ഇനി ഒടിടിയിലും 'ജയിലറുടെ ആട്ടം'; ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമായി രജനീകാന്ത്

ഇനി ഒടിടിയിലും 'ജയിലറുടെ ആട്ടം'; ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമായി രജനീകാന്ത്

വിജയാഘോഷത്തിന് തൊട്ട് പിന്നാലെ ഒടിടി റിലീസ് ഡേറ്റുമെത്തി

വമ്പൻ വിജയത്തിന് പിന്നാലെ ജയിലറിന്റെ ഒടിടി റിലീസ് തീയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ. സെപ്തംബർ 7 ന് ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീമിങ് ആരംഭിക്കും. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം പതിപ്പുകളിലാണ് പ്രർദശനം. തീയേറ്ററിലെത്തി കൃത്യം 30-ാം ദിവസമാണ് ചിത്രം ഒടിടിയിലെത്തുന്നത്.

ജയിലർ ബോക്സ് ഓഫീസിൽ വൻ വിജയമായതിനെ തുടർന്ന് ഇന്നലെ പ്രൊഡക്ഷൻ കമ്പനിയായ സൺ പിക്‌ചേഴ്‌സിന്റെ ഉടമ കലാനിധി മാരൻ രജനികാന്തിനും സംവിധായകൻ നെൽസൺ ദിലീപ്കുമാറിനും ആഡംബര കാറും ലാഭവിഹിതത്തിന്‍റെ ഒരു പങ്കും കൈമാറിയിരുന്നു. രജനികാന്തിന് ബിഎംഡബ്ല്യു എക്സ്7നും നെൽസണ് പോർഷെ കാറുമാണ് സമ്മാനിച്ചത്. ലാഭവിഹിതം കൂടി ലഭിച്ചതോടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമായി രജനീകാന്ത്.

ആദ്യം 110 കോടി രൂപയാണ് സൺപിക്ച്ചേഴ്സ് രജനീകാന്തിന് നൽകിയിരുന്നത്. ഇന്നലെ ലാഭവിഹിതമായി 100 കോടിയുടെ ചെക്കും നൽകി. ഇതോടെ ജയിലറിൽ രജനീയുടെ പ്രതിഫലം 210 കോടിയായി ഉയർന്നു

ഇതുവരെ 620 കോടിയിലേറെ രൂപയാണ് ജയിലറിന്റെ കളക്ഷൻ. ആദ്യ വാരം മാത്രം നാനൂറ് കോടിയിലേറെ രൂപയാണ് ജയിലർ ആഗോളതലത്തിൽ നേടിയത്.  ആഗസ്റ്റ് 10നാണ് ജയിലർ തീയേറ്ററുകളിലെത്തിയത്. നിറഞ്ഞ സദസിൽ പ്രദർശനം തുടരുമ്പോഴും തീയേറ്ററുകളിലെത്തി 30 -ാം ദിവസം ഒടിടിയിൽ റിലീസ് ചെയ്യാമെന്ന കോളിവുഡിലെ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് ചിത്രം സെപ്തംബർ 7 ന് തന്നെ ആമസോൺ പ്രൈമിലെത്തുന്നത്.

logo
The Fourth
www.thefourthnews.in