വിൻസന്റ് പറഞ്ഞു; മധു സാർ വീണ്ടും കുഴിയിൽ ചാടി

വിൻസന്റ് പറഞ്ഞു; മധു സാർ വീണ്ടും കുഴിയിൽ ചാടി

നവതിയിലേക്ക് മഹാനടന്‍

അഭിനയിച്ച ഏറ്റവും പ്രിയപ്പെട്ട ഗാനരംഗം ഏതാണ്? മലയാളത്തിലെ എണ്ണമറ്റ ക്ലാസിക് ഗാനങ്ങൾക്കൊത്ത് ചുണ്ടനക്കിയ ചരിത്രമുള്ള മധുവിനോടൊരു ചോദ്യം.

``പെട്ടെന്ന് ഓർമ്മയിൽ വരുന്നത് തോപ്പിൽ ഭാസി സംവിധാനം ചെയ്ത `യുദ്ധകാണ്ഡം' എന്ന സിനിമയിലെ ശ്യാമസുന്ദര പുഷ്പമേ എന്ന പാട്ടാണ്. ഒഎൻവിയുടെ കാവ്യാത്മകമായ വരികൾ. അഷ്ടമുടിക്കായലിന്റെ പരിസരത്ത് സാമ്പ്രാണിക്കടവ് എന്ന സ്ഥലത്ത് വച്ചായിരുന്നു ഷൂട്ടിംഗ്. ഗാനസന്ദർഭവുമായി പ്രകൃതി ഇത്രത്തോളം താദാത്മ്യം പ്രാപിച്ച സന്ദർഭങ്ങള്‍ അപൂര്‍വമായേ എന്‍റെ അഭിനയ ജീവിതത്തിലുണ്ടായിട്ടുള്ളൂ. ഷൂട്ടിംഗ് തുടങ്ങുമ്പോള്‍ തന്നെ മേഘങ്ങള്‍ വന്നു ആകാശം മൂടി. എല്ലാ അര്‍ത്ഥത്തിലും ശ്യാമസുന്ദരമായ അന്തരീക്ഷം. പാട്ടിലേക്ക് ഒഎൻവിയും രാഘവൻ മാസ്റ്ററും യേശുദാസും ചേർന്ന് ആവാഹിച്ച വിഷാദമാധുര്യം മുഴുവൻ പ്രകൃതി നമ്മെ അതേപടി അനുഭവിപ്പിക്കുകയാണ്. ജീവിതവും സിനിമയും ഒന്നാകുന്ന അപൂർവ മുഹൂർത്തം. ഇന്നും ആ ഗാനം കേൾക്കുമ്പോൾ ആ നിമിഷങ്ങൾ ഓർമ്മവരും. സിനിമ നമുക്ക് കനിഞ്ഞു നൽകുന്ന സൗഭാഗ്യങ്ങളാണ് അതൊക്കെ... ''

പാട്ടിനൊത്ത് ചുണ്ടനക്കാനും നായികയുടെ പിറകെ മരം ചുറ്റി ഓടാനും പണ്ടേ താൽപ്പര്യമില്ല മധുവിന്. എന്നിട്ടും വിധി മധുവിനെ സിനിമയിലെ പ്രിയ കാമുകനാക്കി. ഒപ്പം, നിരവധി സുന്ദരഗാനങ്ങൾ പാടി അഭിനയിക്കാനുള്ള നിയോഗവും നൽകി. മാണിക്യവീണയുമായെൻ, മാനസമൈനേ വരൂ, കടലിനക്കരെ പോണോരെ, ആകാശപ്പൊയ്കയിലുണ്ടൊരു പൊന്നും തോണി, ഏഴിലംപാല പൂത്തു, സുറുമയെഴുതിയ മിഴികളേ, സ്വർണഗോപുര നർത്തകീശിൽപ്പം, കർപ്പൂരദീപത്തിൻ കാന്തിയിൽ, പാർവണേന്ദുവിൻ ദേഹമടക്കി, മലമൂട്ടിൽ നിന്നൊരു മാപ്പിള, ഓമലാളേ കണ്ടു ഞാൻ, പൊന്നിൽ കുളിച്ച രാത്രി, അനുരാഗഗാനം പോലെ, വൃശ്ചിക രാത്രി തൻ, ചെമ്പകപ്പൂങ്കാവനത്തിലെ, ആറ്റിനക്കരെ അക്കരെ ആരാരോ, പാതിരാവായില്ല, സാമ്യമകന്നൊരുദ്യാനമേ, അമ്പലപ്പുഴ വേല കണ്ടു ഞാൻ, പൊൻവളയില്ലെങ്കിലും, ഹൃദയമുരുകി നീ, കണ്ണീരും സ്വപ്നങ്ങളും, തെളിഞ്ഞു പ്രേമയമുന വീണ്ടും, അപാരസുന്ദര നീലാകാശം, മുഖം മനസ്സിന്റെ കണ്ണാടി, അനുവദിക്കൂ ദേവീ, പുഷ്പമംഗലയാം ഭൂമിക്ക്, കൃഷ്ണപക്ഷ കിളി ചിലച്ചു, പ്രിയമുള്ളവളേ നിനക്ക് വേണ്ടി....

``പാട്ടുരംഗങ്ങൾ പലതും ഇന്ന് കാണുമ്പോൾ ബോറായി തോന്നും. ചിലതൊക്കെ കൊള്ളാമല്ലോ എന്നും.'' -- മധു പറയുന്നു.

അഭിനയജീവിതത്തിൽ മധുവിനെ ഏറ്റവുമധികം വലച്ചുകളഞ്ഞ പാട്ട് ഭാർഗ്ഗവീനിലയത്തിലെ ``ഏകാന്തതയുടെ അപാരതീരം'' തന്നെ. തലശ്ശേരിയിലെ തലായി കടപ്പുറത്ത് ചിത്രീകരിച്ച പാട്ടാണ്.. ``സാധാരണഗതിയിൽ പല്ലവി തുടങ്ങും മുൻപ് ആമുഖമായി ചെറിയൊരു ഓർക്കസ്ട്ര ബിറ്റ് ഉണ്ടാകും. ഈ പാട്ടിൽ അതില്ല. നേരിട്ട് പാട്ടിന്റെ വരികളിലേക്ക് പ്രവേശിക്കുകയാണ്. തുടക്കത്തിൽ ബിജിഎം ഉണ്ടെങ്കിൽ പാട്ടിനൊത്ത് ചുണ്ടനക്കാൻ സാവകാശം കിട്ടും. തയ്യാറെടുക്കാം നമുക്ക്. ഇവിടെ അതിനു സ്കോപ്പില്ല. ഏകാന്തതയിലെ `ഏ' എന്ന അക്ഷരം ഞാൻ പാടിത്തുടങ്ങുമ്പോഴേക്കും പാട്ട് അതിന്റെ പാട്ടിന് പോയിക്കഴിഞ്ഞിരിക്കും. എത്ര ശ്രമിച്ചിട്ടും ലിപ് സിങ്കിംഗ് ശരിയാവുന്നില്ല. കടപ്പുറം ആയതുകൊണ്ട് ആയിരക്കണക്കിന് ആളുകളുണ്ട് ഷൂട്ടിംഗ് കാണാൻ. അവർ വായിൽ തോന്നിയ അഭിപ്രായങ്ങൾ വിളിച്ചുപറയുന്നു.

``ടേക്കുകൾ ആവർത്തിക്കപ്പെട്ടതോടെ ഞാൻ നെർവസ് ആയി. പാടാനുള്ള വിദ്യ പറഞ്ഞുതരാൻ സംഗീത ബോധമുള്ള ആരും സ്ഥലത്തില്ലതാനും. ഒടുവിൽ, ദീർഘ നേരത്തെ ശ്രമത്തിനു ശേഷമാണ് പാട്ടും എന്റെ ചുണ്ടനക്കവും ഒത്തുവന്നത് . ശരിക്കും ആശ്വാസം തോന്നി. ഷോട്ട് ഓക്കേ ആകാൻ അത്രയും നേരം ക്ഷമയോടെ കാത്തിരിക്കാൻ വിൻസന്റ് മാസ്റ്റർ തയ്യാറായി എന്നതാണ് പ്രധാനം. മറ്റേതെങ്കിലും സംവിധായകൻ ആയിരുന്നെങ്കിൽ സ്ഥിതി മാറിയേനെ. ''

ഭാര്‍ഗ്ഗവീനിലയിത്തിലെ രംഗം
ഭാര്‍ഗ്ഗവീനിലയിത്തിലെ രംഗം

ഷൂട്ട്‌ ചെയ്യാൻ പോകുന്ന രംഗത്തെ കുറിച്ച് കൃത്യമായ കാഴ്ചപ്പാടും പ്ലാനിംഗും ഉള്ള ആളാണ്‌ വിൻസന്റ്. താൻ ആഗ്രഹിക്കുന്ന ചലനങ്ങളും ഭാവങ്ങളും നടീനടന്മാരിൽ നിന്ന് എങ്ങനെ ചോർത്തിയെടുക്കണം എന്നറിയാം അദ്ദേഹത്തിന്. അക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും മാസ്റ്ററിൽ നിന്ന് പ്രതീക്ഷിക്കേണ്ട. തുലാഭാരത്തിലെ `തൊട്ടു തൊട്ടില്ല' (വയലാർ --ദേവരാജൻ, യേശുദാസ് ) എന്ന ഗാനത്തിന്റെ ചിത്രീകരണം ഉദാഹരണമായി എടുത്തു പറയുന്നു മധു. എറണാകുളത്തെ സുഭാഷ് പാർക്കാണ് ലൊക്കേഷൻ. കാമുകിയെ പിന്തുടർന്ന് കോളേജ് കുമാരനായ മധു പാട്ട് പാടി പാർക്കിലൂടെ നടക്കണം. ``റിഹേഴ്സൽ സമയത്ത് ശ്രദ്ധിക്കാത്തതു കൊണ്ട് ഒരബദ്ധം പറ്റി. പാടി നടക്കുന്നതിനിടെ കാൽ അറിയാതെ മുന്നിലെ കുഴിയിൽ പെട്ടു. വീണു പോയെങ്കിലും പെട്ടെന്ന് ബാലൻസ് വീണ്ടെടുത്ത് ഞാൻ പാട്ട് തുടർന്നു. ടേക്ക് എടുക്കുന്ന സമയത്ത് കുഴിയിൽ ചെന്ന് കാൽ കുടുങ്ങാതെ ഒഴിഞ്ഞുമാറി നടന്നാണ് പാടിയത്. പക്ഷെ വിൻസന്റ് മാസ്റ്റർ കട്ട്‌ പറഞ്ഞു. നേരത്തെ ഇട്ട ആ ആക്ഷൻ ഇപ്പോൾ കണ്ടില്ലല്ലോ. എന്താത്? -- ഗൗരവത്തോടെ അദ്ദേഹത്തിന്റെ ചോദ്യം. അയ്യോ, അതൊരു അബദ്ധമായിരുന്നു എന്ന് പറഞ്ഞു നോക്കി ഞാൻ. എന്നാൽ ഈ സീനിൽ ആ അബദ്ധം ഒന്നുകൂടി കാണട്ടെ എന്ന് മാസ്റ്റർ. അതിനൊരു സ്വാഭാവികത ഉണ്ടായിരുന്നു. പിന്നെന്തു പറയാൻ? കുഴിയിൽ വീണു കൊണ്ട് തന്നെ ഞാൻ ആ രംഗം അഭിനയിച്ചു തീർത്തു.''

മധുവിനൊപ്പം നിരവധി ഗാനരംഗങ്ങളിൽ അഭിനയിച്ച വിധുബാലയുടെ ഓർമ്മയിൽ രസകരമായ ഒരനുഭവമുണ്ട്. ``ഭൂമിദേവി പുഷ്പിണിയായി'' എന്ന ചിത്രത്തിലെ `പാതിരാത്തണുപ്പ് വീണു' എന്ന ഗാനത്തിന്റെ ചിത്രീകരണവേള. ഗൗരവക്കാരനായ മധുവിന്റെ കഥാപാത്രത്തെ ഭാര്യയായ വിധുബാല പാട്ടു പാടി വശീകരിക്കാൻ ശ്രമിക്കുന്നതാണ് രംഗം. ``പാടിക്കൊണ്ട് അദ്ദേഹത്തിന്റെ മടിയിലേക്ക് വീഴുമ്പോൾ ക്യാമറ എന്റെ മുഖത്താണ്. പുറം തിരിഞ്ഞു നിൽക്കുന്ന മധുസാറിനെ പ്രേക്ഷകർ കാണുന്നില്ല. അതറിഞ്ഞുകൊണ്ടു തന്നെ അദ്ദേഹം വികാരലോലയായി പാടുന്ന എന്റെ മുഖത്ത് നോക്കി ഗോഷ്ഠികൾ കാണിക്കും. അറിയാതെ ചിരി പൊട്ടിപ്പോകും എനിക്ക്. ടേക്കുകൾ ആവർത്തിച്ചപ്പോൾ സംവിധായകൻ ഹരിഹരൻ സാർ ഇടപെട്ടു. മധു സാറിനെ സ്നേഹപൂർവ്വം ശാസിച്ചു. ഒടുവിൽ ചിരി അടക്കിക്കൊണ്ട് എങ്ങനെയൊക്കെയോ ആ ഗാനരംഗം അഭിനയിച്ചു തീർക്കുകയായിരുന്നു ഞാൻ..''

മധു നിർമ്മിച്ച്‌ പി ചന്ദ്രകുമാർ സംവിധാനം ചെയ്ത ``അസ്തമയം'' എന്ന ചിത്രത്തിന്റെ സഹസംവിധായകനായി പ്രവർത്തിക്കുകയാണ് സത്യൻ അന്തിക്കാട്. പടത്തിന് വേണ്ടി സത്യൻ എഴുതി ശ്യാം ചിട്ടപ്പെടുത്തിയ ``ഒരു പ്രേമഗാനം പാടി'' എന്ന ഗാനം റെക്കോർഡ്‌ ചെയ്തു കേട്ടപ്പോൾ തന്നെ മധു പറഞ്ഞു: ``പാട്ട് മനോഹരമായിരിക്കുന്നു. നമുക്കിത് ഗംഭീരമായി ചിത്രീകരിക്കണം. അതിനായി ഊട്ടിയിലോ കൊടൈക്കനാലിലോ പോയാലും കുഴപ്പമില്ല. ഒരു വനവല്ലിക്കുടിലിന്റെ സെറ്റാണ് എന്റെ മനസ്സിൽ. അവിടേക്ക് മണ്‍കുടവുമേന്തി മുനികന്യകയായ ശകുന്തളയുടെ വേഷത്തിൽ ജയഭാരതി വരുന്നു. പശ്ചാത്തലത്തിൽ ഈ പാട്ടും. എല്ലാം കൊണ്ടും ഹൃദ്യമാകും ആ രംഗം. നമ്മുടെ പടത്തിന്റെ മുഖ്യ ആകർഷണവും അതു തന്നെയായിരിക്കും.'' കോരിത്തരിപ്പോടെ ആ വാക്കുകൾ കേട്ടിരുന്നു സംവിധായകൻ ചന്ദ്രകുമാറും സത്യനും.

പക്ഷേ ദിവസങ്ങൾ നീണ്ടു നീണ്ടു പോയിട്ടും ഗാനചിത്രീകരണത്തെ കുറിച്ച് മധു സാർ ഒരക്ഷരം മിണ്ടുന്നില്ല. ഉമാ സ്റ്റുഡിയോയിലെ ഷൂട്ടിംഗ് തീരുന്നുമില്ല. ഇടയ്ക്ക് ചെന്ന് ഓർമ്മപ്പെടുത്തുമ്പോൾ മധു സാർ പറയും: ``വരട്ടെ, സമയമുണ്ടല്ലോ. എല്ലാം ശരിയാക്കാം.'' പറഞ്ഞു പറഞ്ഞ് ജയഭാരതിയുടെ ഡേറ്റ് തീരാറായി. പിറ്റേന്ന് ചെന്നൈയിലേക്ക് മടങ്ങിപ്പോകണം അവർക്ക്. ആ ഘട്ടത്തിൽ മധുസാർ പ്രഖ്യാപിക്കുന്നു: ``എങ്ങും പോകേണ്ട. ഗാനരംഗം നമുക്കിവിടെ തന്നെ ഷൂട്ട്‌ ചെയ്യാം. ഒരു യുവജനോത്സവ വേദിയുടെ സെറ്റ് മാത്രം മതി. ഞാൻ സ്റ്റേജിൽ നിന്ന് പാടുന്നു. കുറേപ്പേർ കേട്ടിരിക്കുന്നു. തൽക്കാലം അത്ര മതി.'' സ്വപ്നത്തിലെ വള്ളിക്കുടിലും ആശ്രമവാടിയും മണ്‍കുടവുമെല്ലാം തകർന്നു തരിപ്പണമായ സങ്കടമായിരുന്നു ചന്ദ്രകുമാറിനും സത്യനും. പറഞ്ഞിട്ടെന്തു കാര്യം? മധു സാറിന്റെ തീരുമാനമാണ് അന്തിമം.

``ഷൂട്ടിംഗ് തുടങ്ങുന്നതു തന്നെ അർദ്ധരാത്രിയോടടുപ്പിച്ചാണ്.'' സത്യൻ ഓർക്കുന്നു. ``ക്ഷീണിതനാണ് മധുസാർ. ഇടയ്ക്കിടെ പാട്ടിന്റെ വരികൾ മറക്കും. ഓരോ വരിയായി പാടിക്കൊടുക്കുകയാണ് എന്റെ ജോലി. ഏറ്റുപാടുന്നതിനിടെ വാക്കുകൾ തെറ്റുമ്പോൾ അദ്ദേഹത്തിന് കലികയറും. നേരം പുലരാനായിട്ടും ഗാനരംഗം എടുത്തുതീരുന്നില്ല. അതിനിടക്ക് ഉറക്കച്ചടവ് കാരണം മധു സാറിന്റെ കണ്‍തടങ്ങൾ വീർത്തുതുടങ്ങിയിരുന്നു. ക്യാമറാമാൻ പരാതി പറഞ്ഞപ്പോൾ, ഒരു വലിയ കൂളിംഗ് ഗ്ലാസ് വരട്ടെ എന്നായി സാർ. ആരോ സംഘടിപ്പിച്ചു കൊടുത്ത കറുത്ത കണ്ണട ധരിച്ചു മധു സാർ ആ പാട്ട് പാടി അഭിനയിച്ചു തീർത്തപ്പോഴേക്കും സൂര്യൻ ഉദിച്ചിരുന്നു. ഇന്നും ആ പാട്ട് കേൾക്കുമ്പോൾ, രംഗം കാണുമ്പോൾ അന്നത്തെ രാത്രിയിലെ ഓരോ നിമിഷവും ഓർമ്മയിൽ തിക്കിത്തിരക്കി കയറിവരും..''

logo
The Fourth
www.thefourthnews.in