അടി വീഴേണ്ടിടത്ത് വീണിരിക്കും; കളം പിടിച്ച് 'ആർഡിഎക്സ്'

ആവർത്തിച്ചിട്ടുമുളള സ്ഥിരം ഫോർമുലയെങ്കിലും തിയേറ്ററിൽ ഇത്തരം അടി ഇടി മാസ് പടങ്ങൾക്ക് ഉള്ള സാധ്യതയെ കണ്ടറിഞ്ഞ് പ്രയോചനപ്പെടുത്തി എന്നതിലാണ് വിജയം

സെലിബ്രേഷൻ റിലീസായി ഒരു പടം തിയേറ്ററിലെത്തുമ്പോൾ ഏതൊക്കെ രീതിയിൽ കാഴ്ച്ചക്കാരെ ത്രസിപ്പിക്കാനാവണമെന്ന് ചോദിച്ചാൽ ഉദാഹരണമായി 'ആർ ഡി എക്സ്' പോലെ എന്ന് പറയാം. അടിമുടി ആക്ഷൻ രം​ഗങ്ങൾ കൊണ്ട് ഈ ഓണത്തിന് കളം പിടിച്ചിരിക്കുകയാണ് നഹാസ് ഹിദായത്തിന്റെ 'ആർഡി എക്സ്'. നഹാസിന്റേതായി മുമ്പ് യൂട്യൂബിൽ വന്ന 'കളർപ്പടം' എന്ന അരമണിക്കൂർ മാത്രം വരുന്ന ചെറുസിനിമ 15 മില്യൺ കാഴ്ച്ചക്കാരെ നേടിയതിന് പിന്നിലും ടാർ​ഗറ്റ് ഓഡിയൻസിന്റെ പൾസ് അറിഞ്ഞ് പടമിറക്കുക എന്ന സ്ട്രാറ്റജി തന്നെ ആയിരുന്നു. യൂട്യൂബ് യൂസേഴ്സിന് വേണ്ടത് അത്തരമൊരു സിനിമയാണെന്ന് തോന്നിയിരുന്നു എന്നായിരുന്നു അന്ന് സംവിധായകന്റെ കണക്കുകൂട്ടൽ. അതേ കണക്കുകൂട്ടലിൽ തന്നെയാണ് ഇന്നും 'ആർ ഡി എക്സു'മായി നഹാസ് തിയേറ്ററിലെത്തിയിരിക്കുന്നത്. വലിയ അവകാശവാദങ്ങളൊന്നുമില്ലാതെ ഒരു ഡീസന്റ് അടിപ്പടം എന്ന നിലയ്ക്കായിരുന്നു 'ആർ ഡി എക്സി'നെ പരിചയപ്പെടുത്തിയത്. അതിൽ 100% നീതി പുലർത്തുന്നു ചിത്രം.

ഷെയ്ൻ നി​ഗം, അന്റണി വർ​ഗീസ് പെപ്പെ, നീരജ് മാധവ്. മൂന്നുപേരുടേതും ഒന്നിനൊന്ന് മത്സരിച്ചുളള പ്രകടനമായിരുന്നു. ആക്ഷൻ ചിത്രങ്ങളിൽ മുമ്പേ തന്റേതായ ഇടം പിടിച്ചിട്ടുണ്ടെങ്കിൽ പോലും സ്ഥിരം ടെംപ്ലേറ്റിൽ നിന്ന് പുറത്തുചാടിയ പെപ്പെയെ ആണ് സിനിമ പരിചയപ്പെടുത്തുന്നത്. ഒപ്പം ഷെയ്ൻ നി​ഗത്തിനും നീരജിനും ആവുന്നതിന്റെ അങ്ങേയറ്റം വിലസാനായ കഥാപാത്രങ്ങൾ. നഞ്ചക്കിൽ പരിചയമില്ലാതിരുന്ന നീരജ് സേവിയറിനുവേണ്ടിയാണ് നഞ്ചക്ക് അഭ്യാസം പഠിച്ചെടുത്തത്. സംഘട്ടന രം​ഗങ്ങളിൽ ഒരിടത്തുപോലും പിഴവില്ലാതെ അനായാസ മെയ്വഴക്കത്തോടെ നീരജ് സേവിയറിനെ സേഫാക്കിയത് കാണാം. ആക്ഷനിൽ മൂന്നു പേർക്കും മൂന്ന് സ്റ്റൈലുകൾ ഉണ്ടെന്നതുതന്നെയാണ് ​സംഘട്ടന രം​ഗങ്ങൾ പ്രേക്ഷകന് സമ്മാനിക്കുന്ന ഹൈ.

വലിയ അവകാശവാദങ്ങളൊന്നുമില്ലാതെ ഒരു ഡീസന്റ് അടിപ്പടം എന്ന നിലയ്ക്കായിരുന്നു 'ആർ ഡി എക്സി'നെ പരിചയപ്പെടുത്തിയത്. അതിൽ 100% നീതി പുലർത്തുന്നു ചിത്രം

സംവിധായകന്റെ തന്നെ കഥയിൽ ഷബാസ് റഷീദും ആദർശ് സുകുമാരനും ചേർന്നാണ് തിരക്കഥ. ​പക്വമായ തിരക്കഥയിൽ അളന്നുമുറിച്ച സംവിധാനമാണ് സിനിമയെ മികച്ചതാക്കുന്ന ആദ്യ ഘടകം. സംഭവം മുമ്പും ഒരുപാട് കണ്ടിട്ടും ആവർത്തിച്ചിട്ടുമുളള സ്ഥിരം ഫോർമുല തന്നെയെങ്കിലും തിയേറ്ററിൽ ഇത്തരം അടി ഇടി മാസ് പടങ്ങൾക്ക് ഉള്ള സാധ്യതയെ കണ്ടറിഞ്ഞ് പ്രയോചനപ്പെടുത്തി എന്നതിലാണ് വിജയം. ഇടി വീഴേണ്ടിടത്ത് വീണിരിക്കും, സെന്റിമെന്റൽ ആവാനും അൽപം ഇടം, അത്യാവശ്യം റൊമാൻസും ഷെയ്നിന്റെ അസ്സൽ ഡാൻസ് നമ്പറും. തൊണ്ണൂറുകളെന്ന് തോന്നിപ്പിച്ചതിൽ ​പ്രണയഗാനത്തിന്റെ കൊരിയോ​ഗ്രഫിയ്ക്ക് വലിയ പങ്കുണ്ട്. സിനിമയുടെ റിലീസിന് മുമ്പ് വാരണം ആയിരത്തിന്റെ റെഫറൻസ് ഉപയോ​ഗിച്ചു എന്ന് ട്രോളുകളിൽ പറയപ്പെട്ടിരുന്ന ഹലബല്ലു എന്ന ​ഗാനം ചിത്രത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വിവാദങ്ങൾക്ക് ശേഷമാണോ അതോ ഹലബല്ലു വെറുമൊരു പ്രൊമോഷൻ മെറ്റീരിയൽ മാത്രമായിരുന്നോ എന്നറിയില്ല. എങ്കിലും ഹലബല്ലുവിൽ തോന്നിപ്പിച്ചത്ര പോലുമൊരു ക്രിഞ്ച് പഴമ സിനിമയിൽ ഒരിടത്തും അനുഭവപ്പെട്ടില്ല.

​അൻബറിവ് മാസ്റ്റേഴ്സിന്റെ പകരം വെക്കാനില്ലാത്ത ആക്ഷൻ കൊരിയോ​ഗ്രഫിയിൽ തിയേറ്റർ പൂരപ്പറമ്പായതിന് പിന്നിൽ അലക്സ് ജെ പുളിക്കലിന്റെ ​ഗംഭീര ക്യാമറ വർക്ക് തന്നെയാണ്. ഒപ്പം ഇരട്ടി ആവേശത്തിൽ സാം സി എസിന്റെ ബാക്​ഗ്രൗണ്ട് സ്കോറും. തൊണ്ണൂറുകൾ പുനസൃഷ്ടിക്കുമ്പോൾ ഏറ്റവും ശ്രദ്ധ കൊടുക്കേണ്ടുന്ന ഇടം കോസ്റ്റ്യൂമും മേക്കപ്പും ധന്യ ബാലകൃഷ്ണന്റേയും റോണക്സ് സേവിയറിന്റേയും കയ്യിൽ ഭദ്രമായിരുന്നു. ആദ്യ ആക്ഷൻ രം​ഗത്തിന് ബാക്​ഗ്രൗണ്ടിൽ വന്നുപോകുന്ന 'സീൻ മോനേ' റാപ്പ് ക്വാളിറ്റിയിൽ പതിവിൽ നിന്നും വേറിട്ടുനിർന്നു. ഉത്സവപ്പറമ്പിന്റെ പ്രതീതി സൃഷ്ടിച്ച ആർട്ട് വർക്കും സൗണ്ട് ഡിസൈനും ​ഗംഭീരമായി. ബാബു ആന്റണി, ലാൽ, ബൈജു, മഹിമ നമ്പ്യാർ, മാല പാർവ്വതി, നിഷാന്ത് സാ​ഗർ മുതൽ ഏറ്റവും ഒടുവിലെ ചെറിയ റോളിൽ തല്ലാൻ മാത്രമായി വന്നുപോകുന്നവർ വരെ പ്രകടനത്തിൽ ഒന്നിനൊന്ന് മികച്ചുനിന്നു. തിരക്കഥാകൃത്ത് ആദർശ് സുകുമാരൻ ചെയ്ത സുഹൃത്തിന്റെ വേഷവും ശ്രദ്ധിക്കപ്പെടുന്നതായി. വിഷ്ണു അ​ഗസ്ത്യ തന്റെ കരിയറിലെ ഇതുവരെ ചെയ്തിട്ടുളള ഏറ്റവും മികച്ച കഥാപാത്രമാക്കി മാറ്റി പോൾസൺ എന്ന വില്ലനെ.

Related Stories

No stories found.
logo
The Fourth
www.thefourthnews.in