പിതൃനിര്‍വിശേഷമായ വാത്സല്യം; ചിത്രയുടെ രവീന്ദ്രൻ മാസ്റ്റർ

പിതൃനിര്‍വിശേഷമായ വാത്സല്യം; ചിത്രയുടെ രവീന്ദ്രൻ മാസ്റ്റർ

നല്ലൊരു ഗാനസൃഷ്ടിയുടെ ആഹ്ളാദം മനസ്സില്‍ ഒതുക്കി വയ്ക്കുന്ന പതിവില്ല രവീന്ദ്രന്. പലപ്പോഴും അത് അണപൊട്ടി പുറത്തേക്കൊഴുകും.

തേജോമയമാണ് രവീന്ദ്രസംഗീതം. മെലഡിയുടെ മുഗ്ദ ലാവണ്യവും കര്‍ണാടിക്-ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീത ശാഖകളുടെ ഗരിമയും കൈകോര്‍ത്ത് നില്‍ക്കുന്ന ശൈലി. കൊച്ചരുവിയായി തുടങ്ങി ഗാംഭീര്യമാര്‍ന്ന ജലപാതമായി മാറുന്ന ഗാനങ്ങള്‍. നല്ലൊരു ഗാനസൃഷ്ടിയുടെ ആഹ്‌ളാദം മനസ്സില്‍ ഒതുക്കി വയ്ക്കുന്ന പതിവില്ല രവീന്ദ്രന്. പലപ്പോഴും അത് അണപൊട്ടി പുറത്തേക്കൊഴുകും.

"മഴയിലെ, വാര്‍മുകിലേ എന്ന പാട്ട് റെക്കോര്‍ഡ്‌ ചെയ്ത് കേട്ടപ്പോള്‍ മാഷിന്റെ മുഖത്ത് കണ്ട തിളക്കം മറക്കാനാവില്ല,''- ചിത്ര പറയുന്നു. "ആ ആനന്ദം ആരോടെങ്കിലും പങ്കുവയ്ക്കാനുള്ള തിടുക്കത്തിലായിരുന്നു അദ്ദേഹം. ആദ്യം ഫോണില്‍ വിളിച്ചത് പാട്ടെഴുതിയ യൂസഫലി സാറിനെ തന്നെ. എന്റെ മോളുടെ പാട്ട് നിങ്ങളൊന്നു കേട്ട് നോക്കൂ എന്ന് പറഞ്ഞ് ഫോണിലൂടെ കവിയെ കേള്‍പ്പിക്കുന്ന മാസ്റ്ററെ നോക്കി നിന്നപ്പോള്‍ കണ്ണ് നിറഞ്ഞുപോയി. പിതൃനിര്‍വിശേഷമായ അദ്ദേഹത്തിന്റെ വാത്സല്യം അനുഭവിച്ചറിഞ്ഞ അനേകം നിമിഷങ്ങളില്‍ ഒന്ന്..''

ചിത്ര-രവീന്ദ്രന്‍ ടീമിന്റെ മാസ്റ്റര്‍പീസ്‌ എന്ന് വിശേഷിപ്പിക്കാവുന്ന ഗാനം. 'മഴ' സിനിമയുടെ ഓഡിയോ ആല്‍ബത്തില്‍ നിന്ന് ആ ഗാനം ആദ്യം കേട്ടപ്പോള്‍ ലെനിന്‍ രാജേന്ദ്രന്‍ അതെങ്ങനെ ചിത്രീകരിക്കുമെന്നറിയാന്‍ കൗതുകമുണ്ടായിരുന്നു. നിരാശ വേണ്ടിവന്നില്ല. ഗാനത്തിന്റെ ആത്മാവിനെ സിനിമയിലെ ദൃശ്യങ്ങളുമായി തന്മയത്വത്തോടെ വിളക്കി ചേര്‍ത്തിരിക്കുന്നു ലെനിനിലെ കവി. "സംയുക്ത വര്‍മ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ആത്മഗതമാണ് ഒരര്‍ത്ഥത്തില്‍ ഈ ഗാനം,''- ലെനിന്‍ രാജേന്ദ്രന്‍ പറയുന്നു. "പെയ്തൊഴിയാന്‍ വിതുമ്പി നില്‍ക്കുന്ന മേഘം പോലെ എന്തൊക്കെയോ പറയാന്‍ വെമ്പുന്ന മനസ്സ്. പറഞ്ഞാല്‍ അത് തെറ്റിദ്ധരിക്കപ്പെടുമോ എന്ന ആശങ്ക. എല്ലാ ദുഃഖങ്ങളും പങ്കുവയ്ക്കാന്‍ എന്നുമെന്ന പോലെ അവള്‍ കൃഷ്ണ സവിധത്തിലേക്ക് തിരിച്ചുപോകുന്നു. എത്ര സുന്ദരമായാണ് യൂസഫലി ആ ആശയം ഈ പാട്ടിന്റെ വരികളിലേക്ക് പകര്‍ത്തിയത് എന്നോര്‍ത്ത് അത്ഭുതം തോന്നിയിട്ടുണ്ട്.''

നമ്മളുണ്ടാക്കുന്ന പാട്ടുകൾ നമ്മൾ ഉദ്ദേശിക്കുന്ന തലത്തിനപ്പുറത്തേക്ക് കടന്ന് പാടി പൊലിപ്പിക്കാൻ കഴിയുന്ന പാട്ടുകാരിയാണ് ചിത്ര. യേശുദാസ് കഴിഞ്ഞാൽ എന്റെ ഈണങ്ങളോട് ഏറ്റവും നീതി പുലർത്തിയ ആൾ. മറ്റുള്ളവർ മോശമാണ് എന്നല്ല. ഏത് പാട്ട് പാടുമ്പോഴും ജീവിതത്തിൽ ആദ്യമായി പാടുന്ന ഒരാളുടെ മാനസികാവസ്ഥയിലായിരിക്കും ചിത്ര.
രവീന്ദ്രൻ മാസ്റ്റർ

തൃശൂരിലെ രാമനിലയത്തില്‍ വച്ചായിരുന്നു കമ്പോസിങ്. "രവീന്ദ്രന്‍ പാട്ടുകള്‍ ചിട്ടപ്പെടുത്തുന്നത് കണ്ടിരിക്കുന്നത് തന്നെ ഒരു ആനന്ദമാണ്. ഏതോ അനിര്‍വചനീയമായ ലഹരി നുണയും പോലെ അദ്ദേഹം പാടിക്കൊണ്ടെയിരിക്കും. ഈണങ്ങള്‍ വഴിക്കുവഴിയായി അവയില്‍ വന്ന് നിറയുകയാണ് പതിവ്. ഒരേ ഗാനത്തിന് ചിലപ്പോള്‍ മൂന്നും നാലും ട്യൂണ്‍ ഇട്ടെന്നിരിക്കും. പക്ഷേ വാര്‍മുകിലിന്റെ കാര്യത്തില്‍ അത് വേണ്ടി വന്നില്ല. ജോഗ് രാഗ സ്പര്‍ശമുള്ള ആദ്യത്തെ ഈണം തന്നെ ഓക്കെ. ഇനി വേറെ ഈണം വേണ്ട. ഇതാണെനിക്ക് വേണ്ടത്. ഇത് മാത്രം-- ഞാന്‍ പറഞ്ഞു.''

ആ പാട്ടിന്റെ ആലേഖനം കൗതുകമുള്ള ഓര്‍മയാണ് ചിത്രയ്ക്ക്. "ചെന്നൈ വല്‍സരവാക്കത്തെ മാസ്റ്ററുടെ വാടക വീടിന്റെ പിന്നിലെ കിടപ്പ് മുറിയിലാണ് റെക്കോര്‍ഡിങ്. അതൊരു താത്കാലിക സൗണ്ട് പ്രൂഫ്‌ സ്റ്റുഡിയോ ആക്കി മാറ്റിയിരുന്നു മാസ്റ്റര്‍. ചെറിയൊരു മുറിയാണ്. പേരിന് കണ്‍സോള്‍ മാത്രമുണ്ട്. വോയ്സ് ബൂത്ത് തുടങ്ങിയ സംവിധാനങ്ങള്‍ ഒന്നുമില്ല. മുറിയുടെ ഒരു കോണിലാണ് മൈക്ക്. പാട്ട് പഠിപ്പിച്ചുതന്ന ശേഷം, റെക്കോര്‍ഡിങ് ചുമതല മകന്‍ സാജനെ ഏല്‍പ്പിച്ച് മാസ്റ്റര്‍ വെളിയില്‍ പോയി. ഞാന്‍ പാടിക്കഴിഞ്ഞ ശേഷമാണ് മാസ്റ്റര്‍ മുറിയില്‍ വന്ന് പാട്ട് കേട്ടത്. ''

മകളോടുള്ള സ്നേഹവും വാത്സല്യവുമായിരുന്നു ചിത്രയോട് രവീന്ദ്രൻ മാസ്റ്റർക്ക്. "ആദ്യം കാണുമ്പോൾ തോന്നിയ വാത്സല്യം വർഷം ചെല്ലുന്തോറും കൂടിവന്നിട്ടേയുള്ളൂ."-- മാസ്റ്ററുടെ വാക്കുകൾ. "നമ്മളുണ്ടാക്കുന്ന പാട്ടുകൾ നമ്മൾ ഉദ്ദേശിക്കുന്ന തലത്തിനപ്പുറത്തേക്ക് കടന്ന് പാടി പൊലിപ്പിക്കാൻ കഴിയുന്ന പാട്ടുകാരിയാണ് ചിത്ര. യേശുദാസ് കഴിഞ്ഞാൽ എന്റെ ഈണങ്ങളോട് ഏറ്റവും നീതി പുലർത്തിയ ആൾ. മറ്റുള്ളവർ മോശമാണ് എന്നല്ല. ഏത് പാട്ട് പാടുമ്പോഴും ജീവിതത്തിൽ ആദ്യമായി പാടുന്ന ഒരാളുടെ മാനസികാവസ്ഥയിലായിരിക്കും ചിത്ര. തുടക്കക്കാരിയുടെ ടെൻഷനും ആകാംക്ഷയും ആ മുഖത്തുനിന്ന് വായിച്ചെടുക്കാം നമുക്ക്. എത്രയോ ദേശീയ അവാർഡുകളും മറ്റ് എണ്ണം പറഞ്ഞ അംഗീകാരങ്ങളുമൊക്കെ നേടിയിട്ടും ആ തുടക്കക്കാരിയെ എന്നും മനസ്സിൽ കൊണ്ടുനടക്കുന്നു എന്നതാണ് ചിത്രയുടെ മഹത്വം. സംഗീതത്തിൽ നിന്ന് ഇനിയും എത്രയോ പഠിക്കാൻ ബാക്കി കിടക്കുന്നു എന്ന ബോധവും...."

മുല്ലനേഴി രചിച്ച ഉണ്ണിത്തിരുമനസ്സേ ആണ് രവീന്ദ്രൻ മാസ്റ്ററുടെ സംഗീതത്തിൽ ചിത്ര ആദ്യം പാടിയ പാട്ട്. പക്ഷേ ശ്രദ്ധിക്കപ്പെട്ടത് പിന്നീട് പാടിയ കളിയിൽ അൽപ്പം കാര്യത്തിലെ "കണ്ണോട് കണ്ണായ സ്വപ്‌നങ്ങൾ." ചെന്നൈയിലേക്കുള്ള ആദ്യ യാത്രക്ക് വഴിയൊരുക്കിയതും രവീന്ദ്രൻ മാസ്റ്റർ തന്നെ. "ആദ്യമായാണ് ഇത്ര ദൂരേക്ക് യാത്ര ചെയ്യുന്നത്. അച്ഛൻ കൂടെയുണ്ടെങ്കിലും പരിഭ്രമം ഒട്ടും കുറവല്ല. മൊബൈൽ ഫോൺ ഒന്നും ഇല്ലാത്ത കാലമല്ലേ?"-- ചിത്രയുടെ ഓർമ.

അപരിചിതമായ നഗരത്തിൽ വണ്ടിയിറങ്ങി എങ്ങനെ ലക്ഷ്യസ്ഥാനത്ത് എത്തിപ്പെടും എന്നതിനെ കുറിച്ച് വേവലാതിപ്പെട്ട അച്ഛനും മകൾക്കും മുന്നിൽ ദേവദൂതനെപ്പോലെ അതാ പ്രത്യക്ഷപ്പെടുന്നു രവീന്ദ്രൻ മാസ്റ്റർ. സെൻട്രൽ സ്റ്റേഷനിൽ വന്ന് ഇരുവരെയും സ്വീകരിക്കുക മാത്രമല്ല ടാക്സി വിളിച്ച് ടാജ് ഹോട്ടലിൽ കൊണ്ടുപോയി താമസിപ്പിക്കുകയും ചെയ്തു മാസ്റ്റർ. അന്നേ മലയാളത്തിലെ സാമാന്യം തിരക്കുള്ള സംഗീത സംവിധായകനാണ് മാസ്റ്റർ. പുതിയൊരു ഗായികയോട് ഇത്ര വലിയ പരിഗണന കാട്ടേണ്ട കാര്യമൊന്നുമില്ല. ആരും അത് പ്രതീക്ഷിക്കുകയുമില്ല. അതുകൊണ്ട് തന്നെ രവീന്ദ്രൻ മാസ്റ്ററുടെ സമീപനം അത്ഭുതകരമായി തോന്നിയിരിക്കണം ചിത്രക്ക്. "അതേ പരിഗണനയും കരുതലും ഈ ലോകത്തോട് വിടവാങ്ങും വരെ മാസ്റ്റർ കാത്തുസൂക്ഷിച്ചു. ഇന്നും മാസ്റ്ററെ കുറിച്ചോർക്കാത്ത ദിവസങ്ങളില്ല.."-- ചിത്ര.

'കമലദള'ത്തിലെ പാട്ടുകളുടെ റെക്കോർഡിങ് മറക്കാനാവില്ല. യേശുദാസിനൊപ്പമുള്ള 'പ്രേമോദാരനായ്' എന്ന യുഗ്മഗാനം റെക്കോർഡ് ചെയ്യാൻ ഉച്ചയ്ക്ക് സ്റ്റുഡിയോയിൽ എത്തിയതാണ് ചിത്ര. "ദാസേട്ടൻ പാടേണ്ട സായന്തനം ചന്ദ്രികാലോലമായ് എന്ന സോളോ പാട്ടിന്റെ ട്രാക്ക് അപ്പോഴും പാടിത്തീർത്തിരുന്നില്ല രവീന്ദ്രൻ മാസ്റ്റർ. ആകെ ക്ഷീണിതനായിരുന്നു അദ്ദേഹം. എത്ര പാടിയിട്ടും ശരിയാകുന്നില്ല."

"സ്റ്റുഡിയോയിൽ പോകുമ്പോൾ എനർജി ബിസ്കറ്റ് കയ്യിൽ കരുതുന്ന പതിവുണ്ട് എനിക്ക്. അന്ന് ഇന്നത്തേതിന്റെ പകുതി പോലുമില്ലല്ലോ ആരോഗ്യം. കഷ്ടകാലത്തിന് ആ ദിവസം ഞാൻ ഒന്നും കയ്യിലെടുത്തിരുന്നില്ല. ബിസ്കറ്റ് വല്ലതും ഉണ്ടോ എന്ന് മാസ്റ്റർ ചോദിച്ചപ്പോൾ വല്ലാത്ത സങ്കടം തോന്നി. വിശപ്പ് സഹിക്കാൻ വയ്യാത്ത അവസ്ഥയിലായിരുന്നു അദ്ദേഹം.

"ഒടുവിൽ ഞാൻ പറഞ്ഞു: "മാസ്റ്റർക്ക് വിരോധമില്ലെങ്കിൽ ഞാൻ ട്രാക്ക് പാടിത്തരാം.'' അത്ഭുതത്തോടെയാണ് മാസ്റ്റർ സമ്മതിച്ചത്. അതിനകം രണ്ടുതവണ മാസ്റ്റർ പാടുന്നത് കേട്ടിരുന്നതിനാൽ എനിക്ക് വേറെ റിഹേഴ്‌സൽ ഒന്നും വേണ്ടിവന്നില്ല."

പിന്നീട് ദാസേട്ടൻ വന്ന് 'സായന്തനം' റെക്കോർഡ് ചെയ്തുവെങ്കിലും ചിത്ര പാടിയ ട്രാക്ക് ഉപേക്ഷിക്കാൻ മനസ്സുവന്നില്ല രവീന്ദ്രൻ മാസ്റ്റർക്ക്. അത്രയും ഇഷ്ടപ്പെട്ടിരുന്നു ആ ട്രാക്ക് വേർഷൻ അദ്ദേഹത്തിന്. അങ്ങനെയാണ് ചിത്രയുടെ പാട്ടിന്റെ ഒരു ഭാഗവും "കമലദള"ത്തിൽ ഉപയോഗിക്കാൻ അദ്ദേഹം തീരുമാനിക്കുന്നത്.

"രവീന്ദ്രൻ മാസ്റ്റരുടെ റെക്കോർഡിങിന് പുറപ്പെടുമ്പോൾ ഞാൻ അകമഴിഞ്ഞ് പ്രാർത്ഥിക്കാറുണ്ട്; അദ്ദേഹത്തിന്റെ ഈണത്തോട് പരമാവധി നീതി പുലർത്താൻ കഴിയണേ എന്ന്." -- ചിത്ര പറയുന്നു. "നമ്മൾ പ്രതീക്ഷിക്കുന്ന റൂട്ടിലൂടെയാവില്ല പലപ്പോഴും ആ ഈണങ്ങളുടെ സഞ്ചാരം. ഞങ്ങൾ ഒരുമിച്ച പാട്ടുകൾ ഓരോന്നും ഇപ്പോഴും ഓർമയിലുണ്ട്: പുലർകാല സുന്ദര സ്വപ്നത്തിൽ (ഒരു മെയ് മാസ പുലരിയിൽ), കാർമുകിൽ വർണ്ണന്റെ, മൗലിയിൽ (നന്ദനം), പാടീ തൊടിയിലേതോ (ആറാം തമ്പുരാൻ), ചീരപ്പൂവുകൾ (ധനം), ഘനശ്യാമ മോഹന (കിഴക്കുണരും പക്ഷി), എന്തിനായ് നിൻ (മിഴി രണ്ടിലും) .... മരണം വരെ എന്നോടുള്ള വാത്സല്യം കൈവിട്ടില്ല അദ്ദേഹം."

അവസാന ചിത്രമായ 'വടക്കുംനാഥ'നിലെ പാട്ടുകൾ മാസ്റ്റർ പഠിപ്പിച്ചുതന്നത് ഫോണിലൂടെയാണ്. യാത്ര ചെയ്യാൻ ബുദ്ധിമുട്ടുണ്ടായിരുന്നു അദ്ദേഹത്തിന്. "കളഭം തരാം'' എന്ന പാട്ടിന്റെ ബിജു നാരായണൻ പാടിയ വേർഷൻ എനിക്ക് അയച്ചുതരികയായിരുന്നു അദ്ദേഹം. അതുകേട്ട് പരിശീലിച്ച ശേഷം ഞാൻ ഫോണിലൂടെ പാടിക്കേൾപ്പിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: "ഒരു മിനിറ്റ് നിൽക്കൂ, ഞാനിത് സ്പീക്കറിലേക്ക് കണക്റ്റ് ചെയ്യട്ടെ.''

പാട്ട് മുഴുവൻ ശ്രദ്ധിച്ചുകേട്ട ശേഷം മാസ്റ്റർ പറഞ്ഞു: ``തുടക്കത്തിലെ ഹമ്മിങ് മാറ്റിക്കൊള്ളൂ, ചിത്രക്ക് ഉചിതമെന്ന് തോന്നുന്ന രീതിയിൽ.'' അത്രയും വിശ്വാസമായിരുന്നു അദ്ദേഹത്തിനെന്നെ. എന്തായാലും എന്റെ ഹമ്മിങ് മാസ്റ്റർക്ക് ഇഷ്ടമായി. പാട്ടിൽ അതുൾപ്പെടുത്തുകയും ചെയ്തു." എന്തു ചെയ്യാം? വടക്കുംനാഥനിലെ പാട്ടുകളുടെ വിജയം ആസ്വദിക്കാൻ മാസ്റ്റർക്ക് ഭാഗ്യമുണ്ടായില്ല. അതിനുമുൻപേ യാത്രയായി അദ്ദേഹം; ഒരു പാട് സംഗീത സാന്ദ്രമായ ഓർമകൾ ഭൂമിയിൽ അവശേഷിപ്പിച്ചുകൊണ്ട്.

logo
The Fourth
www.thefourthnews.in