ഐ എം വിജയനെ കീഴടക്കി  എസ് ജാനകിയുടെ 'സ്നേഹഗോൾ'

ഐ എം വിജയനെ കീഴടക്കി എസ് ജാനകിയുടെ 'സ്നേഹഗോൾ'

തെന്നിന്ത്യയുടെ ഗാനകോകിലവും കളിക്കളത്തിലെ "കാലോ ഹരിനും'' (കറുത്ത മാൻ) തമ്മിലുള്ള സമാഗമം കണ്ടുനിൽക്കേ കാതുകളിൽ അതുവരെ കേൾക്കാത്ത ഒരു ആരവം മുഴങ്ങുന്നു

ഇന്ന് തെന്നിന്ത്യയുടെ ഗാനകോകിലം എസ് ജാനകിയുടെ എൺപത്തഞ്ചാം പിറന്നാൾ; മറ്റന്നാൾ (ഏപ്രിൽ 25) ഫുട്ബോളിലെ സുവർണ്ണതാരം ഐ എം വിജയൻറെ അൻപത്തിനാലാം പിറന്നാളും. ഇരുവരും തമ്മിലുള്ള ഒരപൂർവ സംഗമത്തിന് സാക്ഷിയായതിന്റെ ഓർമ്മ പങ്കുവെക്കുകയാണ് രവി മേനോൻ

പന്തുകളിപ്രേമിയല്ല എസ് ജാനകി. ജീവിതത്തിലെന്നെങ്കിലും ഒരു ഫുട്ബാൾ മത്സരം നേരിൽ കണ്ടിട്ടുണ്ടോ എന്നുപോലും സംശയം. അത്ഭുതമില്ല; പാട്ടിന്റെ മൈതാനത്ത് പിറന്നവയാണല്ലോ അവരുടെ മിന്നുന്ന 'ഗോളുകൾ' മുഴുവൻ. എന്നിട്ടും, മുന്നിൽ വന്നു വിനയാന്വിതനായി നിന്ന പന്തുകളിക്കാരനെ ആദരപൂർവം വന്ദിച്ചുകൊണ്ട് ജാനകിയമ്മ പറഞ്ഞു: "സങ്കടം തോന്നുന്നു എനിക്ക്, ഫുട്ബാളിനെ കുറിച്ച് മോനോട് ഒന്നും സംസാരിക്കാൻ കഴിയാത്തതിൽ. എന്ത് ചെയ്യാം? ഈശ്വരൻ എന്നെ ഇങ്ങോട്ടയച്ചത് പാടാൻ വേണ്ടിയായിപ്പോയില്ലേ?''

തെന്നിന്ത്യയുടെ ഗാനകോകിലവും കളിക്കളത്തിലെ "കാലോ ഹരിനും'' (കറുത്ത മാൻ) തമ്മിലുള്ള സമാഗമം കണ്ടുനിൽക്കേ കാതുകളിൽ അതുവരെ കേൾക്കാത്ത ഒരു ആരവം മുഴങ്ങുന്നു. പാട്ടും പന്തുകളിയും കൂടിക്കലർന്ന കോഴിക്കോടൻ "സിംഫണി'' പോലെ

ചിരിച്ചുകൊണ്ട് ഐ എം വിജയന്റെ മറുപടി: "സാരമില്ല, അമ്മേ. മ്മളെ മൂപ്പർ ഇങ്ങോട്ട് വിട്ടത് പന്തുകളിക്കാൻ വേണ്ടി മാത്രല്ലേ? പാട്ടിന്റെ കാര്യത്തിൽ ഞാനും വട്ടപ്പൂജ്യം....'' വിജയന്റെ വാക്കുകളിലെ നിഷ്കളങ്ക നർമ്മം ആസ്വദിച്ച് ചിരിക്കുന്നു ജാനകിയമ്മ. അപൂർവങ്ങളിൽ അപൂർവമായ ആ കൂടിക്കാഴ്ചയ്ക്ക് നിമിത്തമാകാനും സാക്ഷിയാകാനും കഴിഞ്ഞത് എന്നിലെ മാധ്യമപ്രവർത്തകന്റെ മഹാഭാഗ്യം. തെന്നിന്ത്യയുടെ ഗാനകോകിലവും കളിക്കളത്തിലെ "കാലോ ഹരിനും'' (കറുത്ത മാൻ) തമ്മിലുള്ള സമാഗമം കണ്ടുനിൽക്കേ കാതുകളിൽ അതുവരെ കേൾക്കാത്ത ഒരു ആരവം മുഴങ്ങുന്നു. പാട്ടും പന്തുകളിയും കൂടിക്കലർന്ന കോഴിക്കോടൻ 'സിംഫണി' പോലെ.

സങ്കടം തോന്നുന്നു എനിക്ക്, ഫുട്ബാളിനെ കുറിച്ച് മോനോട് ഒന്നും സംസാരിക്കാൻ കഴിയാത്തതിൽ. എന്ത് ചെയ്യാം? ഈശ്വരൻ എന്നെ ഇങ്ങോട്ടയച്ചത് പാടാൻ വേണ്ടിയായിപ്പോയില്ലേ?

നേരിൽ കാണണമെന്ന് പറഞ്ഞു ജാനകിയമ്മ വിളിക്കുമ്പോൾ വിജയനുമുണ്ട് എന്റെ കൂടെ. കോഴിക്കോട്ട് ഒരു സംഗീതപരിപാടിക്ക് എത്തിയതാണ് അമ്മ. ഞങ്ങളാകട്ടെ, വിജയന്റെ പുതിയ അക്കാദമിയുടെ ധനശേഖരണാർത്ഥം നടത്താനിരുന്ന സെലബ്രിറ്റി ഫുട്ബാൾ മത്സരത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് വന്നതും. ജാനകിയമ്മയെ കാണാൻ പോകുന്ന കാര്യം അറിഞ്ഞപ്പോൾ വിജയൻ പറഞ്ഞു: "രവിയേട്ടാ, ഞാനും വരുന്നുണ്ട് ങ്ങടെ കൂടെ. ന്താ ആ അമ്മടെ ഒരു ശബ്ദം. ഇനിക്കൊന്ന് വെറുതെ കണ്ടാ മതി. ങ്ങള് സംസാരിച്ചോളീ. ന്നെ പരിചയപ്പെടുത്തുകയൊന്നും വേണ്ട. ഞാൻ ഒരു സൈഡിൽ മിണ്ടാണ്ടെ കേട്ടുനിന്നോളാം..'' സ്വതസിദ്ധമായ ശൈലിയിൽ വിജയന്റെ അപേക്ഷ.

താജ് ഹോട്ടലിലെ മുറിയിൽ കടന്നുചെന്നയുടൻ പ്രതിജ്ഞ ലംഘിച്ചുകൊണ്ട്, ഇന്ത്യൻ ഫുട്ബാളിലെ മിന്നും താരത്തെ സ്വരദേവതയ്ക്ക് പരിചയപ്പെടുത്തുകയാണ് ആദ്യം തന്നെ ചെയ്തത്. കൗതുകത്തോടെ വിജയനെ അടിമുടി നോക്കി ജാനകിയമ്മ; പിന്നെ ഇരുന്ന ഇരിപ്പിൽ നിന്നെഴുന്നേറ്റ് അതിഥിയെ താണുവണങ്ങി. അപ്രതീക്ഷിതമായ ആ പ്രതികരണത്തിന്റെ ഞെട്ടലിലാവണം, അടുത്ത നിമിഷം പ്രിയഗായികയുടെ പാദങ്ങളിൽ സാഷ്ടാംഗം നമസ്കരിക്കുന്നു കളിക്കളത്തിലെ കറുത്ത മുത്ത്.

"അമ്മയെ കണ്ട് സംസാരിക്കുക എന്നത് എന്റെ വലിയൊരു മോഹമായിരുന്നു.''-- വാത്സല്യപൂർവ്വം തന്നെ പിടിച്ചെഴുന്നേൽപ്പിച്ച ഗായികയോട് വിജയൻ വികാരാധീനനായി പറഞ്ഞു. "തൃശൂരിൽ ഗാനമേളക്ക് പാടാൻ വന്നപ്പോ ഞാൻ കൊതിയോടെ കേൾക്കാൻ കാത്തുനിന്നിട്ടുണ്ട്. ദൂരെ നിന്നേ കാണാൻ പറ്റൂ. ടിക്കറ്റൊന്നും എടുത്ത് മുൻപിൽ പോയിരിക്കാൻ പറ്റില്ലല്ലോ. പക്ഷേ ആ ശബ്ദം മറന്നിട്ടില്ല. തുമ്പീ വാ, ഓലത്തുമ്പത്തിരുന്ന് ഊയലാടും ചെല്ലപ്പൈങ്കിളി, മഞ്ഞണിക്കൊമ്പിൽ....കേട്ടാലും കേട്ടാലും മതിവരാത്ത പാട്ടുകൾ...'' അത്ഭുതത്തോടെ വിജയന്റെ സംസാരം ശ്രദ്ധിച്ചു നിന്ന ജാനകിയമ്മയുടെ മുഖം ഇന്നുമുണ്ട് ഓർമ്മയിൽ.

കൗതുകത്തോടെ വിജയനെ അടിമുടി നോക്കി ജാനകിയമ്മ; പിന്നെ ഇരുന്ന ഇരിപ്പിൽ നിന്നെഴുന്നേറ്റ് അതിഥിയെ താണുവണങ്ങി. അപ്രതീക്ഷിതമായ ആ പ്രതികരണത്തിന്റെ ഞെട്ടലിലാവണം, അടുത്ത നിമിഷം പ്രിയഗായികയുടെ പാദങ്ങളിൽ സാഷ്ടാംഗം നമസ്കരിക്കുന്നു കളിക്കളത്തിലെ കറുത്ത മുത്ത്.

പിറ്റേന്നത്തെ ഗാനമേളയിൽ പാടേണ്ട പാട്ടുകളെ കുറിച്ച് ചർച്ച ചെയ്യാനാണ് ജാനകിയമ്മ വിളിച്ചത്. "കുറച്ചു പാട്ടുകളല്ലേ പരിപാടിയിൽ പാടാൻ പറ്റൂ. വലിയൊരു ലിസ്റ്റാണ് ഇവിടെ ഓർഗനൈസേഴ്സ് കൊണ്ടുവെച്ചിരിക്കുന്നത്. അൻപത് പാട്ടുകളെങ്കിലും കാണും അതിൽ. കുറെ എണ്ണം ഒഴിവാക്കണം.'' മഹാഗായിക പാടേണ്ട പാട്ടുകൾ തിരഞ്ഞെടുക്കുക എന്ന "വിശിഷ്ട" ദൗത്യത്തിന് നിയോഗിച്ചതിന് ഈശ്വരനോട് നന്ദി പറഞ്ഞു ഞാൻ.

ജാനകിയമ്മയുമായി ചർച്ച ചെയ്ത് ഓരോ പാട്ടുകളായി വെട്ടി മാറ്റവേ , അടുത്തിരുന്ന് വിജയൻ കാതിൽ ചോദിച്ചു: "അപ്പൊ ങ്ങള് ഇതിന്റേം ആളാ?'' ചിരകാല സുഹൃത്തായ ഫുട്ബാൾ ലേഖകനെ അതുപോലൊരു റോളിൽ ആദ്യമായി കാണുകയായിരുന്നല്ലോ വിജയൻ.

യാത്രയാക്കവേ വിജയന്റെ കൈകൾ ചേർത്തുപിടിച്ച് ജാനകിയമ്മ പറഞ്ഞു: "വലിയ സന്തോഷം. കളിക്കാരൻ എന്ന് കേട്ടപ്പോൾ വളരെ ടഫ് ആയിരിക്കും എന്നാണ് കരുതിയത്. നിങ്ങൾ വളരെ സോഫ്റ്റ്. എപ്പോഴും ചിരിച്ചുകൊണ്ടേ ഇരിക്കുന്നു ... ഈ ചിരി ഒരിക്കലും മായാതിരിക്കട്ടെ.'' വികാരവായ്പ്പോടെ ആ വാക്കുകൾ കേട്ടുനിന്നു വിജയൻ. പിന്നെ ഒരിക്കൽ കൂടി അമ്മയുടെ പാദങ്ങളിൽ നമസ്കരിച്ചു. പാട്ടിലെ റാണിക്ക് കളിയിലെ രാജകുമാരന്റെ ആദരം.

തിരിച്ചുപോരുമ്പോൾ മഹാഗായികയുടെ വിനയത്തെക്കുറിച്ചു മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ വിജയന്. "എത്ര വലിയ പാട്ടുകാരി. നമ്മളൊക്കെ അവരുടെ മുൻപിൽ എത്രയോ ചെറിയ മനുഷ്യർ. എന്നിട്ടും എത്ര ബഹുമാനത്തോടെയാണ് അവർ സംസാരിച്ചത്. സത്യം പറയാലോ, എന്റെ കണ്ണ് നെറഞ്ഞു പോയി.'' -- അത്ഭുതം തോന്നിയില്ല. കണ്ണുകളിലെ നേർത്ത നനവ് മറച്ചുവെക്കാൻ പാടുപെടുകയായിരുന്നല്ലോ ഞാനും

എത്ര വലിയ പാട്ടുകാരി. നമ്മളൊക്കെ അവരുടെ മുൻപിൽ എത്രയോ ചെറിയ മനുഷ്യർ. എന്നിട്ടും എത്ര ബഹുമാനത്തോടെയാണ് അവർ സംസാരിച്ചത്. സത്യം പറയാലോ, എന്റെ കണ്ണ് നെറഞ്ഞു പോയി

ഇന്നലെ സംസാരിച്ചപ്പോൾ, ആ പഴയ നിമിഷങ്ങൾ വീണ്ടും ഞങ്ങളുടെ ഓർമ്മയിൽ നിറഞ്ഞു. രണ്ടു പതിറ്റാണ്ടുകൾ എത്ര വേഗം കടന്നുപോയി. "രവിയേട്ടാ, ദാസേട്ടനെ നമ്മൾ ചെന്ന് കണ്ടപോലെ ന്റെ ജീവിതത്തിലെ വലിയ ഭാഗ്യമായിരുന്നു ജാനകിയമ്മയെ കാണാൻ പറ്റിയതും. ഒരിക്കലും മറക്കില്ല ആ ദിവസം''-- വിജയൻ പറഞ്ഞു. "ഈശ്വരൻ അവർക്ക് ആയുരാരോഗ്യ സൗഖ്യം നൽകട്ടെ.''

എസ് ജാനകിയും ഐ എം വിജയനും. പ്രത്യക്ഷത്തിൽ യാതൊരു ബന്ധവുമില്ലാത്ത രണ്ടു മേഖലകളിൽ തിളങ്ങിനിന്നവർ. അവരുടെ ഹൃദയങ്ങളെ ഇണക്കിച്ചേർത്തത് സംഗീതമല്ലാതെ മറ്റെന്ത്? സ്നേഹവും വിനയവും ആ സംഗീതത്തിന്റെ ആധാരശ്രുതികൾ. സ്വന്തം കഴിവുകളിൽ തരിമ്പും അഹങ്കരിക്കാത്തവരാണ് ഇരുവരും. ജീവിതത്തെ പ്രസാദാത്മകമായി നോക്കിക്കാണുന്നവരും.

കൗതുകം തോന്നാം. മറ്റൊരു ``ജന്മബന്ധം'' കൂടിയുണ്ട് അവർക്കിടയിൽ. ജാനകിയമ്മ ജനിച്ചത് ഏപ്രിൽ 23 ന്. വിജയൻ 25 നും-- ജന്മദിനങ്ങൾ തമ്മിൽ ഒരൊറ്റ നാളിന്റെ ഇടവേള മാത്രം.

logo
The Fourth
www.thefourthnews.in