സിദ്ധിഖും ലാലും ലൊക്കേഷനിൽ
സിദ്ധിഖും ലാലും ലൊക്കേഷനിൽഫോട്ടോ: എവിഎം ഉണ്ണി ആർക്കൈവ്സ്

'സിദ്ദിഖ്-ലാലിലെ സിദ്ദിഖ്' എന്നേ പറഞ്ഞിട്ടുള്ളു; ചേര്‍ച്ചയില്ലായ്മയിലും ചേര്‍ന്നുനിന്ന കൂട്ടുകെട്ട്‌

ക്ഷമയായിരുന്നു സിദ്ദിഖിന്റെ ശക്തി, വിശ്വാസമായിരുന്നു ദൗർബല്യം, ചതിയായിരുന്നു ഭയം, വൈരുധ്യങ്ങൾ നിറഞ്ഞതായിരുന്നു ലാലുമായുളള സൗഹൃദം

സിദ്ധിഖിന്റെ മൃതദേഹത്തിനരികിൽ നിന്ന് പൊട്ടിക്കരഞ്ഞ ലാലിന് നഷ്ടമായത് വെറുമൊരു സഹപ്രവർത്തകനെ മാത്രമായിരിക്കില്ല, വൈരുധ്യങ്ങളിലും മനമറിഞ്ഞ് കൂടെ നിന്ന ഉറ്റസുഹൃത്തിനെക്കൂടിയാവും. ചേർച്ചയില്ലായ്മയിലെ ചേർച്ചയായിരുന്നു സിദ്ദിഖ് ലാൽ കൂട്ടുകെട്ടിന്റെ ഭം​ഗി. സ്വഭാവത്തിലും പെരുമാറ്റത്തിലും ശബ്ദത്തിലും പോലും തമ്മിലേറെ അന്തരമുണ്ടായിരുന്നവർ, എങ്കിലുമവർ ഒരുപോലെ ചിന്തിച്ചു ഒന്നിച്ചു ചിരിച്ചു. ക്ഷമയായിരുന്നു സിദ്ദിഖിന്റെ ശക്തി, വിശ്വാസമായിരുന്നു ദൗർബല്യം, ചതിയായിരുന്നു ഭയം, വൈരുധ്യങ്ങൾ നിറഞ്ഞതായിരുന്നു ലാലുമായുളള സൗഹൃദം

ലാലിന് ഇല്ലാതിരുന്നതും സിദ്ദിഖിന് ആവോളം ഉണ്ടായിരുന്നതുമായ ക്ഷമ

നേർത്ത ശബ്ദം പോലെ തന്നെ ദുർബലമായ മനസും ഉൾനിറയെ അനുകമ്പയും മാത്രമുള്ളൊരു മനുഷ്യൻ. തമ്മിലെ വ്യത്യാസങ്ങളിൽ ലാൽ എപ്പോഴും ഓർമ്മിക്കുമായിരുന്ന ഒന്ന് തനിക്കു തീരെ ഇല്ലാതിരുന്നതും സിദ്ദിഖിന് ആവോളം ഉണ്ടായിരുന്നതുമായ ക്ഷമയാണ്. സമയത്തെ, കാലത്തെ, പ്രതിസന്ധികളെ മറന്നുളള ക്ഷമ. എല്ലാത്തിനോടും വെച്ചുപുലർത്തിയിരുന്ന ആത്മാർത്ഥതയുടെ നിക്ഷേപമായിരുന്നു സിദ്ദിഖിന്റെ ക്ഷമ. താനൊരു ദിവസം പത്ത് സീനുകൾ എഴുതി പൂർത്തിയാക്കുമ്പോൾ ചിലപ്പോഴെങ്കിലും സിദ്ദിഖ് ഒരു സീനിനായി പത്ത് ദിവസമെടുത്തേക്കും. അതുകൊണ്ട് ദോഷമൊന്നുമില്ല, ഊതിക്കാച്ചിയ പൊന്നുപോലെ ആ എഴുത്തുകളുടെ തിളക്കം കൂടുന്നതും താൻ കണ്ടിട്ടുണ്ടെന്ന് ലാൽ.

സിദ്ദിഖും ലാലും ഒരുമിച്ചുളള ലൊക്കേഷൻ ദൃശ്യം
സിദ്ദിഖും ലാലും ഒരുമിച്ചുളള ലൊക്കേഷൻ ദൃശ്യംഫോട്ടോ: എവിഎം ഉണ്ണി ആർക്കൈവ്സ്

പിരിയാൻ രണ്ട് പേർക്കും രണ്ട് കാരണങ്ങൾ

തമ്മിൽ പിരിയാൻ എന്തായിരുന്നു കാരണം എന്ന് ചോദിച്ച പലരോടും പല കാരണങ്ങളാണ് ഇരുവരും പറഞ്ഞിട്ടുളളത്. അതിൽ ചിലതെല്ലാം വിശ്വസനീയമായിരുന്നു. ചിലതൊക്കെ വെറും ഒഴിഞ്ഞുമാറൽ മാത്രവും. എങ്കിലുമൊരിക്കൽ സിദ്ദിഖ് പറഞ്ഞൊരു കാരണം ഇതായിരുന്നു, ലാലിലെ നടനെ, നിർമാതാവിനെ, സ്റ്റുഡിയോ ഓണറെ മലയാളത്തിന് നഷ്ടമായ കാലമായിരുന്നു സിദ്ദിഖ് ലാൽ ഒന്നായിരുന്ന കാലം. ആ നഷ്ടം നികത്തലായിരുന്നു പിരിഞ്ഞതിന് പിന്നിലെ കാരണം. ഇതുകേട്ട ലാൽ ചിരിച്ചുകൊണ്ട് പറഞ്ഞ മറുപടി ഇതിലും വിശ്വസനീയമാണല്ലോ ഞാൻ പറയാറുളള കാരണങ്ങൾ എന്നായിരുന്നു. പറയുമ്പോൾ അവർക്കും കേൾക്കുമ്പോൾ നമ്മൾക്കും അറിയാമായിരുന്നു സിദ്ദിഖ് ലാൽ പിരിയാൻ ഇതൊന്നുമായിരുന്നില്ല കാരണമെന്ന്. എങ്കിലും അവർ ഉറച്ചു പറഞ്ഞു. തമ്മിൽ പരസ്പരം ഈ​ഗോ ഉണ്ടായിരുന്നില്ല, വഴക്കുകളും തർക്കങ്ങളും പല തവണ ഉണ്ടായിട്ടുണ്ടെങ്കിലും മൂന്നാമതൊരാൾ ഇല്ലാതെ തന്നെ അതെല്ലാം പരിഹരിക്കപ്പെട്ടിരുന്നു. മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച സൗഹൃദം. സിദ്ദിഖിന്റെ മൃതദേഹത്തിന് മുന്നിൽ കലങ്ങിയ കണ്ണുകളോടെ നീണ്ട നേരം നിശ്ചലമായിരുന്ന ലാലിന്റെ ഉള്ളിൽ കടന്നുപോകുന്നത് നമ്മുടെ ചിന്തകളിലേതുപോലെ ഇവർ ഒന്നിച്ച സിനിമകളുടെ റീലുകളാവില്ല. മറിച്ച് സുഹൃത്തിനൊപ്പം ചിലവഴിച്ച കഴിഞ്ഞകാലമത്രയുമായിരിക്കും.

സിദ്ദിഖും ലാലും ഒരുമിച്ചുളള ലൊക്കേഷൻ ദൃശ്യം
സിദ്ദിഖും ലാലും ഒരുമിച്ചുളള ലൊക്കേഷൻ ദൃശ്യംഫോട്ടോ: എവിഎം ഉണ്ണി ആർക്കൈവ്സ്

സിദ്ദിഖ് കടലും ലാല്‍ തിരമാലയുമായിരുന്നു

പതിഞ്ഞ ശബ്ദത്തിൽ ചെവിയോടടുത്തായി സംസാരിക്കുമായിരുന്ന സിദ്ദിഖ്, എത്ര അടുത്തും അലർച്ചയോടും ​​ഗൗരവത്തോടും കൂടി സംസാരിക്കുമായിരുന്ന ലാൽ. സിദ്ദിഖ് ഉൾക്കടൽ പോലെ ശാന്തവും ഞാൻ തിരമാല പോലെ ബഹളങ്ങൾ നിറഞ്ഞതുമാണെന്നതായിരുന്നു ലാൽ തിരിച്ചറിഞ്ഞ മറ്റൊരു വൈരുധ്യം. എങ്കിലും ആ ചേരായ്ക നിലനിൽക്കെ കാലമിത്രയും നല്ല സുഹൃത്തുക്കളായി തുടർന്നു. ജീവിതത്തിലെ ഒരു സുപ്രാധാന പ്രതിസന്ധി ഘട്ടത്തിൽ ഒന്നും പറയാതെ തന്നെ തന്റെ ഉളളറിഞ്ഞ സുഹൃത്തായിരുന്നു ലാലിന് സിദ്ദിഖ്. സഹോദരിയുടെ വിവാഹ ദിവസം പണം തികയാതെ വ്യാകുലപ്പെട്ട് ലൊക്കേഷനിൽ വന്നിരുന്ന ലാലിന് ഒരു കെട്ട് പണം നൽകി സിദ്ദിഖ് പറഞ്ഞു, കാശിന് ആവശ്യം കാണുമല്ലോ, ഇതിരിക്കട്ടെ. അന്നൊരു നന്ദിവാക്കുപോലും പറയാതെ പണവും വാങ്ങി യാത്രയായ ലാലിന് ആ കരുതൽ നൽകിയ ആശ്വാസം എത്രത്തോളമായിരുന്നു എന്ന് സിദ്ദിഖിന് ഒരു കാലം വരെ അറിയുമായിരുന്നില്ല. ആ സഹായത്തിന് ഒരു നന്ദി പോലും അപ്പോൾ ലാൽ പറഞ്ഞതുമില്ല. പിന്നീടിത് ഒരു വേദിയിൽ വെച്ച് ലാലിൽ നിന്ന് തന്നെ അറിഞ്ഞപ്പോൾ സിദ്ദിഖിന്റെ കണ്ണുനിറഞ്ഞിരുന്നു. അതൊരു സുഖമുളള കണ്ണുനീരാണ്, തുടക്കുന്നില്ലെന്ന് അവതാരകനോട് പറയുമ്പോൾ സുഹൃത്തിന്റെ ദുഖം തനിക്കെങ്ങനെയോ തിരിച്ചറിയാൻ കഴിഞ്ഞിരുന്നല്ലോ എന്ന ആത്മസംതൃപ്തിയിലായിരുന്നു സിദ്ദിഖ്.

സിദ്ദിഖും ലാലും ഒരുമിച്ചുളള ലൊക്കേഷൻ ദൃശ്യം
സിദ്ദിഖും ലാലും ഒരുമിച്ചുളള ലൊക്കേഷൻ ദൃശ്യംഫോട്ടോ: എവിഎം ഉണ്ണി ആർക്കൈവ്സ്

വിശ്വസിക്കാം, പക്ഷെ സിദ്ദിഖിനോളം പാടില്ല

''എനിക്ക് എല്ലാവരേയും വിശ്വാസമാണ്. ഭാ​ര്യ ചോദിക്കും, അയാൾ പറ്റിക്കുമെന്ന് അറിഞ്ഞുകൊണ്ട് എന്തിന് സഹായിച്ചു? ഞാൻ പറയും, അയാൾ ഒരു ലക്ഷം രൂപ വരെ എന്നിൽ നിന്ന് പറ്റിച്ചെടുക്കുമെന്ന് എനിക്കറിയാമായിരുന്നു. ഇപ്പോൾ 25000 മാത്രമല്ലേ പറ്റിക്കപ്പെട്ടുളളു, ഇനി 75 കൂടി ബാക്കിയുണ്ടല്ലോ, അത് നമുക്ക് ലാഭമല്ലേ,'' സിദ്ദിഖ് ഇത് പറയുമ്പോൾ അടുത്തിരുന്നൊരു അത്ഭുതച്ചിരി ചിരിച്ചുകൊണ്ട് ലാൽ പറഞ്ഞു. ''ആളുകളെ വിശ്വസിക്കാം, പക്ഷെ സിദ്ദിഖിനോളം പാടില്ല.'' എത്ര പറ്റിക്കപ്പെട്ടാലും വീണ്ടും അതേ വ്യക്തിക്കുമുന്നിൽ തന്നെ ചെന്ന് പറ്റിക്കപ്പെടാൻ നിന്നുകൊടുക്കുമായിരുന്നു സിദ്ദിഖ്. ഇത് കണ്ട് പലപ്പോഴും അത്ഭുതവും സങ്കടവും തോന്നിയിട്ടുണ്ട്. വിവരമില്ലേ എന്നുപോലും ചിന്തിച്ചിട്ടുണ്ട് ലാൽ. അപ്പോഴും മുമ്പ് ഭാര്യയോ​ട് പറഞ്ഞതുപോലുളള ആർക്കും ദഹിക്കാത്ത ന്യായീകരണങ്ങളുണ്ടായികുമായിരുന്നു സിദ്ദിഖിന്. അത്രയ്ക്ക് സാധു ആയിരുന്നു. പറ്റിക്കപ്പടലുകളിൽ തട്ടുമുട്ട് ന്യായങ്ങൾ കൊണ്ട് സ്വയം ആശ്വസിക്കുമായിരുന്നെങ്കിലും വിശ്വസിച്ച് ചേർത്തുപിടിച്ചവരിൽ നിന്നുണ്ടായ ചതി തന്നെയായിരുന്നു എക്കാലത്തും സിദ്ദിഖ് ഭയം.

സിദ്ദിഖും ലാലും ഒരുമിച്ചുളള ലൊക്കേഷൻ ദൃശ്യം
സിദ്ദിഖും ലാലും ഒരുമിച്ചുളള ലൊക്കേഷൻ ദൃശ്യംഫോട്ടോ: എവിഎം ഉണ്ണി ആർക്കൈവ്സ്

ചിന്തകളിൽ സാമ്യമുണ്ടായിരുന്നു. ചേർത്തുനിർത്തിയത് തമാശ

ഇവരൊക്കെ മദ്രാസ് കണ്ടിട്ടുണ്ടോ? കോടമ്പാക്കം പാലം നടന്നുകയറിയിട്ടുണ്ടോ? ഇതൊന്നും അനുഭവിക്കാത്തവൻ എന്ത് സിനിമാക്കാരൻ? ‌എന്ന് പുച്ഛത്തോടെ ചോദിച്ചവരോട് മറുപടിയായും, എന്നാലേ സിനിമാക്കാരനാവൂ എങ്കിൽ അങ്ങനെ എന്ന വാശിയിലും, ഇരുവരുമൊരിക്കൽ ഒരു നട്ടുച്ച വെയിലത്ത് കോടമ്പാക്കം പാലം നടന്നുകയറിത്തീർത്തു. അങ്ങനെ ചില ചിന്തകളും വാശികളുമായിരുന്നു ഇവരെ ചേർത്തുകെട്ടിയത്, ഒപ്പം തമ്മിൽ ചിരിച്ചു ചിരിച്ചു കരയിപ്പിച്ച ചില തമാശകളും. 'സിദ്ദിഖ് ലാലിലെ സിദ്ദിഖ്' എന്നേ പറഞ്ഞിട്ടുള്ളു. ഒരാൾ ഇല്ലാതാവുമ്പോൾ ഇന്നുവരെ കേട്ടുശീലിച്ച പേരിന്റെ പാതി ശൂന്യമാവുമകയാണ്.

logo
The Fourth
www.thefourthnews.in