ക്രിസ്റ്റഫർ: ആശയം പഴഞ്ചനെങ്കിലും ആറാട്ടോളം നിരാശപ്പെടുത്തില്ല

ക്രിസ്റ്റഫർ: ആശയം പഴഞ്ചനെങ്കിലും ആറാട്ടോളം നിരാശപ്പെടുത്തില്ല

ഒരു സീരിയൽ കില്ലർക്ക് കൊടുക്കേണ്ടുന്ന സഹതാപത്തിനപ്പുറം ഒരു പിന്തുണയും ക്രിസ്റ്റഫർ എന്ന നായകൻ അർഹിക്കുന്നില്ല

വളരെ ചെറിയൊരു ശതമാനം പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ പോന്ന ഒരു ഡീസന്റ് ത്രില്ലർ എന്ന് വേണമെങ്കിൽ ക്രിസ്റ്റഫറെ വിശേഷിപ്പിക്കാം. കൊമേഴ്ഷ്യൽ സിനിമയ്ക്ക് അത്യാവശ്യം വേണ്ട ചില ചേരുവകളൊക്കെ ചേർത്ത് തന്നെയാണ് ഒരുക്കിയിട്ടുളളത്. അപ്പോഴും പത്തു വർഷം മുമ്പ് ഇറങ്ങിയിരുന്നെങ്കിൽ പോലും പുതുമ അവകാശപ്പെടാൻ മാത്രം എന്തെങ്കിലും ഈ സിനിമയിൽ ഉണ്ടോ എന്നത് സംശയമാണ്. ആൾക്കൂട്ടക്കൊലപാതകവും പോലീസ് എൻകൗണ്ടറും ഇങ്ങനെ ആഘോഷിക്കപ്പെട്ടിരുന്ന കാലം യഥാർഥത്തിൽ കഴിഞ്ഞുപോയതല്ലേ?

എപ്പൊഴോ മനസിൽ കയറിക്കൂടിയ ട്രോമയിൽ നിന്നുകൊണ്ട് കൊലപാതകങ്ങൾ ചെയ്യുന്ന ഒരു സീരിയൽ കില്ലർക്ക് കൊടുക്കേണ്ടുന്ന സഹതാപത്തിനപ്പുറം ഒരു പിന്തുണയും ക്രിസ്റ്റഫർ എന്ന നായകൻ അർഹിക്കുന്നില്ല. കയ്യടി നേടിയെടുക്കാൻ തിയേറ്ററിലും ഈ കഥാപാത്രത്തിനായിട്ടില്ല. ഫ്ലാഷ്ബാക്ക് എത്രവലിയ കദനകഥ ആണെങ്കിൽ കൂടി ക്രിസ്റ്റഫർ നടത്തുന്ന കൊലപാതകങ്ങൾക്കൊന്നും അതൊരു ന്യായീകരണവുമല്ല. അതുകൊണ്ടുതന്നെ തിരക്കഥയുടെ പോരായ്മ കൊണ്ട് പ്രതാപം നഷ്ടപ്പെട്ട പരിതാപകരമായൊരു നായകസൃഷ്ടി എന്ന് നിസ്സംശയം ക്രിസ്റ്റഫറിനെ വിശേഷിപ്പിക്കാം.

ക്രിസ്റ്റഫറെ പോലുളള പോലീസുകാരെയാണ് നമുക്ക് വേണ്ടതെന്ന് സോഷ്യൽ മീഡിയ പറയുന്നു എന്ന് മുഖ്യമന്ത്രി പോലും ആവർത്തിക്കുന്നത് അങ്ങേയറ്റം വെറുപ്പിക്കലാണ്. സ്വന്തം രാജ്യത്തെ നിയമസംവിധാനത്തിൽ വിശ്വാസമില്ലാത്ത ഒരു മുഖ്യമന്ത്രി ഒരു രീതിയിലും മാതൃകാപരമല്ല. ഒന്നുകിൽ അഴിമതിക്കാരൻ, അല്ലെങ്കിൽ എൻകൗണ്ടർ സപ്പോർട്ടർ എന്ന നിലയ്ക്കുളള പൊലീസുകാരും കഥയുടെ പോരായ്മ തന്നെയാണ്.

കൈവെക്കുന്ന എല്ലാ കേസുകൾക്കും സ്വന്തം നീതി നടപ്പാക്കുന്ന ചിന്താമണിക്കൊലക്കേസിലെ സുരേഷ്​ഗോപിയുടെ അഡ്വ ലാൽ കൃഷ്ണ പോലും പിന്നീട് കയ്യടിക്കേണ്ട കഥാപാത്രമല്ലെന്ന് വിധിയെഴുതിയ പ്രേക്ഷകർക്ക് മുന്നിലേയ്ക്കാണ് പുതിയ കുപ്പിയിലാക്കിയ പഴയ വീഞ്ഞുമായി ബി ഉണ്ണികൃഷ്ണനും ഉദയകൃഷ്ണയും വരുന്നത്. അത്യാവശ്യം ഇമ്പമുളള മാസ് ബിജിഎമ്മും സ്ലോമോഷനും കൊടുത്തിട്ട് പോലും ഡയലോ​ഗുകൾക്ക് വേണ്ടത്ര പഞ്ച് കൊടുക്കാൻ ഉദയകൃഷ്ണയുടെ എഴുത്തിന് കഴിഞ്ഞിട്ടില്ല. സൃഷ്ടിയും സ്ഥിതിയുമല്ല, സംഹാരമൂർത്തിയാണ് താൻ, എന്ന പോലുളള വീര്യം നഷ്ടപ്പെട്ട ഡയലോ​ഗുകളുടെ അതിപ്രസരമാവാം അതിന് കാരണം.

ഒരു പോലീസ് ഉദ്യോ​ഗസ്ഥന്റെ ക്രൈം റെക്കോഡിൽ വരാൻ സാധ്യതയുളള ഒട്ടുമിക്ക കേസുകളും അതുമായി ബന്ധപ്പെട്ടുനിൽക്കുന്ന വ്യക്തികളും സിനിമയിൽ വന്നുപോകുന്നുണ്ട്. തിരക്കഥയോട് നീതി പുലർത്തുന്ന അഭിനയം അവർ കൊടുത്തിട്ടുമുണ്ട്. ഒരുപാട് പേർക്ക് സ്ക്രീൻ സ്പേയ്സ് കൊടുത്ത, വലിയ ക്യാൻവാസിൽ ചെയ്തെടുത്ത മമ്മൂട്ടി ചിത്രമായിരുന്നിട്ട് കൂടി ആ സാധ്യതകളെയൊന്നും പ്രയോചനപ്പെടുത്താൻ കഥയ്ക്ക് സാധിച്ചില്ല. സംവിധാനത്തിലും എഡിറ്റിലുമെല്ലാം ചില പിഴവുകൾ പ്രകടമാണ്. ക്രിസ്റ്റഫർ ചെറുപ്പമായിരുന്ന കാലം മുതൽ ഇതുവരെയുളള പല സംഭവങ്ങളെയും ചേർത്താണ് കഥ പറയുന്നത്.

പഴയതും പുതിയതുമൊയ ഏതൊരു കഥ പറയുമ്പോഴും മമ്മൂട്ടി കാഴ്ചയിൽ ഒന്നുതന്നെ. ആ കുട്ടി ആമിന വലുതായതാണ് ഐശ്വര്യ ലക്ഷ്മി എന്ന് സ്വയം പൂരിപ്പിച്ചെടുത്താൽ മാത്രം കാലം മനസിലാക്കിപ്പോകാം. ഓരോ സംഭവങ്ങളും തമ്മിലുളള അകലവും അടുപ്പവും വ്യക്തതയോടെ പറഞ്ഞുകൊടുക്കാൻ കഴിയാതെ പോയതിന് പിന്നിൽ എഡിറ്റിങ്ങിലെ പിഴവിനൊപ്പം മമ്മൂട്ടിയുടെ അപ്പിയറൻസിനും പങ്കുണ്ട്. മമ്മൂട്ടിയെക്കൊണ്ട് കാര്യമായൊന്നും ചെയ്യിക്കാനും ഉണ്ണികൃഷ്ണന് കഴിഞ്ഞിട്ടില്ല. അഭിനയ പരീക്ഷണങ്ങളിലൂടെ സ്വയം പുതുക്കിക്കൊണ്ടിരിക്കുന്ന മമ്മൂട്ടി, സാവധാനം കയറിവന്ന പടിമുകളിൽ നിന്ന് ഒറ്റയടിക്ക് താഴെ വീണതുപോലെയായി.

ഫൈസ് സിദ്ദീഖിന്റെ ക്യാമറയും സുപ്രീം സുന്ദറിന്റെ സ്റ്റണ്ട് കോറിയോ​ഗ്രാഫിയും ജസ്റ്റിൻ വർ​ഗീസിന്റെ മ്യൂസിക്കും ത്രില്ലർ മൂഡ് നിലനിർത്താൻ സഹായമായിട്ടുണ്ട്. അമലാ പോളിന്റെ പോലീസ് വേഷവും വിനയ് റായിയുടെ വില്ലൻ കഥാപാത്രവും ആശ്വാസമായിരുന്നു. ബി ഉണ്ണികൃഷ്ണനും ഉദയകൃഷ്ണയും മമ്മൂട്ടിക്ക് വേണ്ടി ഒരുമിക്കുന്നു എന്ന് കേട്ടപ്പോൾ മുതൽ ആറാട്ട് ആവർത്തിക്കല്ലേ എന്ന് പ്രേക്ഷകർ ആ​ഗ്രഹിച്ചിരുന്നു. പറഞ്ഞുവയ്ക്കുന്ന ആശയം പഴഞ്ചനെങ്കിലും ആറാട്ടോളം മോശമായില്ല, ഒറ്റത്തവണ തിയേറ്ററിൽ കാണാനുളള വക തരുന്നുണ്ട് ക്രിസ്റ്റഫർ.

logo
The Fourth
www.thefourthnews.in