'തെറ്റ് ആവര്‍ത്തിക്കില്ല', ഉറപ്പുനൽകി ഷെയിന്‍ നിഗമും ശ്രീനാഥ് ഭാസിയും; വിലക്ക് നീക്കി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

'തെറ്റ് ആവര്‍ത്തിക്കില്ല', ഉറപ്പുനൽകി ഷെയിന്‍ നിഗമും ശ്രീനാഥ് ഭാസിയും; വിലക്ക് നീക്കി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

ശ്രീനാഥ് ഭാസി മാപ്പപേക്ഷ എഴുതി നല്‍കി. ഷെയിന്‍ ആര്‍ഡിഎക്‌സിന് ചോദിച്ച അധിക പ്രതിഫലം വേണ്ടെന്ന് വച്ചു

യുവ നടന്‍മാരായ ഷെയിന്‍ നിഗമിന്റെയും ശ്രീനാഥ് ഭാസിയുടേയും വിലക്ക് നീങ്ങി. ഇരുവരും അഭ്യർഥിച്ചതിനെത്തുടർന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനം. തെറ്റ് ആവര്‍ത്തിക്കില്ലെന്ന് ഇരുവരും ഉറപ്പുനല്‍കി. ശ്രീനാഥ് ഭാസി മാപ്പപേക്ഷയും എഴുതി നല്‍കി.

ആര്‍ഡിഎക്‌സിന്റെ എഡിറ്റിങ് പോര്‍ഷന്‍ കാണണമെന്ന് ആവശ്യപ്പെട്ട് സെറ്റില്‍ പ്രശ്‌നമുണ്ടാക്കിയതും ഡബ്ബിങ് പൂര്‍ത്തിയാക്കിയ ചിത്രത്തിനായി സഹകരിക്കാതിരുന്നതുമാണ് ഷെയിനെതിരെയുള്ള പരാതി.

കരാര്‍ ഒപ്പിട്ട ചിത്രങ്ങളുമായി സഹകരിക്കുന്നില്ലെന്നായിരുന്നു ശ്രീനാഥ് ഭാസിക്കെതിരായ ആരോപണം. സെറ്റില്‍ സമയത്തിന് എത്തുന്നില്ലെന്നും നിര്‍മാതാക്കളെ വലയ്ക്കുകയാണെന്നും പരാതിയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും അമ്മയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് വിലക്കാന്‍ തീരുമാനമായത്. തെറ്റ് ആവര്‍ത്തിക്കില്ലെന്ന് ഇരുവരും ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് വിലക്ക് ഇപ്പോള്‍ നീക്കിയിരിക്കുന്നത്.

ഡേറ്റ് ഇടാത്ത കരാറിലാണ് ഒപ്പിട്ട് നല്‍കിയിരുന്നതെന്നും ഇരു ചിത്രങ്ങള്‍ക്കും ഒരേ ഡേറ്റ് ഇട്ടത് പ്രൊഡക്ഷന്‍ കൺട്രോളറാണെന്നുമാണ് ശ്രീനാഥ് ഭാസി പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ അറിയിച്ചത്. എന്നാല്‍ ധാരണപ്രകാരം സിനിമയില്‍ അഭിനയിക്കാതിരിക്കുന്നതിന് ഇത് കാരണമല്ലെന്നായിരുന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നിലപാട്. തുടര്‍ന്നാണ് ശ്രീനാഥ് മാപ്പപേക്ഷ എഴുതി നല്‍കിയത്.

ഷെയിന്‍ ആര്‍ഡിഎക്‌സിന് ചോദിച്ച അധിക പ്രതിഫലം വേണ്ടെന്ന് വച്ചു. ഡബ്ബിങ് പൂര്‍ത്തിയാക്കാനുള്ള ചിത്രത്തിന്റെ ഡബ്ബിങ് പൂര്‍ത്തിയാക്കുകയും ചെയ്തു.

അമ്മയിലെ അംഗത്വവുമായി ബന്ധപ്പെട്ട് ശ്രീനാഥ് ഭാസിക്ക് എന്‍ഒസി നല്‍കുന്ന കാര്യം പരിഗണനയിലില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേന്‍ ഭാരവാഹി ദ ഫോര്‍ത്തിനോട് പറഞ്ഞു. അമ്മയില്‍ അംഗത്വമെടുക്കണമെങ്കില്‍ അവര്‍ തീരുമാനമെടുക്കട്ടെ. ഇക്കാര്യത്തില്‍ അസോസിയേഷന് ഒന്നും ചെയ്യാനില്ല. ഏതെങ്കിലും ഒരു സംഘടനയുടെ അംഗത്വവുമായി ബന്ധപ്പെട്ട് ഒരു കാര്യത്തിലും ഇടപെടാനാകില്ലെന്നാണ് അസോസിയേഷന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

logo
The Fourth
www.thefourthnews.in