റെയ്ഹാന ജബ്ബാരി:  പ്രതിഷേധത്തിന്റെ പെൺപ്രതീകം

റെയ്ഹാന ജബ്ബാരി: പ്രതിഷേധത്തിന്റെ പെൺപ്രതീകം

ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച 'സെവൻ വിന്റേഴ്‌സ് ഇൻ ടെഹ്റാൻ' എന്ന ഹസ്ര്വചിത്രത്തെക്കുറിച്ച്

പീഡനശ്രമത്തിനിടെ സ്വരക്ഷയ്ക്കായി അക്രമിയെ കൊല്ലേണ്ടിവന്ന കുറ്റത്തിന് വധശിക്ഷ ഏറ്റുവാങ്ങേണ്ടി വന്ന റെയ്ഹാന ജബ്ബാരി എന്ന ഇരുപത്തിയാറുകാരി അവസാനമായി അമ്മയ്ക്കയച്ച കത്ത് ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹികൾ മനസുരുകിയാണ് വായിച്ചുതീർത്തത്.

നിറഞ്ഞുതുളുമ്പുന്ന മാതൃസ്നേഹത്തോടൊപ്പം ഇറാനിലെ നിയമവ്യവസ്ഥയുടെ പോരായ്മകളും താൻ ഏറ്റുവാങ്ങേണ്ടിവന്ന അതിക്രൂരമായ ശിക്ഷാവിധികളുമെല്ലാം വാക്കുകൾക്കിടയിൽ ശേഷിപ്പിച്ച് അവർ കടന്നുപോയത് മരണത്തിലേക്കല്ല, നീതിക്കായി കേഴുന്ന ലോകമെമ്പാടുമുള്ള പെൺകുട്ടികളുടെ ശബ്ദമായാണെന്ന് ഒന്നുകൂടി ഊട്ടി ഉറപ്പിക്കുകയാണ് പേർഷ്യൻ ഹസ്ര്വചിത്രമായ 'സെവൻ വിന്റേഴ്‌സ് ഇൻ ടെഹ്‌റാൻ'.

സ്വപ്‌നങ്ങൾ ബാക്കിയാക്കി കടന്നുപോകേണ്ടി വന്ന ഒരു പെൺകുട്ടിയെ കാല്പനികമായി അടയാളപ്പെടുത്തുന്നതിനുപകരം പുരുഷാധിപത്യ, മത വ്യവസ്ഥകളുമായി സന്ധിചെയ്യാതെ മരണംവരിച്ച ധീര വനിതയായാണ് ജർമൻ സംവിധായക സ്റ്റെഫി നീഡർ സോൾ തന്റെ ദൃശ്യഭാഷയിലൂടെ റെയ്ഹാനയെ അടയാളപ്പെടുത്തുന്നത്, അഥവാ ചരിത്രത്തിലേക്കു വഴി നടത്തുന്നത്.

2007ൽ ഇറാന്റെ ഇൻ്റലിജൻസ് ആൻഡ് സെക്യൂരിറ്റി മന്ത്രാലയത്തിലെ മുൻ ജീവനക്കാരനായ മൊർട്ടെസ അബ്ദുലാലി സർബന്ദിയെ കൊലപ്പെടുത്തിയ കേസിലാണ് ഇരുപത്തിയാറുകാരിയായ റെയ്ഹാന ജബ്ബാരിക്ക് നീതിന്യായക്കോടതി വധശിക്ഷ വിധിച്ചത്. സംഭവം നടക്കുമ്പോൾ റെയ്‌ഹാനക്ക് 19 വയസായിരുന്നു. സർബന്ദി പുതുതായി പണികഴിപ്പിക്കുന്ന ഓഫീസ് രൂപകല്പന ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുന്നതിനായാണ്, ഇന്റീരിയർ ഡിസൈനനായ റെയ്ഹാന അയാളുടെ വാടക ഫ്‌ളാറ്റിലെത്തുന്നത്. സർബന്ദിയുടെ പീഡനശ്രമത്തിനിടെ സ്വയരക്ഷക്കായി കയ്യിൽ കിട്ടിയ കത്ത കൊണ്ട് പ്രതിയെ കുത്തി രക്ഷപ്പെട്ട റെയ്ഹാനയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. "എന്റെ സൗന്ദര്യത്തിന്റെ അവസാന കണികയും അവർ തുടച്ചു മാറ്റി. മുടിവടിച്ച് നഖങ്ങൾ പിഴുതെടുത്ത് ഏകാന്ത തടവ് വിധിച്ചു," റെയ്ഹാന അമ്മയ്ക്ക് എഴുതി. അറസ്റ്റ് ചെയ്യപ്പെട്ട് ഏഴു വർഷത്തിനുശേഷമാണ് റെയ്ഹാനയെ തൂക്കിലേറ്റുന്നത്. അതിനിടെ മനുഷ്യാവകാശ പ്രവർത്തകർ ഉൾപ്പെടെ ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹികൾ ഇറാനിലെ പ്രാകൃത നിയമവ്യവസ്ഥക്കെതിരെ ശബ്ദമുയർത്തിയിരുന്നു.

പക്ഷേ തനിക്കെതിരായ ആരോപണം കോടതിയിൽ തെളിയിക്കപ്പെട്ടെങ്കിലും സ്വയരക്ഷയ്ക്ക് ചെയ്തതാണതെന്ന് തെളിയിക്കാൻ കഴിയാത്തതിനെത്തുടർന്ന് ഇറാനിലെ നിയമപ്രകാരം 2014 ഒക്ടോബർ 25ന് റെയ്ഹാനയെ തൂക്കിലേറ്റിയെന്നാണ് ഈ സംഭവത്തിന്റെ പരിസമാപ്തിയായി എഴുതപ്പെട്ടത്. ലോക മനഃസാക്ഷിയെ ഞെട്ടിച്ച ഈ സംഭവത്തെ എട്ടു വർഷത്തിനുശേഷം തിരശ്ശീലയിലെത്തിക്കുന്നത് ഒരു ഇറാൻ പൗര അല്ലെന്നതുകൊണ്ട് മത ഭരണകൂട വിലക്കുകൾ നേരിടേണ്ടി വന്നില്ല. ഇത് ചിത്രത്തിന് ആഗോള വിനിമയശക്തി നൽകുന്നുണ്ട്. രഹസ്യമായി റെക്കോഡ് ചെയ്ത പല വീഡിയോകളും ഓഡിയോകളും ചിത്രത്തിൽ ഉപയോഗിച്ചതായി സംവിധായിക സ്റ്റെഫി നീഡർ സോൾ പറയുന്നു. മകളുടെ മോചനത്തിനായി പ്രചാരണം നടത്തണമെന്ന് ലോകമെമെമ്പാടുമുള്ള മനുഷ്യസ്നേഹികളോട് മരണത്തിന്റെ തൊട്ടുമുൻപുള്ള നിമിഷം വരെ സോഷ്യൽ മീഡിയ വഴി അപേക്ഷിച്ചുകൊണ്ടിരുന്നു റെയ്ഹാനയുടെ അമ്മ ഷോലെ പക്രവനും പിതാവ് ഫെറിഡൂൻ ജബ്ബാറും സഹോദരിമാരും. റെയ്ഹാനയെക്കുറിച്ചുള്ള ഓർമകൾ, ബാല്യകാലം മുതൽ കുടുംബത്തോടൊപ്പമുള്ള റെയ്ഹാനയുടെ വീഡിയോ ക്ലിപ്പുകൾ എന്നിവ ഒരു ഡോക്യുമെന്ററി/ ബയോപിക് എന്നതിനപ്പുറം ശക്തമായ തിരക്കഥയും ജീവിതാനുഭവങ്ങളുടെ നേർക്കാഴ്ചകളും ഞെട്ടിക്കുന്ന ക്ലൈമാക്സും കോർത്തിണക്കിയ ഫീച്ചർ ഫിലിം എന്ന നിലയിലേക്ക് ഉയർത്തുന്നതിൽ സംവിധായികയ്ക്ക് കഴിഞ്ഞത് അനേകം 'തിരക്കഥ'കളുടെ മൊത്തം ഉൽപ്പന്നമാണ് ആ ചരിത്ര വിധി എന്നതുകൊണ്ടാണ്.

സംവിധായിക സ്റ്റെഫി നീഡർ സോൾ
സംവിധായിക സ്റ്റെഫി നീഡർ സോൾ

റെയ്ഹാനയുടെ സഹതടവുകാരായിരുന്നവരുടെ, സുഹൃത്തുക്കളുടെ ഓർമകൾ, റെയ്ഹാനയുടെ ഡയറിക്കുറിപ്പുകൾ, ജയിലിൽനിന്നെഴുതിയ കത്തുകൾ, വിചാരണയുടെ വിവിധ ഘട്ടങ്ങൾ എന്നിവയിൽ നിന്നെല്ലാം വ്യക്തമാവുന്നത് റെയ്ഹാനയുടെ കാഴ്ചപ്പാടുകളുടെ, നിലപാടുകളുടെ വ്യക്തതയാണ്. റെയ്ഹാനെയ്‌ക്കെതിരായ തെളിവുകൾ ചോദ്യം ചെയ്ത ആദ്യ ജഡ്ജിയെ സ്ഥലം മാറ്റിയത് ഉൾപ്പെടെ വിചാരണയുടെ ഓരോ ഘട്ടത്തിലും വരുത്തിയ മാറ്റങ്ങൾ പരിശോധിച്ചാൽ നീതിക്കുവേണ്ടിയുള്ള വിചാരണയായിരുന്നില്ല അതെന്ന് നിസ്സംശയം പറയാം. അന്വേഷണ ഉദ്യോഗസ്ഥന്മാരിൽനിന്ന് നേരിടേണ്ടി വന്ന ശാരീരികവും മാനസികവുമായ പീഡനങ്ങളെക്കുറിച്ച് റെയ്ഹാന കത്തിൽ വ്യക്തമാക്കുന്നുമുണ്ട്. അന്ന് സംഭവിച്ചത് സ്വയം പ്രതിരോധത്തിന്റെ ഭാഗമായിരുന്നുവെന്നും തനിക്ക് മറ്റെന്താണ് ചെയ്യാൻ കഴിയുകയെന്നും ഒരു ചോദ്യത്തിന്റെ മറുപടിയായി റെയ്ഹാന പറയുമ്പോൾ ഒരു ന്യായാധിപന് ഒരിക്കലും ചേരാത്ത അറപ്പും വെറുപ്പുമുളവാക്കുന്ന മനുഷ്യത്വവിരുദ്ധമായ മറുപടിയാണ് ജഡ്ജിയിൽ നിന്നുണ്ടാവുന്നതെന്നത് ഇറാനെന്ന രാജ്യത്തിന്റെ സ്ത്രീ വിരുദ്ധത എത്രത്തോളം ആഴത്തിൽ വേരോടിയിട്ടുണ്ടെന്നതിന്റെ തെളിവാണ്.

റെയ്ഹാനയുടെ അമ്മ ഷോലെ പക്രവൻ
റെയ്ഹാനയുടെ അമ്മ ഷോലെ പക്രവൻ

സംഭവത്തിന് രണ്ട് ദിവസം മുമ്പാണ് കത്തി വാങ്ങിയതെന്ന് റെയ്ഹാന മൊഴിനൽകി, ഇന്നുരാത്രി അയാളെ കൊല്ലുമെന്ന് അവർ സുഹൃത്തിന് മെസ്സേജ് അയച്ചിരുന്നു തുടങ്ങിയ പ്രോസിക്യൂഷൻ വാദങ്ങളെ സ്റ്റെഫി നീഡർസോൾ പൂർണമായി നിരാകരിക്കുന്നുണ്ട്. മകളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സർബന്ദിയുടെ മകൻ ജലാലുമായി റെയ്ഹാനയുടെ അമ്മ നടത്തിയ വാട്സ് ആപ്പ് ചാറ്റുകൾ ചിത്രത്തിൽ കാണിക്കുന്നുണ്ട്. ബലാത്സംഗ ആരോപണം തിരിച്ചെടുത്താൽ മാപ്പ് നൽകി റെയ്ഹാനെയെ മോചിപ്പിക്കാൻ സഹായിക്കാമെന്നായിരുന്നു ജലാലിന്റെ ഉറച്ച നിലപാട്. പക്ഷേ അങ്ങനെ നേടുന്ന സ്വാതന്ത്ര്യം തനിക്ക് ആവശ്യമില്ലെന്ന നിലപാടിൽ നീതിയുടെ പക്ഷത്ത് നിലയുറപ്പിച്ച് പ്രതിഷേധിക്കുകയാണ് റെയ്ഹാന ചെയ്യുന്നത്. ഇറാനിലെ ജയിലുകൾക്കുള്ളിൽ നീതി പ്രതീക്ഷിച്ച് കാത്തിരിക്കുന്ന തന്നെപ്പോലുള്ള ഒരുപാട് പേർക്ക് വേണ്ടിയാണ് അവർ മരണം സ്വയംവരിച്ചതെന്നും സംവിധായിക അടിവരയിടുന്നു. റെയ്ഹാനയെ അറസ്റ്റ് ചെയ്തത സമയം മുതൽ അമ്മ ഷോലെ പക്രവാനും മാധ്യമങ്ങളുടെ വേട്ടയാടലിന് ഇരയായിരുന്നു. ഇറാനിലെ പുരുഷാധിപത്യ അധികാര ഘടനകൾക്കെതിരെ നീഡർസോൾ നൽകുന്ന കുറ്റപത്രമായി ഈ ഹസ്ര്വചിത്രത്തെ വിലയിരുത്താം.

ഇറാൻ പോലുള്ള മതരാജ്യങ്ങളിൽ പീഡന നിയമങ്ങൾ എഴുതപ്പെട്ടത് പുരുഷന്മാർക്ക് വേണ്ടിയാണെന്ന് ചിത്രം സമർത്ഥിക്കുന്നു. തെളിവുകൾ നശിപ്പിച്ചുകൊണ്ടുള്ള തെറ്റായ അന്വേഷണങ്ങൾക്കും അന്യായമായ വിചാരണയ്ക്കും ശേഷമാണ് റെയ്ഹാന കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടതെന്ന ആരോപണവുമായി ആംനസ്റ്റി ഇൻ്റർനാഷണൽ രംഗത്തെത്തിയിരുന്നു. ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര മനുഷ്യാവകാശ ഗ്രൂപ്പുകളും ഇതേ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ചെയ്തത്. വിഖ്യാത ഇറാനിയൻ ചലച്ചിത്രകാരനും ഓസ്കർ ജേതാവുമായ അസ്ഗർ ഫർഹാദി ഇറാനിലെ കലാകാരന്മാരുടെയും സംഗീതജ്ഞരുടെയുമെല്ലാം പിന്തുണയോടെ റെയ്ഹാനയുടെ വധശിക്ഷ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് തുറന്ന കത്തുമായി രംഗത്തെത്തിയതും വാർത്തയായിരുന്നു. ഇറാനിയൻ നീതിന്യായ വ്യവസ്ഥയുടെ പിന്നിലുള്ള നിശ്ശബ്ദ ശക്തികളെയും മതകാര്യ പോലീസിന് ജുഡീഷ്യറിയുമായി ബന്ധമില്ലെന്ന അടിസ്ഥാനരഹിത വാദത്തെയും തുറന്നുകാട്ടുകയെന്ന ദൗത്യം കൂടി ചിത്രം നിർവഹിക്കുന്നുണ്ട്. ഭരണകൂടവിമർശനവും സ്ത്രീവിരുദ്ധതയ്ക്കെതിരായ നിലപാടുകളുമാണെങ്കിൽ ഒന്നുകിൽ നാടുകടത്തുക അല്ലെങ്കിൽ രാജ്യംവിട്ടു പോകേണ്ടിവരിക എന്ന ഇറാൻ അവസ്ഥയിൽനിന്ന് റെയ്ഹാന കേസിനും മോചനമില്ല.

റെയ്ഹാനയുടെ വധശിക്ഷയ്ക്കുശേഷം അവരുടെ കുടുംബം ജർമനിയിലാണ് താമസമെന്നതു കൂടി സംവിധായിക വ്യക്തമാക്കുന്നു. റെയ്‌ഹാനക്ക് ശബ്ദം നൽകിയത് 'ഹോളി സ്പൈഡർ' എന്ന ചിത്രത്തിലെ അഭിനയത്തിന് 2022 ൽ കാൻസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ ഇറാനിയൻ അഭിനേത്രി സാൻ ആമിർ ഇബ്രാഹിമിയാണ്. കോപ്പൻഹേഗൻ ഇൻ്റർനാഷണൽ ഡോക്യുമെൻ്ററി ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ ചെയ്ത ചിത്രം അന്താരാഷ്ട്ര മനുഷ്യാവകാശ ചലച്ചിത്ര മേളയിലുൾപ്പെടെ ഒട്ടേറേ മേളകളിൽ പ്രദർശിപ്പിച്ചു. ഇതിനകം നിരവധി അംഗീകാരങ്ങൾ സെവൻ വിന്റേഴ്സ് ഓഫ് ടെഹ്റാനെ തേടിയെത്തി.

logo
The Fourth
www.thefourthnews.in