'വൺ ഹെൽ ഓഫ് എ ബ്ലഡി നൈറ്റ്'; ഷാഹിദ് കപൂര്‍ ചിത്രം ബ്ലഡി ഡാഡി ട്രെയ്‌ലര്‍

'വൺ ഹെൽ ഓഫ് എ ബ്ലഡി നൈറ്റ്'; ഷാഹിദ് കപൂര്‍ ചിത്രം ബ്ലഡി ഡാഡി ട്രെയ്‌ലര്‍

അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഒടിടിയില്‍ റിലീസിനെത്തും

ഷാഹിദ് കപൂര്‍ നായകനായെത്തുന്ന ആക്ഷന്‍ ത്രില്ലര്‍ 'ബ്ലഡി ഡാഡി' യുടെ ട്രെയ്‌ലറെത്തി. അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ജൂണ്‍ ഒന്‍പതിന് ഒടിടിയില്‍ റിലീസ് ചെയ്യു. ജിയോ സ്റ്റുഡിയോസാണ് ചിത്രം നിര്‍മിക്കുന്നത്.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തീരുമാനിച്ച ചിത്രം പല തരത്തിലുള്ള വെല്ലുവിളികള്‍ നേരിട്ട ശേഷമാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയതെന്നു ഷാഹിദ് കപൂര്‍ പറഞ്ഞു. തീയേറ്റര്‍ റിലീസിനായി ധാരാളം വിതരണക്കാര്‍ സമീപിച്ചതായും താരം വ്യക്തമാക്കി. സിനിമ തീയേറ്ററില്‍ റിലീസ് ചെയ്യുന്നതിനായി ധാരാളം ആളുകള്‍ ആവശ്യപ്പെട്ടെങ്കിലും ഒടിടി തിരഞ്ഞെടുക്കുകയായിരുന്നുവെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. ജൂണ്‍ 9ന് ജിയോ സിനിമാസിലൂടെ സൗജന്യമായി ചിത്രം സ്ട്രീം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.

'മയക്കു മരുന്നിന്റെ ഉപയോഗം പ്രമേയമാകുന്ന ചിത്രത്തില്‍ നിരവധി സംഘട്ടന രംഗങ്ങളും രക്തച്ചൊരിച്ചിലുകളുമുണ്ട്. തിരക്കഥയനുസരിച്ച് തികച്ചും യാഥാര്‍ത്ഥ്യ ബോധത്തോടെയാണ് സിനിമ ചിത്രീകരിച്ചിട്ടുളളത്. അതിനാലാണ് ചിത്രം ഒടിടി റിലീസിന് തീരുമാനിച്ചത്.' സംവിധായകന്‍ അലി മാധ്യമങ്ങളോട് പറഞ്ഞു.

ഒടിടിയിൽ ഒരു ബിഗ് സ്ക്രീൻ അനുഭവം പകരാൻ ഈ ചിത്രത്തിനാകുമെന്നാണ് അണിയറ പ്രവർത്തകരുടെ വാദം. സഞ്ജയ് കപൂർ, ഡയാന പെന്റി, റോണിത് റോയ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. വൺ ഹെൽ ഓഫ് എ ബ്ലഡി നൈറ്റ്... ട്രെയ്‌ലർ ഔട്ട് നൗ... എന്ന കാപ്ഷ്യനോടെ ഷാഹിദ് ഇൻസ്റ്റാഗ്രാം പേജിൽ ട്രെയ്‌ലർ ഷെയർ ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in