പിടിതരാത്ത പാട്ട്; പിടയുന്ന മനസ്

പിടിതരാത്ത പാട്ട്; പിടയുന്ന മനസ്

കൈവിട്ടു പോയ പാട്ടിന്റെ വരികൾ തേടി ഉന്മാദിയെപ്പോലെ അലഞ്ഞ ഒരു രാത്രിയുടെ ഓർമകൾ

ഒരു പാട്ടിന്റെ ഉടൽ തേടി അലഞ്ഞിട്ടുണ്ട് ഒരു രാത്രി മുഴുവൻ, ഉന്മാദിയെപ്പോലെ.

ഇന്നോർക്കുമ്പോൾ തമാശയായി തോന്നും. അന്ന് അങ്ങനെയായിരുന്നില്ല. പല്ലവിയിൽനിന്ന് ചരണത്തിലേക്കുള്ള വഴിയിലെങ്ങോ വച്ച് പടിയിറങ്ങിപ്പോയ പാട്ടിന് പിറകെയുള്ള അലച്ചിലിൽ മനസ് കൈവിട്ടുപോകുമോയെന്ന് പോലും തോന്നിപ്പോയ ദിവസം. ഒരു സിനിമാപ്പാട്ട് നമ്മുടെ ജീവിതശൈലിയെ, ഹൃദ്‌സ്പന്ദനത്തെപ്പോലും എത്ര തീവ്രമായി സ്വാധീനിക്കുന്നുവെന്ന തിരിച്ചറിവ് കൂടിയായിരുന്നു ആ അനുഭവം.

പ്രശാന്ത് നായർ എഴുതിയ "ബ്രോസ്വാമി കഥകൾ" എന്ന രസികൻ പുസ്തകത്തിലെ നൗഫൽ എന്ന കഥാപാത്രത്തിന് നന്ദി. കാൽ നൂറ്റാണ്ടിനപ്പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയത് നൗഫലാണല്ലോ. ഒരു പ്രത്യേക തരം ഒബ്സെസ്സീവ് കംപൽസീവ് ഡിസോഡർ ഉള്ളയാളാണ് ഈ നൗഫൽ. ഏതെങ്കിലുമൊരു സംഗീതശകലം കേട്ടുകഴിഞ്ഞാൽ അതിന്റെ ബാക്കി ഭാഗവും കണ്ടെത്തിയില്ലെങ്കിൽ പാനിക് അറ്റാക്ക് വരെ ഉണ്ടാകാം അയാൾക്ക്. കഥ വായിച്ചുകഴിഞ്ഞപ്പോൾ എന്നിലും ഇല്ലേ നൗഫലിന്റെ ഒരംശം എന്നൊരു സംശയം.

ദേശീയ ലീഗ് ഫുട്ബോൾ റിപ്പോർട്ട് ചെയ്യാൻ ചെന്നതാണ് കൊൽക്കത്തയിൽ. മഴയിൽ നനഞ്ഞുകുതിർന്ന് മദാലസയായി കിടക്കുന്നു നഗരം. താമസം പതിവുപോലെ ലേക്ക് മാർക്കറ്റിലെ ചരിത്രമുറങ്ങുന്ന കോമളവിലാസ് ഹോട്ടലിൽ. നൊസ്റ്റാൾജിയയുടെ പുരാതന ഗന്ധമാണ് ആ ഹോട്ടലിലെ വിശാലമായ മുറികൾക്കെല്ലാം. സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും തമ്മിലുള്ള ലീഗ് 'ഡെർബി' നടക്കുന്ന ദിവസം ലേക്ക് മാർക്കറ്റിലെ ആൾത്തിരക്കിനിടയിലൂടെ തൊട്ടടുത്ത ടാക്സി സ്റ്റാൻഡിലേക്ക് നടക്കവേ, തെല്ലും നിനച്ചിരിക്കാതെ ഒരു പാട്ടിന്റെ പല്ലവി വന്നുകൂടുകൂട്ടുന്നു ചുണ്ടിൽ.

കിടക്കുമ്പോൾ, നടക്കുമ്പോൾ, കുളിക്കുമ്പോൾ, എഴുതുമ്പോൾ എല്ലാം ഒരു പാട്ടിന്റെ തുണ്ടുണ്ടാകും ചുണ്ടിലും മനസിലും. വിടാതെ പിന്തുടരുന്ന ''ഹോം സിക്‌നസ്സി''നെ ചെറുക്കാനുള്ള ഒരേയൊരുപാധി

"എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണമി വിടർന്നേനെ, എൻ സ്വപ്നരേണുക്കൾ രത്നങ്ങളായെങ്കിൽ എന്നും നവരത്നമണിഞ്ഞേനേ, എന്നശ്രുബിന്ദുക്കൾ പുഷ്പങ്ങളായെങ്കിൽ എന്നും മാധവമുണർന്നേനേ.." സഫലമാകാതെ പോയ ഒരു നിശ്ശബ്ദ പ്രണയത്തിന്റെ തിരുശേഷിപ്പ് പോലെ ഓർമകളെ എക്കാലവും ആർദ്രമാക്കുന്ന പാട്ട്.

ഏകാന്തതയിൽ എന്നും മൂളിപ്പാട്ടുകളാണ് കൂട്ട്, ആഴ്ചകളോളം, ചിലപ്പോൾ മാസങ്ങളോളം കളിയെഴുത്തുമായി വീട്ടിൽ നിന്നകന്നു കഴിയേണ്ടിവരുമ്പോൾ പ്രത്യേകിച്ചും. മൊബൈൽ ഫോൺ കാലം എത്തിയിട്ടില്ല. പോകുന്നിടത്തെല്ലാം വാക്ക് മാനോ റേഡിയോയോ കൊണ്ടുനടക്കുന്ന പതിവുമില്ല. കിടക്കുമ്പോൾ, നടക്കുമ്പോൾ, കുളിക്കുമ്പോൾ, എഴുതുമ്പോൾ എല്ലാം ഒരു പാട്ടിന്റെ തുണ്ടുണ്ടാകും ചുണ്ടിലും മനസിലും. വിടാതെ പിന്തുടരുന്ന "ഹോം സിക്‌നസ്സി"നെ ചെറുക്കാനുള്ള ഒരേയൊരുപാധി.

പിടിതരാത്ത പാട്ട്; പിടയുന്ന മനസ്
വയലാർ മൂളിനടന്ന "തമ്പിഗാന"ത്തിന്റെ കഥ

കാറിന്റെ ഡോർ തുറന്ന് അകത്തുകയറിയിരിക്കവേ പല്ലവി കടന്ന് ചരണത്തിലേക്ക് പ്രവേശിക്കുന്നു മൂളിപ്പാട്ട്: "നിദ്രതൻ നീരദ നീലവിഹായസ്സിൽ നിത്യവും നീ പൂത്തു മിന്നിനിൽക്കും സ്വപ്നനക്ഷത്രമേ നിൻചിരിയിൽ സ്വർഗചിത്രങ്ങളെന്നും ഞാൻ കണ്ടുനിൽക്കും..."

അവിടെ വച്ച് സ്വിച്ചിട്ടപോലെ നിൽക്കുന്നു പാട്ട്. എന്തോ ഒരു പന്തികേട് പോലെ. ഈശ്വരാ, ഇതല്ലല്ലോ ഈ പാട്ടിന്റെ തുടർച്ച എന്ന് അത്ഭുതത്തോടെ മന്ത്രിക്കുന്നു മനസ്. മറ്റൊരു പാട്ടിന്റെ ചരണമാണിത്. "താരകരൂപിണി നീയെന്നുമെന്നുടെ ഭാവനാരോമാഞ്ചമായിരിക്കും" എന്ന പാട്ടിന്റെ. രണ്ടും ശ്രീകുമാരൻ തമ്പി - ദക്ഷിണാമൂർത്തി സഖ്യത്തിന്റെ സൃഷ്ടികൾ. എങ്കിലും എന്തുകൊണ്ടാവണം യേശുദാസിന്റെ പല്ലവിയിൽ ബ്രഹ്മാനന്ദൻ കയറിവന്നിരിക്കുക? ഒരേ രാഗമായതുകൊണ്ടാവുമോ? (രണ്ടിലും ഭൈരവിയുടെ അംശം കലർന്നിരുന്നതുകൊണ്ടാണെന്ന് ഇന്നറിയാം).

വാശിയോടെ വീണ്ടും "എൻ മന്ദഹാസ"ത്തിന്റെ പല്ലവി മൂളുന്നു ചുണ്ടുകൾ, ഇത്തവണ കുറച്ചുറക്കെ തന്നെ. അങ്ങനെ ചുമ്മാ മറന്നുപോകാൻ പാടില്ലല്ലോ കുട്ടിക്കാലം മുതൽ ഒപ്പമുള്ള പാട്ടിന്റെ വരികൾ. പാട്ടു കേട്ട് അത്ഭുതത്തോടെ തിരിഞ്ഞു നോക്കി മന്ദഹസിക്കുന്നു ബംഗാളിയായ ടാക്സി ഡ്രൈവർ. ഇതെന്തു പുകിൽ എന്നോർത്തിരിക്കണം അയാൾ. പല്ലവി കഴിഞ്ഞു ചരണത്തിലെത്തുമ്പോൾ വീണ്ടും കഥ പഴയതുതന്നെ. പാട്ട് കൈവിട്ടുപോകുന്നു. യേശുദാസിനെ ക്ഷണിക്കാതെ തന്നെ വന്നു പുൽകുകയാണ് ബ്രഹ്മാനന്ദൻ. ഇത്തവണ മറ്റൊരു ചരണത്തിന്റെ രൂപത്തിലാണെന്ന് മാത്രം. "ഈ ഹർഷവർഷ നിശീഥിനിയിൽ നമ്മൾ ഈണവും താളവുമായിണങ്ങി ഈ ജീവസംഗമ ധന്യത കാണുവാൻ ഈരേഴുലകും അണിഞ്ഞൊരുങ്ങി.."

പിടിതരാത്ത പാട്ട്; പിടയുന്ന മനസ്
അതിജീവനത്തിലേക്ക് ഒരു പാട്ടിന്റെ ദൂരം

സോൾട്ട് ലേക്കിലേക്കുള്ള മുക്കാൽ മണിക്കൂർ യാത്രയിൽ ആകെ അസ്വസ്ഥഭരിതമായിരുന്നു മനസ്. മറ്റൊന്നും ഓർക്കുന്നുണ്ടായിരുന്നില്ല. മണിക്കൂറുകൾ മാത്രമകലെ വന്നെത്തിനിൽക്കുന്ന കൊൽക്കത്ത ക്ലബ്ബുകളുടെ പ്രസ്റ്റീജ് പോരാട്ടത്തെക്കുറിച്ച് പോലും. എന്തു വിലകൊടുത്തും ഇഷ്ടഗാനത്തിന്റെ വരികൾ ഓർമയിൽനിന്ന് വീണ്ടെടുക്കാനുള്ള ഏകാഗ്രയജ്ഞത്തിനിടെ അതൊക്കെ ചിന്തിച്ചു തലപുണ്ണാക്കാൻ ആർക്കുണ്ട് സമയം?

"എനി പ്രോബ്ലം, സാർ?" അറിയാവുന്ന ഇംഗ്ളീഷിൽ അത്ഭുതത്തോടെ ചോദിക്കുന്നു ഡ്രൈവർ. ഒന്നും മിണ്ടാതെ ചിരിക്കാൻ ശ്രമിക്കുക മാത്രം ചെയ്തു. ഒരു പാട്ടിന്റെ തല മാത്രം കയ്യിൽ വച്ചുകൊണ്ട്, ഉടൽ വീണ്ടെടുക്കാനുള്ള ജീവന്മരണ പോരാട്ടത്തിലാണ് ഈ സഞ്ചാരിയെന്നറിയില്ലല്ലോ അയാൾക്ക്. പറഞ്ഞാലും മനസ്സിലാക്കണമെന്നുമില്ല.

കാറിൽ നിന്നിറങ്ങി നേരെ നടന്നുചെന്നത് നിറഞ്ഞ സ്റ്റേഡിയത്തിന്റെ കാതടപ്പിക്കുന്ന ആരവങ്ങളിലേക്ക്. ഒരു ലക്ഷത്തോളം പേരുണ്ടാകും ഗാലറിയിൽ. പ്രസ് ബോക്സിൽ ബംഗാളി പത്രലേഖകരുടെ ബഹളം. ചിലർ പരസ്പരം കലഹിക്കുന്നു. മറ്റു ചിലർ മുന്നിലെ ടൈപ്പ്റൈറ്ററുമായി ഉറക്കെ സംവദിക്കുന്നു. ആ ശബ്ദ കോലാഹലത്തിനിടയിലും സ്വയം സൃഷ്ടിച്ച ഏകാന്തതയുടെ തുരുത്തിലേക്ക് ഉൾവലിഞ്ഞ് പാട്ടന്വേഷണം തുടർന്നുകൊണ്ടിരുന്നു ഞാൻ. ഇല്ല; എത്ര ശ്രമിച്ചിട്ടും ചരണം പിടി തരുന്നില്ല. പല്ലവിയിൽനിന്ന് ചരണത്തിലേക്കു കടക്കും മുൻപ് വണ്ടി ഓഫാകുന്നു.

അത്ഭുതമായിരുന്നു. കളിക്കളത്തിനകത്ത് കാൽ കുത്തിയാൽ മറ്റെല്ലാം മറന്ന് ഫുട്ബോളിന്റെ മായിക ലഹരിയിൽ അലിഞ്ഞുചേരാറുള്ള ആൾ ഇന്നെന്താണിങ്ങനെ? ചുറ്റുമുള്ള ആരവങ്ങൾക്കൊന്നും കണ്ണും കാതും കൊടുക്കാതെ വെറുമൊരു പാട്ടിന് പിന്നാലെ...

സത്യത്തിൽ വാശിയായിരുന്നു. മറവിക്ക് വഴങ്ങിക്കൊടുക്കില്ല എന്ന വാശി. ഇന്നായിരുന്നങ്കിൽ മറന്നുപോയ പാട്ടിന്റെ വരികൾ വീണ്ടെടുക്കാൻ നിമിഷാർദ്ധം മതി. വിരൽത്തുമ്പിലാണ് എല്ലാം. മൊബൈലിൽ ഒന്ന് സേർച്ച് ചെയ്യുകയേ വേണ്ടു. അല്ലെങ്കിൽ ഒരു ലോങ്ങ് ഡിസ്റ്റൻസ് കോൾ. പക്ഷെ 1990കളിൽ പേനയും നോട്ട് ബുക്കും മാത്രം ആയുധമാക്കി പന്തുകളി റിപ്പോർട്ട് ചെയ്യാൻ വണ്ടികയറി വന്ന ഏകാകിയും അന്തർമുഖനുമായ യുവാവിന് ഒരു പാട്ടിനെ തിരിച്ചുപിടിക്കാൻ കൊൽക്കത്ത പോലൊരു നഗരത്തിൽ ആരുണ്ട് തുണ, ദൈവമല്ലാതെ..

ഉറക്കം അതിന്റെ പാട്ടിനു പോയ രാത്രി. പുറത്തെ കോരിച്ചൊരിയുന്ന മഴയിലേക്ക് നോക്കി അന്ന് എത്ര തവണ ആ പാട്ടിന്റെ പല്ലവി പാടിയിരിക്കുമെന്നറിയില്ല...

ബാനർജിമാരും ചാറ്റർജിമാരും ഭട്ടാചാർജിമാരും ബസുമാരും മൈതാനത്ത് കൈമെയ് മറന്നു പൊരുതുമ്പോഴും നഷ്ടഗാനത്തിന്റെ പിറകെയായിരുന്നു മനസ്. അവസാന വിസിലിനു തൊട്ടു പിന്നാലെ മാച്ച് റിപ്പോർട്ട് എഴുതിത്തീർക്കുന്ന ശീലക്കാരൻ അന്ന് പിന്നെയും അര മണിക്കൂർ കൂടിയെടുത്തു ദൗത്യം നിറവേറ്റാൻ. സെൻട്രൽ പോസ്‌റ്റോഫീസിൽനിന്ന് ടെലിപ്രിന്റർ വഴി റിപ്പോർട്ട് കൊച്ചി ഓഫീസിലേക്കയച്ച ശേഷം ഓട്ടോയിൽ ഹോട്ടലിലേക്ക് മടങ്ങുമ്പോഴും എൻ മന്ദഹാസം എന്നെ നോക്കി മന്ദഹസിച്ചുകൊണ്ടേയിരുന്നു, ഇത്തവണ നീ തോറ്റു സുല്ലിട്ടില്ലേ എന്ന് നിശ്ശബ്ദമായി ചോദിച്ചുകൊണ്ട്.

ഉറക്കം അതിന്റെ പാട്ടിനു പോയ രാത്രി. പുറത്തെ കോരിച്ചൊരിയുന്ന മഴയിലേക്ക് നോക്കി അന്ന് എത്ര തവണ ആ പാട്ടിന്റെ പല്ലവി പാടിയിരിക്കുമെന്നറിയില്ല. കൊടും തണുപ്പിലും ശരീരം വിയർത്തൊലിക്കുന്നു, ഹൃദയമിടിപ്പേറുന്നു. ആദ്യമായിട്ടാണ് അത്തരമൊരനുഭവം. നിന്നു മടുത്തപ്പോൾ കിടക്കയിൽ മലർന്നുകിടന്നായി ശ്രമം. പിറ്റേന്ന് കാലത്ത് 'വെള്ളിനക്ഷത്ര'ത്തിന്റെ എഡിറ്റർ പ്രസാദ് ലക്ഷ്മണെ തിരുവനന്തപുരത്തേക്ക് വിളിച്ച് ശ്രീകുമാരൻ തമ്പിയുടെ നമ്പർ എടുത്താലോ എന്ന ചിന്ത മനസിലുദിച്ചത് ആ നിമിഷങ്ങളിലാണ്. ഉടനെ ആരോ ഉള്ളിലിരുന്ന് വിലക്കുന്നു: എന്റെ ഈ നിസ്സഹായത പ്രസാദ് അറിയില്ലേ? മോശമല്ലേ അത്? വാരികയിൽ സിനിമാസംഗീതത്തെ കുറിച്ചുള്ള സംശയങ്ങൾ തീർത്തുകൊടുക്കുന്ന വിദ്വാന് പ്രശസ്തമായ ഒരു സിനിമാഗാനത്തിന്റെ വരികൾ അറിയില്ലെന്നുവച്ചാൽ? മാത്രമല്ല, തമ്പി സാറിനെ നേരിട്ടുവിളിച്ച് പാട്ടിന്റെ വരികൾ ചോദിയ്ക്കാൻ ധൈര്യവുമില്ല. അതു മതി ഒരു ബന്ധം താറുമാറാകാൻ.

പിടിതരാത്ത പാട്ട്; പിടയുന്ന മനസ്
ദേവരാജന്റെ ഏറ്റവും പ്രിയപ്പെട്ട വയലാർ ഗാനങ്ങൾ അറിയണ്ടേ?

മറ്റൊരു ഭയം കൂടി വേട്ടയാടിത്തുടങ്ങിയിരുന്നു. ഇതിനി വരാനിരിക്കുന്ന മറവി രോഗത്തിന്റെ തുടക്കമായിരിക്കുമോ? നാൽപ്പത് വയസ് പോലും തികയും മുൻപ് ഭർത്താവിന് ഡിമെൻഷ്യ ബാധിക്കുന്നതിന്റെ ഞെട്ടൽ എങ്ങനെ ഉൾക്കൊള്ളാനാകും ലതയ്ക്ക്? അനാവശ്യ ചിന്തകൾ കുമിഞ്ഞുകൂടുന്നു മനസിൽ. ഒരു വേള കണ്ണുകൾ നിറയുന്നു. പാനിക് അറ്റാക്കിന്റെ ലക്ഷണങ്ങളാവുമോ ഇതെല്ലാം? ഈശ്വരാ, ഈ പരീക്ഷണത്തിൽ ഞാൻ തോറ്റുപോകുമോ?

ഒടുവിൽ ഉറക്കം വന്നു തഴുകിയത് പുലർച്ചയ്ക്ക്. അതും പാതിയുറക്കം മാത്രം. അസ്വസ്ഥഭരിതമാണല്ലോ മനസ്. പുറത്തെ മാർക്കറ്റിൽനിന്നുള്ള ശബ്ദകോലാഹലം കേട്ട് ഞെട്ടിയുണർന്ന് കൺമിഴിച്ചപ്പോൾ സമയം എട്ടു മണി. പക്ഷേ ആ കൺമിഴിക്കലിനൊപ്പം ഒരത്ഭുതം സംഭവിച്ചു. ഉപബോധമനസ്സിൽ നിന്ന് ഒരു പാട്ടിന്റെ വരികൾ ചുണ്ടിൽ ഒഴുകിയെത്തി. തൊട്ടു മുൻപ് പാടി നിർത്തിയ പാട്ടിന്റെ തുടർച്ചപോലെ.

ജീവപര്യന്തം ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുന്ന തടവുകാരന്റെ മാനസികാവസ്ഥയിലായിരുന്നു ഞാൻ, ആഹ്ളാദക്കൊടുമുടിയിൽ. ഇന്നും ആ ഗാനം കേൾക്കുമ്പോൾ മനസിൽ മഴ കോരിച്ചൊരിയും

"എന്നനുഭൂതിതൻ സ്വർണ്ണദലങ്ങളാൽ നിൻ മോഹപുഷ്പകം അലങ്കരിക്കാം, നിൻ ത്യാഗമണ്ഡപ യാഗാഗ്നി തന്നിലെ ചന്ദനധൂമമായ്‌ ഞാനുയരാം.."

വിശ്വസിക്കാനായില്ല. ഇതാ ഒരു പകലും രാത്രിയും മുഴുവൻ എന്നെ കുഴക്കിയ വരികൾ. സ്വപ്നമാണോ? ഏയ്, ആവാനിടയില്ല. വാതിൽക്കൽ ചായയുമായി വന്നു മുട്ടുന്നുണ്ടായിരുന്നല്ലോ ഹോട്ടൽ ബോയ്.

ചായ ഊതിക്കുടിക്കുമ്പോൾ ക്ഷണിക്കാതെ തന്നെ രണ്ടാമത്തെ ചരണവും മുഴങ്ങുന്നു കാതിൽ, "സുന്ദര വാസന്ത മന്ദസമീരനായ്‌ നിൻ ജാലകങ്ങളെ തൊട്ടുണർത്താം, തൂമിഴി താമര പൂവിതൾത്തുമ്പിലെ തൂമുത്തൊരുമ്മയാൽ ഒപ്പിയേക്കാം.." ആ പാട്ടിലെ എനിക്കേറെ പ്രിയപ്പെട്ട വരികൾ.

ജീവപര്യന്തം ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുന്ന തടവുകാരന്റെ മാനസികാവസ്ഥയിലായിരുന്നു ഞാൻ, ആഹ്ളാദക്കൊടുമുടിയിൽ. ഇന്നും ആ ഗാനം കേൾക്കുമ്പോൾ മനസിൽ മഴ കോരിച്ചൊരിയും. കൈകൾ ചെറുതായി വിയർക്കും. "എനി പ്രോബ്ലം സാർ" എന്ന് ആരോ കാതിൽ മന്ത്രിക്കും.

നന്ദി നൗഫൽ, പ്രശാന്ത് നായർ... മറക്കാനാവാത്ത ആ നിമിഷങ്ങളിലേക്ക് തിരികെ നടത്തിയതിന്.

logo
The Fourth
www.thefourthnews.in