'ശേഷം മൈക്കിൽ ഫാത്തിമ', കല്യാണിയുടെ ഹലാക്കിന്റെ ഹാപ്പിനസ്!!

'ശേഷം മൈക്കിൽ ഫാത്തിമ', കല്യാണിയുടെ ഹലാക്കിന്റെ ഹാപ്പിനസ്!!

തല്ലുമാലയിലെ പാത്തുവിനുശേഷം സംസാരശൈലിയിലെ അപരിചിതത്വം കൊണ്ട് ഏറെ വിമർശിക്കപ്പെട്ട കല്യാണി മലബാറിന്റെ പ്രാദേശിക ഭാഷയെ തെല്ലും വീഴ്ച പറ്റാതെ ചെയ്തെടുത്തിരിക്കുന്നത് അതഭുതപ്പെടുത്തുന്ന കാഴ്ചയാണ്

തുടക്കം മുതൽ ക്ലൈമാസ്ക് വരെ പ്രഡിക്ടബിളായ, സർവൈവൽ ഴോണറിൽ കഥ പറയുന്ന സ്പോട്സ് ​ഡ്രാമയാണ് കല്യാണി പ്രിയദർശനെ കേന്ദ്രകഥാപാത്രമാക്കി മനു സി കുമാർ സംവിധാനം ചെയ്ത ശേഷം മൈക്കിൽ ഫാത്തിമ. മലബാറിന്റെ ക്യാൻവാസിൽനിന്നുകൊണ്ട് കഥ പറയുന്ന ചിത്രം ട്രെയിലറിൽ വായിക്കാനായ അതേ സംഭവവികാസങ്ങളിലൂടെ തന്നെയാണ് കടന്നുപോകുന്നത്. സുഡാനി ഫ്രം നൈ‍ജീരിയയും തല്ലുമാലയും ന്നാ താൻ കേസ് കൊടുമെല്ലാം മലബാർ പശ്ചാത്തലമായി പല കളർ, കഥ, കഥാപാത്ര ടെംപ്ലേറ്റുകൾ പരീക്ഷിച്ചപ്പോൾ അതിൽ നിന്നൊക്കെ പുറത്തുചാടി വീണ്ടുമൊരു മലബാർ കുടുംബത്തെ പരിചയപ്പെടുത്തുന്നു ഫാത്തിമ.

മലബാർ ശൈലിയോടുളള പ്രേക്ഷകപ്രിയം അതേവിധം ഉപയോ​ഗിക്കാനായ ചിത്രമെന്ന് വേണമെങ്കിലും പറയാം. മേൽപറഞ്ഞ മലബാർ പടങ്ങളോട് സാമ്യമില്ലെങ്കിലും മലയാളത്തിൽ മുമ്പ് ഏറെ വന്നുപോയ അതേ സർവൈവൽ ട്രാക്ക് തന്നെയാണ് ചിത്രത്തിന്റേതും. ഫാത്തിമ എന്ന പെൺകുട്ടിയുടെ ഫുട്ബോൾ കമന്റേറ്ററാവണമെന്ന ആ​ഗ്രഹവും അതിനവൾക്ക് സഹായവും എതിർപ്പുമാവുന്ന ചുറ്റുപാടുകളുമാണ് കഥയിൽ കാണാനാവുന്നത്. എന്നാൽ കഥ സ്ത്രീകേന്ദ്രീകൃതമാവുമ്പോൾ സിനിമയുടെ ഏതെങ്കിലും ഘട്ടത്തിൽ വന്നുപോകാനിടയുളള അമിത വൈകാരിക ഭാ​ഗം അപ്പാടെ എടുത്തുമാറ്റിയിരിക്കുകയാണ് സംവിധായകൻ മനു. ഒന്നിനോടും അത്ര വൈകാരികമായി പ്രതികരിക്കുന്നവളല്ല മനുവിന്റെ ഫാത്തിമ.

ആ​ഗ്രഹത്തിനൊത്ത് കുടുംബവും സമൂഹവും നിൽക്കില്ലെന്ന് കാണുമ്പോൾ സെന്റിമെന്റൽ ട്രാക്കിൽ ഒരുനാൾ വീടുവിട്ട് സ്വപ്നം തേടി യാത്രയാവുന്ന സ്ഥിരം നായികയുമല്ല ഫാത്തിമ. അവളുടെ തീരുമാനങ്ങൾക്കൊപ്പം ചുറ്റുപാടിനെ ചേർത്തുനിർത്താനുളള അസാമാന്യ കഴിവുകൂടി ആ പെൺകുട്ടിയിലുണ്ട്. ഒറ്റയടിയിൽ ബോധംപോയ ഫാത്തിമയ്ക്ക് കണ്ണു തുറക്കുമ്പോൾ 'എന്തൊരടിയാണ് ബാപ്പാ' എന്ന് ഒരു പരിഭവവും കൂടാതെ അനായാസം ചോദിക്കാനാവുന്നതും അതുകൊണ്ടാണ്. എന്തും സംസാരിച്ച് തീർക്കാമെന്ന് വിശ്വസിക്കുന്ന പെൺകുട്ടി.

ആശ്ചര്യപ്പെടുത്തുന്നത് കല്യാണി പ്രിയദർശന്റെ ഫാത്തിമയിലേയ്ക്കുളള കൂടുമാറ്റമാണ്. തല്ലുമാലയിലെ പാത്തുവിനുശേഷം സംസാരശൈലിയിലെ അപരിചിതത്വം കൊണ്ട് ഏറെ വിമർശിക്കപ്പെട്ട കല്യാണി മലബാറിന്റെ പ്രാദേശിക ഭാഷയെയും കമന്ററിയുടെ അച്ചടി ഭാഷയെയും തെല്ലും വീഴ്ചപറ്റാതെ ചെയ്തെടുത്തിരിക്കുന്നുവെന്നത് അതഭുതപ്പെടുത്തുന്ന കാഴ്ചയാണ്. അതിൽ തന്നെ ഒരിടത്തുപോലും ഡബ്ബിങ്ങിൽ പിഴവോ ചുണ്ടനക്കത്തിൽ ചേർച്ചക്കുറവോ പ്രകടമല്ലെന്നത് സംവിധാനത്തിൽ വരുത്തിയ കൃത്യത. സിനിമയുടെ ഏറിയ ഭാ​ഗവും സ്ക്രീനിൽ നിൽക്കുന്ന കല്യാണിക്ക് വേണ്ടി സംഭാഷണങ്ങളിൽ എത്ര നാളത്തെ പരിശ്രമം ആവശ്യമായി വന്നിരിക്കണമെന്നത് ചിന്തിക്കേണ്ട കാര്യമാണ്. അതിനവരെടുത്ത തയ്യാറെടുപ്പും പ്രശംസ അർ​ഹിക്കുന്നതാണ്. പക്ഷേ അപ്പോഴും ചെറുതെങ്കിലും വൈകാരിക രം​ഗങ്ങളിൽ നെറ്റിചുളിക്കലിനപ്പുറം ഭാവങ്ങളൊന്നും കല്യാണിയിൽ കാണാനാവുന്നില്ലെന്നത് വരും കഥാപാത്രങ്ങളിലൂടെ പരിഹരിക്കപ്പെടേണ്ട പോരായ്മയാണ്.

ഇമോഷണലാവുമ്പോൾ ബാപ്പയോടും ഒരു പ്രതിസന്ധി ഘട്ടത്തിൽ തന്നെ അപായപ്പെടുത്താൻ നോക്കുന്നയാളോടും കമന്ററിയിലൂടെ തന്നെ മറുപടി കൊടുക്കുന്ന ഫാത്തിമയുടെ രീതിയിൽ നാടകീയത അധികമായി അനുഭവപ്പെട്ടേക്കാം. നാടകീയത ഒഴിവാക്കിയല്ല തിരക്കഥയുടെ എഴുത്ത്. അത് പ്രതീക്ഷിച്ച് കണ്ടാൽ നിരാശപ്പെടില്ല. ആദ്യ പകുതിയിലെ രസം അതേ അളവിൽ നിലനിർത്താൻ രണ്ടാം പകുതിക്ക് കഴിയുന്നില്ല. ലക്ഷ്യത്തിലേക്കുളള യാത്രയിലെ മാറ്റിനിർത്തലുകളിൽ ചെറിയ അളവിൽ ആവർത്തനവിരസതയും ഇഴച്ചിലും തോന്നിയേക്കാം. എങ്കിലും അവസാനഭാ​ഗത്ത് പ്രതീക്ഷിക്കാതെ വരുന്ന ഒരു ​അതിഥിതാരവും തുടർന്നുളള രം​ഗങ്ങളും ആസ്വാദനത്തിന്റെ ​ഗ്രാഫ് അൽപ്പം ഉയർത്തുന്നതാണ്.

ഫാത്തിമ സ്വന്തം കഥയിൽ താങ്ങിനിർത്തുന്ന കഥയ്ക്ക് ബലമാകുന്ന മറ്റു കഥാപാത്രങ്ങളാണ് സുധീഷിന്റെ ബാപ്പ വേഷം മുനീറും ഇക്കയായി എത്തുന്ന അനീഷ് ജി മേനോന്റെ ആസിഫും. വലിയ സ്വപ്നങ്ങളിൽ പ്രതീക്ഷയില്ലാത്ത സാധാരണക്കാരനായ ബാപ്പയാണ് മുനീർ. പതിവുപേലെ സുധീഷിൽ അങ്ങേയറ്റം സേഫാണ് മുനീർ. ഇത്തരമൊരു പാറ്റേണിലുളള കഥയ്ക്ക് അവശ്യമായിവരുന്ന മറ്റു കഥാപാത്രങ്ങളാണ് ഫാത്തിയുടെ ഉമ്മയും സ്വപ്നത്തിലേക്ക് അടുക്കും വഴി സഹായത്തിനായി ഫാത്തിമ തിരഞ്ഞെടുക്കുന്ന സുഹൃത്തുക്കളും ഇടയിൽ വന്നുപോകുന്ന ശത്രുക്കളും. എല്ലാവരും അവരുടെ കഥാപാത്രങ്ങളെ മോശമല്ലാത്ത രീതിയിൽ സ്ക്രീനിലെത്തിച്ചു.

ഹിഷാം അബ്ദുൽ വഹാബിന്റെ സം​ഗീതം കഥയുടെ ഫീൽ​ഗുഡ് സ്വഭാവം നിലനിർത്താൻ കാരണമായി. ഇടയിൽ വരുന്ന അനിരുദ്ധിന്റെ പാട്ടും അസ്ഥാനത്തെന്ന തോന്നലുണ്ടാക്കുന്നില്ല.

അമിത പ്രതീക്ഷയും ആവേശവും വേണ്ട, ട്വിസ്റ്റുകളും അവകാശവാദങ്ങളും ഇല്ല. കുടുംബമായി വന്ന് സന്തോഷത്തോടെ കണ്ടു മടങ്ങാനാവുന്ന ചെറു സിനിമ. ഒപ്പം കരിയറിൽ കല്യാണിക്ക് നേടാനായ ഹലാക്കിന്റെ ഹാപ്പിനസ്സുമാണ് ശേഷം മൈക്കിൽ ഫാത്തിമ.‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌

logo
The Fourth
www.thefourthnews.in