മതം രാഷ്ട്രീയം സിനിമ; ഒരു ഷാരൂഖ് ഖാൻ മാതൃക

ഗോരഖ്പൂരിലെ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മരിച്ചതും, കർഷക ആത്മഹത്യയും, വോട്ടിന്റെ രാഷ്ട്രീയവുമെല്ലാം ഒരു പോപ്പുലർ സിനിമയിലൂടെ അയാൾ വിളിച്ചുപറഞ്ഞു.

പാകിസ്താനിലെ പെഷവാറിൽ നിന്നും ഇന്ത്യയിലെത്തിയ മുഹമ്മദ് യൂസഫ് ഖാൻ പിന്നീട് ബോളിവുഡിന് ദിലീപ് കുമാറായി.സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സൂപ്പർ സ്റ്റാർ. പെഷവാറിൽ ദിലീപ് കുമാറിൻറെ ജന്മഗ്രാമത്തിനടുത്താണ് മീർ താജ് മുഹമ്മദ് ഖാൻ ജനിച്ചത്. കൗമാരകാലത്ത് ഇന്ത്യൻ സ്വതന്ത്രസമരത്തിൽ സജീവമായിരുന്നു മീർ താജ്. പല തവണ അറസ്റ്റിലായി. ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കാളിയായി. ഇന്ത്യാ വിഭജനത്തിന് മുമ്പ് 1946 ൽ മീർ താജ് ഡൽഹി സർവകലാശാലയിൽ നിയമപഠനത്തിന് ചേർന്നു. വിഭജനത്തിന് ശേഷം പെഷവാർ പാകിസ്താനിലായി. മീർ താജ് ഡൽഹിയിൽ തന്നെ തുടർന്നു. അതിർത്തി ഗാന്ധിയായ ഖാൻ അബ്ദുൾ ഖാഫർ ഖാൻറെ അനുയായിയായിരുന്ന മീർതാജിന് പാകിസ്താനിലെ പുതിയ ഭരണകൂടം വിലക്കേർപ്പെടുത്തുകയും ചെയ്തു.

അഭിഭാഷകനായ മീർ താജിന്‌ ജീവിത പരീക്ഷണങ്ങൾ പലതുണ്ടായിരുന്നു. അതിപ്രശസ്തനായി മാറിയ പഴയ നാട്ടുകാരൻ ദീലീപ് കുമാർ അഭിനയിച്ച മുഗൾ ഇ അസം എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം തേടി പോയിട്ടുണ്ട് മിർ താജ്. എന്നാൽ നിരാശയുമായി ഡൽഹിയ്ക്ക് മടങ്ങി. പിന്നെ ഫർണിച്ചർ കച്ചവടം. നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ കാൻറീൻ നടത്തി.1981-ൽ മരിക്കും വരെയും ഇന്ത്യയും ഇവിടുത്തെ സ്വതന്ത്ര്യവുമായിരുന്നു മിർ താജിന് ജീവിതം.

മീർ താജ് മുഹമ്മദ് ഖാൻ
മീർ താജ് മുഹമ്മദ് ഖാൻ

മൂന്നര പതിറ്റാണ്ട് കഴിഞ്ഞ് അഹമ്മദാബാദ് 2016 ഫെബ്രുവരി 14

ഹയാത്ത് റീജൻസി പഞ്ചനക്ഷത്ര ഹോട്ടലിന് മുന്നിൽ ആൾക്കൂട്ടത്തിൻറെ ജയ് ശ്രീരാം മുദ്രാവാക്യം വിളി. പാർക്കിംഗിലെ കാർ ആക്രമിച്ച ആൾക്കൂട്ടം പിൻവാങ്ങി. ഹോട്ടലിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ പരാതിയിൽ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർകർക്കെതിരെ പൊലീസ് കേസെടുത്തു. ആ കൂട്ടംകൂടലും ആക്രമണവും ഒരാൾക്കെതിരെയായിരുന്നു. സ്വതന്ത്രസമര സേനാനിയായ മിർ താജ് മുഹമ്മദ് ഖാൻറെ മകൻ ഇന്ത്യൻ സിനിമയുടെ ബാദ്ഷാ ഷാരൂഖ് ഖാനെതിരെ.

രാജ്യത്ത് അസഹിഷ്ണുതയുണ്ടോ എന്ന് മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായിയുടെ ചോദ്യത്തിന് ഷാരൂഖ് നൽകിയ മറുപടിയായിരുന്നു ഹിന്ദുത്വവാദികളെ ചൊടിപ്പിച്ചത്. എൻഡിടിവിയിൽ ബർക്കാ ദത്തിന് നൽകിയ അഭിമുഖത്തിലും ഷാരൂഖ് ഇക്കാര്യം ആവർത്തിച്ചു.

പ്രതിഷേധ സൂചകമായി ദേശീയ പുരസ്‌കാരങ്ങൾ തിരികെ നൽകിയ ചലച്ചിത്ര പ്രവർത്തകരുടെ നടപടിയെ ഷാരൂഖ് വിശേഷിപ്പിച്ചത് ധീരത എന്നായിരുന്നു. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചെയർമാനായി ബിജെപി അനുകൂലിയെ നിയമിച്ചതിനെതിരായ സമരത്തിന് പിന്തുണ നൽകി. ഹിന്ദുത്വവാദികൾ പിന്നെയും ഉറക്കെ പറഞ്ഞു. ഷാരൂഖ് പാകിസ്താനിൽ പോകണമെന്ന്.

വെറിപൂണ്ടവരുടെ മുൻഗാമികളുടെ സ്വാതന്ത്രസമരകാലം ഇന്നും തർക്കവിഷയമാണ്. അവർ തിരഞ്ഞിട്ടുണ്ടാകില്ല ഷാരൂഖിന്റെയും അദ്ദേഹത്തിന്റെ പിതാവ് മിർ താജിന്റെയും ചരിത്രം..

പിതാവിനെ നഷ്ടമായ ദിവസം

അന്ന് ഷാരൂഖിന് 16 വയസാണ് പ്രായം, ക്യാൻസർ രോഗം ബാധിച്ച് മരിച്ച പിതാവ മീർതാജിന്റെ മൃതദേഹവുമായി കാറിൻറെ പിൻസീറ്റിൽ ഷാരൂഖും അമ്മയും ഇരുന്നു. ഒരു രാത്രി മുഴുവൻ ഉറക്കമിളച്ചിരുന്നിരുന്ന തങ്ങളുടെ വണ്ടിയുടെ ഡ്രൈവർ അവിടെയില്ലായിരുന്നു. പ്രതിഫലമായിരുന്നു തർക്കവിഷയം. വണ്ടി ഒടുവിൽ ഷാരൂഖ് തന്നെ ഓടിച്ചു. വഴി മധ്യേ കരഞ്ഞുകൊണ്ടിരുന്ന അമ്മ ഫാത്തിമ ലത്തീഫ് പെട്ടന്ന് കരച്ചിൽ നിർത്തി മകനോട് ചോദിച്ചു. നീ എപ്പോഴാ ഡ്രൈവിംഗ് പഠിച്ചത്. ഇതാ ഇപ്പോഴെന്നായിരുന്നു ഷാരൂഖിൻറെ മറുപടി.

കൺമുന്നിൽ ശൂന്യത മാത്രമുള്ള പ്രതിസന്ധി കാലത്താണ് എളുപ്പം മുന്നേറാൻ കഴിയുന്നതെന്ന് ഷാരൂഖ് പിന്നീട് പലവേദികളിൽ പറഞ്ഞു. അത്രയൊന്നും തിളക്കമില്ലാത്ത വഴി കടന്ന് ഷാരൂഖ് സിനിമയുടെ താരത്തിളക്കമായി.

മതത്തെ നിർവചിക്കുന്ന ഷാരൂഖ്

ബോളിവുഡും മുംബൈ അധോലോകവും തമ്മിലുള്ള അവിശുദ്ധ ബന്ധം അതിൻറെ പരകോടിയിൽ നിൽക്കുന്ന തൊണ്ണൂറുകളുടെ അവസാനം.. മുസ്ലിം വിഭാഗക്കാരനായ നിർമാതാവ് ഷാരൂഖുമായി സിനിമ ചെയ്യാൻ തീരുമാനത്തിലെത്തി. കൈ കൊടുത്ത് പിരിയുമ്പോൾ അയാൾ ഷാരൂഖിനോട് പറഞ്ഞു. മുസ്ലീം സഹോദരാ നമുക്ക് ഒരുമിച്ച് ജോലി ചെയ്യാം. ആ സിനിമയിൽ അഭിനയിക്കില്ലെന്നും ഞാൻ നിങ്ങൾ കരുതുന്ന ആളല്ലെന്നും ഉടനടി ഷാരൂഖിൻറെ മറുപടി.

തന്‍റെ മുസ്ലിം സ്വത്വം മറച്ചുവയ്ക്കാൻ ഷാരൂഖ് ഖാൻ തയ്യാറല്ല. സിനിമയിലെ കഥാപാത്രങ്ങൾക്കുള്ള മുസ്ലിം പേരുകളും വിഷയമല്ല. ദേശീയതയുടെ സ്വഭാവമുള്ള പല സിനിമകളിലും ഷാരൂഖ് മുസ്ലിം റോളുകൾ ഏറ്റെടുത്തു. ഛക് ദേ ഇന്ത്യയിലെ കബീർ ഖാൻ ഹോക്കി വനിതാ ടീമിൻറെ കോച്ചാണ്. സെപ്റ്റംബർ പതിനൊന്ന് ഭീകരാക്രമണത്തിന് ശേഷം ലോകമാകെ ഇസ്ലാമോഫോബിയ പടർത്തിയതിൽ സിനിമകൾക്കും മാധ്യമങ്ങൾക്കുമുള്ള പങ്ക് വലുതാണ്. 2010 ൽ ഇറങ്ങിയ ഷാരൂഖിൻറെ സിനിമ മൈ നെയിം ഈസ് ഖാൻ ഈ പശ്ചാത്തലത്തിലാണ് പ്രസക്തമായത്. അതിലെ റിസ്വാൻ ഖാൻ എന്ന ഷാരൂഖ് കഥാപാത്രത്തിൻറെ മൈ നെയിം ഈ ഖാൻ, ആൻറ് അയാം നോട്ട് എ ടെററിസ്റ്റ് എന്ന ഡയലോഗ് ഇസ്ലാമോഫോബിയ പ്രചാരണങ്ങൾക്കുള്ള മനോഹര മറുപടിയായിരുന്നു.

ജീവിതത്തിൽ ഉടനീളം നീണ്ടുകിടക്കുന്ന ഒന്നാണ് ഷാരൂഖിന് ഈ ജീവിതം. ജീവിത പങ്കാളി ഗൗരി ഹൈന്ദവവിശ്വാസിയാണ്. വീട്ടിൽ രണ്ട് വിശ്വാസം എന്നത് ഷാരൂഖിന് വളരെ സ്വാഭാവികമായ ഒന്നാണ്. താങ്കൾ ഇക്കാര്യത്തിൽ മാതൃകയാണെന്ന് മാധ്യമപ്രവർത്തകൻ ഏഴെട്ടുവർഷം മുമ്പ് ചോദിച്ചപ്പോൾ, ഷാരൂഖ് തിരിച്ചു ചോദിച്ചു. അതിലെന്താ പ്രത്യേകിച്ച് കാര്യമെന്ന്. വളരെ സ്വാഭാവികമായി ഒന്നല്ലേയെന്നും. പക്ഷെ ഷാരൂഖിന്റെ മുസ്ലിം സ്വതം എക്കാലവും രാജ്യത്തെ ഹിന്ദുത്വവാദികളെ വിറളിപിടിപ്പിച്ചിരുന്നു.

2018 സെപ്റ്റംബർ 18നായിരുന്നു ഉറി സൈനിക ക്യാംപിലെ ഭീകരാക്രമണം. ഇതിന് പിന്നാലെ മഹാരാഷ്ട്രയിലെ നവനിർമാൺ സേന രംഗത്തിറങ്ങിയത് ഷാരൂഖിൻറെ റായീസ് എന്ന സിനിമയ്ക്കെതിരായായിരുന്നു. സിനിമയിൽ പാകിസ്താൻ നടി മഹിരാ ഖാൻ അഭിനയിച്ചതായിരുന്നു വിഷയം. പ്രതിഷേധത്തിനൊടുവിൽ പാക് താരങ്ങൾക്ക് ഇന്ത്യൻ സിനിമയിൽ വിലക്ക് വന്നു. മഹിരാ ഖാനെ സിനിമയുടെ പ്രൊമോഷനിൽ ഉൾപ്പെടുത്തില്ലെന്ന വാക്കിലാണ് പിന്നീട് സിനിമാചിത്രീകരണം പൂർത്തിയാക്കിയത്.

2022 ഫെബ്രുവരിയിൽ ലതാ മങ്കേഷ്‌കർക്ക് അന്തിമോപചാരം അർപ്പിക്കാനെത്തിയ ഷാരൂഖിനെയും ഹിന്ദുത്വവാദികൾ വെറുതെ വിട്ടില്ല. മൃതദേഹത്തിന് മുന്നിൽ മുസ്ലിം മതപ്രകാരം പ്രാർഥിച്ച ഷാരൂഖ് ആയിരുന്നു അവരുടെ പ്രശ്നം. ഇതേ സെപ്റ്റംബറിലാണ് പത്താൻ സിനിമയുമായി ബന്ധപ്പെട്ട വിവാദം. സിനിമയിൽ ഷാരൂഖിൻറെ നായിക ദീപികാ പദുകോൺ. ജെഎൻയുവിലെ വിദ്യാർഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച അതേ ദീപിക. ഇത് തന്നെയായിരുന്നു പ്രശ്നം. ഭേഷാറാം രംഗ് എന്ന ഗാനരംഗത്തിൽ കാവി ബിക്കിനി ധരിച്ചെന്നായിരുന്നു ആരോപണം. അർധനഗ്നത പ്രദർശിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി മധ്യപ്രദേശിലെ ഉലമ ബോർഡും സിനിമയ്ക്കെതിരെയെത്തി.

ഷാരൂഖിൻറെ മകൻ ആര്യനെതിരായ ലഹരിമരുന്ന് കേസും ഇതേ കാലയളവിലാണ് ഉണ്ടായത്. ആ കേസിൽ ദുരൂഹതകൾക്ക് ഇനിയും വ്യക്തമായ ഉത്തരം കിട്ടിയിട്ടില്ല. സിനിമകൾ തുടർച്ചയായി പരാജയമായപ്പോൾ ഷാരൂഖ് സിനിമയിൽ നിന്ന് ഒരു നീണ്ട അവധിയെടുത്തു. ഷാരൂഖിന്റെ കാലം കഴിഞ്ഞെന്ന് പലരും പറഞ്ഞുകൊണ്ടിരുന്നു. നിരന്തരം സൈബർ ആക്രമണങ്ങളും മകൻ ആര്യൻ ഖാനെതിരെയുള്ള കേസുമെല്ലാം ആയപ്പോൾ ഷാരൂഖിന് ഇനി ഒരിക്കലും മടങ്ങിവരാൻ ആവില്ലെന്നും വന്നാൽ തന്നെ ഹിന്ദുത്വരാഷ്ട്രീയത്തിനോട് സന്ധി ചെയ്യാത മുന്നോട്ട് പോകാൻ കഴിയില്ലെന്നും നിരീക്ഷകരും വിലയിരുത്തി. പക്ഷെ കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തത മാത്രമായിരുന്നു അതെന്ന് വിമർശകർ അറിഞ്ഞിരുന്നില്ല..

2023 അയാൾ ആദ്യം പത്താനുമായി എത്തി. മുസ്ലിം ആയ ദേശസ്നേഹി ആയ പത്താൻ, പക്ഷെ അവിടെയും മുസ്ലിം സമം തീവ്രവാദി എന്ന ഇന്ത്യൻ സിനിമയുടെ ജനകീയ നരേറ്റീവ് കൊണ്ടുവരാതിരിക്കാൻ അയാൾ ശ്രദ്ധിച്ചിരുന്നു. ചിത്രം കളക്ഷൻ റെക്കോർഡുകൾ സൃഷ്ടിച്ചു. ബോളിവുഡിന്റെ രക്ഷകനായി, ഏറ്റവുമൊടുവിൽ 'ജവാൻ' എന്ന ചിത്രത്തിലൂടെ ബോളിവുഡിന്റെ 'കിങ് ഖാൻ' താൻ തന്നെയാണെന്ന് ഷാരൂഖ് തെളിയിച്ചു.

ഗോരഖ്പൂരിലെ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മരിച്ചതും, കർഷക ആത്മഹത്യയും, വോട്ടിന്റെ രാഷ്ട്രീയവുമെല്ലാം ഒരു പോപ്പുലർ സിനിമയിലൂടെ അയാൾ വിളിച്ചുപറഞ്ഞു. തനിക്ക് പറയാനുള്ളത് തന്റെ രാഷ്ട്രീയം ഇതെല്ലാം സിനിമയെന്ന മാധ്യമത്തിലൂടെ തുറന്നുപറയുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു ഷാരൂഖ്.

തന്നെ ലക്ഷ്യമാക്കി പലരും വരുമ്പോഴും കഴിയുന്നിടത്തെല്ലാം അയാൾ തന്റെ സ്വതത്തിൽ ഉറച്ചുനിന്നുകൊണ്ട് തന്റെ രാഷ്ട്രീയം ഇനിയും തന്റെ സിനിമകളിലൂടെ പറഞ്ഞുകൊണ്ട് ബോളിവുഡിലെ ബാദ്ഷ, ആരാധകരുടെ കിങ് ഖാൻ ഇനിയുമെത്തുമെന്ന് ഉറപ്പാണ്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in