കിങ് ഓഫ് കൊത്തയിലേക്ക് വിളിച്ചത് ജോഷി സാർ; 'കൊത്ത രവി' ദുൽഖറിന്റെ അച്ഛൻ കഥാപാത്രം: ഷമ്മി തിലകൻ

കിങ് ഓഫ് കൊത്തയിലേക്ക് വിളിച്ചത് ജോഷി സാർ; 'കൊത്ത രവി' ദുൽഖറിന്റെ അച്ഛൻ കഥാപാത്രം: ഷമ്മി തിലകൻ

പ്രേക്ഷകരെ എക്സൈറ്റ് ചെയ്യിപ്പിക്കുന്ന നിരവധി ഘടകങ്ങൾ ചിത്രത്തിലുണ്ട്

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദുൽഖറിന്റെ കിങ് ഓഫ് കൊത്ത. മാസ്റ്റർക്രാഫ്റ്റ്സ്മാൻ ജോഷിയുടെ മകൻ അഭിലാഷ് ആദ്യമായി സംവിധായകനാകുന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി നടൻ ഷമ്മി തിലകൻ.

കൊത്ത രവി ദുൽഖറിന്റെ അച്ഛൻ

ചിത്രത്തിൽ ദുൽഖറിന്റെ അച്ഛനാണ് ഞാൻ അവതരിപ്പിക്കുന്ന കൊത്ത രവി എന്ന കഥാപാത്രം. രാമേശ്വരത്തും കാരക്കുടിയിലുമായിരുന്നു പ്രധാനമായും എന്റെ ഭാഗങ്ങൾ ചിത്രീകരിച്ചത്. പല കാലഘട്ടങ്ങളിലായിട്ടാണ് കഥ നടക്കുന്നത്. എനിക്ക് രണ്ട് അപ്പിയറൻസാണുള്ളത്. പ്രമേയപരമായി ബാക്കിയുള്ള കാര്യങ്ങളിൽ ഒരു രഹസ്യാത്മകത തുടക്കം മുതൽ സൂക്ഷിക്കുന്നതിനാൽ ഇതിൽ കൂടുതൽ ഇപ്പോൾ വെളിപ്പെടുത്താനാകില്ല.

അഭിയുടെ സിനിമ വരുന്നുണ്ട്, നിനക്കൊരു ഗംഭീര കഥാപാത്രമുണ്ട്, ചെയ്യണമെന്ന് പറഞ്ഞ് വിളിച്ചത് ജോഷി സാർ

കൊത്ത രവിയാകാൻ വിളിച്ചത് ജോഷി സാർ

ജോഷി സാറിനൊപ്പം കുറേ സിനിമകൾ ചെയ്തിട്ടുണ്ട്. പക്ഷേ രണ്ടെണ്ണത്തിലൊഴികെ അദ്ദേഹത്തിന്റെ എല്ലാ സിനിമകളിലേക്കും എന്നെ വിളിച്ചത് പൊഡക്ഷൻ മാനേജരോ മറ്റ് പലരോ, വഴിയൊക്കെയാണ്. വിളിക്കുന്നവർ എന്നോട് ജോഷി സാർ വിളിക്കാൻ പറഞ്ഞെന്ന് അറിയിക്കും, ഞാൻ അദ്ദേഹത്തെ തിരിച്ച് വിളിക്കും (ആ നമ്പർ എനിക്ക് മനപാഠമാണ്). നിനക്ക് പറ്റിയ ഒരു കഥാപാത്രമുണ്ടെന്ന് ജോഷി സാർ പറയും. ഞാൻ പോയി അഭിനയിക്കും. ഇതാണ് സാധാരണ നടക്കാറുള്ളത്. സാറിന്റെ സിനിമയിൽ കഥയോ സ്ക്രിപ്റ്റോ ഒന്നും ഞാൻ ചോദിക്കാറില്ല, അതിന്റെ ആവശ്യമില്ല. എപ്പോ പെട്ടി എടുക്കണം സാർ എന്ന് മാത്രമാണ് തിരിച്ച് ചോദിക്കാറുള്ളത്

പക്ഷേ 'പ്രജ'യിലേക്കും അതിനുശേഷം 'പാപ്പനി'ലേക്കും ഷാജി സാർ എന്നെ നേരിട്ട് വിളിച്ചു. പാപ്പന്റെ കാര്യം പറയാൻ വിളിച്ചപ്പോൾ തന്നെ എന്നോട് പറഞ്ഞു, 'അഭിയുടെ സിനിമ വരുന്നുണ്ട്, നിനക്കൊരു ഗംഭീര കഥാപാത്രമുണ്ട്, നീ ചെയ്യണം '. അതിനുശേഷം ഒരിക്കൽ കൂടി വിളിച്ചു, കൊത്ത രവിയെ കുറിച്ച് പറഞ്ഞു, നീ പോയി നോക്കിയും കണ്ടും ചെയ്ത് കൊടുക്കണം എന്ന് പറഞ്ഞു. അതിന് ശേഷമാണ് കഥയും സ്ക്രിപ്റ്റുമൊക്കെ കേട്ടത്

ദുൽഖറുമായുള്ള കോമ്പിനേഷൻ

ദുൽഖർ മികച്ച നടനാണ്. അതിന്റെ ഈസിനെസ്സ് ഉണ്ടായിരുന്നു. ബാക്കിയൊക്കെ ഈ സിനിമയുടെ കൗതുകമാണ്. അതൊക്കെ സിനിമ കണ്ട് തന്നെ അറിയാം.

ദുൽഖർ, അഭിലാഷ് , ഗോകുൽ സുരേഷ്, ഷമ്മി തിലകൻ

ഒരു രണ്ടാം തലമുറ കൂട്ടായ്മ തന്നെയാണ് ഈ ചിത്രം, ഞാൻ ഈ ജനറേഷൻ അല്ലെങ്കിൽ കൂടി. പിന്നെ ഇവരെയൊന്നും അച്ഛൻമാരെ വച്ച് താരതമ്യപ്പെടുത്തരുതെന്നാണ് അഭിപ്രായം. എല്ലാവർക്കും അവരവരുടെ രീതിയും ശൈലിയുമുണ്ട്. അതിൽ അവർ വിജയിക്കുന്നുണ്ടോ എന്നതിലാണ് കാര്യം. അച്ഛന്റെ ബഞ്ച് മാർക്ക് വച്ച് അളക്കണ്ട, ജോഷി സാറിന്റെ മകൻ ഒട്ടും മോശമല്ല. ജോഷി സാറിന്റെ മകന്റെ ആദ്യ സിനിമയിൽ തന്നെ ഒരു പ്രധാന വേഷം ചെയ്യാനായി എന്നതും ഒരു ഭാഗ്യമായി കരുതുന്നു.

ചിത്രീകരണം പൂർത്തിയായി, ഡബ്ബിങ് നടക്കുന്നു

ചിത്രീകരണം പൂർത്തിയായി. ഡബ്ബിങ് നടക്കുകയാണ്. ഓണം റിലീസായി എത്തുമെന്നാണ് കരുതുന്നത്. ഷൂട്ട് തുടങ്ങുമ്പോൾ തന്നെ റിലീസ് വൈകുവെന്ന് പറഞ്ഞിരുന്നു

ക്ലൈമാക്സ് മാറ്റി ചിത്രീകരിക്കുമെന്ന പ്രചാരണത്തെ കുറിച്ച്...

അതിനെക്കുറിച്ച് അറിയില്ല. എന്റെ ഭാഗം നേരത്തെ പൂർത്തിയാക്കിയിരുന്നു.

അഭിലാഷ് ഒരുക്കുന്നത് പൊളി ഐറ്റം

ആക്ഷന് പ്രാധാന്യമുള്ള ഒരു മാസ്ഗ്യാങ് ചിത്രമാണ് കിങ് ഓഫ് കൊത്ത. എല്ലാ സിനിമകളും, എല്ലാ സംവിധായകരുമൊന്നും എന്നെ എക്സൈറ്റ് ചെയ്യിപ്പിക്കാറില്ല, പക്ഷേ അഭിലാഷിന്റെ മേക്കിങ് രീതിയും ആഖ്യാന ശൈലിയുമൊക്കെ ആരെയും എക്സൈറ്റ് ചെയ്യിപ്പിക്കുന്നതാണ്. എനിക്കും അതെ എക്സൈറ്റ്മെന്റ് ഉണ്ട്. കിങ് ഓഫ് കൊത്തയിൽ നിങ്ങളെ പിടിച്ചിരുത്തുന്ന, എക്സൈറ്റ് ചെയ്യിപ്പിക്കുന്ന, അദ്ഭുതപ്പെടുത്തുന്ന പലതും ഉണ്ടാകും...കാത്തിരുന്ന് കാണൂ...

logo
The Fourth
www.thefourthnews.in