റെക്കോർഡുകൾ തകർത്ത് പഠാൻ ; ആരോപണങ്ങൾക്ക് മറുപടി പറഞ്ഞ്  ഷാരൂഖ്

റെക്കോർഡുകൾ തകർത്ത് പഠാൻ ; ആരോപണങ്ങൾക്ക് മറുപടി പറഞ്ഞ് ഷാരൂഖ്

ആറ് ദിവസം കൊണ്ട് 500 കോടി ക്ലബിൽ ഇടം നേടി പഠാൻ ; കലാകാരൻമാർ ആരുടെയും വികാരം വൃണപ്പെടുത്തില്ലെന്ന് ഷാരൂഖ് ഖാൻ

പ്രതീക്ഷിച്ചതിലും വേഗത്തിൽ റെക്കോർഡുകൾ തകർത്ത് ബോക്സ് ഓഫീസിൽ പഠാൻ തരംഗം . ആറ് ദിവസം കൊണ്ട് ചിത്രം 500 കോടി ക്ലബിൽ ഇടം നേടി. 542 കോടി രൂപയാണ് ഇതുവരെയുള്ള വരുമാനം . ഏറ്റവും വേഗത്തിൽ 200 കോടി ക്ലബിൽ ഇടം നേടിയ ചിത്രമെന്ന റെക്കോർഡും ഇനി പഠാന് സ്വന്തം. കെജിഎഫ് 2 വിനെയും ബാഹുബലിയെയും പിന്തള്ളിയാണ് പഠാൻ റെക്കോർഡ് നേടിയത്.

അതേസമയം ചിത്രത്തിനെതിരെ ഉയർന്ന ആരോപണങ്ങൾക്ക് ഷാരൂഖ് മറുപടിയും നൽകി. സന്തോഷവും, സാഹോദര്യവും, സ്‌നേഹവും, ദയയും കാഴ്ചക്കാരനിലേക്ക് എത്തിക്കുന്ന സ്രോതസാണ് സിനിമ. അഭിനേതാക്കള്‍ വെറും കഥാപാത്രങ്ങള്‍ മാത്രമാണ്. അവർക്ക് ആരുടെയും വികാരം വൃണപ്പെടുത്താന്‍ ആവില്ലെന്നാണ് വിവാദങ്ങൾക്ക് ഷാരൂഖിന്റെ മറുപടി.

വ്യത്യസ്തമായ സംസ്‌കാരവും, ഐക്യവുമാണ് ഇന്ത്യയുടെ സൗന്ദര്യം. അതാണ് രാജ്യത്തെ പിടിച്ചു നിര്‍ത്തുന്നത് . പുതിയ രീതിയിലും, വ്യത്യസ്തമായ രീതിയിലും കഥപറയാനാണ് സിനിമകൾ ശ്രമിക്കുന്നത്, പ്രധാനമായും പുതുതലമുറയുടെ രീതിയില്‍. മറിച്ച് ആരെയും പരിഹസിക്കാനല്ലെന്നും ഷാരൂഖ് കൂട്ടിച്ചേര്‍ത്തു.

ആരാധകരാണ് തന്റെ സുരക്ഷിതമായ ഇടം. അവരോടൊപ്പം ചെലവഴിക്കുന്ന സമയം തനിക്ക് ആത്മവിശ്വാസവും ശക്തിയും പകരുന്നതാണ്. സിനിമയില്ലാത്ത കാലത്തും അവര്‍ തന്നെ സ്‌നേഹിക്കുമെന്നും ഷാരൂഖ് പറഞ്ഞു

പഠാനിലെ സഹതാരങ്ങളായ ദീപിക പദുക്കോണിനെയും, ജോണ്‍ എബ്രഹാമിനെയും 1977 പുറത്തിറങ്ങിയ അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലെ കഥാപാത്രങ്ങളോട് ഉപമിച്ചാണ് ഷാരൂഖ് നിലവിലെ സാഹചര്യം വിശദീകരിച്ചത്. ചിത്രത്തില്‍ നായിക വേഷത്തിലെത്തിയ ദീപിക പദുക്കോണ്‍ അമറാണ്, ഞാന്‍ അക്ബറും, ജോണ്‍ എബ്രഹാം അന്തോണിയുമാണ്. സംസ്കാരത്തിന്റെ പേരിലൊണെങ്കിലും, മറ്റേത് രീതിയിലാണെങ്കിലും ഈ കഥാപാത്രങ്ങള്‍ തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. ഞങ്ങള്‍ പരസ്പരം സ്‌നേഹിക്കുന്നു. അതു കൊണ്ടാണ് മറ്റൊരു വേര്‍ത്തിരിവുകളുമില്ലാതെ ഞങ്ങള്‍ക്ക് ഒരുമിച്ച് സിനിമയെടുക്കാന്‍ സാധിക്കുന്നത്.

മോഹന്‍ ദേശായിയുടെ സംവിധാനത്തില്‍ 1977 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അമര്‍ അക്ബര്‍ അന്തോണി. കുട്ടിക്കാലത്ത് വേര്‍പ്പിരിഞ്ഞ്, വ്യത്യസ്ത മതത്തിലുള്ളവര്‍ എടുത്തുവളര്‍ത്തുന്ന സഹോദരങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്.

logo
The Fourth
www.thefourthnews.in