കാപ്പയ്ക്ക് ശേഷം 'ഹണ്ട് ' ; ഷാജി കൈലാസ് സിനിമയിൽ നായികയായി ഭാവന

കാപ്പയ്ക്ക് ശേഷം 'ഹണ്ട് ' ; ഷാജി കൈലാസ് സിനിമയിൽ നായികയായി ഭാവന

കാപ്പയുടെ വിജയത്തിന് പിന്നാലെ ഷാജി കെെലാസിന്‍റെ അടുത്ത ചിത്രം 'ഹണ്ട്' ഒരുങ്ങുന്നു

കാപ്പയുടെ വിജയത്തിന് പിന്നാലെ അടുത്ത ത്രില്ലർ ചിത്രം പ്രഖ്യാപിച്ച് ഷാജി കൈലാസ് . ഹണ്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഭാവനയാണ് കേന്ദ്രകഥാപാത്രമായെത്തുന്നത്. മെഡിക്കല്‍ ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമ ഹൊറര്‍ സസ്പന്‍സ് ത്രില്ലറാണെന്നാണ് സൂചന. ഭാവനയ്‌ക്കൊപ്പം അഥിതി രവിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നു. പൂജയുടെ ചിത്രങ്ങളും വിശേഷങ്ങളും സംവിധായകൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു.

ജയലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ കെ രാധാകൃഷ്ണനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. കളിയാട്ടം, നിറം, വിന്റര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജയലക്ഷ്മി ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രമാണിത്. ചിന്താമണി കൊലക്കേസ് എന്ന സിനിമയ്ക്ക് ശേഷം, 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഷാജികൈലാസും ഭാവനയും ഒന്നിക്കുന്നത്.

കൈലാസ് മേനോനാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. ജാക്‌സണ്‍ ആണ് ഹണ്ടിന്റെ ഛായാഗ്രഹണം. രഞ്ജി പണിക്കര്‍, രാഹുല്‍ മാധവ്, അജ്മല്‍ അമീര്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. നിഖില്‍ ആനന്ദാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

അഞ്ചു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തിയ 'എന്റിക്കാകയ്‌ക്കൊരു പ്രേമമുണ്ടാരുന്നു എന്ന ചിത്രം റിലീസിന് തയാറെടുക്കുന്നതിനിടെയാണ് ഹണ്ടിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത് .

logo
The Fourth
www.thefourthnews.in