മമ്മൂട്ടി ആരാധികയായി അഹാന : നാൻസിറാണിയുടെ രണ്ടാം പോസ്റ്റർ പുറത്തുവിട്ടു

മമ്മൂട്ടി ആരാധികയായി അഹാന : നാൻസിറാണിയുടെ രണ്ടാം പോസ്റ്റർ പുറത്തുവിട്ടു

ചിത്രം ഡിസംബറിൽ തീയേറ്ററുകളിൽ എത്തും

അഹാന കൃഷ്ണകുമാർ പ്രധാനവേഷത്തിൽ എത്തുന്ന നവാഗതനായ ജോസഫ് മനു ജെയിംസ് ചിത്രം 'നാൻസി റാണി'യുടെ രണ്ടാമത്തെ പോസ്റ്റർ പുറത്തിറങ്ങി. മെഗാസ്റ്റാർ മമ്മൂട്ടിയുടെ കടുത്ത ആരാധികയായ നാൻസി എന്ന പെൺകുട്ടിയുടെ കഥ പറയുന്നതാണ് ചിത്രം. അഹാനക്കൊപ്പം അർജുൻ അശോകനും ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിക്കുന്നു. അഹാനയുടെ പിറന്നാൾ ദിവസം പുറത്തുവിട്ട ചിത്രത്തിന്റെ ആദ്യ പോസ്റ്റർ വലിയ സ്വീകാര്യത നേടിയിരുന്നു. ഡിസംബറിൽ ചിത്രം തീയേറ്ററുകളിൽ എത്തും.

കൈലാത്ത് ഫിലിംസ്, മനു ജെയിംസ് സിനിമാസ്, പ്രോംപ്റ്റ് പ്രോഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ റോയ് സെബാസ്റ്റിയന്‍ കൈലാത്ത്, ജോണ്‍ ഡബ്ല്യു വര്‍ഗീസ്, നൈന മനു ജെയിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അജു വര്‍ഗീസ്, ലാല്‍, ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍, മാമുക്കോയ, സണ്ണി വെയിന്‍, കോട്ടയം പ്രദീപ്, അബു സലീം, ഇന്ദന്‍സ്, ധ്രുവന്‍, തെന്നൽ, ലെന, ഇര്‍ഷാദ് അലി, അനീഷ് മേനോന്‍, വൈശാഖ് നായര്‍, മാലാ പാര്‍വ്വതി, ജോളി ചിറയത്ത്, നന്ദു പൊതുവാള്‍, ദേവി അജിത്ത്, സുധീര്‍ കരമന, അസീസ് നെടുമങ്ങാട്, സോഹന്‍ സീനുലാല്‍ തുടങ്ങി മുപ്പതിലധികം താരങ്ങളാണ് ചിത്രത്തില്‍ വേഷമിടുന്നത്. ഒപ്പം നൂറ്റിമുപ്പതിലധികം പുതുമുഖങ്ങളും നാന്‍സി റാണിയിലൂടെ അരങ്ങേറുന്നു.

മമ്മൂട്ടി ആരാധികയായ നാൻസി എന്ന പെൺകുട്ടിയുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് സിനിമ. നാൻസിയുടെ സിനിമ മോഹവും സിനിമയിലേക്ക് എത്തിപ്പെടാൻ നാൻസി നടത്തുന്ന പോരാട്ടങ്ങളും രസകരമായി അവതരിപ്പിക്കുന്ന ഒന്നാവും ചിത്രം. മുൻപ് സമനാശയത്തിൽ പുറത്തുവന്ന ചിത്രമായിരുന്നു 2018 ൽ പുറത്തിറങ്ങിയ 'മോഹൻലാൽ'. മെഗാസ്റ്റാർ മോഹൻലാലിൻറെ കടുത്ത ആരാധികയാണ് ചിത്രത്തിൽ മഞ്ജുവാരിയർ അവതരിപ്പിച്ച കഥാപാത്രം. മഞ്ജുവിന്റെ കഥാപാത്രമായ മീനുക്കുട്ടിക്ക് നടനോടുള്ള ആരാധനയും അതിനോടനുബന്ധിച്ചു മീനുക്കുട്ടിയുടെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും ആണ് ചിത്രത്തിന്റെ പ്രമേയം. 'നമ്പർ 20 മദ്രാസ്' മെയിൽ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ ആരാധകനായ ചെറുപ്പക്കാരന്റെ വേഷം ആയിരുന്നു മോഹൻലാൽ ചെയ്തിരുന്നത്. പക്ഷെ സിനിമാ ആരാധകനെ കുറിച്ച് ആയിരുന്നില്ല ചിത്രമെങ്കിലും മോഹൻലാലിന്റെ കഥാപാത്രം വലിയ പ്രതിസന്ധിയിലാകുമ്പോൾ അവിചാരിതമായി മമ്മൂട്ടി രക്ഷകനാകുന്നുണ്ട്.

2004 ൽ സാബു ജെയിംസ് സംവിധാനം ചെയ്ത ഐആം ക്യൂരിയസ് എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലെത്തിയ മനു ജെയിംസ് മലയാളം, തെലുങ്ക്, കന്നട, ബോളിവുഡ്, ഹോളിവുഡ് സിനിമകളില്‍ പ്രവര്‍ത്തിച്ച പരിചയത്തോടെയാണ് സംവിധായകനാകുന്നത്. സിനിമ പഠിക്കാനാഗ്രഹിക്കുന്ന അമ്പതോളം വിദ്യാര്‍ത്ഥികളും പ്രോഡക്ഷന്‍ ടീമിന്റെ ഭാഗമാകുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് രാകേഷ് നാരായണന്‍ ആണ്. പശ്ചാത്തല സംഗീതം സ്വാതി മനു പ്രതീകും സംഗീതം ഒരുക്കിയിരിക്കുന്നത് മനു ഗോപിനാഥ്, ടാവോ ഇസാരോ, അമിത് സി മോഹന്‍, നിഹാല്‍ മുരളി, അഭിത് ചന്ദ്രന്‍, സ്റ്റീവ് മാനുവല്‍ ജോമി, മിഥുന്‍ മധു എന്നിവർ ചേർന്നുമാണ്.

logo
The Fourth
www.thefourthnews.in