മുംബൈ പോലീസിൻ്റെ 10 വർഷം: 'ആ കഥാപാത്രം ചെയ്യാൻ ധൈര്യം കാണിച്ചത് പൃഥ്വിരാജ് മാത്രം', -  റോഷൻ ആൻഡ്രൂസ്

മുംബൈ പോലീസിൻ്റെ 10 വർഷം: 'ആ കഥാപാത്രം ചെയ്യാൻ ധൈര്യം കാണിച്ചത് പൃഥ്വിരാജ് മാത്രം', - റോഷൻ ആൻഡ്രൂസ്

ബോബി സഞ്ജയിന്റെ തിരക്കഥയിൽ പൃഥ്വിരാജ് ചിത്രം അടുത്തവർഷം;ഡീഗോ ഗാർഷ്യ എന്ന ബിഗ് ബജറ്റ് ഹിന്ദിചിത്രം ഉടൻ തുടങ്ങും;ദ ഫോർത്തിനോട് മനസ് തുറന്ന് റോഷൻ ആൻഡ്രൂസ്

മലയാള സിനിമയ്ക്ക് ഏറെ ഹിറ്റ് ചിത്രങ്ങള്‍ നല്‍കിയ സംവിധായകനാണ് റോഷന്‍ ആന്‍ഡ്രൂസ്. സിനിമയില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ തീരെ മടിയില്ലാത്ത സംവിധായകൻ കൂടിയാണ് അദ്ദേഹം. അങ്ങനെ കേരളത്തെ തന്നെ ഞെട്ടിച്ചു കൊണ്ട് 10 വര്‍ഷം മുമ്പ് 2013 മെയ് 3ന് റിലീസ് ചെയ്ത ചിത്രമാണ് മുംബൈ പോലീസ്. നായകന്‍ തന്നെ വില്ലനായി എത്തിയ അതിശയകരമായ ഒരു ത്രില്ലര്‍ ചിത്രം. അന്നുവരെ മെയിന്‍സ്ട്രീം സിനിമകളില്‍ കാണാത്തതായ ഒരു ആശയമായിരുന്നു ചിത്രത്തിന്റെ ക്ലൈമാക്‌സ്.

സ്വവർഗാനുരാഗം പരാമർശ വിഷയമാകുന്നൊരു ചിത്രംചെയ്യാനിടയായതിനെപ്പറ്റി, സംവിധാനം ചെയ്ത 12 ചിത്രങ്ങളില്‍ ഒമ്പതും വലിയ വിജയമാക്കിയ സംവിധായകന്റെ വരാനിരിക്കുന്ന ചിത്രങ്ങളെ കുറിച്ച്, കലാകാരനെന്ന നിലയില്‍ വേറിട്ട പാതയില്‍ സഞ്ചരിച്ചപ്പോള്‍ നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ച് റോഷന്‍ ആന്‍ഡ്രൂസ് ദി ഫോര്‍ത്തിനോട് മനസ്സ് തുറക്കുന്നു.

കേരളം പോലുള്ള ഒരു കണ്‍സര്‍വേറ്റീവായ സമൂഹത്തില്‍ മുംബൈ പോലീസിലെ ക്ലൈമാക്‌സിന്റെ ആശയം അവതരിപ്പിക്കുക വെല്ലുവിളിയായിരുന്നോ?

ചിത്രത്തിന്റെ ക്ലൈമാക്‌സ് എങ്ങനെ വേണമെങ്കിലും ആകാമായിരുന്നു. കേരളത്തിലെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ജൂറിയായിരുന്ന സമയത്താണ് ഗേ സമൂഹത്തെ ആസ്പദമാക്കിയുള്ള സിനിമകള്‍ കാണുന്നത്. എന്ത് കൊണ്ട് ഇത് മലയാളത്തില്‍ ആയിക്കൂടാ എന്ന ചിന്തയിലാണ് ഈ ആശയം സജ്ഞയുമായി പങ്കുവച്ചത്. അതിനുശേഷം പൃഥ്വിയുടെ അടുത്ത് പറഞ്ഞപ്പോള്‍ പൃഥ്വിയും ഇത് ചെയ്യാന്‍ തയ്യാറായി.

ആ ഒരു കാലഘട്ടത്തില്‍ സിനിമ ഇറക്കുമ്പോള്‍ അത് കാലങ്ങള്‍ കഴിഞ്ഞാലും നിലനില്‍ക്കണം എന്ന് തോന്നിയത് കൊണ്ടാണ് അങ്ങനെ ഒരു കോണ്‍സെപ്റ്റ് എടുത്തത്. അത് ആളുകള്‍ അംഗീകരിച്ചു, കുറേ ആളുകളിലേയ്ക്ക് അത് എത്തി. ഈ സമൂഹത്തെ ആളുകള്‍ അംഗീകരിക്കാന്‍ തുടങ്ങി. എന്നാല്‍ സ്വവർഗാനുരാഗം പ്രമേയമാക്കുകയായിരുന്നില്ല ഇതിന്റെ ലക്ഷ്യം. വില്ലനും നായകനും ഒരാള്‍ തന്നെ ആയിരിക്കുക എന്ന സഞ്ജയുടെ ഐഡിയയാണ് ഇതിലെ മുഖ്യ ആകര്‍ഷണം.

മുംബൈ പോലീസിന്റെ റൈറ്റ്‌സ് വിറ്റ് പോയിട്ടും അത് അന്യഭാഷകളില്‍ റീമേക്ക് ചെയ്യപ്പെട്ടില്ല?

അതിന് പൃഥ്വിയെ പോലെ മനക്കരുത്തുള്ള നടന്‍മാരെ വേണം. പൃഥ്വിരാജ് എന്ന നടനാണ് മുംബൈ പോലീസിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം. പൃഥ്വിരാജിന് തന്നെയാണ് ഈ സിനിമയുടെ എല്ലാ ക്രെഡിറ്റും കൊടുക്കുന്നത്. ആ കാലഘട്ടത്തില്‍ അദ്ദേഹത്തിന് വേണമെങ്കില്‍ നോ പറയാം. ആന്റണി മോസസ് പൃഥ്വിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ്. മുംബൈയിലൊക്കെ ചെല്ലുമ്പോള്‍ പൃഥ്വിയെ ആളുകള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് ആന്റണി മോസസിനെ വച്ചിട്ടാണ്. പൃഥ്വിരാജ് ധൈര്യത്തോടെ ഇതിലേക്ക് വന്നതാണ് മുംബൈ പോലീസിനെ ഇത്രയും മനോഹരമാക്കിയത്.

Roshan Andrews

പൃഥ്വിരാജ് എന്ന നടനാണ് മുംബൈ പോലീസിന്റെ ഏറ്റവും വലിയ പ്രധാനപ്പെട്ട ഘടകം. ആന്റണി മോസസ് പൃഥ്വിവിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ്.

ഗേ കഥാപാത്രം ഇന്നും മുന്‍നിരയിലെ നായകന്‍ എടുക്കാന്‍ ധൈര്യപെടാത്ത ഒന്നാണ്, ഒരു സൂപ്പര്‍ സ്റ്റാര്‍ എന്ന നിലയില്‍ ആന്‍റണി മോസസാകാന്‍ അദ്ദേഹം മടികാട്ടിയിരുന്നോ?

പൃഥ്വി ആദ്യം തന്നെ ഓകെ പറയുകയായിരുന്നു. കഥ കേട്ടപ്പോള്‍ തന്നെ ത്രില്ലടിച്ച് ഇത് ചെയ്യണമെന്ന രീതിയില്‍ സംസാരിച്ചു. ക്ലൈമാക്‌സിലെ ആ സീന്‍ (റൂമിലെ രംഗം) തന്നെ ഷൂട്ട് ചെയ്തത് വളരെ നന്നായിട്ടാണ്. ആ റൂമില്‍ ആകെ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. ആ അഞ്ച് പേരില്‍ നിന്ന് രാജുവിനോട് എങ്ങനെ ചെയ്യാം എന്നത് മുഴുവനായും വര്‍ക്ക് ഔട്ട് ചെയ്തിട്ടാണ് ആ രംഗം ഷൂട്ട് ചെയ്തത്. അതുവരെ ക്രൂ അംഗങ്ങള്‍ ഉള്‍പ്പെടെ ആര്‍ക്കും ക്ലൈമാക്‌സ് എന്തെന്ന് അറിയില്ലായിരുന്നു. അങ്ങനെയാണ് അത് ചെയ്തത്. പത്ത് വര്‍ഷം കഴിയുമ്പോഴും ആ സിനിമ നിലനില്‍ക്കുന്നു എന്നതാണ് ആ സിനിമയുടെ വിജയം.

Roshan Andrews

ഒന്നുമില്ലാതിടത്ത് നിന്ന് വന്നയാളാണ് ഞാന്‍. തുടങ്ങിയത് പൂജ്യത്തില്‍ നിന്നായത് കൊണ്ട് താഴേയ്ക്ക് വീഴുമെന്നൊരു ഭയമില്ല.

മുംബൈ പോലീസ് മാത്രമല്ല, വെല്ലുവിളികള്‍ വേറെയും എടുത്തിട്ടുണ്ടല്ലോ? സൂപ്പര്‍താരങ്ങള്‍ ഒന്നും ഇല്ലാതെ നോട്ട് ബുക്ക് പോലൊരു ചിത്രം.

ഒന്നുമില്ലാതിടത്ത് നിന്ന് വന്നയാളാണ് ഞാന്‍. തുടങ്ങിയത് പൂജ്യത്തില്‍ നിന്നായത് കൊണ്ട് താഴേയ്ക്ക് വീഴുമെന്നൊരു ഭയമില്ല. വീണിടത്ത് നിന്നാണ് കയറിവന്നത്. ഉദനാണ് താരം എന്ന സിനിമ അത്രയും താരങ്ങളെ വച്ച് ചെയ്തതിന് ശേഷമാണ് നോട്ട് ബുക്ക് വന്നത്. അത് ആരും തൊടാത്തതായ ഒരു വിഷയം ചെയ്യണം എന്ന് കരുതി ചെയ്തതാണ്. പിന്നീട് ചെയ്തത് 'ഇവിടം സ്വര്‍ഗമാണ്'. മൂന്ന് സിനിമയും മൂന്ന് തരത്തില്‍ ഉള്ളവയാണ്.

കാസിനോവ ചെയ്തപ്പോള്‍ ഞാന്‍ താഴെ പോയി. അത് പൊട്ടി തകര്‍ന്നപ്പോഴാണ് മുംബൈ പോലീസും ഹൗ ഓള്‍ഡ് ആര്‍ യൂവുമായി തിരികെ വന്നത്. പിന്നെ സ്‌കൂള്‍ ബസ് ചെയ്തു. അത് താഴെ വീണു, അപ്പോള്‍ കായം കുളം കൊച്ചുണ്ണിയും പ്രതി പൂവന്‍ കോഴിയും വന്നു. ഇപ്പോല്‍ സാറ്റര്‍ ഡേ നൈറ്റ് താഴെ വീണു. ഇനി വരുമ്പോള്‍ നല്ലതായി തന്നെ വരും.

എല്ലാ ചിത്രങ്ങളും ഒരു പരീക്ഷണമാണ്. സാറ്റര്‍ഡേ നൈറ്റ് 'ഡ്യൂഡിസം' എന്ന ആത്മീയ ജീവിതരീതിയെപ്പറ്റിയാണ്. എന്നാല്‍ ആ ഒരു സംവിധാനം ഇവിടെ എത്തിയിട്ടില്ല.

സ്ഥിരമായി ഓടി കൊണ്ടിരിക്കുന്ന ബസ്സിന്റെ ഡ്രൈവര്‍ ആയിരിക്കാന്‍ എനിക്ക് താത്പര്യമില്ല. ഞാന്‍ എന്ന സംവിധായകനെ എനിക്ക് തന്നെ ചലഞ്ച് ചെയ്യണം എന്നാഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. അതില്‍ കല്ലെറികളും കയ്യടികളും കിട്ടും. അതെല്ലാം സഹിച്ച് കൊണ്ട് മുമ്പോട്ട് പോകുക എന്നതാണ് എന്റെ രീതി. ഞാന്‍ ചെയ്യുന്ന ജോലികളില്‍ ഞാന്‍ ഹാപ്പിയാണ്.

Roshan Andrews

സ്ഥിരമായി ഓടി കൊണ്ടിരിക്കുന്ന ബസ്സിന്റെ ഡ്രൈവര്‍ ആയിരിക്കാന്‍ എനിക്ക് താത്പര്യമില്ല

സോഷ്യല്‍ മീഡിയ ആക്രമണങ്ങളെ എങ്ങനെയാണ് നേരിടുന്നത്?

നോട്ട് ബുക്ക് ഇറങ്ങിയപ്പോള്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൂവൽ കിട്ടിയ സിനിമ ആയിരുന്നു അത്. പിന്നീട് ആ ചിത്രം നൂറ് ദിവസത്തില്‍ കൂടുതല്‍ ഓടി. ഒരു സിനിമ പരാജയപ്പെടുമ്പോള്‍ ശരിക്കും പരാജയപ്പെടുന്നത് സിനിമാക്കാരല്ല. പകരം ആ സിനിമയും സിനിമയുടെ കണ്ടന്റും അതിനുള്ള പരിശ്രമവുമാണ്. ഒരോ ചിത്രങ്ങളും ഒരോ പരീക്ഷണങ്ങളാണ്. ചില കണ്ടന്റുകള്‍ ആളുകളിലേയ്ക്ക് എത്തില്ല. സോഷ്യല്‍ മീഡിയയില്‍ നിന്ന് പറയുന്നവര്‍ക്ക് എന്തും പറയാം. അതൊരു പ്രത്യേക തരത്തിലുള്ള സ്ഥലമാണ്. അതില്‍ നമുക്കൊന്നും പറയാന്‍ ഇല്ല. നമ്മള്‍ നമ്മുടെ ജോലി ചെയ്യുക അത്രയും ഉള്ളു. സോഷ്യല്‍ മീഡിയ ഉണ്ടാകുമെന്നോര്‍ത്തല്ല ഞാന്‍ സിനിമയില്‍ വന്നത്.

ഇനിയും പരീക്ഷിക്കാത്ത ഏതെങ്കിലും ഴോണർ ഉണ്ടോ?

ഞാന്‍ ഒരു അഡ്വഞ്ചര്‍ മൂവി ചെയ്യാന്‍ പോകുന്നുണ്ട്. ഡീഗോ ഗാര്‍ഷ്യ എന്നാണ് പേര്. ഹിന്ദിയിലാകും തുടങ്ങുക. അതിനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ആദ്യം അത് മലയാളത്തില്‍ ചെയ്യണം എന്നായിരുന്നു ആഗ്രഹം. എന്നാല്‍ മലയാളത്തില്‍ ഇത്രയും ബഡ്ജറ്റും കാത്തിരിപ്പും വലുതാണ്. അഞ്ച് വര്‍ഷത്തോളമായി അത് ചെയ്യാന്‍ കാത്തിരുന്നു. ഏഴ് വര്‍ഷത്തോളമായി അതിനുള്ള പ്രയത്നത്തിലായിരുന്നു. എന്നാല്‍ മലയാളത്തില്‍ അത്രയും ഒരു ബഡ്ജറ്റ് പ്രായോഗികമല്ല. ഇനിയും അതിനായി കാത്തിരിക്കാന്‍ പറ്റാത്തത് കൊണ്ടാണ് ഈ ഒരു പ്ലാറ്റ്‌ഫോമിന്റെ സഹായത്തോടെ അത് ചെയ്യാമെന്ന് കരുതിയത്. ഒരു വലിയ പ്ലാറ്റ്ഫോമിന് അതിന്റെ ആശയം ഇഷ്ടപ്പെട്ടിട്ടുണ്ട്. അതും ഒരു പരീക്ഷണ ചിത്രമാണ്.

ഷാഹിദ് കപൂറിനൊപ്പമുള്ള ചിത്രം മുംബൈ പോലീസിന്റെ റീമേയ്ക്കാണോ?

അതൊരു പോലീസ് സിനിമയാണ്. ചിത്രത്തെ കുറിച്ച് കൂടുതല്‍ ഒന്നും പറയാന്‍ സാധിക്കില്ല. ഈ വര്‍ഷം ഡിസംബര്‍ അവസാനത്തോട് കൂടി അതിന്റെ ചിത്രീകരണം തുടങ്ങും.

മലയാളത്തില്‍ ചെയ്യാനുള്ള സിനിമകള്‍ പ്ലാനിലുണ്ടോ?

പൃഥ്വിരാജുമായിട്ടൊരു സിനിമ പ്ലാന്‍ ചെയ്യുന്നുണ്ട്. ബോബി സജ്ഞയ് ആണ് തിരക്കഥയെഴുതുന്നത്. ഇതുവരെ ഞങ്ങള്‍ പരീക്ഷിക്കാത്ത ഒരു തരം സിനിമയാണ്. അടുത്ത വര്‍ഷത്തോട് കൂടി തുടങ്ങണം. ശക്തനായ ഒരു നിര്‍മ്മാതാവുണ്ട്. അതിന്റെ ജയപരാജയത്തെ കുറിച്ച് അറിയില്ല.

logo
The Fourth
www.thefourthnews.in