എസ് എൻ സ്വാമി സംവിധായകനാകുന്നു; ധ്യാനാണോ നായകന്‍?
ഷൂട്ടിങ് തുടങ്ങിയ ശേഷമേ  വാ തുറക്കൂവെന്ന് സ്വാമി

എസ് എൻ സ്വാമി സംവിധായകനാകുന്നു; ധ്യാനാണോ നായകന്‍? ഷൂട്ടിങ് തുടങ്ങിയ ശേഷമേ വാ തുറക്കൂവെന്ന് സ്വാമി

അച്ഛനൊപ്പം തമിഴ്നാട്ടിൽ നിന്നുളള ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ശിവറാം തന്റെ ഇൻസ്റ്റ​ഗ്രാം പ്രൊഫൈലിൽ സ്റ്റോറിയായി പങ്കുവച്ചിരുന്നു

72-ാം വയസിൽ സംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കാന്‍ തിരക്കഥാകൃത്ത് എസ് എൻ സ്വാമി. എന്നാല്‍ സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ അദ്ദേഹം തയ്യാറായില്ല. ചിത്രത്തെക്കുറിച്ച് ഇപ്പോള്‍ മാധ്യമങ്ങളിൽ വരുന്ന വാർത്തകളിൽ തനിക്ക് യാതൊരുവിധ ഉത്തരവാദിത്വവുമില്ല. പുറത്തുവരുന്ന വിവരങ്ങൾ തന്നിൽ നിന്ന് ശേഖരിച്ചവയല്ലെന്നും, ഏപ്രിൽ 15-ാം തീയതി, വിഷു ദിനത്തിൽ ടൗൺ ഹാളിൽ നടക്കാനിരിക്കുന്ന പൂജാ ചടങ്ങിൽ മാത്രമേ സിനിമയെ കുറിച്ച് വാ തുറക്കൂ എന്നും എസ് എൻ സ്വാമി ദ ഫോർത്ത് ന്യൂസിനോട് പ്രതികരിച്ചു.

തമിഴ് പശ്ചാത്തലമാണെന്നും ധ്യാനാണ് നായകനെന്നും അവരുടെ മനോധർമ്മം പോലെ എഴുതി താവാം. അതിനെ കുറിച്ചൊന്നും ഞാനിപ്പോൾ പറയുന്നില്ല. ഷൂട്ടിങ് തുടങ്ങിയതിന് ശേഷമേ ഞാൻ വാ തുറക്കൂ.
എസ് എൻ സ്വാമി

'മാധ്യമങ്ങളിൽ വരുന്ന വാർത്തകളിൽ ഉത്തരവാദിത്വമില്ല. എനിക്ക് ആ വാർത്തയുമായി യാതൊരു ബന്ധവുമില്ല. എവിടെ നിന്നൊക്കെയോ ശേഖരിച്ച വിവരങ്ങളിന്മേൽ വന്ന വാർത്തയാണ്. ഞാനീ കാര്യത്തിൽ ആരോടും പ്രതികരിച്ചിട്ടില്ല. തമിഴ് പശ്ചാത്തലമാണെന്നും ധ്യാനാണ് നായകനെന്നും എഴുതിയവരുടെ മനോധർമം പോലെ ചെയ്തതാകാം. അതിനെ കുറിച്ചൊന്നും ഞാനിപ്പോൾ പറയുന്നില്ല. 15-ാം തീയതി ടൗൺഹാളിൽ നടക്കുന്ന പരിപാടിയിൽ മാധ്യമ സുഹൃത്തുക്കൾക്കെല്ലാം ക്ഷണമുണ്ടാകും. ഷൂട്ടിങ് തുടങ്ങിയതിന് ശേഷം മാത്രമേ ഞാൻ വാ തുറക്കൂ.' എസ് എൻ സ്വാമി പറഞ്ഞു.

സിനിമാമേഖലയിൽ നിന്നാണ് എസ് എൻ സ്വാമിയുടെ വരാനിരിക്കുന്ന ചിത്രത്തെ കുറിച്ചുളള വാർത്തകൾ പുറത്തു വന്നത്. 'ഒരു സിബിഐ ഡയറിക്കുറിപ്പ്', 'ഇരുപതാം നൂറ്റാണ്ട്' തുടങ്ങി അൻപതോളം മികച്ച ത്രില്ലർ സിനിമകളെഴുതിയ സ്വാമി ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം പക്ഷേ,ത്രില്ലറാവില്ലെന്നാണ് റിപ്പോർട്ടുകള്‍. തമിഴ് ബ്രാഹ്മണ പശ്ചാത്തലത്തിലൊരുങ്ങുന്ന പ്രണയകഥ ആയിട്ടാണ് ചിത്രം എത്തുന്നതെന്നാണ് സൂചന. സ്വാമിയുടെ മകൻ ശിവറാമാണ് ചിത്രത്തിന്റെ സഹസംവിധായകൻ. അച്ഛനൊപ്പം തമിഴ്നാട്ടിൽ നിന്നുളള ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ശിവറാം തന്റെ ഇൻസ്റ്റ​ഗ്രാം പ്രൊഫൈലിൽ സ്റ്റോറിയായി പങ്കുവെച്ചിരുന്നു.

ധ്യാൻ ശ്രീനിവാസനാണ് നായകൻ. സിനിമയുടെ പൂജ വിഷു ദിവസം കൊച്ചിയിൽ നടക്കും. എറണാകുളത്തപ്പൻ ക്ഷേത്രക്ഷേമസമിതി പ്രസിഡന്റായ പി രാജേന്ദ്ര പ്രസാദാണ് നിർമാണരം​ഗത്ത്. തിരുച്ചെന്തിരൂർ പോലുള്ള തമിഴ് ഗ്രാമങ്ങളിൽ തിരക്കിലാണ് സ്വാമി എന്നാണ് അണിയറക്കാരിൽ നിന്നും ലഭിക്കുന്ന വിവരം. 1980-ൽ പുറത്തിറങ്ങിയ 'ചക്കരയുമ്മ' എന്ന സിനിമയിലൂടെ തിരക്കഥാകൃത്തായാണ് എസ് എൻ സ്വാമി മലയാള സിനിമയിലെത്തുന്നത്. പിന്നീട് സാമ്പത്തിക വിജയം നേടിയ ഒട്ടേറെ ത്രില്ലർ സിനിമകളിലൂടെ അദ്ദേഹം ശ്രദ്ധേയനായി.

logo
The Fourth
www.thefourthnews.in