ഫാന്‍സുകാർ പോലും കണ്ടിട്ടില്ല, മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും നല്ല സിനിമകള്‍ ഓടാതിരുന്നിട്ടുണ്ട്: ഷൈന്‍ ടോം

ഫാന്‍സുകാർ പോലും കണ്ടിട്ടില്ല, മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും നല്ല സിനിമകള്‍ ഓടാതിരുന്നിട്ടുണ്ട്: ഷൈന്‍ ടോം

വ്യക്തി അധിക്ഷേപം എന്ന നിലയിലേക്ക് റിവ്യൂകള്‍ വളര്‍ന്നുകഴിഞ്ഞതായും ഷൈന്‍ അഭിപ്രായപ്പെട്ടു

സിനിമകളെ അധിക്ഷേപിക്കുന്ന നിലയില്‍ ഉണ്ടാകുന്ന റിവ്യൂകള്‍ ബാധിക്കുന്നത് ചെറിയ ചിത്രങ്ങളെയാണെന്ന് ഷൈന്‍ ടോം ചാക്കോ. വിവേകാനന്ദന്‍ വൈറലാണ് എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് പ്രതികരണം. കാശ് കൂടുതല്‍ കൊടുത്ത് നല്ല റിവ്യൂ എഴുതിപ്പിക്കുക എന്നത് ഇപ്പോള്‍ പ്രമോഷന്റെ ഭാഗമാണ്. കാശുകൊടുത്ത് മോശമെഴുതിപ്പിക്കുന്ന അവസ്ഥയുണ്ട്. റിവ്യൂ പറയുന്നവര്‍ സിനിമ പോലും വ്യക്തമായി കാണുന്നില്ല. വ്യക്തി അധിക്ഷേപം എന്ന നിലയിലേക്ക് റിവ്യൂകള്‍ വളര്‍ന്നുകഴിഞ്ഞു. പ്രവണത സിനിമ മേഖലയ്ക്ക് നല്ലതല്ലെന്നും ഷൈന്‍ പറഞ്ഞു.

നിരൂപണ ഭാഷ പ്രധാനപ്പെട്ടതാണെന്നായിരുന്നു നടി സ്വാസികയുടേയും അഭിപ്രായം. "നേരത്തെയും സിനിമ റിവ്യൂ ഉണ്ടായിരുന്നു, പക്ഷേ ഇപ്പോൾ വ്യക്തിപരമായാണ് ചിലർ റിവ്യൂ ചെയ്യുന്നത്. ഇപ്പോഴും ഒരുപാട് ആളുകളുടെ സിനിമ കാണാനുള്ള പ്രേരണ താരങ്ങളാണ്. അറിഞ്ഞുകൊണ്ടല്ല താരാരാധന മൂത്ത് അറിയാതെ വരുന്നതാണ്. 'കൊച്ചാൾ' ഒടിടിയിൽ വന്നപ്പോൾ എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു. പക്ഷേ തീയേറ്ററിലേക്ക് പോകാനുള്ള വഴി ഉണ്ടായിരുന്നില്ല. ആളുകളുടെ ആറ്റിട്യൂട് മാറണം," സ്വാസിക കൂട്ടിച്ചേർത്തു.

സിനിമയിൽ താരങ്ങൾ ഉയർന്ന പ്രതിഫലം വാങ്ങുന്നതിനെക്കുറിച്ചും ഷൈൻ ടോം ചാക്കോ മനസ് തുറന്നു. "സിനിമ വിജയിക്കുമ്പോൾ താരങ്ങൾക്കു മാത്രം എന്താണ് വലിയ രീതിയിൽ പ്രതിഫലം കൂടുന്നതെന്ന് ആലോചിക്കാറുണ്ട്. സംവിധായകനും തിരക്കഥാകൃത്തിനും വിജയത്തിന് അനുസൃതമായി പ്രതിഫലം കൂടുന്നില്ല. പ്രൊഡക്ഷൻ ഹൗസുകളാണ് ഇത് നിയന്ത്രിക്കേണ്ടത്. പക്ഷേ അവരും താരങ്ങളെ വച്ചാണ് കളിക്കുന്നത്," ഷൈൻ ടോം ചാക്കോ അഭിപ്രായപ്പെട്ടു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in