൊണ്ടിരുന്നത്. ഇനി എന്ത് എന്നുള്ള ഒരു ചോദ്യം ഉണ്ടായിരുന്നു മനസിൽ . രോമാഞ്ചം കൂടി പരാജയപ്പെട്ടിരുന്നേൽ ഞാൻ ഇനിയുള്ള എന്റെ കരിയർ മുഴുവൻ ഒരുപക്ഷെ ആ സാമ്പത്തിക ബാധ്യത തീർക്കാൻ വേണ്ടി മാറ്റിവയ്‌ക്കേണ്ടി വരുമായിരുന്നു. സിനിമയിൽ പോലും ഉണ്ടാകാനിടയില്ലാത്ത അത്ര വലിയ പ്രതിസന്ധിയുണ്ടായിരുന്നു. പിന്നെ ഗപ്പിയുണ്ടാക്കിയ ഒരു ഇംപാക്ട് നിലനിൽക്കുന്നുണ്ടായിരുന്നു. അതുകൊണ്ടാകാം പെട്ടെന്ന് പ്രേക്ഷകർക്ക് ആ വാക്കുകൾ കണക്ട് ആയത്. ജനങ്ങൾ ഇങ്ങനെ ഏറ്റെടുക്കും എന്നൊന്നും ഞാൻ വിചാരിച്ചിരുന്നില്ല . പക്ഷെ ഓർഗാനിക്ക് ആയി (സ്വാഭാവികമായി) സംഭവിച്ച് പോയതാണ് . അതിൽ വലിയ സന്തോഷം

രോമാഞ്ചത്തിന്റെ റിലീസിന് മുൻപ് ജോൺപോൾ ഇട്ട പോസ്റ്റ്
രോമാഞ്ചത്തിന്റെ റിലീസിന് മുൻപ് ജോൺപോൾ ഇട്ട പോസ്റ്റ്

രോമാഞ്ചം ലോ ബജറ്റ് ചിത്രമല്ല , 6 കോടി ബജറ്റിലാണ് ചിത്രം പൂർത്തിയാക്കിയത്

പക്ഷെ രോമാഞ്ചം പല രീതിയിൽ റിസ്ക് കൂടുതലുളള ചിത്രമായിരുന്നല്ലോ … നവാഗത സംവിധായകൻ , വലിയ താരമൂല്യമില്ലാത്ത അഭിനേതാക്കൾ, വർക്ക് ആവാനും ആവാതിരിക്കാനും ഒരുപാട് സാധ്യതയുളള ഒരു പ്രമേയം…

ഒട്ടും റിസ്‌ക്കില്ലാത്ത രീതിയില്‍, ഒരു സേഫ് സോണിലാണ് സിനിമ ഞങ്ങള്‍ തുടങ്ങിയത്. മൂന്ന് കോടി ആയിരുന്നു ബജറ്റ് , എത്ര രൂപയ്ക്ക് ബിസിനസ് നടക്കുമെന്ന് കണക്കുകൂട്ടി, സൗബിന്‍ ഷാഹിറിന്റെ താരമൂല്യം , മെയിന്‍ കഥാപാത്രത്തിലേക്ക് മറ്റൊരു താരം കൂടിയുണ്ടായിരുന്നു . അങ്ങനെ മൊത്തതില്‍ ഒരു സേഫ് സോണിലായിരുന്നു ആദ്യഘട്ടത്തില്‍ സിനിമ.

പക്ഷെ പിന്നീട് കണക്കുകൂട്ടലുകളൊക്കെ തെറ്റി . സൗബിന്റെ താരമൂല്യം ഇടിഞ്ഞു. ചിത്രത്തിന്റെ മുടക്കുമുതല്‍ ആറ് കോടിയായി . ഇത് ലോ ബജറ്റ് ചിത്രമാണെന്നും, 2 കോടി മുതല്‍ മുടക്കിലാണ് ചിത്രം നിര്‍മ്മിച്ചതെന്നൊക്കെ കേള്‍ക്കുമ്പോള്‍ ചിരിയും സങ്കടവും വരാറുണ്ട്. കാരണം ആറ് കോടി ബജറ്റിലാണ് രോമാഞ്ചം പൂര്‍ത്തിയാക്കിയത്. ഒരു ചെറിയ മുറിയില്‍ ചിത്രീകരിച്ച ചിത്രത്തിന് ആറ് കോടി രൂപയോ എന്നൊക്കെ ചോദിക്കാം . റിസ്‌ക്കിന് അപ്പുറത്ത് എന്റെ ആദ്യ പ്രൊഡക്ഷന്‍ എന്ന നിലയില്‍ സാങ്കേതികമായി മികച്ച ചിത്രമായിരിക്കണമെന്ന നിര്‍ബന്ധമുണ്ടായിരുന്നു.

പിന്നെ ജിത്തുവിനെ ഒരിക്കലും പുതുമുഖ സംവിധായകനായി തോന്നിയിട്ടില്ല . എന്റെ ഒപ്പം ആറ് വർഷമായിട്ടുള്ള ആളാണ് ജിത്തു . ക്രൂ ആണെങ്കിലും നമ്മുക്ക് ഒപ്പമുള്ളവരായിരുന്നു . അതുകൊണ്ട് തന്നെ ഒരു ടീം വർക്ക് ആയിരുന്നു .

ഈ സിനിമയുടെ പല ഘടകങ്ങളും മിക്ക നിർമാതാക്കളും സമ്മതിക്കാൻ സാധ്യതയില്ലാത്തതാണ്

ആദ്യഘട്ടത്തിൽ വിതരണക്കാരെ കിട്ടുന്നതിനടക്കം ബുദ്ധിമുട്ട് നേരിട്ടല്ലോ ...

സൗബിന്റെ അഞ്ചോ ആറോ സിനിമകൾ പെട്ടിയിലിരിക്കുമ്പോഴാണ് നമ്മൾ രോമാഞ്ചവുമായി പലരേയും സമീപിക്കുന്നത് . ആ സാഹചര്യത്തിലാണ് സിനിമ സെയിലാകാതെ വന്നതും കുറച്ചുനാൾ പെട്ടിയിലായി പോയതും. പിന്നീടാണ് പുതുമുഖങ്ങളുടെ പേരിൽ ചിത്രത്തെ പ്രൊമോട്ട് ചെയ്യാൻ തീരുമാനിച്ചത്. അവരുടെ പ്രകടനം മികച്ചതായതിനാൽ തന്നെ നല്ല ചിത്രമാണെന്ന ആത്മവിശ്വാസം ഞങ്ങൾക്ക് ഉണ്ടായിരുന്നു. ചിത്രം തീയേറ്ററിൽ വിജയിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു

ആദരാഞ്ജലി നേരട്ടെ എന്ന പാട്ട് സൂപ്പർഹിറ്റാണ് . പക്ഷെ ഒരു നിർമാതാവെന്ന നിലയിൽ ആ പാട്ട് ആദ്യം കേട്ടപ്പോൾ എന്തുതോന്നി ?

ആദരാഞ്ജലി നേരട്ടെ എന്ന പാട്ട് പ്രേതത്തിന്റെ കാഴ്ചപ്പാടിൽ മരണത്തെ ചിത്രീകരിക്കുന്നതാണ് , അല്ലെങ്കിൽ ആളുകളുടെ ഇല്ലായ്മയെ ആണ് ചിത്രീകരിക്കുന്നത് . ഞങ്ങളുടെ ഒരു വൈബിൽ നിൽക്കുന്നവരല്ലാതെ ആരും ഇതൊന്നും ചെയ്യുമെന്ന് തോന്നുന്നില്ല . അങ്ങനെയുള്ള നിർമാതാക്കൾ വരണമെന്നാണ് ആഗ്രഹം. പക്ഷെ അപ്പോഴും ജനങ്ങൾ ഇത് എങ്ങനെ സ്വീകരിക്കുമെന്നതിൽ ആശങ്ക ഉണ്ടായിരുന്നു . 'ആദരാഞ്ജലി നേരട്ടെ' എന്നത് രസകരമായിട്ടെടുക്കുമോ കളിയാക്കുമോ എന്നൊക്കെ ചിന്തിച്ചെങ്കിലും അതിന്റെ ട്യൂൺ ഹിറ്റാകുമെന്ന് ഉറപ്പായിരുന്നു . അതുകൊണ്ടാണ് ട്രെയിലറിന് വേണ്ടി ചെയ്ത പാട്ട് ഹിറ്റാകുമെന്ന് തോന്നിയപ്പോൾ പ്രൊമോ സോങ് ആക്കി മാറ്റിയത്. പക്ഷെ റിലീസ് വൈകിയ സമയത്ത് രോമാഞ്ചത്തെ പിടിച്ചുനിർത്തിയത് ആ പാട്ടാണ്. മലയാള സിനിമയിൽ ഏറ്റവും അധികം റീലുകളുണ്ടാകുന്നത് ഇപ്പോൾ ഈ പാട്ട് വച്ചിട്ടാണ്

രോമാഞ്ചം സംവിധായകന്‍ ജിത്തുവിന്റെ ജീവിതത്തില്‍ നടന്ന സംഭവമാണ്

ഇതുമാത്രമല്ല ഈ സിനിമയ്ക്ക് വേണ്ടി വിനായക് ആദ്യം എഴുതിയ 'ആത്മാവേ പോ' എന്ന പാട്ട് നഷ്ടം എന്ന വാക്കിലാണ് തുടങ്ങുന്നത് . ജിത്തുവിനും സുഷിനും ആ പാട്ട് എനിക്ക് അയച്ചു തരാൻ തന്നെ ബുദ്ധിമുട്ടായിരുന്നു . ഈ സിനിമയുടെ പല ഘടകങ്ങളും ഒരുപക്ഷെ മിക്ക നിർമാതാക്കളും അനുവദിക്കാൻ ഇടയില്ലാത്തതാണ്. അത്രയും നെഗറ്റീവ് ഘടകങ്ങൾ ഇതിലുണ്ട്

രോമാഞ്ചം വിജയിച്ചില്ലെങ്കിൽ ചിത്രത്തെ ട്രോളാൻ ഒരുപക്ഷെ ഏറ്റവും കൂടുതൽ ഉപയോഗിക്കാൻ സാധ്യതയുള്ള പാട്ട് കൂടിയായിരുന്നില്ലേ ആദരാഞ്ജലി നേരട്ടെ ...

തീർച്ചയായും , ഈ സിനിമയുടെ റിലീസ് വൈകിയ സമയത്തൊക്കെ സത്യത്തിൽ ഈ പാട്ട് കേൾക്കുമ്പോൾ ഞങ്ങൾക്ക് ഭയങ്കര വിഷമം തോന്നിയിരുന്നു. ഒരുഘട്ടത്തിൽ 'അറം പറ്റിയോ ' എന്ന് പോലും തോന്നിയിട്ടുണ്ട്. നമ്മുക്ക് ആദരാഞ്ജലി നേർന്ന പോലെ ആയോ , ഈ തീരുമാനം എടുക്കേണ്ടിയിരുന്നില്ലേ എന്ന് എനിക്ക് മാത്രമല്ല , പാട്ടുണ്ടാക്കിയ സുഷിനും ( സുഷിൻ സഹ നിർമാതാവ് കൂടിയാണ് ) തോന്നിയിട്ടുണ്ട്.

മലയാളത്തിൽ അടുത്തെങ്ങും വരാത്ത തരത്തിലുള്ള ഹൊറർ കോമഡി ജോണറിലുള്ള ഒരു സിനിമയെന്ന തീരുമാനത്തിലേക്ക് എത്തിയതെങ്ങനെയാണ്

രോമാഞ്ചം സംവിധായകന്‍ ജിത്തുവിന്റെ ജീവിതത്തില്‍ നടന്ന സംഭവമാണ് . സിനിമയ്ക്ക് ആവശ്യമായ ചില സീനുകളൊഴികെ ബാക്കിയെല്ലാം സംഭവകഥയാണ്. ജിത്തു (സംവിധായകന്‍) പല സ്‌ക്രിപ്റ്റുകള്‍ നോക്കിയെങ്കിലും ഒടുവില്‍ ഈ കഥയിലേക്ക് എത്തുകയായിരുന്നു. ജിത്തു ഒഴികെ യഥാര്‍ത്ഥ കഥയിലെ കഥാപാത്രങ്ങളൊക്കെ ഇപ്പോള്‍ അബുദാബിയിലാണ്. യഥാര്‍ത്ഥ കഥയായതു കൊണ്ട് കൂടിയാണ് പുതുമുഖങ്ങളെ കൂടുതലായി ഉള്‍പ്പെടുത്തിയതും , അല്ലെങ്കില്‍ ഫ്രെഷ്‌നെസ് തോന്നുമായിരുന്നില്ല

ഒരു സിനിമ നിർമ്മിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. കാരണം പത്തുവർഷത്തിലേറെയായി പ്രൊഡക്ഷൻ ചെയ്തുള്ള പരിചയം എനിക്കുണ്ട്. അതുകൊണ്ട് തന്നെ ഒരു നല്ല ചിത്രം നിർമ്മിക്കാൻ ആഗ്രഹമുണ്ടായിരുന്നു. അപ്പോഴാണ് ജിത്തു ഈ കഥയുമായി വന്നത്.

ഈ കഥ നടന്ന യഥാർത്ഥ വീട്ടിൽ ഞാനും ജിത്തുവും കൂടി പോയി നോക്കിയിരുന്നു. കമനഹള്ളി എന്ന സ്ഥലത്താണ് ആ വീട് . ഇപ്പോൾ ആ വീടിന് മുകളിൽ വേറെ കെട്ടിടങ്ങളൊക്കെയായി . മാത്രമല്ല 2007 ന് ശേഷം ബാംഗ്ലൂർ ഒരുപാട് മാറിയല്ലോ . അതുകൊണ്ട് ചെന്നൈയ്ക്ക് പുറത്തുള്ള ഒരു സ്ഥലത്താണ് വീടിനുള്ളിലെ സംഭവങ്ങൾ ചിത്രീകരിച്ചത്. നഗരത്തിലുള്ള സീനുകൾ മാത്രമാണ് ബാംഗ്ലൂരിൽ ചിത്രീകരിച്ചത്

രോമാഞ്ചത്തിന്റെ ഒടിടി റിലീസ് ?

രോമാഞ്ചത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ച് ഒരുപാട് വാർത്ത വരുന്നുണ്ട്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് റിലീസ് ചെയ്യുക. അടുത്ത ആഴ്ച മുതൽ പരസ്യം വന്ന് തുടങ്ങും.

രോമാഞ്ചം റീമേക്കുകൾ ഉണ്ടാകുമോ ?

ഹിന്ദി റീമേക്ക് ധാരണയായിട്ടുണ്ട് . അതിന്റെ കൂടുതൽ വിശദാംശങ്ങൾ പറയാറായിട്ടില്ല. മറ്റ് ഭാഷകളുമായി ചർച്ച നടക്കുന്നുണ്ട് . തെലുങ്ക് , കന്നഡ, തമിഴ് ഭാഷകളിൽ നിന്നുമൊക്കെ വലിയ കമ്പനികൾ വരുന്നുണ്ട്

ഗ്രോസ് കളക്ഷൻ രോമാഞ്ചം ദൃശ്യത്തെ മറികടന്നോ ?

ഈ ഘട്ടത്തിൽ അതിനെ കുറിച്ചൊന്നും നമ്മുക്ക് അറിയില്ല. അതൊക്കെ സോഷ്യൽ മീഡിയയിൽ നിന്നാണ് ഞങ്ങളും വായിക്കുന്നത്. ആ കണക്കുകളൊക്കെ ഒഫീഷ്യലായി പിന്നീടേ ഞങ്ങൾക്കും അറിയാൻ സാധിക്കൂ

ഇനി സിനിമ ചെയ്യുമോ ഇല്ലയോ എന്നുപോലും അറിയില്ലെന്നായിരുന്നു സിനിമ ഇറങ്ങും മുന്‍പുള്ള പോസ്റ്റ് …

അതിന് മറുപടി ഉടന്‍ ഉണ്ടാകും . ചര്‍ച്ചകളൊക്കെ നടക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം തന്നെ ഒരു സിനിമ ചെയ്യേണ്ടതായിരുന്നു. അതിനിടയ്ക്കാണ് രോമാഞ്ചം വന്നത്.

logo
The Fourth
www.thefourthnews.in