'ഒരു രാത്രിയും കുറച്ച് പോലീസുകാരും'; പുഴുവിന് ശേഷം 'പാതിരാത്രി'യുമായി റത്തീന

'ഒരു രാത്രിയും കുറച്ച് പോലീസുകാരും'; പുഴുവിന് ശേഷം 'പാതിരാത്രി'യുമായി റത്തീന

നവ്യ നായരും സൗബിന്‍ ഷാഹിറും മുഖ്യവേഷങ്ങളിൽ

ദേശീയതലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റിയ മമ്മൂട്ടി ചിത്രം പുഴുവിനു ശേഷം 'പാതിരാത്രി' എന്ന പുതിയ ചിത്രവുമായി റത്തീന വീണ്ടുമെത്തുന്നു. റത്തീന സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ സ്വിച്ചോണ്‍ ചടങ്ങ് കൊച്ചിയില്‍ വച്ചു നടന്നു. ചടങ്ങില്‍ സംവിധായകന്‍ ഷാഹി കബീറും രചയിതാവ് ഷാജി മാറാടും ചേര്‍ന്ന് സംവിധായിക റത്തീനയ്ക്ക് തിരക്കഥ കൈമാറി. നവ്യാ നായരും സൗബിനും ചേര്‍ന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍ പ്രകാശനം ചെയ്തത്.

നവ്യാ നായരുടെ അച്ഛനമ്മമാരായ രാജുവും വീണയും ചേര്‍ന്ന് ചിത്രത്തിന്റെ സ്വിച്ചോണ്‍ നിര്‍വഹിച്ചു. ടാഗ് ലൈന്‍ സൂചിപ്പിക്കുന്നതുപോലെ ഒരു രാത്രിയില്‍ രണ്ടു പോലീസുകാര്‍ ഉള്‍പ്പെടുന്ന സംഭവവികാസങ്ങളെ ചുറ്റിപ്പറ്റിയുള്ള കഥയാണ് സിനിമയുടേത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസറാണ് നവ്യാ നായരും സൗബിന്‍ ഷാഹിറും പ്രധാനവേഷങ്ങളില്‍ എത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത്.

'ഒരുത്തീ' എന്ന ചിത്രത്തിനുശേഷം ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന പുതിയ നവ്യാ നായര്‍ ചിത്രം കൂടിയാണ് 'പാതിരാത്രി'. ഇലവീഴാ പൂഞ്ചിറയ്ക്കു ശേഷം ഷാജി മാറാട് പാതിരാത്രിക്ക് വേണ്ടി തിരക്കഥ ഒരുക്കുന്നു. സണ്ണി വെയ്ന്‍, ശബരീഷ് വര്‍മ, ആന്‍ അഗസ്റ്റിന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഛായാഗ്രഹണം ഷെഹനാദ് ജലാല്‍, സംഗീതം ജേക്‌സ് ബിജോ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, ചിത്രസംയോജനം ശ്രീജിത്ത് സാരംഗ്.

logo
The Fourth
www.thefourthnews.in