വിജയത്തെക്കുറിച്ചുളള കാഴ്ചപ്പാട് മാറി; ജീവിതത്തിൽ ഉയർച്ച താഴ്ച്ചകൾ സ്വാഭാവികമെന്ന് ഷാഹിദ് കപൂർ

വിജയത്തെക്കുറിച്ചുളള കാഴ്ചപ്പാട് മാറി; ജീവിതത്തിൽ ഉയർച്ച താഴ്ച്ചകൾ സ്വാഭാവികമെന്ന് ഷാഹിദ് കപൂർ

പെട്ടെന്ന് വിജയം നേടാൻ കഴിയും,അത് നിലനിർത്തുന്നതാണ് പ്രധാനം

വിജയത്തെക്കുറിച്ചുളള തന്റെ കാഴ്ചപ്പാട് കാലക്രമേണ മാറിയെന്ന് ബോളിവുഡ് താരം ഷാഹിദ് കപൂർ. സിനിമാ ജീവിതത്തിൽ 20 വർഷം പൂർത്തിയാക്കിയതിന്റെയും ഏറ്റവും പുതിയ വെബ് സീരീസ് 'ഫാർസി' യുടെ വിജയവും ആഘോഷിക്കുന്ന വേളയിലാണ് താരത്തിന്റെ പ്രതികരണം. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചിൽ.

' ജീവിതത്തിൽ വളരെ പെട്ടെന്ന് വിജയം നേടാൻ കഴിയും. എന്നാൽ അത് നിലനിർത്തുന്നതാണ് ഏറ്റവും പ്രധാനം. ഒരു വ്യക്തിയുടെ ജീവിതം കടന്നുപോകുന്നത് പല ഘട്ടങ്ങളിലൂടെയാണ്. അവിടെ ഉയർച്ച താഴ്ചകൾ സ്വാഭാവികമാണ്. ജീവിതത്തിൽ പരാജയങ്ങളും ഉണ്ടാകാം. അതിനെ അതിജീവിച്ച് മുന്നോട്ട് പോകുന്നതിലാണ് കാര്യം. അപ്പോൾ നിങ്ങൾക്ക് ജീവിതത്തിൽ സ്വയം വിജയം കൈവരിക്കാൻ കഴിയും'- ഷാഹിദ് കപൂർ വ്യക്തമാക്കി

സിനിമയിൽ അഭിനയിക്കുക എന്നത് തനിക്ക് ഏറെ അഭിനിവേശമുളള കാര്യമാണെന്നും താരം വ്യക്തമാക്കി. തന്റെ വ്യക്തിത്വത്തെ സന്തുലിതമാക്കിക്കൊണ്ടുളള പ്രവർത്തികൾ മാത്രമാണ് താൻ ചെയ്യാറുള്ളത്. മറ്റൊന്നിലും താൻ ആശങ്കപ്പെട്ടിട്ടില്ലെന്നും ഷഹീദ് പറയുന്നു.

2003-ൽ ഇഷ്‌ക് വിഷ്‌കിലൂടെ അരങ്ങേറ്റം കുറിച്ചതിന് ശേഷം ബോളിവുഡിൽ ഷാഹിദ് ചോക്ലേറ്റ് ബോയ് എന്നാണ് അറിയപ്പെട്ടിരുന്നത്. ആക്ഷൻ ക്രൈം ത്രില്ലറുകളിൽ അഭിനയിച്ചപ്പോഴും താരം ചോക്ലേറ്റ് ബോയ് ആയി തന്നെ ആരാധകരുടെ മനസ്സിൽ ഉണ്ടായിരുന്നു. ചോക്ലേറ്റ് ബോയെന്ന പ്രയോഗം ഇഷ്ടമില്ലെന്ന് വ്യക്തമാക്കിയ താരം പ്രേക്ഷകർ അങ്ങനെ വിളിക്കുമ്പോഴും രോഷപ്രകടനങ്ങളൊന്നുമില്ലാതെയായിരുന്നു പ്രതികരിച്ചിരുന്നത്.

അലി അബ്ബാസ് സഫറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ആക്ഷൻ ചിത്രം ബ്ലഡി ഡാഡിയാണ് ഷാഹിദ് കപൂറിന്റെ വരാനിരിക്കുന്ന ചിത്രം. ഒടിടിയിൽ ആയിരിക്കും ചിത്രം പ്രദർശിപ്പിക്കുക. അതേസമയം, ഷഹീദിന്റെ കരിയറിൽ ഹിറ്റ് സമ്മാനിച്ച് ജബ് വീ മെറ്റിന്റെ സംവിധായകൻ ഇംതിയാസ് അലിയുമായും പുതിയ ഒരു പ്രോജക്ട് ചർച്ച ചെയ്യുന്നുണ്ടെന്നും താരം വെളിപ്പെടുത്തി.

logo
The Fourth
www.thefourthnews.in