ബോക്സോഫീസില്‍ സ്റ്റൈൽ മന്നന്റെ വിളയാട്ടം; റെക്കോർഡ് കളക്ഷനുമായി ജയിലറിൽ ആദ്യ ദിനം

ബോക്സോഫീസില്‍ സ്റ്റൈൽ മന്നന്റെ വിളയാട്ടം; റെക്കോർഡ് കളക്ഷനുമായി ജയിലറിൽ ആദ്യ ദിനം

നെൽസൺ ദിലീപ് കുമാറാണ് ചിത്രത്തിന്റെ സംവിധാനം

സ്റ്റൈൽ മന്നനും സൂപ്പർ സ്റ്റാറുമായ രജനികാന്തിന്റെ ജയിലർ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന് വമ്പൻ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. ബോക്സ് ഓഫീസിൽ തരം​ഗമായ മാറിയ ചിത്രം ആദ്യ ദിനം ഏകദേശം 49 കോടി രൂപ നേടിയതായാണ് പുറത്തുവരുന്ന വിവരം. എന്നാൽ കണക്കുകൾ സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.

ലോകമെമ്പാടും, 'ജയിലർ' നിരവധി റെക്കോർഡുകൾ തകർത്തുകൊണ്ടാണ് പ്രദർശനം തുടരുന്നത്. ആദ്യ ദിന കളക്ഷൻ കൊണ്ട് തമിഴ്‌നാട്ടിലും കേരളത്തിലും കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലും ഈ വർഷം ഉയർന്ന കളക്ഷൻ നേടുന്ന ചിത്രമാണ് ജയിലർ. ഈ വർഷം ഒരു തമിഴ് ചിത്രത്തിന് ഇന്ത്യയിൽ ലഭിച്ച ഏറ്റവും ഉയർന്ന ഓപ്പണിംഗ് ഡേ ഗ്രോസ് കളക്ഷൻ എന്ന റെക്കോർഡും ജയിലർ സ്വന്തമാക്കി.

നെൽസൺ ദിലീപ്കുമാറുമായി രജനികാന്ത് ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ മലയാള താരങ്ങളായ മോഹൻലാലും വിനായകനും കന്നഡ സൂപ്പർ സ്റ്റാർ ശിവ രാജ്കുമാറും ഒന്നിച്ചതോടെ ഒരു മാസ് എന്റർടെയിനറായ ദൃശ്യവിരുന്നാണ് പ്രക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്.

രണ്ട് വർഷത്തിന് ശേഷമുളള രജനികാന്തിന്റെ ബിഗ് സ്‌ക്രീനിലേക്കുള്ള ​ഗംഭീര തിരിച്ചുവരവാണ് നെൽസന്റെ സംവിധാനത്തിലൂടെ സംഭവിച്ചിരിക്കുന്നത്. പ്രീ ബുക്കിങിലൂടെ റെക്കോർഡ് കളക്ഷൻ നേടിയ ചിത്രത്തിന് ഇന്നലെ രാവിലെ മുതൽ തന്നെ തിയേറ്ററുകളിൽ വൻ തിക്കും തിരക്കുമാണ് അനുഭവപ്പെട്ടത്.

ആദ്യ ദിനത്തെ സംബന്ധിച്ചുളള അന്തിമ കണക്കുകൾ ഇതുവരെയും പുറത്തുവന്നിട്ടില്ലെങ്കിലും തമിഴ്നാട്ടിൽ നിന്നും 25 കോടി രൂപയും കർണാടകയിൽ നിന്ന് 11 കോടി രൂപയും കേരളത്തിൽ നിന്നും 10 കോടിയും ആന്ധ്രാപ്രദേശ്-തെലങ്കാന വിപണിയിൽ നിന്ന് ഏഴ് കോടി രൂപയും ചിത്രത്തിന് ലഭിച്ചുവെന്നാണ് വിലയിരുത്തുന്നത്. ആദ്യം ദിനം ചിത്രം 50 കോടിക്ക് മുകളിൽ നേടിയിട്ടുണ്ടാകും എന്നാണ് വിലയിരുത്തൽ.

പടയപ്പയ്ക്ക് ശേഷം രമ്യ കൃഷ്ണനും രജനികാന്തും ഒരുമിക്കുന്ന ചിത്രമാണ് ജയിലർ. താരത്തിന്റെ ഭാര്യയായാണ് രമ്യ കൃഷ്ണൻ എത്തുന്നത്. തമന്ന, മോഹൻലാൽ, ശിവ രാജ്കുമാർ, വിനായകൻ, ജാക്കി ഷ്റോഫ്, സുനിൽ, യോഗി ബാബു എന്നിവരും ജയിലറിൽ അഭിനയിക്കുന്നുണ്ട്. മോഹൻലാലും രജനികാന്തും ഒന്നിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും ജയിലറിനുണ്ട്. സൺ പിക്‌ചേഴ്‌സ് നിർമിക്കുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.

logo
The Fourth
www.thefourthnews.in