ജഗൻ ഷാജി കൈലാസിന്റെ സിനിമ തുടങ്ങി; സ്വിച്ചോൺ ചെയ്ത് രൺജി പണിക്കർ

ജഗൻ ഷാജി കൈലാസിന്റെ സിനിമ തുടങ്ങി; സ്വിച്ചോൺ ചെയ്ത് രൺജി പണിക്കർ

ഇൻവെസ്റ്റിഗേറ്റീവ് ക്രൈംത്രില്ലർ ജോണറിലാണ് ചിത്രം

സത്യൻ അന്തിക്കാട്, ജോഷി എന്നിവരുടെ മക്കൾക്ക് പിന്നാലെ സംവിധാന രംഗത്ത് ഹരിശ്രീ കുറിച്ച് ഷാജി കൈലാസിന്റെ മകൻ ജഗനും മലയാള സിനിമയിലേക്ക്. സിജു വിൽസൻ നായകനായെത്തുന്ന ചിത്രത്തിന്റെ ഷൂട്ട് പാലക്കാട് ആരംഭിച്ചു.

പാലക്കാട് പോത്തുണ്ടി ഡാമിന് അരികെയുള്ള ഇറിഗേഷൻ ഗസ്റ്റ് ഹൗസിൽ ആണ് ഷൂട്ടിങ് . ഷാജി കൈലാസിന്റെ ഹിറ്റ് സിനിമകൾക്ക് തിരക്കഥ എഴുതിയ രൺജി പണിക്കരാണ് ചിത്രത്തിന്റെ സ്വിച്ചോൺ നിർവഹിച്ചത്. ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന രൺജി പണിക്കരുടെ സീൻ ആണ് ആദ്യം ചിത്രീകരിച്ചതും. കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിജു വിൽസൺ ആദ്യ ക്ലാപ്പ് അടിച്ചു.

തുടർന്ന് സിജു വിൽസൻ, രൺജി പണിക്കർ എന്നിവർക്ക് പുറമെ ശ്രീജിത്ത് രവി, ഗൗരി നന്ദ എന്നിവരടങ്ങിയ ഒരു രംഗവും പാലക്കാട് ചിത്രീകരിച്ചു. ജോയ് മാത്യു, ശ്രീകാന്ത് മുരളി, കണ്ണൂർ ശിവാനന്ദൻ, ധന്യാ മേരി വർഗീസ്, മാലാ പാർവതി, ശാരി, തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ഇൻവെസ്റ്റിഗേറ്റീവ് ക്രൈംത്രില്ലർ ജോണറിലുള്ള സിനിമയിൽ എസ് ഐ ബിനുലാൽ എന്ന കഥാപാത്രത്തെയാണ് സിജു അവതരിപ്പിക്കുന്നത്. സർവീസിൽ ആദ്യമായി ചുമതലയേൽക്കുന്ന എസ് ഐ ബിനുലാലിലൂടെയാണ് കഥ പുരോ​ഗമിക്കുന്നത്. പാലക്കാട് വനാതിർത്തിയോട് ചേർന്നുള്ള ഗ്രാമപ്രദേശങ്ങളാണ് പ്രധാന ലൊക്കേഷനുകളായി വരുന്നത്. നിഴൽ, ഒറ്റ് എന്നീ സിനിമകൾക്ക് തിരക്കഥ നിർവഹിച്ച എസ്‌ സഞ്ജീവ് ആണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.

രൺജി പണിക്കർ, നിഥിൻ രൺജി പണിക്കർ, ഷാജി കൈലാസ് എന്നിവർക്കൊപ്പം പ്രവർത്തിച്ച പരിചയ സമ്പത്തുമായാണ് ജഗൻ ആദ്യ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. അഹാനാ കൃഷ്ണയെ പ്രധാന കഥാപാത്രമാക്കി ജഗൻ ഒരുക്കിയ കരി എന്ന മ്യൂസിക്കൽ ആൽബവും ഏറെ പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയിരുന്നു.

എംപിഎം പ്രൊഡക്ഷൻസ് ആന്റ് സെന്റ് മരിയാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ജോമി പുളിങ്കുന്നാണ് നിർമ്മിക്കുന്നത്. ഗോപി സുന്ദറാണ് ആക്ഷൻ ത്രില്ലർ ചിത്രത്തിന് സം​ഗീതമൊരുക്കുന്നത് .

logo
The Fourth
www.thefourthnews.in