കറുപ്പിലും വെളുപ്പിലും സത്യൻ; അനശ്വര നടന്റെ ജീവിതം പറഞ്ഞ് നോവൽ 'സത്യം'

കറുപ്പിലും വെളുപ്പിലും സത്യൻ; അനശ്വര നടന്റെ ജീവിതം പറഞ്ഞ് നോവൽ 'സത്യം'

രാജീവ് ശിവശങ്കർ രചിച്ച 'സത്യം' എന്ന നോവൽ  സത്യന്റെ ജീവിതത്തോടൊപ്പം  ഉദയായും മെറിലാൻഡും ചേർന്ന് മദ്രാസിൽനിന്ന് കേരളത്തിലേക്കു സിനിമ പറിച്ചുനട്ട സുവർണ കാലഘട്ടവും പ്രമേയമാക്കുന്നു

അനശ്വര നടൻ സത്യന്റെ ജീവിതം ആസ്പദമാക്കി നോവൽ വരുന്നു. രാജീവ് ശിവശങ്കർ എഴുതുന്ന ‘സത്യം’ എന്ന നോവൽ അടുത്തുതന്നെ മാതൃഭൂമി ബുക്ക്സ് പുറത്തിറക്കും. 'നിറഞ്ഞാടിയ 'ഒരു ജീവിതത്തിന്റെ തിരയോർമകൾ' എന്ന ടാഗ്‌ലൈനോടെയാണു നോവൽ വരുന്നത്.

കളരി അഭ്യാസി, സ്കൂൾ അധ്യാപകൻ, സൈനികൻ, പോലീസ് ഇൻസ്പെക്ടർ, നടൻ, കുടുംബനാഥൻ തുടങ്ങിയ വൈവിധ്യമാർന്ന വേഷങ്ങളിൽ തിളങ്ങിയ സത്യന്റെ 53-ാം ചരമവാർഷികമാണ് ഇന്ന്.   

നടൻ സത്യൻ
നടൻ സത്യൻ

കഷ്ടിച്ച് ഇരുപതുവർഷം നീണ്ടുനിന്ന ചലച്ചിത്ര ജീവിതം മാത്രമാണ് സത്യനുള്ളതെങ്കിലും മലയാളസിനിമയുടെ ചരിത്രം ഗതിമാറിയ കാലത്തായിരുന്നു അത്. ഉദയായും മെറിലാൻഡും ചേർന്ന് മദ്രാസിൽനിന്ന് കേരളത്തിലേക്കു സിനിമ പറിച്ചുനടുകയും കറുപ്പിലും വെളുപ്പിലും നിന്ന് സിനിമ വർണചിത്രങ്ങളിലേക്ക് വളരുകയും ചെയ്ത കാലവും അതുതന്നെ. കേരളത്തിന്റെ അതിരുകടന്ന് മലയാളസിനിമയുടെ ‘നീലക്കുയിൽ’ പാടിപ്പറന്നതും ‘ചെമ്മീൻ’ ചാകര കൊയ്തതും ഇതേ കാലത്തുതന്നെ. പ്രേംനസീർ, യേശുദാസ്, ജയചന്ദ്രൻ, ഷീല, ശാരദ, പി ഭാസ്കരൻ, വയലാർ, ദേവരാജൻ, മധു, രാമു കാര്യാട്ട് തുടങ്ങിയ പ്രതിഭാസമ്പന്നരുടെ രംഗപ്രവേശത്തിനും ഈ കാലം സാക്ഷ്യം വഹിച്ചു. ഇവരുൾപ്പെടെ, മലയാള സിനിമയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച, മൺമറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ ഒട്ടേറെപ്പേർ നോവലിൽ കഥാപാത്രങ്ങളാകുന്നു. ആ നിലയ്ക്ക് ഈ നോവൽ മലയാളസിനിമയുടെ ചരിത്രം അടയാളപ്പെടുത്തുന്ന കർമം കൂടെ നിർവഹിക്കുന്നു.

തിരുവനന്തപുരം  തൃക്കണ്ണാപുരത്തിനടുത്ത് ആറാമടയിലെ പൂഴിക്കുന്ന് ചെറുവിളാകത്തു വീട്ടിൽ 1912-നവംബർ ഒൻപതിനു ജനിച്ച സത്യനേശൻ നാടാർ 1941ൽ രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചപ്പോൾ പട്ടാളത്തിൽ ചേർന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് പട്ടാളത്തിന്റെ മണിപ്പൂർ സേനയിൽ അം‌ഗമായി. ആ ബാച്ചിലെ ഏറ്റവും സമർഥനായ വയർലെസ് ഓപ്പറേറ്റർ ആയിരുന്നു അദ്ദേഹം. ബർമയിലും മലേഷ്യയിലും സേവനമനുഷ്ഠിച്ച് സുബേദാർ മേജർ വരെയെത്തിയ സത്യനെ ഉയര്‍ന്ന റാങ്കായ ‘കിങ്‌സ് കമ്മീഷ’നിലേക്കു തിരഞ്ഞെടുത്തെങ്കിലും കുടുംബത്തിന്റെ സമ്മർദത്താൽ വിരമിച്ചു.

രാജീവ് ശിവശങ്കർ രചിച്ച ‘സത്യം’ നോവലിന്റെ കവർ ചിത്രം
രാജീവ് ശിവശങ്കർ രചിച്ച ‘സത്യം’ നോവലിന്റെ കവർ ചിത്രം

പുന്നപ്ര-വയലാർ സമരങ്ങൾ കൊടുമ്പിരിക്കൊണ്ട 1947-48 കാലഘട്ടത്തിൽ ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടറായിരുന്നു. ദിവാൻ സർസിപിയുടെ തിരുവിതാംകൂർ പോലീസ് കമ്മ്യൂണിസ്റ്റ്കാരെ തിരഞ്ഞുപിടിച്ച് മർദിക്കുമ്പോൾ ഒളിവിൽകഴിഞ്ഞ നേതാക്കളെ കുരുക്കാനും തല്ലിച്ചതയ്ക്കാനും മുന്നിൽ നിന്ന അദ്ദേഹം നാടാർ ഇൻസ്പെക്ടർ എന്ന് പേരെടുത്തു. പിൽക്കാലത്ത്, ഇതേ സത്യനേശൻ നാടാർ തന്നെ സിനിമകളിൽ തൊഴിലാളി നേതാവായി കൈയടിനേടുകയും താൻ മർദിച്ച കലാകാരന്മാരെഴുതിയ തിരക്കഥയിൽ അഭിനയിക്കുകയും ചെയ്തു.

എല്ലാ തിരക്കുകൾക്കു നടുവിലും സ്‌നേഹത്തോടെ തന്റെ കുടുംബത്തെ പരിപാലിച്ച കുടുംബനാഥനായിരുന്നു സത്യൻ. മക്കൾക്കു സ്‌നേഹനിധിയായ അച്ഛൻ. പക്ഷേ ആ താരത്തിന്റെ വ്യക്തിജീവിതം സങ്കടക്കടലായിരുന്നു

നൂറ്റിനാൽപ്പതോളം സിനിമകളിലഭിനയിച്ച് പ്രശസ്തിയുടെ പാരമ്യത്തിൽ നിൽക്കുന്ന സമയത്താണ് സത്യന് രക്താർബുദം ബാധിച്ചതായി കണ്ടുപിടിക്കുന്നത്. നാലുമാസത്തിൽ കൂടുതൽ ജീവിച്ചിരിക്കില്ലെന്നു ഡോക്ടർമാർ പറഞ്ഞിട്ടും കൂസാതെ, രോഗവിവരം അധികമാരെയും അറിയിക്കാതെ ഒരേസമയം പല ചിത്രങ്ങളിൽ അദ്ദേഹം ഭ്രാന്തുപിടിച്ച് അഭിനയിച്ചുകൊണ്ടിരുന്നു. ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ രക്തം ഛർദ്ദിച്ച് കുഴഞ്ഞുവീണപ്പോൾ മാത്രമാണ് രോഗത്തിന്റെ ഗുരുതരാവസ്ഥ പലർക്കും മനസ്സിലായത്. 1971 ജൂൺ 15ന് പുലർച്ചെ നാലരയോടെ 59-ാം വയസിൽ മദ്രാസിലെ കെ ജെ ആസ്പത്രിയില്‍ അദ്ദേഹം മരിച്ചു. ആ വർഷം മാത്രം അദ്ദേഹത്തിന്റെ 14 സിനിമകളാണ് പുറത്തുവന്നത്.

എല്ലാ തിരക്കുകൾക്കു നടുവിലും സ്‌നേഹത്തോടെ തന്റെ കുടുംബത്തെ പരിപാലിച്ച കുടുംബനാഥനായിരുന്നു സത്യൻ. മക്കൾക്കു സ്‌നേഹനിധിയായ അച്ഛൻ. പക്ഷേ ആ താരത്തിന്റെ വ്യക്തിജീവിതം സങ്കടക്കടലായിരുന്നു. മൂന്ന് ആൺമക്കളും കണ്ണിന്റെ കാഴ്ച ക്രമേണ നഷ്ടപ്പെട്ടുപോകുന്ന രോഗാവസ്ഥയോടെ പിറന്നവരായിരുന്നു. അക്കാലത്ത് അതിന് ചികിത്സ ഉണ്ടായിരുന്നില്ല.

‘സത്യം’ നോവലിന്റെ രചയിതാവ് രാജീവ് ശിവശങ്കർ
‘സത്യം’ നോവലിന്റെ രചയിതാവ് രാജീവ് ശിവശങ്കർ

നേരത്തെ ശങ്കരാചാര്യരുടെ ജീവിതം ആസ്പദമാക്കി  ‘മറപൊരുൾ’, കുഞ്ഞാലിമരയ്ക്കാരെപ്പറ്റി ‘കുഞ്ഞാലിത്തിര’ എന്നീ ജീവചരിത്രനോവലുകളും മാധ്യമപ്രവർത്തകനായ രാജീവ് ശിവശങ്കർ രചിച്ചിട്ടുണ്ട്. തമോവേദം, പ്രാണസഞ്ചാരം, പെണ്ണരശ്, കൽപ്രമാണം, മഹാഭാരതത്തെ അടിസ്ഥാനമാക്കി രചിച്ച കലിപാകം, നാഗഫണം, പോര് എന്ന നോവൽ ത്രയം തുടങ്ങിയ 16 നോവലുകളുടെ രചയിതാവാണ്.

'സത്യം' നോവലിൽനിന്ന് ഒരു ഭാഗം:

1971, ഏപ്രിൽ: തകഴി

കുട്ടനാടിന്റെ കഥാകാരൻ വാൽസല്യം തുളുമ്പുന്ന കണ്ണുകളോടെ മഹാനടനെ നോക്കി; നടൻ ആദരവോടെ കഥാകാരനെയും. ‘അനുഭവങ്ങൾ പാളിച്ചകളു’ടെ ചിത്രീകരണം തുടങ്ങിയതോടെ തകഴിയിലെ ശങ്കരമംഗലം തറവാട് മഞ്ഞിലാ സിനി എന്റർപ്രൈസസിന്റെ ഓഫീസായി രൂപാന്തരപ്പെട്ടിരുന്നു. സത്യനു താമസിക്കാൻ വീടിന്റെ വശത്തുള്ള ചാർത്തിൽ കട്ടിലൊരുങ്ങി. മറ്റുനടീനടന്മാരുടെയും യൂണിറ്റംഗങ്ങളുടെയും താമസം ആലപ്പുഴയിൽ. വീടിനു മുൻവശം വിശാലമായ പാടമാണ്. പച്ചനെല്ലിന്റെ മണമുള്ള കാറ്റ് എപ്പോഴും വീശിക്കൊണ്ടിരിക്കും.

‘‘വയറിനു സുഖമില്ലാത്തതല്ലേ. ഇയാൾക്ക് ഭക്ഷണം ഇവിടെനിന്നാകാം,’’ ചെന്ന ദിവസംതന്നെ സത്യനെ ചൂണ്ടി, ജോസഫിനോടു തകഴി പറഞ്ഞു. ‘‘വിശേഷമായിട്ടൊന്നും വേണ്ട. എനിക്കിത്തിരി കഞ്ഞിയും പയറും മതി,’’ സത്യൻ പറഞ്ഞു. ‘‘ഉപ്പിലിട്ട കണ്ണിമാങ്ങയും ചുട്ടപപ്പടവുംകൂടിയായാൽ വിരോധമുണ്ടോ?’’ തകഴി ഊറിച്ചിരിച്ചു.

മലയാളക്കര തിടമ്പേറ്റിയ കഥാകാരൻ തകഴി ശിവശങ്കരപ്പിള്ളയുടെ മുന്നിലാണിരിക്കുന്നതെന്ന തിരിച്ചറിവ് സത്യനെ വിനയാന്വിതനാക്കി. ചാരുകസേരയ്ക്കു സമീപം എഴുത്തുപലക. തടികൊണ്ടുള്ള പീഠത്തിൽ പെൻസിൽകൊണ്ടെഴുതിയ ഏതാനും കടലാസുകൾ. സമപ്രായക്കാരായിട്ടും തകഴിക്ക് കാരണവരുടെ മട്ടായിരുന്നു

‘‘ഇതു സ്വന്തം വീടാണെന്നു കരുതിയാൽ മതി. എന്താ വേണ്ടതെന്നുവച്ചാൽ കാത്തയോടു പറയുക,’’ തകഴി കാത്തയുടെ നേരേ തിരിഞ്ഞു, ‘‘കാത്തേ കേട്ടല്ലോ… ഇയാൾക്കല്ലാതെ വേറെ ഒരുത്തനും ഒന്നും കൊടുത്തുപോകരുത്. പൂത്ത കാശൊള്ളവരാ. എല്ലാവരും ഹോട്ടലിൽ പോയിക്കഴിക്കട്ടെ.’’

അതു പറഞ്ഞ് സത്യനെ നോക്കി കണ്ണിറുക്കിച്ചിരിച്ചു. മലയാളക്കര തിടമ്പേറ്റിയ കഥാകാരൻ തകഴി ശിവശങ്കരപ്പിള്ളയുടെ മുന്നിലാണിരിക്കുന്നതെന്ന തിരിച്ചറിവ് സത്യനെ വിനയാന്വിതനാക്കി. ചാരുകസേരയ്ക്കു സമീപം എഴുത്തുപലക. തടികൊണ്ടുള്ള പീഠത്തിൽ പെൻസിൽകൊണ്ടെഴുതിയ ഏതാനും കടലാസുകൾ. സമപ്രായക്കാരായിട്ടും തകഴിക്ക് കാരണവരുടെ മട്ടായിരുന്നു. മിക്ക നേരവും പുറത്താണ്. ധാരാളം പൊതുപരിപാടികൾ, സന്ദർശകർ. വക്കീൽ പരീക്ഷ ജയിച്ച അദ്ദേഹം മുൻപ് ആലപ്പുഴ മുൻസിഫ് കോടതിൽ പ്രാക്ടീസ് ചെയ്യുന്നുമുണ്ടായിരുന്നു.

‘‘മേക്കപ്പിന് ഭാസ്കരൻ വരും. ഷോട്ട് തീർത്തിട്ടു മടങ്ങിയെത്തി വിശ്രമിക്കാം,” സേതുമാധവൻ പറഞ്ഞു.

‘‘ഡയറക്ടർ സാർ, എന്നെയങ്ങനെ സ്ഥിരം രോഗിയാക്കണ്ട കേട്ടോ. വയറിനു സുഖമില്ലെന്നതിന്റെ പേരിൽ എന്റെ സീനൊന്നും കട്ടുചെയ്തേക്കരുത്. ചെല്ലപ്പന്റെ വേഷം ഗംഭീരമാക്കാൻ ഞാൻ എന്തിനും റെഡിയാണ്,’’ സത്യന്റെ വാക്കുകൾ സേതുമാധവന് ഊർജമായി.

‘‘ഈ ചെല്ലപ്പന് എന്തെങ്കിലും മാതൃകയുണ്ടോ? അല്ലെങ്കിൽ പ്രത്യേക മാനറിസങ്ങൾ?’’ കഥാപാത്രത്തിനുവേണ്ടി ഒരുങ്ങുന്നതിനിടെ സത്യൻ തകഴിയോടു ചോദിച്ചു. ‘‘പ്രത്യേകിച്ചൊരാളില്ല. അമ്പലപ്പുഴയിലും തകഴിയിലുമൊക്കെ കാണുന്ന ഏതു സഖാവിനെയും മാതൃകയാക്കാം.’’

മേക്കപ്പ് കഴിഞ്ഞ് ജൂബ്ബയും പിരിച്ചുയർത്തിയ മീശയുമായി മുന്നിൽ വന്നുനിന്ന സത്യനെ തകഴി കെട്ടിപ്പിടിച്ചു. ‘‘ശരിക്കും എന്റെ ചെല്ലപ്പൻ തന്നെ. പളനിയേക്കാൾ ഗംഭീരമാക്കണം.’’ തകഴി തലയിൽ കൈവച്ച് അനുഗ്രഹിച്ചു

തകഴി കഥയെക്കുറിച്ചും അന്നത്തെ ജീവിതത്തെക്കുറിച്ചും വിശദീകരിച്ചു. അനുഭവങ്ങളുടെ തിരയും ചുഴിയും കടന്നുവന്ന ജീവിതത്തെപ്പറ്റി, പട്ടിണിയെപ്പറ്റി, ആലപ്പുഴയെ രാഷ്ട്രീയം ചെമപ്പിച്ച നാളുകളെപ്പറ്റി. സത്യൻ കൗതുകത്തോടെ കേട്ടിരുന്നു. ‘‘ദേവും ഞാനും ബഷീറും പൊറ്റെക്കാടുമൊക്കെ പട്ടിണിയും ദുരിതവും മനോവേദനയും അനുഭവിച്ചു വളർന്നവരാണ്. ഭാവനയിൽനിന്നുണ്ടായവരല്ല, ഞങ്ങളുടെ കഥാപാത്രങ്ങൾ. കണ്ടറിഞ്ഞ ജീവിതത്തിൽനിന്നാണ് അവരെ കോരിയെടുത്തത്. അനുഭവങ്ങളായിരുന്നു ഞങ്ങളുടെ ബലം,’’ തകഴി പറഞ്ഞു.

മേക്കപ്പ് കഴിഞ്ഞ് ജൂബ്ബയും പിരിച്ചുയർത്തിയ മീശയുമായി മുന്നിൽ വന്നുനിന്ന സത്യനെ തകഴി കെട്ടിപ്പിടിച്ചു. ‘‘ശരിക്കും എന്റെ ചെല്ലപ്പൻ തന്നെ. പളനിയേക്കാൾ ഗംഭീരമാക്കണം.’’ തകഴി തലയിൽ കൈവച്ച് അനുഗ്രഹിച്ചു.

'അനുഭവങ്ങൾ പാളിച്ചകൾ' എന്ന ചിത്രത്തിൽ ചെല്ലപ്പനായി നടൻ സത്യൻ
'അനുഭവങ്ങൾ പാളിച്ചകൾ' എന്ന ചിത്രത്തിൽ ചെല്ലപ്പനായി നടൻ സത്യൻ

ലൊക്കേഷനിലക്കുള്ള യാത്രയിൽ ‘റോസി’ സിനിമയുടെ നിർമാതാവ്  മണിസ്വാമിയും കാറിൽ ഒപ്പമുണ്ടായിരുന്നു. അദ്ദേഹം സ്വന്തമായി സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്.

‘‘സത്യൻസാറിനെ വച്ചൊരു സിനിമ എന്റെ സ്വപ്നമാണ്. സ്ക്രിപ്റ്റുമായി ഞാൻ മദ്രാസിൽ വരാം.’’ മണിസ്വാമി പറഞ്ഞു. ‘‘സ്വപ്നം കാണുന്നതിൽ തെറ്റില്ല. പക്ഷേ, എന്നെവച്ചു പടമെടുക്കണമെങ്കിൽ എത്രയും വേഗം വേണം. സമയം ഇനി വീതം വയ്ക്കാനില്ല.’’ ചിരിച്ചുകൊണ്ടാണു പറഞ്ഞതെങ്കിലും മണിസ്വാമിയുടെ മുഖം മ്ലാനമായി.

‘‘സത്യം പറയാമല്ലോ, മദിരാശീൽ പറഞ്ഞുകേട്ടത് സാർ അസുഖം കൂടിയതുകൊണ്ടു നാട്ടിലേക്കു പോന്നതാണെന്നാണ്. ഇവിടെ കിടപ്പിലാണെന്ന്. നേരിൽകണ്ടപ്പോഴാണു സമാധാനമായത്.’’

‘‘അതൊക്കെ ഏതു സമയത്തും സംഭവിക്കാം. അല്ലെങ്കിലും ഏതുനിമിഷവും വീണുപോകാവുന്ന ജന്മമല്ലേടോ മനുഷ്യന്റേത്?’’ സത്യന്റെ സ്വരത്തിൽ വിഷാദം കയ്ച്ചു.

ലൊക്കേഷനിൽ ഉത്സവത്തിന്റെ ആളുണ്ടായിരുന്നു.

‘‘ഔസേപ്പച്ചാ ആളുകൾ പ്രശ്നമാകുമോ?’’

സത്യൻ കാറിന്റെ ചില്ലുയർത്തിവച്ചു.

‘‘ആവശ്യത്തിനു പോലീസിനെ ഏർപ്പെടുത്തിയിട്ടുണ്ട്. അല്ലെങ്കിലും പഴയ ആലപ്പുഴ എസ്.ഐ കൂടെയില്ലേ?’’

ജോസഫ് ഊറിച്ചിരിച്ചു. കാറിനുള്ളിൽ പ്രിയനടനാണെന്നറിഞ്ഞപ്പോൾ ആൾക്കൂട്ടം ആരവം മുഴക്കി. സത്യൻ എല്ലാവരെയും കൈവീശിക്കാട്ടി. ആൾക്കൂട്ടങ്ങളും ആരവങ്ങളും ജീവിതത്തിന്റെ ഭാഗമായി മാറിയതിനാൽ മുഷിച്ചിൽ തോന്നിയില്ല.

‘‘ഒരു ഗുഡ് ന്യൂസുണ്ട്,’’ ജോസഫ് പറഞ്ഞു, ‘‘നമ്മുടെ വാഴ്‌വേമായത്തിന് ഫിലിംഫെയർ അവാർഡ്. മലയാളത്തിലെ ഏറ്റവും മികച്ച സിനിമ. സത്യൻമാസ്റ്ററും ഷീലാമ്മയും സേതുസാറും കൂടി അവാർഡ് നൈറ്റിൽ പങ്കെടുക്കണമെന്നാണ് ടൈംസ് ഓഫ് ഇന്ത്യക്കാർ പറഞ്ഞിരിക്കുന്നത്.’’

‘‘ബോംബെവരെ പോകണ്ടേ? ഷൂട്ടിങ് മുടക്കേണ്ട. താൻ പോയി വാ. എന്നാണ് ചടങ്ങ്?’’ സത്യൻ ചോദിച്ചു.

‘‘വരുന്ന പതിനൊന്നിന്.’’

‘‘അവാർഡിന്റെ മറ്റു ഡീറ്റെയിൽസ് അറിഞ്ഞോ? ഹിന്ദിയിൽ ആരാണ് മികച്ചനടൻ?’’

‘‘ആശീർവാദിലെ അഭിനയത്തിന് അശോക് കുമാർ മികച്ച നടൻ. ആരാധനയിലെ അഭിനയത്തിന് ഷർമിളാ ടാഗോർ മികച്ച നടി.

‘‘രണ്ടും ‍ഞാൻ കണ്ട പടം തന്നെ.’’

സത്യൻ ആഹ്ളാദത്തോടെ ചൂളംവിളിച്ചു. ജോസഫ് കാറിന്റെ ഡോർ തുറന്നു. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് നിവർത്തിപ്പിടിച്ച കുടയ്ക്കുകീഴിൽ നെഞ്ചുവിരിച്ചുനടന്നുവരുന്ന സഖാവ് ചെല്ലപ്പനെ കണ്ട് സംവിധായകൻ സേതുമാധവൻ ആദരവഭിനയിച്ചു തൊഴുതു.

logo
The Fourth
www.thefourthnews.in