ആക്ച്വലി ക്രിസ്ത്യാനിയാണ്, അല്ലേ?

ആക്ച്വലി ക്രിസ്ത്യാനിയാണ്, അല്ലേ?

കൈതപ്രം വന്നു പാട്ടുകേട്ടപ്പോൾ വരികൾ മാറ്റാൻ സമ്മതിച്ചില്ല. ഈ ട്യൂണിന് ഈ പാട്ട് മതി എന്നായിരുന്നു അദ്ദേഹത്തിന്റെ വിധിയെഴുത്ത്.

പാലായിലെ ഒരു ക്രിസ്തീയ ദേവാലയത്തിൽ ഒരു ചടങ്ങിൽ പങ്കെടുക്കുകയാണ് സത്യൻ അന്തിക്കാട്. അന്തരീക്ഷത്തിൽ പ്രാർഥനാപൂർവം ഒഴുകിനടക്കുന്നത് സത്യൻ സിനിമക്ക് വേണ്ടി എഴുതിയ ഭക്തിഗാനത്തിന്റെ ശീലുകൾ:

"വിശ്വം കാക്കുന്ന നാഥാ വിശ്വൈകനായകാ

ആത്മാവിലെരിയുന്ന തീയണയ്‌ക്കൂ

നിന്‍ ആത്മചൈതന്യം നിറയ്‌ക്കൂ

ആത്മചൈതന്യം നിറയ്‌ക്കൂ..."

പാട്ട് തീർന്നപ്പോൾ അപരിചിതനായ ഒരാൾ സ്റ്റേജിൽ കയറിവന്ന് സത്യന്റെ കാതിൽ ചോദിക്കുന്നു; അങ്ങേയറ്റം ഗൗരവത്തോടെ: "ആക്ച്വലി ക്രിസ്ത്യാനിയാണ്. അല്ലേ?"

എഴുതിയ പാട്ടിന്റെ പേരിൽ ലഭിച്ച അംഗീകാരങ്ങളിൽ സത്യൻ ഇന്നും ഹൃദയത്തോട് ചേർത്തുവെക്കുന്ന ഒന്ന്. "പല ദേവാലയങ്ങളിലും ആ പാട്ട് പ്രാർഥനാഗീതമായി പാടുന്നുണ്ട് എന്നറിഞ്ഞപ്പോൾ അത്ഭുതം തോന്നി. ഗാനരചയിതാവ് എന്ന നിലയിൽ സംതൃപ്തി തോന്നിയ നിമിഷങ്ങളാണ് അവയൊക്കെ. എങ്കിലും എല്ലാ വഴികളും അടയുമ്പോഴേ പാട്ടെഴുതുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുള്ളൂ. മറ്റ് ഔഷധങ്ങൾ ഫലിക്കാതെ വരുമ്പോൾ കാളൻ നെല്ലായി എന്ന പഴയ പരസ്യവാചകം പോലെ.'' - സത്യൻ ചിരിക്കുന്നു..

"കുറുക്കന്റെ കല്യാണം" എന്ന ചിത്രത്തോടെ ഗാനരചനാ ജീവിതത്തോട് വിട വാങ്ങി സ്വതന്ത്ര സംവിധായകനായി മാറിയ ശേഷം അപൂർവമായേ സിനിമക്ക് വേണ്ടി പാട്ടെഴുതിയുള്ളൂ സത്യൻ.

"ടി പി ബാലഗോപാലൻ എന്ന ചിത്രത്തിന് ശേഷമാണ് ഗാനരചന പൂർണ്ണമായി വേണ്ടെന്നു വെക്കാൻ തീരുമാനിച്ചത്. കഥ, തിരക്കഥ, സംഭാഷണം, ഗാനങ്ങൾ, സംവിധാനം: സത്യൻ അന്തിക്കാട് എന്നൊരു ദീർഘമായ ടൈറ്റിൽ വേണ്ടെന്നു തോന്നി. തെല്ലൊരു സ്വാർത്ഥതയും ഉണ്ടായിരുന്നു ആ തീരുമാനത്തിന് പിന്നിൽ. എല്ലാ മേഖലകളിലേയും പ്രതിഭാശാലികളെ തന്നെ സ്വന്തം സിനിമയിൽ സഹകരിപ്പിക്കണം എന്ന് എന്റെ ഉള്ളിലെ സംവിധായകന് നിർബന്ധം. ഗാനരചനക്കും അത് ബാധകമാണല്ലോ. വ്യത്യസ്തമായ ബിംബങ്ങളും കൽപ്പനകളും ഒക്കെ കടന്നുവന്നാലേ പാട്ടുകളിലും വൈവിധ്യമുണ്ടാകൂ.

"ആ തീരുമാനത്തിൽ ഇന്നുമില്ല പശ്ചാത്താപം. ഒ എൻ വിയുടെ 'കുന്നിമണിച്ചെപ്പും' ഗിരീഷിന്റെ 'എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവ'യും കൈതപ്രത്തിന്റെ 'തങ്കത്തോണി'യും ഒക്കെ എന്റെ സിനിമകളിൽ നിങ്ങൾക്ക് കേൾക്കാൻ ഭാഗ്യമുണ്ടായത്‌ ഞാൻ എഴുത്തു നിർത്തിയതു കൊണ്ടല്ലേ?'' -- സത്യന്റെ ചോദ്യം.

ഇടയ്ക്ക് രണ്ടു തവണ മാത്രം ആ നിലപാടിൽ ചെറിയൊരു അയവു വരുത്തേണ്ടി വന്നു സത്യന്. "വീണ്ടും ചില വീട്ടുകാര്യങ്ങൾ'' എന്ന സിനിമയുടെ ഗാനസൃഷ്ടി. ജോണ്‍സണെ ചെന്നൈയിലെ തിരക്കിൽ നിന്ന് രണ്ടു ദിവസത്തേക്ക് ഷൊർണൂരിലേക്ക് "തട്ടിക്കൊണ്ടു''പോന്നിരിക്കയാണ്, പെട്ടെന്ന് തിരിച്ചയക്കാം എന്ന ഉപാധിയിൽ. പക്ഷേ പാട്ടെഴുതേണ്ട കൈതപ്രം എത്തിയിട്ടില്ല.

ഗത്യന്തരമില്ലാതെ വീണ്ടും പേന കയ്യിലെടുക്കേണ്ടി വരുന്നു സത്യന്. "ജോണ്‍സന്റെ ട്യൂണിനു വേണ്ടി ഒരു ഡമ്മി പാട്ട് എഴുതാം എന്നെ വിചാരിച്ചിരുന്നുള്ളൂ. തിരുമേനി എത്തിയാൽ മാറ്റിയെഴുതിക്കാമല്ലോ. അനിയത്തിയുടെ കല്യാണത്തിന് ജയറാമിന് പാടാൻ ക്രിസ്തീയ പശ്ചാത്തലത്തിലുള്ള ഭക്തിഗാനം വേണം. 'വിശ്വം കാക്കുന്ന നാഥാ' എന്ന പാട്ടുണ്ടാകുന്നത് അങ്ങനെയാണ്.

പക്ഷെ കൈതപ്രം വന്നു പാട്ടുകേട്ടപ്പോൾ വരികൾ മാറ്റാൻ സമ്മതിച്ചില്ല. ഈ ട്യൂണിന് ഈ പാട്ട് മതി എന്നായിരുന്നു അദ്ദേഹത്തിന്റെ വിധിയെഴുത്ത്. മലയാള സിനിമയിൽ കേട്ട മികച്ച ക്രിസ്തീയ ഭക്തിഗാനങ്ങളിൽ ഒന്നായി മാറി യേശുദാസ് ഹൃദയസ്പർശിയായി പാടിയ 'വിശ്വം കാക്കുന്ന നാഥാ...'

തൂവൽക്കൊട്ടാരം എന്ന സിനിമയുടെ കമ്പോസിംഗ്. ദാസേട്ടന്റെ ശബ്ദത്തിൽ ഒരു പാട്ട് കൂടി റെക്കോർഡ്‌ ചെയ്യാനുണ്ട്. രണ്ടു ദിവസം കഴിഞ്ഞാൽ അദ്ദേഹം അമേരിക്കയിലേക്ക് പറക്കും. അതിനു മുൻപ് പാട്ട് റെക്കോർഡ്‌ ചെയ്യണം. പക്ഷേ കച്ചേരിയും മറ്റുമായി തിരക്കിലാണ് പാട്ടെഴുതേണ്ട കൈതപ്രം. എന്ത് ചെയ്യും എന്ന് ചിന്തിച്ചു ചെന്നൈ ന്യൂ വുഡ് ലാൻഡ്സിലെ മുറിയിൽ തലപുകച്ചിരിക്കുന്നു ലോഹിതദാസും ജോണ്‍സണും സത്യനും.

"വേറെ വഴിയില്ലാത്തത് കൊണ്ട് ഒടുവിൽ ജോണ്‍സനോട് ഞാൻ പറഞ്ഞു: ഒന്ന് പുറത്തുപോയി കറങ്ങി വാ. രണ്ടു മണിക്കൂർ കഴിഞ്ഞു വന്നാൽ മതി. ഞാൻ ഒന്ന് ശ്രമിച്ചു നോക്കട്ടെ. ഉള്ളിലെ ആ പഴയ പാട്ടെഴുത്തുകാരൻ കഥാവശേഷനായിട്ടില്ല എന്ന് അന്നാണ് മനസ്സിലായത്‌.'' ജോണ്‍സണ്‍ തിരിച്ചെത്തിയപ്പോഴേക്കും "തങ്കനൂപുരമോ'' എന്ന പാട്ടെഴുതിവെച്ചിരുന്നു സത്യൻ.

Related Stories

No stories found.
logo
The Fourth
www.thefourthnews.in