രവീന്ദ്രന്‍ മാഷ്, ജയേട്ടന്‍, പിന്നെ ഞാനും

രവീന്ദ്രന്‍ മാഷ്, ജയേട്ടന്‍, പിന്നെ ഞാനും

ദീര്‍ഘകാലത്തെ ഇടവേളക്ക് ശേഷം നേരില്‍ കാണുകയായിരുന്നു ജയേട്ടനും രവിയേട്ടനും. അതുകൊണ്ടുതന്നെ കുശലാന്വേഷണവും സ്‌നേഹപ്രകടനവും മിനിറ്റുകളോളം നീണ്ടു.

കാണാന്‍ പോകുന്നത് യേശുദാസിന്റെ ഏറ്റവും വലിയ ആരാധകനെ. ലക്ഷ്യം യേശുദാസിനെ കുറിച്ചുള്ള ഫീച്ചറെഴുത്ത്. കൂട്ടിക്കൊണ്ടുപോകുന്നതോ? - ജയചന്ദ്രന്‍.

വേണമെങ്കില്‍ വിരോധാഭാസം എന്ന് പറയാം. അല്ലെങ്കില്‍ വിധിവൈചിത്യ്രം.

വര്‍ഷം 2000. ഗാനഗന്ധര്‍വന് ഷഷ്ടിപൂര്‍ത്തി തികയാന്‍ ആഴ്ചകള്‍ മാത്രം. സമകാലിക മലയാളം വാരികയ്ക്ക് വേണ്ടി ഒരു സ്പെഷല്‍ പതിപ്പ് തയ്യാറാക്കണം. പത്രാധിപര്‍ ജയചന്ദ്രന്‍ നായര്‍ സാറിന്റെ നിര്‍ദേശമാണ്. അതിനുവേണ്ടിയാണ് ഈ യാത്ര. രവീന്ദ്രസാന്നിധ്യമില്ലാതെ എന്ത് യേശുദാസ് പതിപ്പ്?

യേശുദാസാണ് വിഷയം. ഇഷ്ട സബ്ജക്ട് ആയതിനാല്‍ സ്വാഭാവികമായും രവിയേട്ടന്‍ ''പീലിനിവര്‍ത്തി''യാടും.

നഗരഹൃദയത്തില്‍ നിന്ന് അകന്നുമാറി ഒരു വാടകവീട്ടിലാണ് അന്ന് മാഷ് താമസം. താമസിക്കുന്ന ഹോട്ടലില്‍ നിന്ന് നല്ല ദൂരമുണ്ട്. പോരാത്തതിന് കോരിച്ചൊരിയുന്ന മഴയും. എങ്ങനെ ദൗത്യം നിറവേറ്റുമെന്നോര്‍ത്ത് ചിന്തിച്ചിരിക്കേ, ജയേട്ടന്‍ പറഞ്ഞു: ''പേടിക്കേണ്ട. ഞാന്‍ കൊണ്ടോവാം ങ്ങളെ. മ്മക്ക് പാട്ടൊക്കെ പാടി സംസാരിച്ച് അങ്ങനെ പോകാം..''

അത്ഭുതം തോന്നി. യേശുദാസാണ് വിഷയം. ഇഷ്ട സബ്ജക്ട് ആയതിനാല്‍ സ്വാഭാവികമായും രവിയേട്ടന്‍ ''പീലിനിവര്‍ത്തി''യാടും. ദാസേട്ടനെപ്പറ്റി എത്ര പറഞ്ഞാലും മതിയാവില്ലല്ലോ അദ്ദേഹത്തിന്. ചിലപ്പോള്‍ മണിക്കൂറുകളോളം നീണ്ടെന്നിരിക്കും ഞങ്ങളുടെ സംസാരം. ജയേട്ടന് ആ വാക്പ്രവാഹം കേട്ടിരിക്കാന്‍ ക്ഷമയുണ്ടാകുമോ? ബോറടിക്കില്ലേ ?

ജയേട്ടന് ചിരി. ''എന്താ അങ്ങനെ ചോദിക്കാന്‍? യേശുദാസ് വലിയൊരു സിംഗര്‍. രവി നല്ലൊരു കംപോസര്‍. അധികം പാട്ടൊന്നും നമ്മളെ കൊണ്ട് അയാള്‍ പാടിച്ചിട്ടില്ല എന്നത് സത്യം തന്നെ. അതിന് രവിയെ കുറ്റം പറയാന്‍ വയ്യല്ലോ . അയാളുടെ പാട്ടുകള്‍ ദാസേട്ടനേ പാടാന്‍ പറ്റൂ. നിങ്ങള് എത്ര നേരം വേണെങ്കിലും സംസാരിച്ചോളൂ. ഞാന്‍ സ്വസ്ഥമായി ഉറങ്ങിക്കോളാം...''

ജയേട്ടനൊത്തുള്ള ആ കാര്‍ യാത്ര മറക്കാനാവില്ല. പി ബി ശ്രീനിവാസിന്റെയും ടി എം സൗന്ദരരാജന്റെയും റഫി സാഹിബിന്റെയും സുശീലാമ്മയുടെയും ഒക്കെ പാട്ടുകള്‍ സ്റ്റിയറിംഗില്‍ താളമിട്ട് സ്വതസിദ്ധമായ ശൈലിയില്‍ പാടിക്കൊണ്ടാണ് ഡ്രൈവിംഗ്. ഇടക്ക് ആത്മഗതം പോലെ ഓരോ പാട്ടിനെയും കുറിച്ചുള്ള നിരീക്ഷണങ്ങള്‍, ആസ്വാദനങ്ങള്‍, സ്വയം മറന്നുള്ള ആവേശ പ്രകടനങ്ങള്‍.

ദീര്‍ഘകാലത്തെ ഇടവേളക്ക് ശേഷം നേരില്‍ കാണുകയായിരുന്നു ജയേട്ടനും രവിയേട്ടനും. അതുകൊണ്ടുതന്നെ കുശലാന്വേഷണവും സ്‌നേഹപ്രകടനവും മിനിറ്റുകളോളം നീണ്ടു. ''മദ്രാസില്‍ വന്നിറങ്ങിയ കാലത്ത് എന്നെ തീറ്റിപ്പോറ്റിയ ആളാണ്. നമ്മള്‍ അന്ന് ചാന്‍സ് തിരഞ്ഞു നടക്കുകയല്ലേ? മറക്കാന്‍ പറ്റുമോ ആ കാലം?'' -- ഗായകനെ ഗാഢമായി ആലിംഗനം ചെയ്ത് രവീന്ദ്രന്‍ മാസ്റ്റര്‍ പറയുന്നു.

എന്റെ നേരെ തിരിഞ്ഞ് ജയേട്ടന്റെ മറുപടി: ''ങ്ങക്ക് അറിയോ? ഇവന്‍ വലിയ കമ്പോസര്‍ ആകുമെന്ന് ആദ്യം പ്രെഡിക്ട് ചെയ്തത് ഞാനാണ്; യേശുദാസല്ല. ഇവന്റെ ആദ്യത്തെ പാട്ട് പാടിയതും ഞാനാണ്. അന്നൊന്നും ഇവന് യേശുദാസിനെ അറിയില്ല. ഞാനാണ് ദാസേട്ടന്റെ അടുത്തേക്ക് പറഞ്ഞയക്കുന്നത്. ന്നിട്ടെന്താ, പാട്ടൊക്കെ ദാസേട്ടന്. മ്മക്ക് ഒന്നൂംല്യ.'' പൊട്ടിച്ചിരിച്ചുകൊണ്ട് ജയേട്ടന്‍ കൂട്ടിച്ചേര്‍ക്കുന്നു: ''മ്മക്ക് കംപ്ലെയിന്റ് ഒന്നൂംല്യ ട്ടോ. ദാസേട്ടന് വേണ്ടി ഇവന്‍ ചെയ്ത പാട്ടൊക്കെ സൂപ്പര്‍ഹിറ്റല്ലേ?''

അനസൂയവിശുദ്ധമായ ആ മറുപടി രവീന്ദ്രന്‍ മാഷേയും അത്ഭുതപ്പെടുത്തിയോ ? ''നിങ്ങള്‍ രണ്ടു പേരും ചേര്‍ന്നുണ്ടാക്കിയ ഒരു പാട്ട് എനിക്ക് ഇഷ്ടമാണ്.''-- ഞാന്‍ പറഞ്ഞു. ''പാലാഴി പൂമങ്കേ. രവിയേട്ടന്‍ സാധാരണ ചെയ്യാറുള്ള പാട്ടുകളില്‍ നിന്ന് വ്യത്യസ്തമായ ഒരു റൂട്ട് ആണ് അതിന്റെ. പിന്നെ ജയേട്ടന്റെയും വാണിയമ്മയുടേയും ആലാപനത്തിലെ റൊമാന്‍സ്. ബാക്ക് ഗ്രൗണ്ടില്‍ കേള്‍ക്കുന്ന ഇന്‍സ്ട്രുമെന്റ്‌സിലും ഉണ്ട് എന്തോ ഒരു വ്യത്യാസം.'' അത് ജയനെ മാത്രം മനസ്സില്‍ കണ്ട് ഉണ്ടാക്കിയ പാട്ടാണെന്ന് രവിയേട്ടന്‍.

യേശുദാസിന്റെ ഘനഗാംഭീര്യമാര്‍ന്ന ഹമ്മിംഗില്‍ നിന്ന് പാട്ട് തുടങ്ങിയതും ബസ് സ്റ്റാന്‍ഡില്‍ സ്വിച്ചിട്ടപോലെ നിശബ്ദത പടര്‍ന്നതും ഒപ്പം

സംഭാഷണം യേശുദാസിലെത്തിയതോടെ സ്വാഭാവികമായും ആവേശഭരിതനാകുന്നു രവിയേട്ടന്‍. പ്രമദവനം എന്ന പാട്ടിനെക്കുറിച്ചുള്ള അനുഭവം പങ്കുവെച്ചാണ് അദ്ദേഹം സംസാരം തുടങ്ങിയത്. സായാഹ്നത്തിരക്കില്‍ ഇരമ്പുന്ന കോട്ടയം ബസ് സ്റ്റാന്‍ഡും പരിസരവും. അന്തരീക്ഷം അങ്ങേയറ്റം ശബ്ദബഹുലം. തൊട്ടടുത്തു നിന്നു സംസാരിച്ചാല്‍ പോലും കേള്‍ക്കാനാവാത്ത അവസ്ഥ. കാതടപ്പിക്കുന്ന ആ ശബ്ദഘോഷത്തിലേക്ക് സമീപത്തെ റസ്റ്റോറണ്ടിലെ സ്പീക്കറില്‍ നിന്ന് പൊടുന്നനെ ''പ്രമദവനം'' ഒഴുകി വരുന്നു. യേശുദാസിന്റെ ഘനഗാംഭീര്യമാര്‍ന്ന ഹമ്മിംഗില്‍ നിന്ന് പാട്ട് തുടങ്ങിയതും ബസ് സ്റ്റാന്‍ഡില്‍ സ്വിച്ചിട്ടപോലെ നിശബ്ദത പടര്‍ന്നതും ഒപ്പം. നിലവിളിച്ചുകൊണ്ടിരുന്ന എയര്‍ ഹോണുകള്‍ ഉള്‍പ്പെടെ സകലചരാചരങ്ങളും മൗനം. എല്ലാവരും ഒരൊറ്റ ശബ്ദത്തിന് വേണ്ടി കാതോര്‍ത്തിരുന്ന പോലെ.

''പറഞ്ഞറിയിക്കാനാവില്ല ആ അനുഭൂതി.'' രവീന്ദ്രന്‍ മാസ്റ്ററുടെ വികാരഭരിതമായ വാക്കുകള്‍. ''ജീവിതത്തില്‍ ആദ്യമായിട്ടായിരുന്നു അത്തരമൊരു അനുഭവം. മലയാളിക്ക് യേശുദാസ് എന്താണെന്നും ആരാണെന്നും വിസ്മയപൂര്‍വ്വം തിരിച്ചറിയുകയായിരുന്നു ഞാന്‍. ആ ശബ്ദത്തിന്റെ മാസ്മര പ്രഭയില്‍ പ്രകൃതി പോലും വീര്‍പ്പടക്കി നിന്ന പോലെ. ബസ് സ്റ്റാന്‍ഡിന്റെ ഒരു മൂലയ്ക്ക് തൂണില്‍ ചാരി നിന്ന് ആ ഗാനം ആസ്വദിക്കവേ കണ്ണുകള്‍ നിറയുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു. നിനക്ക് കൂടി അവകാശപ്പെട്ടതാണല്ലോ ആ പാട്ട് എന്നാരോ കാതില്‍ മന്ത്രിച്ച പോലെ.''

കഥ പറഞ്ഞുതീര്‍ന്നതും തൊട്ടപ്പുറത്തെ സോഫയില്‍ നിന്നൊരു കൂര്‍ക്കം വലി. ദീര്‍ഘദൂരം ഡ്രൈവ് ചെയ്ത് ക്ഷീണിച്ച ജയേട്ടന്‍ അതിനകം ഉറക്കത്തിലേക്ക് വഴുതിവീണു കഴിഞ്ഞിരുന്നു. മണിക്കൂറിലേറെ നീണ്ട ഉറക്കം. യേശുദാസനുഭവങ്ങള്‍ മുഴുവന്‍ ആവേശപൂര്‍വം പങ്കുവെച്ച ശേഷം രവീന്ദ്രന്‍ മാഷ് നെടുവീര്‍പ്പിട്ടതും ജയേട്ടന്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നതും ഒരുമിച്ച്.

യാത്ര പറയവേ പഴയ സുഹൃത്തിനെ ബലിഷ്ഠമായ കരങ്ങളാല്‍ ചേര്‍ത്തുപിടിച്ചുകൊണ്ട് രവിയേട്ടന്‍ പറഞ്ഞു: ''ജയന് ഒരു പാട്ട് വെച്ചിട്ടുണ്ട്. പാടാന്‍ റെഡി ആയിക്കോ...''

ജയേട്ടന്‍ വെറുതെ ചിരിക്കുക മാത്രം ചെയ്തു. അതത്ര കാര്യമായി എടുത്തോ അദ്ദേഹം എന്ന് സംശയം. ''എന്നെ സമാധാനിപ്പിക്കാന്‍ പറഞ്ഞതാവും. അതിന്റെ ആവശ്യമൊന്നും ഇല്ല. എനിക്ക് അവനോട് പരിഭവമൊന്നും ഇല്ല.''-- തിരികെ അണ്ണാശാലൈ റോഡിലെ ഹോട്ടലിലേക്ക് കാറോടിക്കെ ജയേട്ടന്‍ ആത്മഗതമെന്നോണം പറഞ്ഞു.

പക്ഷേ, രവീന്ദ്രന്‍ മാസ്റ്റര്‍ വാക്കു പാലിച്ചു. ഒരു വര്‍ഷത്തിനകം ''നന്ദന''ത്തില്‍ ഭാവഗായകന് വേണ്ടി ഒന്നാന്തരമൊരു മെലഡി ഒരുക്കി അദ്ദേഹം: ''ആരും, ആരും കാണാതെ ചുണ്ടത്തെ ചെമ്പകമൊട്ടിന്മേല്‍ ചുംബന കുങ്കുമം തൊട്ടൂ ഞാന്‍....''

logo
The Fourth
www.thefourthnews.in