എന്തുകൊണ്ട് സിനിമക്കാർ മാത്രം നോട്ടപ്പുള്ളികളാവുന്നു? പോലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് നടപ്പാക്കുന്നതിൽ എതിർപ്പ്

എന്തുകൊണ്ട് സിനിമക്കാർ മാത്രം നോട്ടപ്പുള്ളികളാവുന്നു? പോലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് നടപ്പാക്കുന്നതിൽ എതിർപ്പ്

സിനിമാ സെറ്റുകളിൽ ലഹരി ഉപയോ​ഗം വ്യാപകമാണെന്ന ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് സർട്ടിഫിക്കറ്റിന്റെ ആവശ്യം ചൂണ്ടിക്കാട്ടി പോലീസ് കത്തയച്ചത്

സിനിമാ സെറ്റിൽ സഹായികളായി പ്രവർത്തിക്കുന്നവർക്ക് പോലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് നൽകാനുളള തീരുമാനത്തിൽ ചലച്ചിത്ര മേഖലയിൽ എതിർപ്പ്. ഇത്തരമൊരു നടപടിയുടെ ആവശ്യം മനസിലാകുന്നില്ലെന്നും തീരുമാനത്തിൽ വ്യക്തതയില്ലെന്നും നിർമാതാവ് സിയാദ് കോക്കർ 'ദ ഫോർത്തി'നോട് പ്രതികരിച്ചു.

സിനിമാ സെറ്റുകളിൽ സഹായികളായി എത്തുന്നവരുടെ പേരിൽ കേസുകളൊന്നുമില്ലെന്ന് ഉറപ്പാക്കുന്ന വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് നൽകാൻ കൊച്ചി പോലീസ് തീരുമാനിച്ചിരുന്നു. സിനിമാ സെറ്റുകളിൽ ലഹരി ഉപയോ​ഗം വ്യാപകമാണെന്ന ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് സർട്ടിഫിക്കറ്റിന്റെ ആവശ്യം ചൂണ്ടിക്കാട്ടി സിനിമാ സംഘടനാ പ്രതിനിധികൾക്ക് പോലീസ് കത്തയച്ചത്.

''ലഹരി ഉപയോഗം സിനിമാ സെറ്റുകളിൽ മാത്രമാണെന്ന് കരുതുന്നില്ല. അങ്ങനെ വരുത്തിത്തീർക്കുന്നതിനോട് യോജിക്കാനുമാവില്ല, എല്ലാ തൊഴിലിടങ്ങളിലും ഒരുപോലെ ലഹരി ഉപയോ​ഗം ഉണ്ടെന്നാണ് മനസിലാക്കുന്നത്. എന്നിട്ടും എന്തുകൊണ്ട് സിനിമക്കാർ മാത്രം നോട്ടപ്പുളളികളാവുന്നു എന്ന് മനസിലാകുന്നില്ല,'' സിയാദ് കോക്കർ പറഞ്ഞു.

വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് അനിവാര്യമാണെന്ന നിർദേശം നിർമാതാക്കളുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. താനാണ് നിർദേശം മുന്നോട്ടുവച്ചതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ കെ സേതുരാമൻ പറഞ്ഞു.

ഓൺലൈൻ വഴി അപേക്ഷ നൽകാനും ഫീസ് അടയ്ക്കാനുമുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. മുൻപ് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്ന പേരിലാണ് നൽകിയിരുന്നത്. ഇപ്പോൾ കേസുകളിൽ ഉൾപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കുന്ന എൻഐഒസി സർട്ടിഫിക്കറ്റാണ് പോലീസ് നൽകുക. ഇതിനായി https://thuna.keralapolice.gov.in എന്ന ലിങ്കിലോ ഗൂഗിളിൽ thuna എന്ന് സെർച്ച് ചെയ്യുകയോ വേണം. ആദ്യം വരുന്ന ലിങ്കിൽ മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം ‘സർട്ടിഫിക്കറ്റ് ഫോർ നോൺ ഇൻവോൾമെന്റ് ഇൻ ഒഫൻസ്’ എന്ന ഓപ്ഷനിൽ ‘ന്യൂ ആപ്ലിക്കേഷൻ’ സെലക്ട് ചെയ്യണം. അപേക്ഷകന്റെ പാസ്‌പോർട്ട് ഫോട്ടോയും വ്യക്തിഗത വിവരങ്ങളും നൽകണം.

താരങ്ങളെയും സാങ്കേതിക പ്രവർത്തകരെയും ഒഴിച്ചുനിർത്തി ഇവർക്കൊപ്പം ലൊക്കേഷനുകളിൽ സഹായികളായി പ്രവർത്തിക്കുന്നവർ ക്രിമിനൽ, മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നാണ് പരിശോധിക്കുക.

സിനിമാ സെറ്റിൽ പ്രവർത്തിക്കുന്നവരെ സംബന്ധിച്ച വിശദ വിവരങ്ങൾ പലപ്പോഴും പോലീസിന് കൈമാറുന്നില്ല എന്ന പരാതിയുമുണ്ട്. ഈ സാഹചര്യത്തിലാണ് അതത് സ്റ്റേഷനുകളിൽ നിന്ന് പോലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് നൽകാമെന്ന നിർദേശം ഉണ്ടായതെന്നും സിറ്റി പോലീസ് കമ്മിഷണർ പറയുന്നു.

logo
The Fourth
www.thefourthnews.in