'അത്ഭുതപ്പെടുത്തിയ പ്രകടനം';
ജിഗർതണ്ട ഡബിൾ എക്സിലെ നിമിഷ സജയന്റെ അഭിനയത്തെ പുകഴ്ത്തി എസ് ജെ സൂര്യ

'അത്ഭുതപ്പെടുത്തിയ പ്രകടനം'; ജിഗർതണ്ട ഡബിൾ എക്സിലെ നിമിഷ സജയന്റെ അഭിനയത്തെ പുകഴ്ത്തി എസ് ജെ സൂര്യ

ചിത്രത്തിന്റെ പ്രൊമോഷൻ ഭാ​ഗമായി കൊച്ചിയിൽ നടന്ന ചടങ്ങിൽ എസ് ജെ സൂര്യയോടൊപ്പം നടൻ രാഘവ ലോറൻസും ഷൈൻ ടോം ചാക്കോയും പങ്കെടുത്തു

ജിഗർതണ്ട ഡബിൾ എക്സിലെ മലയാളിയായ നിമിഷാ സജയന്റെ പ്രകടനത്തെ പുകഴ്ത്തി നടൻ എസ് ജെ സൂര്യ. നിമിഷയുടെ പ്രകടനത്തെ ഞെട്ടിക്കുന്നതെന്നാണ് സൂര്യ വിശേഷിപ്പിച്ചത്. സിനിമാ നടനാകാൻ വേണ്ടിയാണ് താൻ സംവിധായകനായതെന്നും കൊച്ചിയിൽ നടന്ന ജിഗർതണ്ട ഡബിൾ എക്സിന്റെ പ്രൊമോഷൻ പരിപാടിയിൽ സൂര്യ പറഞ്ഞു.

സൂര്യയോടൊപ്പം നടൻ രാഘവ ലോറൻസും ഷൈൻ ടോം ചാക്കോയും പത്രസമ്മേളനത്തിൽ പങ്കെടുത്തു. സംവിധായകൻ കാർത്തിക് സുബ്ബരാജ് വിളിച്ചപ്പോൾ ജിഗർതണ്ട രണ്ടാം ഭാഗം എന്നറിഞ്ഞിരുന്നില്ലെന്നും താൻ ആദ്യമായി ഡബ്ബ് ചെയ്ത തമിഴ് സിനിമയാണ് ജിഗർതണ്ട ഡബിൾ എക്സ് എന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു.

ചിത്രം ആരംഭിക്കുന്നത് തന്നെ ഷൈനിൽ നിന്നാണെന്നും എല്ലാവർക്കും ആസ്വദിക്കാൻ പറ്റിയ ഈ ചിത്രത്തിൽ ഇതുവരെ കാണാത്ത ലോറൻസിനെയാകും കാർത്തിക് സുബ്ബരാജ് അവതരിപ്പിക്കുന്നതെന്നും അണിയറക്കാർ വ്യക്തമാക്കി. നവംബർ 10 ന് ദീപാവലി റിലീസായി എത്തുന്ന ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ്. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ബുക്ക് മൈ ഷോയിൽ ആരംഭിച്ചു.

1975 കാലഘട്ടം പശ്ചാത്തലമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഫൈവ് സ്റ്റാര്‍ ക്രിയേഷന്‍സിന്റെയും സ്റ്റോണ്‍ ബെഞ്ച് ഫിലിംസിന്റെ ബാനറില്‍ കാര്‍ത്തികേയന്‍ സന്താനവും കതിരേശനും ചേര്‍ന്നാണ് ജിഗര്‍തണ്ട രണ്ടാം ഭാഗം നിര്‍മിക്കുന്നത്. സന്തോഷ് നാരാണനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. തിരുനവുക്കരാസു ആണ് ഛായാഗ്രഹണം. ചിത്രത്തിന്റെ ട്രെയിലറിന് 19 മില്യണിൽ പരം കാഴ്ചക്കാരാണ് മൂന്നു ദിവസത്തിനുള്ളിൽ ലഭിച്ചത്.

logo
The Fourth
www.thefourthnews.in