ശ്രീനാഥ് ഭാസിക്ക് വിലക്ക് ; സിനിമയില്‍ നിന്ന് മാറ്റി നിർത്തും, കേസിൽ ഇടപെടില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

ശ്രീനാഥ് ഭാസിക്ക് വിലക്ക് ; സിനിമയില്‍ നിന്ന് മാറ്റി നിർത്തും, കേസിൽ ഇടപെടില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

നിലവിൽ അഭിനയിക്കുന്ന സിനിമകള്‍ പൂര്‍ത്തീകരിക്കാന്‍ അനുവദിക്കും

നടന്‍ ശ്രീനാഥ് ഭാസിയെ സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനം. അഭിമുഖത്തിനെത്തിയ അവതാരകയെ അധിക്ഷേപിച്ച സംഭവത്തിലാണ് നടപടി.പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഓഫീസിലേക്ക് ഇന്ന് വിളിച്ച് വരുത്തി ശ്രീനാഥിനോട് വിശദീകരണം ചോദിച്ചിരുന്നു. തെറ്റുപറ്റിയെന്നും തെറ്റ് ആവർത്തിക്കില്ലെന്നും ശ്രീനാഥ് ഭാസി നിർമാതാക്കളെ അറിയിച്ചു. എന്നാൽ സ്ത്രീത്വത്തെ അപമാനിച്ച സംഭവത്തിൽ ശിക്ഷാ നടപടി വേണമെന്ന നിലപാടിലാണ് മാറ്റി നിർത്താൻ തീരുമാനിച്ചതെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി . എന്നാല്‍ നിലവില്‍ ശ്രീനാഥ് അഭിനയിക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അനുവദിക്കും

അഭിമുഖത്തിനിടെ ശ്രീനാഥ് അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി അവതാരക കഴിഞ്ഞ ദിവസം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്ന് പരാതിക്കാരിയോടും ശ്രീനാഥിനോടും നേരിട്ടെത്താന്‍ നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടത്. നിര്‍മാതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ തെറ്റ് ആവര്‍ത്തിക്കില്ലെന്നും ഖേദം പ്രകടിപ്പിക്കാന്‍ തയാറാണെന്നും ശ്രീനാഥ് അറിയിച്ചു.

ശ്രീനാഥ് നിയമനടപടി നേരിടണമെന്നാണ് നിലപാടെന്നും കേസിൽ ഒരുതരത്തിലും ഇടപെടില്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികള്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

logo
The Fourth
www.thefourthnews.in