ഷാരൂഖ് ഖാൻ ചിത്രം ജവാനിലെ രംഗങ്ങൾ ചോർത്തിയവർക്ക് നോട്ടീസ് ; നിയമ നടപടിക്കൊരുങ്ങി നിർമാതാക്കൾ

ഷാരൂഖ് ഖാൻ ചിത്രം ജവാനിലെ രംഗങ്ങൾ ചോർത്തിയവർക്ക് നോട്ടീസ് ; നിയമ നടപടിക്കൊരുങ്ങി നിർമാതാക്കൾ

സിനിമയിലെ രണ്ടാമത്തെ ഗാനം അടുത്ത ആഴ്ച റിലീസ് ചെയ്യും

ഷാരൂഖ് ഖാന്‍ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം 'ജവാനി'ലെ രംഗങ്ങൾ ചോർത്തിയ അഞ്ച് ട്വിറ്റര്‍ അക്കൗണ്ട് ഉടമകൾക്ക് നോട്ടീസ് അയച്ച് പോലീസ്. സിനിമയുടെ രംഗങ്ങള്‍ മോഷ്ടിച്ച് ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റര്‍ടെയ്ൻമെന്റ് വ്യാഴാഴ്ച മുംബൈയിലെ സാന്താക്രൂസ് പോലീസ് സ്റ്റേഷനില്‍ നൽകിയ പരാതിയിലാണ് നടപടി

എന്നാല്‍, ട്വിറ്റര്‍ അക്കൗണ്ടുകളിലൊന്ന് മാത്രമാണ് നോട്ടീസ് സ്വീകരിച്ചത്. ജവാന്‍ ക്ലിപ്പുകള്‍ ഓണ്‍ലൈനില്‍ ചോരുന്നത് ഇതാദ്യമല്ല. ഈ വര്‍ഷം ഏപ്രിലിലും സിനിമയിലെ രംഗങ്ങള്‍ വിവിധ മാധ്യമങ്ങളിലൂടെ ചോര്‍ന്നിരുന്നു. തുടര്‍ന്ന് ഷാരൂഖ് ഖാന്റെയും ഭാര്യ ഗൗരി ഖാന്റെയും ഉടമസ്ഥതയിലുള്ള പ്രൊഡക്ഷന്‍ ഹൗസായ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ് ഡൽഹി കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.

പിന്നാലെ ഡല്‍ഹി ഹൈക്കോടതി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍, വെബ്സൈറ്റുകള്‍, കേബിള്‍ ടിവി ഔട്ട്ലെറ്റുകള്‍, ഡിടിഎച് സേവനങ്ങള്‍, മറ്റ് പ്ലാറ്റ്ഫോമുകള്‍ എന്നിവയോട് ജവാന്റെ ചോര്‍ന്ന രംഗങ്ങള്‍ നീക്കംചെയ്യാന്‍ നിര്‍ദ്ദേശിക്കുകയും അവ പ്രചരിപ്പിക്കരുതെന്നും നിർദേശിച്ചിരുന്നു

സിനിമയിലെ രംഗങ്ങള്‍ ചോരാതിരിക്കുന്നതിനായി ജവാനിന്റെ ചിത്രീകരണ സമയത്ത് റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ് സെറ്റില്‍ മൊബൈലുകളും മറ്റ് റെക്കോഡിങ് ഉപകരണങ്ങളും നിരോധിച്ചിരുന്നു.

അതേസമയം സിനിമയിലെ അടുത്ത ഗാനം അടുത്ത ആഴ്ച പുറത്തിറങ്ങും. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ചിത്രത്തിലെ ആദ്യ ഗാനം 'സിന്ദാ ബന്ദാ' യൂടുബില്‍ വലിയ തരംഗമായിരുന്നു.

തമിഴ് ഡപ്പാന്‍ കൂത്ത് ശൈലിയില്‍ ഗാനം ഒരുക്കിയിരിക്കുന്നത് തമിഴ് സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറാണ്. ചടുലനൃത്തരംഗങ്ങള്‍ക്ക് പ്രാധാന്യം കൊടുത്ത ഗാനമായിരുന്നു സിന്ദാ ബന്ദാ. എന്നാല്‍ അടുത്തത് ഷാരൂഖ് ഖാനും നയന്‍താരയും തമ്മിലുള്ള പ്രണയ ഗാനമായിരിക്കുമെന്നാണ് സൂചന. ഹിന്ദി സിനിമ സംവിധായിക ഫറാ ഖാനാണ് കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്.

തമിഴ് സംവിധായകന്‍ അറ്റ്‌ലി ഹിന്ദി സിനിമ അരങ്ങേറ്റം കൂടിയാണ് 'ജവാന്‍'. സിനിമയില്‍ വില്ലനായി എത്തുന്നത് തമിഴ് സൂപ്പര്‍താരം വിജയ് സേതുപതിയാണ്. സാനിയ മല്‍ഹോത്ര, റിദ്ദി ഡോഗ്ര, പ്രിയാമണി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കൂടാതെ ദീപിക പദുക്കോണും ജവാനില്‍ അഥിതി വേഷത്തില്‍ എത്തുന്നുണ്ട്. ജാവന്‍ സെപ്റ്റംബര്‍ 7ന് തീയേറ്ററുകളില്‍ എത്തും.

logo
The Fourth
www.thefourthnews.in