കൂടുതൽ സസ്പെൻസുമായി റൊഷാക്ക് : ചിത്രം നാളെ തിയേറ്ററുകളിൽ
Google

കൂടുതൽ സസ്പെൻസുമായി റൊഷാക്ക് : ചിത്രം നാളെ തിയേറ്ററുകളിൽ

ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്ററും ടീസറും പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകര്‍

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമായ റൊഷാക്ക് നാളെ തീയേറ്ററുകളിൽ. നിസാം ബഷീർ സംവിധാനം ചെയ്യുന്ന റൊഷാക്ക് നിഗൂഢതകൾ നിറഞ്ഞ പോസ്റ്ററുകൾ കൊണ്ടും ടീസറുകൾ കൊണ്ടും നേരത്തെ വലിയ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. റിലീസിന് മുൻപായി ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്ററും ടീസറും പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകരിപ്പോൾ. പതിവുപോലെ സസ്പെന്‍സ് നിറഞ്ഞ പുതിയ പോസ്റ്ററും ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. ചിത്രത്തിൻ്റെ അഡ്വാൻസ് ബുക്കിംഗ് ദ്രുതഗതിയിൽ മുന്നേറുകയാണ്.

ലെയേർഡ് പ്ലോട്ടുള്ള ഒരു 'എക്‌സ്ട്രീം ത്രില്ലർ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിത്രത്തിൽ, നിഗൂഢമായ ഭൂതകാലമുള്ള ലൂക്ക് ആന്റണിയുടെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ എന്നിങ്ങനെ നീളുന്നു ചിത്രത്തിലെ താരനിര.

ആസിഫ് അലിയുടെ റൊമാന്റിക് ഡ്രാമയായ 'കെട്ടിയോളാണെന്റെ മാലാഖ'യ്ക്ക് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് റൊഷാക്ക്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് സമീര്‍ അബ്ദുളാണ് .

logo
The Fourth
www.thefourthnews.in