'തിരുമ്പി വന്തിട്ടേന്ന് ശൊല്ല്'.... തരംഗമായി 'ജയിലര്‍'

'തിരുമ്പി വന്തിട്ടേന്ന് ശൊല്ല്'.... തരംഗമായി 'ജയിലര്‍'

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷം നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിലര്‍

വന്തിട്ടേന്ന് ശൊല്ല്... തിരുമ്പി വന്തിട്ടേന്ന് ശൊല്ല്.... രജനി കാന്തിൻ്റെ കബാലിയെന്ന സിനിമയിലെ ഹിറ്റ് ഡയലോഗിൻ്റെ അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ ആരാധകരെ ആവേശത്തിൻ്റെ കൊടുമുടി കയറ്റി ജയിലര്‍. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ബീസ്റ്റ് എന്ന ചിത്രത്തിൻ്റെ സംവിധാനത്തിനുശേഷം നെല്‍സണ്‍ ദിലീപ് കുമാര്‍ അണിയിച്ചൊരുക്കിയ ജയിലര്‍, രജനീകാന്തെന്ന ഒറിജിനല്‍ സൂപ്പര്‍ സ്റ്റാറിൻ്റെ എല്ലാ സ്‌റ്റൈലുകളും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ളതാണ്. ബീസ്റ്റ് പരാജയപ്പെട്ടതിനാല്‍ നെല്‍സണ്‍ൻ്റെ അടുത്ത ചിത്രമെന്ന നിലയില്‍ ജയിലറെ ആശങ്കകളോടെയാണ് രജനി ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, സൂപ്പര്‍ സ്റ്റാര്‍ തകര്‍ത്താടിയ സിനിമ നീങ്ങുന്നത് വമ്പന്‍ ഹിറ്റിലേക്കാണ്.

ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യനെന്ന മുന്‍ ജയിലറുടെ നിലവിലെ കഥയാണ് സിനിമ. ചിത്രത്തിൻ്റെ കഥ സംബന്ധിച്ച് കഴിഞ്ഞ ദിവസം വരെ നിലനിന്ന നിരവധി അഭ്യൂഹങ്ങള്‍ മാറ്റിമറിച്ചാണ് സിനിമ റിലീസായത്. വിഗ്രഹ മോഷണവും കള്ളക്കടത്തും നടത്തുന്ന ഒരു സംഘത്തിനെതിരെ രജനി നടത്തുന്ന പോരാട്ടമാണ് കഥയുടെ ആധാരം.

മകനായ അര്‍ജുനെ (വസന്ത് രവി) തട്ടിക്കൊണ്ടുപോകുമ്പോള്‍ രക്ഷപ്പെടുത്താനുള്ള സാഹസികമായ ശ്രമമാണ് മുന്‍ ജയിലര്‍ നടത്തുന്നത്. അതിനുവേണ്ടി തീഹാര്‍ ജയിലില്‍ മുന്‍പുണ്ടയിരുന്ന തടവുകാരുടെ സഹായം രജനി തേടുന്നു. മോഹന്‍ലാല്‍, ശിവാ രാജ്കുമാര്‍, ജാക്കി ഷ്‌റോഫ് എന്നിവര്‍ രജനിയുടെ സഹായത്തിനായി എത്തുമ്പോള്‍ തിയേറ്റര്‍ ഇളകി മറിയുന്നു. ഈ മൂന്നു പേരുടെയും സാന്നിദ്ധ്യം മലയാളം, കന്നഡ, ഹിന്ദി ആരാധകരെ ത്രസിപ്പിക്കുമ്പോള്‍ സിനിമ നീങ്ങുന്നത് വമ്പന്‍ ഹിറ്റിലേക്കാണ്.

വില്ലൻ്റെ റോളിലെത്തുന്ന വിനായകന്‍ രജനിക്കൊപ്പം സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നു. മോഹന്‍ലാലും വിനായകനും രജനിയുടെ മരുമകളായി വരുന്ന മീര്‍നാ മേനോനും സിനിമയുടെ സജീവ മലയാളി സാന്നിദ്ധ്യമാണ്. ചെറിയ വേഷത്തിലാണെങ്കില്‍ കൂടി 'കാവാലയ്യ' എന്ന ഹിറ്റ് ഗാനത്തിലൂടെ തമന്നയും ജയിലറില്‍ തിളങ്ങി. 2021 ല്‍ പുറത്തിറങ്ങിയ റോക്കിയെന്ന സിനിമയില്‍ മുഖ്യവേഷത്തിലെത്തിയ വസന്ത് രവിയാണ് രജനിയുടെ മകനായി അഭിനയിക്കുന്നത്. ഭാര്യയായി രമ്യ കൃഷ്ണനും. അനിരുദ്ധിൻ്റെ എല്ലാ പാട്ടുകളും ഹിറ്റായി മാറിയതിനാല്‍ തിയേറ്ററില്‍ ആദ്യ ദിവസം ആരാധകര്‍ തകര്‍ത്താടുകയായിരുന്നു.

പേട്ടയെന്ന സിനിമയില്‍ രജനിയുടെ ഒരു ഹിറ്റ് ഡയലോഗുണ്ട്. 'നാന്‍ വീഴ്‌വേനെന്നു നിനൈത്തായോ ?...' ഈ ചോദ്യത്തിനുള്ള ഉത്തരം ജയിലറിലൂടെ നല്‍കുകയാണ് സാക്ഷാല്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്. സിനിമാ റിലീസിനു മുന്‍പ് ഹിമാലയത്തിലേക്കു പോയ സൂപ്പര്‍ സ്റ്റാര്‍ തിരികെയെത്താനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

logo
The Fourth
www.thefourthnews.in